top of page

ഈ പ്രാഞ്ചിയേട്ടൻ ആള് അടിപൊളിയാ ... I കവര്‍‌സ്റ്റോറി I സജി പന്ന്യാര്‍ക്കുട്ടി, ഇടുക്കി I KAIROS MALAYALAM I OCTOBER 2026

സജി പന്ന്യാര്‍ക്കുട്ടി
2 days ago
4 min read


കവർസ്റ്റോറിയിൽ സജി പന്നിയാർകുട്ടി, പ്രാഞ്ചിയേട്ടൻ എന്ന മലയാള സിനിമയുടെ പശ്ചാത്തലത്തിൽ വിശുദ്ധ ഫ്രാൻസിസ് അസീസിയെ നമുക്ക് മുന്നിലെത്തിക്കുന്നു. തൻറെ വ്യക്തിജീവിതത്തിൽ ഫ്രാൻസിസ് പുണ്യാളൻ ഉണ്ടാക്കിയ മാറ്റങ്ങളെയും മനപരിവർത്തനത്തെയും സാക്ഷ്യപ്പെടുത്തുന്ന ലേഖനം.



എന്നെ ഒത്തിരി വിസ്മയിപ്പിച്ച

സിനിമയായിരുന്നു രഞ്ജിത്തിന്റെ 'പ്രാഞ്ചിയേ

ട്ടന്‍ ആന്‍ഡ് ദ സെയിന്റ്.'

അതില്‍ രണ്ടു ഫ്രാന്‍സി

സുമാരെ നമ്മള്‍ കാണുന്നുണ്ട്. ഒന്ന് ചിറമ്മേല്‍ ഈനാശു മകന്‍ ഫ്രാന്‍സിസ്, അഥവാ പ്രാഞ്ചിയേട്ടന്‍. രണ്ട് സാക്ഷാല്‍ അസ്സീസിയിലെ വിശുദ്ധ ഫ്രാന്‍സിസ്.


കൈനിറയെ പണവും പ്രതാപവും വലിയ ബിസ്സിനസ്സും ഉണ്ടായിട്ടും ഒരു നല്ല പേരില്ല. അതിന്റെ പേരില്‍ ഏഴാം ക്ലാസ്സില്‍ പഠിക്കാനെത്തിയ നാള്‍മുതല്‍ അരിപ്രാഞ്ചി എന്ന വിളിപ്പേരിന്റെ മുമ്പില്‍ ചിറമ്മേല്‍ ഫ്രാന്‍സിസ് അനുഭവിക്കുന്ന മാനസ്സിക വിഹ്വലതകളും, പതിഞ്ഞുപോയ ആ ദുഷിച്ച വിളിപ്പേരിനെ മറികടക്കാന്‍ കൂട്ടുകാരോടൊപ്പം നടത്തുന്ന തത്രപ്പാടുകളും. മണ്ടത്തരങ്ങളും പൂരങ്ങളുടെ, പൂരങ്ങളുടെ... തുടങ്ങി കുമാരനാശാന്റെ കവിതാശകലം മാറ്റുവിന്‍ ചട്ടുകങ്ങളെ വരെ

യെത്തി. അവസാനം പത്മശ്രീയില്‍ തലകുത്തിവീണ് മുഖംനഷ്ടമാകുന്ന അയാളുടെ മുമ്പിലേക്കെത്തുന്ന വിശുദ്ധ ഫ്രാന്‍സിസ്, വേഷപ്പകര്‍ച്ച കൊണ്ടും പെര്‍ഫോമന്‍സ് കൊണ്ടും നമ്മളെ വിസ്മയിപ്പിക്കുന്നു. എന്തൊരു ഒര്‍ജിനാലിറ്റിയാ പുണ്യാളന്. കാസ്റ്റിങ്, മേക്കപ്പ്, കോസ്റ്റ്യൂംസ് എല്ലാം ഉഗ്രന്‍. പുണ്യവാളന്റെ ആദ്യത്തെ പഞ്ച് ഡയലോഗും ആശീര്‍വാദവും, അതും ലാറ്റിന്‍ ഭാഷയില്‍!


ലേ സാന്റേ ചേവി ഫാസിയോസിയാനോ കോണ്‍വോയി നെല്‍ നോമെഡി ക്രിസ്റ്റോ (may the blessings I give you be with you in the name of Jesus).


ലേ വിറ്റാ ഇ ഉന്‍ ഗ്രാന്‍ഡേ സുഗ്‌നോ മിയോ ഫിഗ്‌ലിയോ (ജീവിതം ഒരു വലിയ സ്വപ്നമാണ് എന്റെ മകനെ).


നോണ്‍ ഡേവി ഡുബിറ്റേര്‍ ഈ ഐ ഡുബി സോനോ പെര്‍.നോന്‍ ക്രഡെന്റി (നീ സംശയിക്കരുത് സംശയങ്ങള്‍ വിശ്വസമില്ലാത്തവര്‍ക്കുള്ളതാണ്).


ഈ പുണ്യാളന് മലയാളം അറിയില്ലേ. ഇത്രയും നാളും നമ്മളൊക്കെ പ്രാര്‍ഥിച്ചത്


വെറുതെയായോ. ന്റ... കര്‍ത്താവേ. പ്രാഞ്ചിയുടെ പരിദേവനം.


സെ സിയി അന്‍ ഉനീക്ക ലുംഗുവ കോമനെ. പെര്‍ റ്റുറ്റേ ലേ പെര്‍സോനെ ഡെല്‍ മോന്‍ ഡോ ഇ ലാ ലിംഗുവാ ഡെല്‍ അമോരെ....


(ലോകത്തിലെ എല്ലാമനുഷ്യര്‍ക്കും പൊതുവായ ഒരേയൊരു ഭാഷയുണ്ടെങ്കില്‍ അത് സ്‌നേഹത്തിന്റെ ഭാഷയാണ്)


ആദ്യം ഈ സീന്‍ കണ്ടപ്പോള്‍ ഞാനും ഒരല്‍പം ആശങ്കപ്പെട്ടു പോയി. കാരണം. പുണ്യാളന്‍ ഈ റോളില്‍ ആദ്യാവസാനം ഇറ്റാലിയന്‍ ഭാഷ പറഞ്ഞാല്‍ ആര്‍ക്കെന്തു മനസ്സിലാകും (ഇതിന്റെ അര്‍ഥമൊക്കെ

പാടുപെട്ടാണ് ഞാന്‍ കണ്ടുപിടിച്ചത്).


എടാ പ്രാഞ്ചീ, എടാ, അരിപ്രാഞ്ചീ, ചിറമ്മേല്‍ ഈനാശുമകന്‍ പ്രാഞ്ചിയേട്ടാ...


ദേ, പുണ്യാളന്‍ മലയാളം പറയുന്നു. അതും മ്മടെ തൃഗ്ഗൂര്‍ ഭാഷേല് പെടക്കണ പെട കണ്ടാ.


അരിപ്രാഞ്ചിയും പുണ്യാളനും തമ്മിലുള്ള കൂടിക്കാഴ്ചയും ഓരോ സീക്വന്‍സും എത്ര രസമായിട്ടാണ് രഞ്ജിത്ത് ആവിഷ്‌കരിച്ചിരിക്കുന്നത്.


അയാളുടെ ജീവിതത്തിനു മുന്നില്‍ പുണ്യാളനെ ഒരു സുഹൃത്തിനെപ്പോലെ, ഒരു ചേട്ടനെ പോലെ കൊണ്ടുവരുന്നതിലൂടെ ചിറമ്മേല്‍ പ്രാഞ്ചിയേട്ടന്റെ ജീവിതത്തിന് പുതിയൊരു താളവും ഗതിയുമൊക്കെ കിട്ടുന്നുണ്ട്. ചില നല്ല വാക്കുകള്‍ പുണ്യാളന്‍ എന്ന കഥാപാത്രത്തിലൂടെ രഞ്ജിത്ത് പറയിപ്പിക്കുന്നുണ്ട്. അതില്‍ ഞാന്‍ ഒത്തിരി സന്തോഷവാനാണ്.


യഥാര്‍ഥത്തില്‍ വിശുദ്ധനായ ഫ്രാന്‍സിസ് ആരാണെന്നും അയാളുടെ ഈശോ അനുഭവം എത്ര അഗാധമാണെന്നും അയാളുടെ ജീവിതം ലോകത്തില്‍ എത്രവലിയ ചലനമാണ് ഉണ്ടാക്കിയതെന്നും അടുത്തറിഞ്ഞവര്‍ക്കല്ലേ മനസ്സിലാകൂ. എത്രയോ വ്യക്തികളെ ഫ്രാന്‍സിസ് ഇന്നുമാകര്‍ഷിക്കുന്നു. ആ ജീവിതം എത്ര വിസ്മയകരമെന്നും അതിന്റെ ആഴവും അതിന്റെ ഒരംശമെങ്കിലും തിരിച്ചറിയാനും പുറമേ നില്‍ക്കുന്ന ഒരു തിരക്കഥാകൃത്തിനോ സംവിധായകനോ കഴിയുമെന്ന് തോന്നുന്നില്ല.


ഇയാളും ഞാനും തമ്മില്‍


ഈ പുണ്യാളനെ എനിക്ക് നേരത്തെ അറിയാം. പക്ഷേ, അടുത്ത ബന്ധമൊന്നും ഇല്ലായിരുന്നു. ദൃഢമായൊരടുപ്പമുണ്ടായ സംഭവം പറയാം. ആദ്യമായി ഒരു ധ്യാനത്തിലൂടെ ഈശോയുമായി കണ്ടുമുട്ടലനുഭവമുണ്ടായി. നല്ലൊരു ബന്ധം. അന്നു മുതല്‍ പ്രാര്‍ഥിക്കാന്‍ തുടങ്ങി. പിന്നെ അതൊരു സ്‌നേഹസംഭാഷണമായി മാറി. യേശുവിനോട് സ്വകാര്യമായി സംസാരിക്കാന്‍ തോന്നുമ്പോള്‍പോലും കുറച്ച് വികാരം അതില്‍ കടന്നുകൂടാറുണ്ടായിരുന്നു. എന്നു പറഞ്ഞാല്‍ ഉച്ചത്തില്‍ സംസാരിക്കുക. അതില്‍ കരച്ചിലും ചിരിയും എന്നു വേണ്ട എല്ലാ രസങ്ങളും അവിടെ പ്രകടമാകുമായിരുന്നു. ഇങ്ങനെയുളള പ്രാര്‍ഥനയില്‍ സമാധാനവും ആശ്വാസവും കിട്ടിയിരുന്നു. പലപ്പോഴും അതിനു പറ്റിയ സ്വകാര്യത

കിട്ടിയിരുന്നില്ല എന്നത് ഒരു പ്രശ്‌നം തന്നെയായിരുന്നു. അതിനായി വനത്തിലേക്ക് കയറുക, വിജനമായ വഴിയില്‍ നടക്കാന്‍ പോകുക, ഒഴിഞ്ഞ ദേവാലയങ്ങളില്‍ ആരുമില്ലാത്ത സമയത്ത് പോയിരിക്കുക... അങ്ങനെയൊരിക്കല്‍ ഇടവക ദേവാലയത്തില്‍ ആരുമില്ലാത്ത സമയത്ത് ഞാന്‍ പ്രാര്‍ഥിക്കുകയാണ്.

ഒരുപിടി കുടുബ പ്രശ്‌നങ്ങളുണ്ട്. അപമാനങ്ങള്‍, ഇല്ലായ്മകള്‍, വ്യക്തിപരവും സാമ്പത്തികവുമായ പ്രതിസന്ധികള്‍, ഉത്തരവാദിത്വങ്ങള്‍ എല്ലാം എന്റെ ചുമലിലാണ്. ഇതെല്ലാം പ്രാര്‍ഥനക്ക് വിഷയീഭവിച്ചു. ഇതില്‍ നിന്നെല്ലാം

കരകയറണം. സാമ്പത്തിക ഉന്നതി നേടണം. ഒത്തിരി പ്രതീക്ഷകളും സ്വപ്നങ്ങളുമുണ്ട്. പ്രാര്‍ഥിച്ച് സമയം പോയതറിഞ്ഞില്ല.


പഴയനിയമത്തിലെ ഹന്നയുടെ പ്രാര്‍ഥന പോലെയായി. അവസാനം ഞാന്‍ പള്ളിയില്‍ കുമ്പിട്ട് കിടക്കുന്ന സമയം. ഇതെല്ലാം കേട്ടുകൊണ്ട് ദേവലയത്തിന്റെ, കര്‍ട്ടനിട്ടിരിക്കുന്ന മദ്ബഹക്കരികില്‍ പ്രാര്‍ഥിച്ചുകൊണ്ടിരുന്ന വികാരിയച്ചന്‍ എന്റെ അടുത്തേക്ക് വന്നു. തോളില്‍ തട്ടി പറഞ്ഞു, എല്ലാം ശരിയാകും. കര്‍ത്താവ് എല്ലാം കേട്ടിട്ടുണ്ട്. ഹന്നയുടെ

പ്രാര്‍ഥന കേട്ട് ഏലീ പ്രവാചകന്‍ വന്നാശ്വസിപ്പിച്ച പോലെ ഞാന്‍ വല്ലാതെ വിളറിപ്പോയി. ശ്ശെ... അച്ചന്‍ എല്ലാം കേട്ടല്ലോ.


പളളിമുറിയിലേക്ക് വിളിച്ച് ഒരു ചായ തന്നു. ഒപ്പം വായിക്കാനായി ഒരു പുസ്തകവും തന്നു. 'അസ്സിസിയിലെ വിശുദ്ധ ഫ്രാന്‍സിസ്.' ആ പുസ്തകം ഒറ്റയിരിപ്പില്‍ വായിച്ചു തീര്‍ത്തു. പിന്നെ എത്രയോ തവണ വായിച്ചു. പതിയെ ഒരു ലഹരി തലക്കു പിടിച്ച പോലെ. ഞാന്‍ അടിമുടി ഉലയാന്‍ തുടങ്ങി.

നാടുവാഴി, പ്രഭുത്വ കാലത്തുണ്ടായ വീരഗാഥകളിലാണ് ഫ്രാന്‍സിസ് പുണ്യവാളന്റെ ജീവിത വീക്ഷണത്തിന്റെ തുടക്കം. അസ്സീസിയിലെ പ്രമുഖ വസ്ത്രവ്യാപാരിയായിരുന്ന, വലിയ പണക്കാരനായിരുന്ന പീറ്റര്‍ ബര്‍ണാഡിന്റെയും പിക്കാ പ്രഭ്വിയുടെയും പുത്രനായിരുന്നവന്‍. പെറൂജിയായും അസ്സീസിയും തമ്മില്‍ യുദ്ധം നടന്നുകൊണ്ടിരിക്കുമ്പോള്‍ തന്റെ ധൈര്യം തെളിയിച്ച് മാടമ്പി സ്ഥാനം നേടിയെടുക്കാന്‍ യുദ്ധത്തിനു പോയി.


ഉറക്കത്തില്‍ കേട്ടസ്വരം: യജമാനനെ സേവിക്കുന്നതോ ഭൃത്യനെ സേവിക്കുന്നതോ കൂടുതല്‍ അഭികാമ്യം. യജമാനനെയെന്ന് മറുപടി. പിന്നെന്തിനാണ് നീ ഭൃത്യനെ സേവിക്കുന്നത്? അവിടെയാണ് വിശുദ്ധന്റെ ജീവിതം മാറുന്നത്. ഈശോയെ സേവിക്കാന്‍ യുദ്ധമവസാനിപ്പിച്ച് മടക്കം. പിന്നെ അതില്‍ നിലനില്‍ക്കാന്‍ അവന്‍ കൊടുത്ത വില. അതൊരു തിരഞ്ഞെടുപ്പായിരുന്നു. ആര്‍ക്കും മാറ്റാന്‍ പറ്റാത്ത അചഞ്ചലമായ നിലപാട്.


എതാണ്ടിതുപോലൊരു നിലപാട് എടുക്കാന്‍ എന്നെയും സഹായിച്ചത് അസ്സീസിയിലെ വി. ഫ്രാന്‍സിസാണ്. ആദ്യ ധ്യാനത്തില്‍തന്നെ ഒരു ഈശോ അനുഭവം എനിക്കുമുണ്ടായി. പക്ഷേ, ഞാനും 'ഭൃത്യനെ സേവിക്കുന്ന' കൂട്ടത്തിലായിരുന്നു. എന്റെ പിതാവും കുടുംബവും സ്വാതന്ത്ര്യസമരകാലം തൊട്ടേ ദേശീയ പ്രസ്ഥാനത്തോട് കടുത്ത വിധേയത്വം പുലര്‍ത്തുന്നവരായിരുന്നു. ഇന്‍ഡ്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എന്നു പറഞ്ഞാല്‍ അതിനു വേണ്ടി മരിച്ചു വീഴും.


ചെറുപ്പം തൊട്ടേ ഞാനും ആ പാതയിലായിരുന്നു. വീട്ടില്‍ നടക്കുന്ന പാര്‍ട്ടി മീറ്റിംഗുകള്‍, സ്റ്റഡി ക്ലാസ്സുകള്‍ എല്ലാം കണ്ടും കേട്ടും രാഷ്ട്രീയം എന്റെയും തലയ്ക്കല്ല, അസ്ഥിക്കു തന്നെപിടിച്ചു. എല്ലാത്തിലും വലുത് പാര്‍ട്ടി. ആരെയും എന്തിനെയും പാര്‍ട്ടിപറയുന്ന ചട്ടക്കൂടിലൂടെ മാത്രമേ കാണാന്‍ കഴിഞ്ഞിരുന്നുള്ളൂ. എവിടെയും രാഷ്ട്രീയം. വളരെ ചെറുതിലെതന്നെ ദേശീയ പ്രസ്ഥാന ചരിത്രം വള്ളിപുള്ളി വിടാതെ പഠിച്ചു. പാര്‍ട്ടി ഭരണഘടന പഠിച്ചു. ആനുകാലിക രാഷ്ടീയ സംഭവവികാസങ്ങള്‍ സൂക്ഷ്മതയോടെ ശ്രദ്ധിച്ച് ആരോടും തര്‍ക്കത്തിലേര്‍പ്പെടുക, മുദ്രാവാക്യങ്ങള്‍ എഴുതിയുണ്ടാക്കി വിളിച്ച് പാര്‍ട്ടി ജാഥകള്‍ ആവേശമാക്കുക. ആളുകളെ ഇളക്കിമറിക്കുന്ന പ്രസംഗ ശൈലി. വിദ്യാര്‍ഥി രാഷ്ട്രീയത്തില്‍ വളരെ സജീവമായിരുന്നു.


അടുത്തപടി യുവജനപ്രസ്ഥാനത്തില്‍. വളരെ വേഗത്തിലായിരുന്നു എന്റെ വളര്‍ച്ച. നന്നേ ചെറിയ പ്രായത്തില്‍തന്നെ വലിയ പദവിയിലെത്തിപ്പറ്റി. എല്ലാവരും പറയുമായിരുന്നു, രാഷ്ട്രീയത്തില്‍ നിനക്ക് നല്ലൊരു ഭാവിയുണ്ട്. എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റാന്‍ എനിക്കു കഴിഞ്ഞിരുന്നു. എവിടെയും രാഷ്ട്രീയം. വല്ലാത്തൊരു ഭ്രാന്തായിരുന്നു. ദൈവവിശ്വാസം ഒട്ടുമുണ്ടായിരുന്നില്ല. കൂദാശകളോ, എന്തിന് പള്ളിയില്‍ പോക്കുമില്ല. ഏതു കാര്യമേറ്റാലും അത് എങ്ങനെയും നടത്തി കൊടുക്കും. പോലീസ് സ്റ്റേഷന്‍ ഉള്‍പ്പെടെ ഓഫീസുകളില്‍ ചെന്നാല്‍ കസേര. എവിടെ ചെന്നാലും നാലുപേര്‍ ചുറ്റിലും കൂടുക. വെള്ള ഖദര്‍ കുപ്പായത്തില്‍ മിന്നിയുള്ള നടത്തം. ജനകീയ പ്രശ്‌നങ്ങളിലെല്ലാം സജീവം. പ്രസംഗിക്കാന്‍ ധാരാളം വേദികള്‍. വളരെ വിശാലമായ രാഷ്ട്രീയ ബന്ധങ്ങള്‍. കൈപിടിച്ചു വളര്‍ത്താന്‍ രാഷ്ട്രീയ ഗുരുക്കന്മാര്‍. ഇതെല്ലാം വലിയ സുഖം പകര്‍ന്നുതരുന്ന കാര്യങ്ങളായിരുന്നു. മാത്രമല്ല, ഭാവിയെക്കുറിച്ച് ഒത്തിരി സ്വപ്നങ്ങള്‍, പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ ഏറ്റവും ഉന്നതിയിലെത്തുക, പേരെടുക്കുക, ജനപ്രതിനിധിയാകുക, ഒപ്പം കുടുംബത്തെ രക്ഷപ്പെടുത്തുക, സമ്പന്നനാകുക.


ഈശോയെ അറിഞ്ഞ നാള്‍ മുതല്‍ ഈശോ വേണോ? ലോകമോഹങ്ങള്‍ വേണോ? ചെറിയൊരു സംഘര്‍ഷം ഉള്ളില്‍ ഉടലെടുത്തു. പക്ഷേ, അസ്സീസിയിലെ ഫ്രാന്‍സിസിന്റെ ജീവിതം ശക്തിയായി എന്നെ പിന്‍തുടരാന്‍ തുടങ്ങി. അഗ്‌നിപോലെ ജ്വലിക്കുന്ന ദൈവസ്‌നേഹം. അതില്‍ ഭൂമിയിലെ സകല മോഹങ്ങളും സൗഭാഗ്യങ്ങളും മെഴുകുപോലെ ഉരുകിയൊലിച്ചു. പരത്തില്‍ നല്‍കപ്പെടുന്ന സൗഭാഗ്യത്തിന്റെ മുന്നില്‍ ഇഹത്തിലെയെല്ലാം ചപ്പുംചവറും പോലെ തോന്നുക. ലോകത്തെ ഉപേക്ഷിക്കുക, ദാരിദ്ര്യത്തെ വരിക്കുക. എന്നെപ്രതി സഹിച്ച ക്രൂശിതനുവേണ്ടി സഹിക്കുക. അതിലേറെ അഭികാമ്യമായി ഒന്നുമില്ല. എടുത്ത തീരുമാനത്തില്‍ നിന്നകറ്റാന്‍ ആരൊക്കെ ഏതറ്റംവരെയും ശ്രമിച്ചു. എല്ലാത്തിനും മുമ്പില്‍ അവന്‍ ഉറച്ചുനില്‍ക്കുന്നു.


പരിഹാസം, ഇരുട്ടു മുറിയില്‍ കൈകാല്‍ കെട്ടിയിട്ടു മര്‍ദനം, പട്ടിണി, ഭീഷണി, ശാപവാക്കുകള്‍... അവസാനം കേസ്, വിചാരണ... ഒടുവില്‍ സ്വന്തം പിതാവിന് ഉടുവസ്ത്രവുമഴിച്ചുകൊടുത്ത് ഗീദോ മെത്രാന്റെ കാപ്പ കൊണ്ട് നഗ്‌നത മറച്ച്, വേലക്കാരന്റെ ഉടുപ്പു വാങ്ങി ധരിച്ച് ദാരിദ്ര്യത്തെ വധുവായി സ്വീകരിച്ചു. ഭിക്ഷയെടുത്ത് ജീവിച്ചു. ഉപേക്ഷയുടെ പൂര്‍ണത. അപാരമായ ദൈവാശ്രയത്വം.


എന്റെ ദൈവമേ, ഈ സമര്‍പ്പണത്തിന്റെ മുമ്പില്‍ ഞാനെങ്ങനെ നിര്‍വികാരനായി നില്‍ക്കും. എങ്ങനെ കണ്ടില്ലെന്നു നടിക്കും,

ഒഴിവായി പോകും. അങ്ങനെ എല്ലാമുപേക്ഷിച്ച് ഞാനും ഈശോയ്ക്ക് എന്നെയേല്‍പിച്ചു. ചെറുപ്പം മുതല്‍ കെട്ടിപ്പൊക്കിയ സ്വപ്നങളും സൗധങ്ങളും കടപുഴകി വീണു. എനിക്കു ലാഭമായിരുന്നതെല്ലാം അവന്റെ നാമത്തെ പ്രതി നഷ്ടമെന്നെണ്ണി. ഞാന്‍ പൂര്‍ണമായി ഈശോയുടെതായി മാറി. എനിക്കും കുറേ സഹിക്കേണ്ടി വന്നിട്ടുണ്ട്. പുതിയ പദവികളും ഓഫറുകളുമായി നേതാക്കന്മാരുടെ സമ്മര്‍ദം. തീരുമാനം മാറ്റാനായി

വലിയ സംഘമായി വീട്ടില്‍ വന്ന് പാര്‍ട്ടിക്കാരുടെ നിരന്തര പരിശ്രമം. ''ഈ തീരുമാനത്തെ ഓര്‍ത്ത് നീ വിലപിക്കും. ഇത്രയും കഷ്ടപ്പെട്ട് ഇവിടെവരെയെത്തി. അതിന്റെ ഫലം അനുഭവിക്കാറായപ്പോള്‍ കലമുടയ്ക്കരുത്.'' സ്‌നേഹവും ഭീഷണിയും കലര്‍ന്ന ഉപദേശങ്ങള്‍. ലഭിക്കാവുന്ന സൗഭാഗ്യങ്ങളെക്കുറിച്ചുള്ള ഓര്‍മപ്പെടുത്തലുകള്‍. കൂടെ നിന്ന കൂട്ടുകാരുടെ കണ്ണു നിറഞ്ഞുള്ള പ്രതികരണങ്ങള്‍. ബന്ധുക്കളും നാട്ടുകാരും പരിഹസിച്ച സമയങ്ങള്‍. മാത്രമോ, വീട്ടിലും നാട്ടിലും ഒറ്റപ്പെടലുകള്‍. എന്തോ, ഞാന്‍ ഉറച്ചുനിന്നു. അസ്സീസിയുടെ സ്വര്‍ഗീയ മാധ്യസ്ഥ്യമാകാം കാരണം.


അതേപോലെ ഏകാഗ്രമായ ലക്ഷ്യബോധങ്ങളില്‍ സ്ഥിരപ്പെടാന്‍, ഉള്ളതുകൊണ്ട് തൃപ്തിപ്പെടാന്‍, ഇല്ലായ്മയില്‍ സന്തോഷിക്കാന്‍, എല്ലാത്തിനും ഉള്‍പ്രേരണ നല്‍കുന്നു ഈ പുണ്യാളന്‍. ഇതെല്ലാം പ്രാവര്‍ത്തികമാക്കാന്‍ എനിക്കും കഴിയുന്നു. ഇയാളെപ്പോലെ മനുഷ്യരെ ആകര്‍ഷിച്ചവര്‍ ആരുണ്ട്? അതിന്റെ തെളിവല്ലേ അസ്സീസി സന്യാസസമൂഹം. ഒപ്പം സ്ഥാപിതമായ മൂന്നാം സഭ.


രഞ്ജിത്തിന്റെ സിനിമയ്ക്കുശേഷം... ചിറമ്മേല്‍ ഈനാശു മകന്‍ ഫ്രാന്‍സിസിനെ സിനിമയിലെ കഥാപാത്രം എന്ന നിലക്ക്

തത്കാലം ഞാന്‍ വിട്ടുകളഞ്ഞു. അയാളെ ഞാന്‍ അരിപ്രാഞ്ചി എന്നേ വിളിക്കൂ. ഒരു ജേഷ്ഠസഹോദരനും സുഹൃത്തുമായി എനിക്ക് കിട്ടിയ അസ്സീസിയിലെ ഫ്രാന്‍സിസിനെ പ്രാഞ്ചിയേട്ടായെന്ന് ചുമ്മാ വിളിച്ചു

തുടങ്ങി. അങ്ങനെ വിളിക്കാനേ തോന്നുന്നുള്ളൂ. അത്തരത്തിലൊരു ബന്ധമാണ് അയാളും ഞാനും തമ്മില്‍. ആരും പ്രശ്‌നമുണ്ടാക്കരുത്. ഇതെന്റെ ആവിഷ്‌കാര സ്വാതന്ത്ര്യമാണ്. സത്യമായിട്ടും ഈ കക്ഷിയെ ഞാന്‍ ഇങ്ങനെയാണ് വിളിക്കാറ്. അതേ, ഈ പ്രാഞ്ചിയേട്ടന്‍ ആള് പൊളിയാ.









സജി പന്ന്യാര്‍ക്കുട്ടി






 
 
 

Comments


Kairos USA

Kairos INDIA

Kairos UK

     Kairos International Inc. 700 Louisiana St, Houston, TX. USA 77002

     Kairos Media, No 8/174, Navodaya Studio Complex, Thengod P.O, Cochin, Kerala, India. Pin: 682030

     Kairos Media, St Charles Street, Sheffield S9 3WU, United Kingdom

COPYRIGHT © 2021 KAIROS MEDIA, JESUS YOUTH

bottom of page