top of page

ഈ അമ്മേടൊരു കാര്യം I ഫമിലിയ/മൈസ്റ്റോറി I ലീന ഷാജു, തിരുവല്ല I KAIROS MALAYALAM I SEPTEMBER 2026

smithajose4
Sep 1
2 min read



പരീക്ഷ ചൂടുമായി രണ്ടാംവര്‍ഷ പ്രീഡിഗ്രി പരീക്ഷക്ക് ഒരുങ്ങുന്ന കാലം. വീട്ടിലെ ബഹളങ്ങള്‍ക്കിടയില്‍ നിന്നും മാറി വിശാലമായ പറമ്പിന്റെ അറ്റത്തു പടര്‍ന്നു പന്തലിച്ചു കിടക്കുന്ന പേരക്കാ മാവിന്റെ ചുവട്ടില്‍ തെങ്ങോലകള്‍ കൂട്ടിയിട്ടു അതിന്മേലിരുന്നു പിറ്റേദിവസത്തെ പരീക്ഷക്കുള്ള ഒരുക്കങ്ങള്‍ നടത്തുകയാണ്.


പെട്ടെന്ന് കരിയിലകള്‍ക്കിടയിലൂടെ എന്തോ അരിച്ചു വരുന്ന ശബ്ദം. ഞാന്‍ തലയുയര്‍ത്തി നോക്കുമ്പോള്‍ എന്റെ മുമ്പില്‍ പത്തി വിടര്‍ത്തി നിന്നാടുന്ന ഒരു വലിയ പാമ്പ്. 'എന്റെ വേളാങ്കണ്ണി മാതാവേ' എന്നു വിളിച്ചു കൊണ്ട് ഞാന്‍ ചാടിയെഴുന്നേറ്റു. അതു കേട്ടപാടെ ആ പാമ്പ് തലതാഴ്ത്തി വന്നവഴിയേ തിരിച്ചു പോയി. കാലങ്ങള്‍ പിന്നിടുമ്പോഴും ആ ഓര്‍മ മനസ്സില്‍ പച്ച പിടിച്ചു നില്‍ക്കുകയാണ്. പരിശുദ്ധ അമ്മ അന്നവിടെ എനിക്കുവേണ്ടി ഇടപെട്ടു. ഇല്ലായിരുന്നുവെങ്കില്‍.

..

പരിശുദ്ധ അമ്മയുടെ ഭക്തരായിരുന്നു മാതാപിതാക്കള്‍. പരിശുദ്ധ കുര്‍ബാനയെയും ജപമാലയെയും സ്‌നേഹിക്കാന്‍ അമ്മച്ചി ഞങ്ങളെ പഠിപ്പിച്ചിരുന്നു. അതുകൊണ്ടുതന്നെ ബാല്യം മുതല്‍ പരിശുദ്ധ അമ്മയോടുള്ള ഭക്തിയില്‍ വളര്‍ന്നു വരുവാന്‍ സാധിച്ചു. ജപമാലയും മേയ് മാസ വണക്കവും ഒരിക്കലും മുടക്കാറില്ലായിരുന്നു.


വിവാഹ ശേഷമായിരുന്നു മാതൃഭക്തി എന്നെ ഏറ്റവും കൂടുതല്‍ സഹായിച്ചിരുന്നത്. ജനിച്ചപ്പോള്‍ മുതല്‍ രണ്ടു മക്കളെയും പരി. അമ്മ

യുടെ വിമലഹൃദയത്തിന് സമര്‍പ്പിച്ചുകൊണ്ട് അവിടത്തെ നീലക്കാപ്പയുടെ തുമ്പില്‍ കെട്ടിയിട്ടു. അവര്‍ എവിടെ പോയാലും തള്ളക്കോഴിയെ പോലെ അമ്മ അവരെ ചേര്‍ത്തു പിടിക്കും എന്ന് വിശ്വസിച്ചു. രണ്ടു പേരുടെയും പേരിന്റെ കൂടെ അമ്മയുടെ പേരും ചേര്‍ത്തു. ആദ്യമൊക്കെ ആളുകള്‍ ചോദിക്കാന്‍ തുടങ്ങി എന്താ ഇങ്ങനെ പേരിട്ടതെന്ന്. അവരെ പരി. അമ്മയുടെ വിമല ഹൃദയത്തിന് സമര്‍പ്പിച്ചതാണെന്ന് ഞാന്‍ പറയും.


ജീവിതത്തിലെ പരുക്കന്‍ യാഥാര്‍ഥ്യങ്ങളെ ധീരതയോടെ നേരിടാന്‍ പരി. അമ്മ കൂടെ നിന്നു. എന്റെ മാതാവേ എന്ന ഒറ്റ വിളിയില്‍ അമ്മ കൂടെ വരുന്നത് ഞാന്‍ അനുഭവിച്ച നിമിഷങ്ങളുണ്ട്. ജോലിയും കുടുംബ ജീവിതവും ഒന്നിച്ചു കൊണ്ടുപോകാന്‍ അമ്മ സഹായിച്ചിരുന്നു. രാവിലെ പരി. കുര്‍ബാന കഴിഞ്ഞ് പരി. അമ്മയും ഞാനും കൂടെ അടുക്കളയിലേക്കൊരു കയറ്റമുണ്ട്. ഞാന്‍ വിചാരിക്കുന്നതിലേറെ പെട്ടെന്നു ജോലികള്‍ തീര്‍ക്കുന്നത് എനിക്കുതന്നെ അത്ഭുതമായിരുന്നു. ഓരോ ഭക്ഷണവും പാകം ചെയ്യുമ്പോള്‍ ഞാന്‍ പറയും, അമ്മേ ഇത് നന്നായാലും

മോശമായാലും ക്രെഡിറ്റ് നിനക്കുള്ളതാണെന്ന്. പ്രത്യേകിച്ച് വിരുന്നുകാരും മറ്റും വരുന്ന അവസരങ്ങളില്‍. പരി. അമ്മയെ കൂട്ടാതെ എന്നൊക്കെ പണിതുടങ്ങിയോ അന്നൊക്കെ പണികിട്ടിയിട്ടുണ്ട്.


ഒരു ഡ്രസ്സ് വാങ്ങാന്‍ പോകുമ്പോള്‍ ആദ്യം മാതാവിനോട് പറയും, ഞാന്‍ കടയില്‍ എത്തുന്നതിനു മുമ്പ് എന്റെ ഡ്രസ്സ് എടുത്തു വയ്ക്കണമെന്ന്. അമ്മയുടെ സെലക്ഷന്‍ മോശമാകാറില്ല. വീട്ടുപകരണങ്ങള്‍ വാങ്ങുമ്പോള്‍ മാതാവിനോട് ചോദിക്കും വാങ്ങട്ടെയെന്ന്. വാങ്ങാന്‍ പോകുമ്പോള്‍ ഞങ്ങള്‍ ഒന്നിച്ചു പോകും. അതിനെക്കാള്‍ എന്നെ അത്ഭുപ്പെടുത്തിയത് തയ്യല്‍ പഠിക്കാന്‍ സഹായിച്ചുവെന്നതാണ്. വെറുതെ യൂട്യൂബ് നോക്കി തയ്ച്ചു തുടങ്ങിയതാണ്. ഓരോ ഡ്രസ്സ് തയ്ക്കുമ്പോഴും പരിശുദ്ധ അമ്മയോട്

പറയും ഇത് നന്നായി തയ്ക്കാന്‍ സഹായിക്കണമെന്ന്. കഴിഞ്ഞ നാലഞ്ചു വര്‍ഷങ്ങളായി എന്റെയും മക്കളുടെയും വസ്ത്രങ്ങള്‍ ഞാന്‍ തന്നെ തയ്ക്കുന്നു. എവിടേയ്ക്ക് യാത്ര പോയാലും വണ്ടിയില്‍ വച്ച് ആദ്യം തന്നെ ഞങ്ങള്‍ ഒരു ജപമാല ചൊല്ലും. തിരിച്ചു വരുന്നതുവരെ അമ്മയുടെ ഒരു പ്രത്യേക സംരക്ഷണം ഞങ്ങള്‍ അനുഭവിക്കുന്നു.


ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പ് എനിക്ക് വയറ്റിലൊരു ഓപ്പറേഷന്‍ വേണ്ടി വന്നു. രണ്ടു ദിവസം കഴിയുമ്പോള്‍ പോകാം എന്ന് ഡോക്ടര്‍ പറഞ്ഞു. എനിക്ക് സമാധാനമായി. എന്നാല്‍, അന്ന് ഉച്ചകഴിഞ്ഞു മൂന്നുമണിയുടെ കരുണകൊന്ത കഴിഞ്ഞു ഞാനൊന്നു മയങ്ങിപ്പോയി. മയക്കത്തിനിടയില്‍ ഞാന്‍ കാണുന്നത് വലിയ ഒരു മാതാവ് എന്റെ അടുത്തുള്ള ചുമരിനോട് ചേര്‍ന്ന് നില്‍ക്കുന്നു. പെട്ടെന്ന് കണ്ണു തുറന്നപ്പോള്‍ ആരെയും കണ്ടില്ല. പക്ഷേ എനിക്ക് മനസ്സിലായിരുന്നു എന്തോ ഒരു സഹനം വരാന്‍ പോകുന്നുവെന്ന്. രാവിലെ ഓക്കെ പറഞ്ഞ ഡോക്ടര്‍ രാത്രി ഏഴു മണിക്ക് വന്നു നോക്കുമ്പോള്‍ ഓപ്പറേഷന്‍ ചെയ്ത ഭാഗത്തെ സ്റ്റിച്ച് ഒരറ്റം മുതല്‍ പൊളിയാന്‍ തുടങ്ങിയിരിക്കുന്നു. പിറ്റേന്ന് രാവിലെതന്നെ വീണ്ടും ഒരു ഓപ്പറേഷന്‍. സ്റ്റിച്ചു ചെയ്യാന്‍ ഉപയോഗിച്ച മെറ്റീരിയല്‍ എന്നില്‍ അലര്‍ജി ഉണ്ടാക്കി. മാതാവ് നേരത്തെ മുന്നറിയിപ്പ് തന്നതുകൊണ്ട് എനിക്ക് അതിനോട് സഹകരിക്കാന്‍ സാധിച്ചു. പറഞ്ഞാല്‍ തീരാത്തവിധം അനുഭവങ്ങളുണ്ട്.


അമ്മയെന്നും ഞങ്ങളുടെ വീട്ടിലെ ഒരു നിറസാന്നിധ്യമാണ്. സങ്കടങ്ങളില്‍ ചേര്‍ത്തുനിര്‍ത്തി ധൈര്യം പകര്‍ന്നും സന്തോഷങ്ങളില്‍ കൂടെക്കൂടിയും അമ്മ ഞങ്ങളുടെ വീടിന്റെ വിളക്കായി കൂടെയുണ്ട്. പരിശുദ്ധ അമ്മയാണ്

തിരുക്കുമാരനിലേക്ക് ഞങ്ങളെ നടത്തുന്നത്. അമ്മയില്ലാത്തൊരു ജീവിതം ഞങ്ങള്‍ക്കില്ല. അമ്മയില്ലാത്ത വീട് വീടാണോ?





ലീന ഷാജു, തിരുവല്ല


കെയ്‌റോസില്‍ ജോലിചെയ്യുന്ന ലേഖിക ഭര്‍ത്താവിനോടും രണ്ടു മക്കളോടുമൊപ്പം തിരുവല്ലയില്‍ താമസിക്കുന്നു.





 
 
 

Comments


Kairos USA

Kairos INDIA

Kairos UK

     Kairos International Inc. 700 Louisiana St, Houston, TX. USA 77002

     Kairos Media, No 8/174, Navodaya Studio Complex, Thengod P.O, Cochin, Kerala, India. Pin: 682030

     Kairos Media, St Charles Street, Sheffield S9 3WU, United Kingdom

COPYRIGHT © 2021 KAIROS MEDIA, JESUS YOUTH

bottom of page