ഇരിക്കുന്നതിനു മുൻപ് | കവര്‍സ്റ്റോറി | ഡോ. സെമിച്ചൻ ജോസഫ് | KAIROS MALAYALAM | MAY 2025


ജിജോ എന്ന ബാല്യകാല സുഹൃത്തിന്റെ വീടുമാറ്റത്തിന് പോയതാണ്. വീട് അത്യാഡംബരങ്ങളുടെ ഒരു പ്രദര്‍ശനശാല പോലെ നയനാനന്ദകരമായ ഒരു ഭവനം. ആയിരങ്ങള്‍ പങ്കെടുത്ത ആഘോഷമാണ്. വിഭവ സമൃദ്ധമായ ഭക്ഷണവും കഴിച്ച് ഗൃഹനാഥനെ അഭിനന്ദിച്ചുകൊണ്ട് അതിഥികളെല്ലാം മടങ്ങി, ഒപ്പം ഞാനും. പക്ഷേ അവിടെ നിന്നും മടങ്ങുമ്പോള്‍ മനസ്സ് തെല്ലസ്വസ്ഥമായിരുന്നു. അത്രമേല്‍ സാമ്പത്തിക ഭദ്രത കൈവരിച്ചു എന്ന് പറയാറായിട്ടില്ല ജിജോ. ചെറിയൊരു ബിസ്സിനസ് നന്നായി നടന്നു പോകുന്നുണ്ട്. ഇത്ര വലിയ ഒരു തുക വീടിന് വേണ്ടി മുടക്കേണ്ടിയിരുന്നോ? ഒരുപിടി ചോദ്യങ്ങള്‍ മനസ്സില്‍ ഉരുത്തിരുഞ്ഞു, എങ്കിലും അയാളുടെ സന്തോഷത്തിന്റെ ശോഭ കെടുത്തേണ്ട എന്നുകരുതി എല്ലാം ഹൃദയത്തില്‍ സംഗ്രഹിക്കുക മാത്രം ചെയ്തു. കോവിഡ് കാലത്തിന് തൊട്ട് മുമ്പാണ് ഈ സംഭവം.
പിന്നിടെപ്പോഴോ ഒരു സൗഹൃദകൂട്ടായ്മയില്‍വച്ച് ഇരിക്കുന്നതിനു മുമ്പ് കാല്‍ നീട്ടിയാല്‍ ഇങ്ങനെയിരിക്കും എന്ന മുഖവുരയോടെ ജിജോയെക്കുറിച്ച് മറ്റുസുഹൃത്തുക്കള്‍ പറഞ്ഞ കാര്യങ്ങള്‍ ഒരു ദുരന്ത നായകനെ അനുസ്മരിപ്പിക്കുന്നതായിരുന്നു. ബിസ്സിനസ് തകര്‍ന്നതും വാഹനങ്ങളും വിലപിടിച്ച വീട്ടുപകരണങ്ങളുമൊക്ക കടക്കാര്‍ ഒരോരുത്തരായി എടുത്ത് കൊണ്ടുപോയതും ലോണ്‍ തിരിച്ചടക്കാന്‍ വീഴ്ച്ച വരുത്തിയതിനാല്‍ ബാങ്ക്, വീട് ജപ്തി ചെയ്യുവാന്‍ പോകുന്ന വിവരവും എല്ലാം നിര്‍വികാരനായി കേട്ടിരിക്കാനേ കഴിഞ്ഞുള്ളു.
സത്യത്തില്‍ ജിജോയുടേത് ഒരു ഒറ്റപ്പെട്ട സംഭവമല്ല. വരവറിയാതെ ചെലവ് ചെയ്യുന്ന, മുള്ളവരെ കാണിക്കാന്‍ വേണ്ടി ആര്‍ഭാടങ്ങളില്‍ അഭിരമിക്കുന്ന ശരാശരി മലയാളിയുടെ പ്രതിനിധിയാണ് ജിജോ. സമാനമായ പ്രതിസന്ധിയിലൂടെ കടന്ന് പോകുന്ന നിരവധി വ്യക്തികളെയും കുംടുംബാംഗങ്ങളേയും നമ്മുടെ സാമൂഹ്യ പരിസരങ്ങളില്‍ കണ്ടെത്താനാകും. ഒരുപക്ഷേ നമ്മളില്‍ പലരും ഈ ഗണത്തില്‍ വരുന്നവരാകാം.
പ്രഭാഷകന്‍ നമ്മെ ഓര്‍മപ്പെടുത്തുന്നു
''ജലം, ആഹാരം, വസ്ത്രം, സൈ്വരമായി പാര്‍ക്കാന്‍ ഒരിടം എന്നിവയാണ് ജീവിതത്തിന്റെ പ്രാഥമികാവശ്യങ്ങള്‍. സ്വന്തം കുടിലില്‍ ദരിദ്രനായി കഴിയുന്നതാണ് അന്യന്റെ ഭവനത്തില്‍ സമൃദ്ധമായ ഭക്ഷണം ആസ്വദിക്കുന്നതിനെക്കാള്‍ നല്ലത്. ഉള്ളതുകൊണ്ടു തൃപ്തിപ്പെടുക; ദാക്ഷിണ്യം അനുഭവിക്കുന്നവനെന്ന ദുഷ്‌കീര്‍ത്തിവരരുത്. വീടുതെണ്ടിയുള്ള ജീവിതം ശോചനീയമാണ്. വായ് പൊത്തി നില്‍ക്കേണ്ടിവരും'' (പ്രഭാഷകന്‍ 29, 21-24).
അതെ, ഉള്ളത് കൊണ്ട് തൃപ്തിപ്പെടാന്‍ നാം പഠിക്കേണ്ടിയിരിക്കുന്നു. വരുമാനം ഏതുരീതിയില്‍ ലഭിക്കുന്നതുമാകട്ടെ, അത് എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിലാണ് കാര്യം. വരുമാനത്തിന്റെ ഏറ്റക്കുറച്ചിലുകള്‍ ജീവിത നിലവാരത്തില്‍ മാറ്റങ്ങള്‍ ഉണ്ടാക്കുമെങ്കിലും അതിന്റെ ശരിയായ വിനിയോഗമാണ് ഒരു വ്യക്തിയുടെ സാമ്പത്തിക വിജയത്തെ സ്വാധീനിക്കുന്ന പ്രധാന ഘടകം. സാമ്പത്തിക അച്ചടക്കം ജീവിതത്തില്‍ കൊണ്ടുവരാനുള്ള പ്രധാന മാര്‍ഗം സാമ്പത്തിക ആസൂത്രണം നടത്തുക എന്നതാണ്. സാമ്പത്തിക ആസൂത്രണത്തില്‍ എല്ലാ സാമ്പത്തിക കാര്യങ്ങളും വരുമെങ്കിലും പ്രധാന കാര്യം വരവിന് അനുസൃതമായി ചെലവ് ചെയ്യുക എന്നതാണ്. നമ്മുടെ പൂര്‍വികര്‍ ഇക്കാര്യത്തില്‍ നമ്മെക്കാള്‍ മിടുക്കരായിരുന്നു എന്ന് സമ്മതിക്കാതെ വയ്യ.
നിക്ഷേപങ്ങള്‍ തുടങ്ങാന്‍ ആവേശം കാണിക്കുന്നതുപോലെ തന്നെ ആവശ്യമായ ഒരു എമര്‍ജന്‍സി ഫണ്ട് കരുതി വയ്ക്കുക എന്നതും പ്രധാനമാണ്. പെട്ടെന്നുണ്ടാകുന്ന സാമ്പത്തിക ആവശ്യങ്ങള്‍ക്കുള്ള തുക കണ്ടെത്താന്‍ എമര്‍ജന്‍സി ഫണ്ടുകള്‍ സഹായിക്കും. പ്രതീക്ഷിക്കുന്ന വരുമാനം ലഭിക്കാതെ വരുന്ന സാഹചര്യം കൈകാര്യം ചെയ്യാന്‍ എമര്‍ജന്‍സി ഫണ്ട് കൂടിയേ തീരൂ. കുറഞ്ഞത് നാലു മാസത്തേക്കുള്ള ജീവിത ചിലവുകള്‍, ബാധ്യതയുടെ തിരിച്ചടവ് എന്നിവയ്ക്കുള്ള തുക ഇത്തരത്തില്‍ നീക്കിവയ്ക്കണം എന്നാണ് സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായം.
ചികിത്സ ചിലവുകള്‍ ഉയര്‍ന്നുവരുന്ന ഇക്കാലത്ത് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് എടുക്കുക എന്നതും പ്രധാനമാണ്. പലപ്പോഴും ചികിത്സാചിലവ് ഉയര്‍ന്ന സാമ്പത്തിക സ്ഥിതിയുള്ളവരെ പോലും സാമ്പത്തികമായി തകര്‍ക്കുന്നതാണ്. അതുകൊണ്ട് കുടുംബത്തിലെ എല്ലാവരും മെഡിക്കല്‍ ഇന്‍ഷുറന്‍സ് പരിരക്ഷയ്ക്കുള്ളില്‍ വരുന്നു എന്ന് ഉറപ്പുവരുത്തേണ്ടതാണ്. അതുപോലെതന്നെ കുടുംബത്തിലെ വരുമാനസ്രോതസ്സായ വ്യക്തികളുടെ പേരില്‍ ലൈഫ് ഇന്‍ഷുറന്‍സ് എടുക്കണം. ഇത് ആകസ്മികമായി ഉണ്ടാകുന്ന വേര്‍പാടുകളില്‍നിന്ന് തങ്ങളുടെ വരുമാനത്തെ ആശ്രയിച്ചു ജീവിക്കുന്ന കുടുംബാംഗങ്ങള്‍ക്ക് സാമ്പത്തിക ആശ്വാസം നല്‍കാന്‍ സഹായിക്കും.
ചുരുക്കത്തില്‍ അനാവശ്യമായ ആര്‍ഭാടങ്ങള്‍ ഒഴിവാക്കി, ഉള്ളതുകൊണ്ട് തൃപ്തിപ്പെട്ട് ആരുടെ മുന്നിലും കുനിഞ്ഞ ശിരസ്സുമായി നില്‍ക്കേണ്ടി വരാതെ നമുക്ക് അന്തസ്സായി ജീവിക്കാന്‍ കഴിയട്ടെ.

പരീശിലകനും സ്മാർട്ട് ഇന്ത്യ ഫൗണ്ടേഷൻഎന്നെ സന്നദ്ധ സംഘടനയുടെ സഹസ്ഥാപനകനുമായ ഡോ. സെമിച്ചൻ ജോസഫ് ഇപ്പോൾ ഇംഗ്ലണ്ടിൽ ജോലി ചെയ്യുന്നു.



Comments