എന്താ ബേബിച്ചാ കിട്ടുന്നില്ലേ ? I കവര്‍സ്റ്റോറി I ബേബിജോണ്‍ കലയന്താനി I KAIROS MALAYALAM I SEPTEMBER 2026

കൃത്യമായി പറഞ്ഞാല്‍ 2002 സെപ്റ്റംബര്‍ മാസം. വല്ലാര്‍പാടം ബസിലിക്കായുടെ അള്‍ത്താരയില്‍ ദിവ്യകാരുണ്യനാഥന്റെ മുമ്പില്‍ ജപമാലകളേന്തി ഞങ്ങള്‍ മുട്ടുകുത്തി. ചിറ്റൂര്‍ ധ്യാനകേന്ദ്രത്തിന്റെ മുന്‍
ഡയറക്ടറും പ്രശസ്ത വചനപ്രഘോഷകനുമായ ബഹുമാനപ്പെട്ട ജോസ് ഉപ്പാണിയച്ചനും കൂടെ മറ്റു കുറേ ശുശ്രൂഷകരും. അച്ചന്‍ ആവശ്യപ്പെട്ടതനുസരിച്ച് ചിറ്റൂര്‍ ധ്യാനകേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ഒരു മരിയന്‍ ഗാനസമാഹാരം പുറത്തിറക്കാനുള്ള ലക്ഷ്യത്തിനുവേണ്ടി പ്രാര്‍ഥിക്കാനാണ് വല്ലാര്‍പാടം പള്ളി ഞങ്ങള്‍ തെരഞ്ഞെടുത്തത്. രാത്രി 9:00 മണിയോടുകൂടി ഞങ്ങള്‍ ദിവ്യകാരുണ്യ നാഥന്റെ മുന്നില്‍ മുട്ടുകുത്തിനിന്ന് ജപമാല പ്രാര്‍ഥന ആരംഭിച്ചു. എന്റെ കൈയില്‍ ഗാനം എഴുതാനാവശ്യമായ കടലാസും പേനയുമുണ്ട്. വല്ലാര്‍പാടത്തമ്മയുടെ മാധ്യസ്ഥ്യം തേടി ഞങ്ങള്‍ പ്രാര്‍ഥിച്ചുകൊണ്ടിരുന്നു.
സാധാരണ ഗാനരചനാ വേളയില്‍ പരിശുദ്ധ ദിവ്യകാരുണ്യ സന്നിധിയില്‍ ജപമാല ചൊല്ലി പ്രാര്‍ഥിക്കുമ്പോളാണ് എഴുതാനുള്ള ആശയങ്ങള്‍ മനസ്സില്‍ രൂപപ്പെടുക. അതിന്‍പ്രകാരം പരിശുദ്ധ അമ്മയുടെ കീര്‍ത്തനങ്ങള്‍ രചിക്കാനുള്ള ആഗ്രഹത്തോടെ ഞങ്ങള്‍ പ്രാര്‍ഥന തുടര്‍ന്നു.
ജപമാല രഹസ്യങ്ങള്‍ ധ്യാനിച്ച് സമ്പൂര്‍ണ ജപമാലകള്‍ പലതു കഴിഞ്ഞു.
സാധാരണ ഒന്നുരണ്ട് രഹസ്യങ്ങള്‍ ചൊല്ലിക്കഴിഞ്ഞാല്‍ എഴുതേണ്ട വിഷയങ്ങള്‍ മനസ്സില്‍ രൂപംകൊള്ളേണ്ടതാണ്. എന്നാല്‍, സമയം ഏറെ കഴിഞ്ഞിട്ടും ഒരു വരിപോലും എഴുതാന്‍ കഴിഞ്ഞില്ല. ''എന്താ ബേബിച്ചാ, ഒന്നും എഴുതാന്‍ കിട്ടുന്നില്ലേ?'' അച്ചന്‍ ചോദിച്ചു. ''ഒന്നും മനസ്സില്‍ കിട്ടുന്നില്ലച്ചാ'' ഞാന്‍ മറുപടി പറഞ്ഞു. പെട്ടെന്ന് എന്റെ മനസ്സില്‍ ഒരു കുസൃതി ചിന്തയുണര്‍ന്നു. വളരെ നിഷ്‌കളങ്കമായ ഒരുചിന്ത. മരിയന്‍ ഗാനങ്ങള്‍ തയ്യാറാക്കാനാണ് ഞങ്ങള്‍ എത്തിയിരിക്കുന്നത്. ഒന്നും
എഴുതാന്‍ കഴിയാത്ത അവസ്ഥയാണെങ്കില്‍, അമ്മ മാധ്യസ്ഥ്യം വഹിക്കാതെ ശാന്തമായി ഇരിക്കുകയാണോ? എന്തെന്നാല്‍ അമ്മയ്ക്ക് എപ്പോഴും ആഗ്രഹം തന്റെ മഹത്വമല്ല, തന്റെ തിരുപ്പുത്രന്‍ മഹത്വപ്പെടണം. പുത്രന്റെ കീര്‍ത്തനങ്ങള്‍ ഉയരണം എന്നാണല്ലോ. ആയതിനാല്‍ ഈശോയുടെ കീര്‍ത്തനങ്ങള്‍ എഴുതി കാണാനാണ് അമ്മ എളിമയോടുകൂടെ പിന്നോട്ട് മാറി നില്‍ക്കുന്നതെന്ന കുസൃതി ചിന്ത.
''അച്ചാ, അമ്മ എളിമ കൊണ്ട് മാറിനില്‍ക്കുകയാണെന്ന് എനിക്ക് തോന്നുന്നു. അച്ചനൊന്നു പറഞ്ഞു നോക്കൂ'' ഞാന്‍ ചിരിച്ചുകൊണ്ട് അച്ചനോട് പറഞ്ഞു. ''എങ്കില്‍ നമുക്ക് ഒരു കാര്യം ചെയ്യാം, മകനോട് ചോദിക്കാം. കാരണം, തന്റെ അമ്മയ്ക്കുവേണ്ടി ലോകം മുഴുവനുമുള്ള മക്കള്‍ സ്‌നേഹസംഗീതം
ഉതിര്‍ക്കണമെന്ന് ഈശോ അതിയായി ആഗ്രഹിക്കുന്നുണ്ടാവും. നാം വിശ്വാസത്തോടെ ചോദിച്ചാല്‍ മതി.'' അച്ചന്‍ മറുപടി പറഞ്ഞു.
ദിവ്യകാരുണ്യ നാഥന് സ്‌നേഹപ്പുഞ്ചിരി സമ്മാനിച്ച് ഞങ്ങളെല്ലാം വീണ്ടും കരങ്ങളുയര്‍ത്തി. അച്ചന്‍ ദിവ്യകാരുണ്യ നാഥനോട് ശിശു സഹജമായ മനസ്സോടെ പറഞ്ഞു. ''ഈശോയെ ഇത്ര നേരമായിട്ടും അമ്മയുടെ ഒരു ഗാനം പോലും എഴുതാന്‍ കഴിഞ്ഞിട്ടില്ല. പറഞ്ഞു താ, ഞങ്ങളെഴുതാം.''
പുഞ്ചിരിയോടെ ഞങ്ങള്‍ അച്ചന്റെ ഈ വാക്കുകള്‍ കേട്ടു. അച്ചനിത് പറഞ്ഞു കഴിഞ്ഞതും പെട്ടെന്ന് ഒരു വചനഭാഗം എന്റെ ചിന്തയിലേക്ക് തെളിഞ്ഞുവന്നു. യോഹന്നാന്റെ സുവിശേഷം 19, 27. ''ഇതാ നിന്റെ അമ്മ.'' പിന്നെയെല്ലാം ഈശോ പറഞ്ഞു തരുന്നതുപോലുള്ള തോന്നല്‍ എന്റെ ചിന്താമണ്ഡലത്തില്‍ നിറഞ്ഞു.
നിന്റെ തകര്‍ച്ചയില്‍ ആശ്വാസമേകാന്‍
നിന്റെ തളര്‍ച്ചയില്‍ ഒന്ന് ചേരാന്‍
നിന്നെ താരാട്ട് പാടിയുറക്കാന്‍
ഇതാ ഇതാ നിന്റെ അമ്മ.
അമ്മയെക്കുറിച്ച് ഈശോയോട് ചോദിക്കാന്‍ ഈശോ കാത്തിരുന്നതുപോലെ, ഒരു ജലസംഭരണി തുറന്നുകിട്ടിയതു പോലെ ഒരൊഴുക്കായിരുന്നു പിന്നീടുണ്ടായത്. ആ ഗാനം തീരാന്‍ ഏതാനും സമയം മാത്രമേ എടുക്കേണ്ടി വന്നുള്ളൂ. അപ്പോഴാണ് ഞങ്ങള്‍ക്ക് ഒരു കാര്യം മനസ്സിലായത്. തന്റെ അമ്മയെ മഹത്വപ്പെടുത്താനും അമ്മയില്‍ മക്കള്‍ ആശ്രയിക്കാനും ഈശോയെ ജ്ഞാനത്തിലും പ്രായത്തിലും ദൈവത്തിന്റെയും മനുഷ്യരുടെയും പ്രീതിയില്‍ വളര്‍ത്തിയ പരിശുദ്ധ അമ്മയില്‍ എല്ലാ മക്കളും വളര്‍ത്തപ്പെടണമെന്നും ഈശോ അതിയായി ആഗ്രഹിക്കുന്നു.
ധന്യനായ ഫുള്‍ടെന്‍ ജെ. ഷീന്‍ പറയുന്നത് കേള്‍ക്കൂ: ഒരു വ്യക്തിയില്‍ ഈശോ എത്രമാത്രം നിറയുന്നുവോ, അത്രമാത്രം ആ വ്യക്തിക്ക് പരിശുദ്ധ മറിയത്തോട് ആഴമായ സ്‌നേഹബന്ധം ഉണ്ടായിരിക്കും. ഒരു വ്യക്തി
യില്‍ മാതാവ് എത്രമാത്രം തന്റെ വാത്സല്യ സ്‌നേഹം നിറയ്ക്കുന്നുവോ, അത്രമാത്രം ആ വ്യക്തിക്ക് ഈശോയോട് ആത്മബന്ധം ഉണ്ടായിരിക്കും.
അതേ, വിശുദ്ധരെ നോക്കുക; അവരെല്ലാം ഈശോയേയും മാതാവിനേയും ഹൃദയപൂര്‍വം സ്‌നേഹിച്ചു, വിശുദ്ധിയില്‍ ജീവിച്ചു. ഈശോയും മാതാവും അവരെ ചേര്‍ത്തണച്ചു. സ്വര്‍ഗീയ ഭാഗ്യം സമ്മാനിച്ചു.

ബേബിജോണ്‍ കലയന്താനി



Comments