എടാ മക്കളേ , ടീച്ചർ വന്നടാ ...ഒന്നു വിഷ് ചെയ്യടാ .. | കവര്‍സ്റ്റോറി| സ്മിത അഗസ്റ്റിൻ | KAIROS MALAYALAM | MARCH 2025

കുറച്ച് നാളായിട്ട് ഈയൊരു ഡയലോഗ് പറഞ്ഞുകൊണ്ടാണ് എന്റെ ക്ലാസ്സ് ആരംഭിക്കുന്നത്. കാലം മാറുന്നത നുസരിച്ച് കുട്ടികളുടെ സ്വഭാവത്തില്‍ വരുന്ന മാറ്റങ്ങള്‍ പെട്ടെന്ന് തിരിച്ചറിയുന്ന ഒരു വിഭാഗമാണ് അധ്യാപകര്‍.
പണ്ട് ഞങ്ങള്‍ പഠിക്കുന്ന സമയത്ത് അധ്യാപകരെബഹുമാനിക്കുമായിരുന്നു; പേടിയായിരുന്നു എന്നൊക്കെ ഇന്നത്തെ കുട്ടികളോട് പറഞ്ഞാല്‍ അവരുടെ മുഖത്ത് വരുന്ന പുച്ഛഭാവം നമ്മളെത്തന്നെ നമ്മള്‍ ചെറുതാക്കി കളഞ്ഞല്ലോ എന്ന തോന്നലാണ് ഉണ്ടാക്കുന്നത്. പഴയ കാര്യങ്ങള്‍ പറഞ്ഞു തുടങ്ങുമ്പോള്‍തന്നെ 'തള്ളവൈബ്' എന്നുപറഞ്ഞ് ചിരിക്കുന്ന വിദ്യാര്‍ഥികളുടെ ഒരു ലോകത്താണ് അധ്യാപനം നടത്തി ക്കൊണ്ടിരിക്കുന്നത്. അറിവിനൊപ്പം വളര്‍ത്തിയെടുക്കേണ്ട മനുഷ്യത്വം എന്ന മഹാഗുണത്തെപ്പറ്റി പിന്നെയും പിന്നെയും പറഞ്ഞു കൊണ്ടിരിക്കുക... ഇത് കേള്‍ക്കുന്ന കുട്ടികളുടെ മുഖത്ത് നവരസത്തിനപ്പുറമുള്ള പുതുരസങ്ങള്‍ തെളിയുമ്പോള്‍ ഒന്നും പറയണ്ടായിരുന്നു എന്നൊക്കെ തോന്നും. എങ്കിലും പിന്നീട് പെരുവഴിയില്‍ കണ്ടുമുട്ടുമ്പോള്‍ ''അന്ന് മിസ് അതൊക്കെ പറഞ്ഞുതന്നത് നന്നായി'' എന്നാകും ഭൂരിഭാഗവും പറയുക.
കോവിഡിന് മുന്‍പും പിന്‍പുമുള്ള കുട്ടികളിലെ ക്ലാസ്സ്‌റൂം പെരുമാറ്റങ്ങളില്‍ പ്രകടമായ വ്യത്യാസമുണ്ട്. കുട്ടികളുടെ സ്വഭാവത്തെ കോവിഡിനെക്കാള്‍ ഭീകരമായ മറ്റൊരു വൈറസ് ആക്രമിച്ചു എന്ന് പറയുന്നതില്‍ തെറ്റില്ലെന്നു തോന്നുന്നു... പറയുന്നത് കേള്‍ക്കുവാനോ കേട്ടതെന്താണെന്ന് പറയുവാനോ അവര്‍ക്കാവുന്നില്ല. സോഷ്യല്‍ മീഡിയ പകരുന്ന ഭ്രമലോകത്തില്‍ കുരുങ്ങിക്കിടക്കുകയാണ് പലരും. ഇരിക്കില്ല, നില്‍ക്കില്ല ചാഞ്ഞും ചരിഞ്ഞും കിടക്കാനാണിഷ്ടം. അങ്ങനെ പറയാന്‍ പറ്റാത്ത ഒത്തിരിയിഷ്ടങ്ങള്‍ വേറെയുമുണ്ട്.
കൈവിട്ടു കളയാതെ ചേര്‍ത്തുപിടിക്കേണ്ട കുഞ്ഞുങ്ങളാണെല്ലാവരും. വെല്ലുവിളികള്‍ക്കപ്പുറത്ത് ദിനംതോറും അവരുടെ പുറകെയുള്ള യാത്രയാണ്. ഒന്നു വൈകിയാല്‍, വരാതിരുന്നാല്‍, മുഖം വാടിയാല്‍ മനസ്സിനൊരു വേവലാതിയാണ്.
മധ്യവര്‍ഗത്തിലും അതിനു താഴെ ദാരിദ്ര്യരേഖയില്‍ മുട്ടിയുമൊക്കെ കഴിയുന്ന കുടുംബത്തില്‍ നിന്നും വരുന്ന കുട്ടികളെ പഠിപ്പിക്കുന്ന ഒരു അധ്യാപികയാണ് ഞാന്‍. ഗുരുശിഷ്യ ബന്ധത്തിന്റെ തീവ്രതയും പവിത്രതയും നിറംമങ്ങി പിഞ്ഞിത്തുടങ്ങിയ ഈ കാലഘട്ടത്തില്‍ അറിവിനൊപ്പം നമ്മള്‍ ശീലിക്കേണ്ട പരസ്പര ബഹുമാനവും ആദരവും അതില്‍ നിന്നുളവാകുന്ന സ്‌നേഹവുമാണ് നാമവര്‍ക്ക് പകര്‍ന്നു നല്‍കേണ്ടത്. കുട്ടികള്‍ ചെറുപ്പത്തിലേതന്നെ കുടുംബത്തില്‍നിന്ന് സ്വീകരിക്കേണ്ട ഒന്നാണ് പരസ്പര ബഹുമാനവും ആദരവും സ്‌നേഹവും. അത് പിന്നീട് വിദ്യാലയങ്ങളില്‍ എത്തുന്നതോടെ അറിവിന്റെ ലോകവുമായി കൂടിച്ചേര്‍ന്ന് കൂടുതല്‍ മിഴിവേകുന്ന ഒരു സംസ്‌കാരമായി മാറും. ജീവിക്കുന്ന സാഹചര്യമനുസരിച്ച് കുട്ടികളില്‍ ഇതെല്ലാം
രൂപപ്പെട്ടു കഴിഞ്ഞിട്ടുണ്ടാവും. എങ്കിലും അധ്യാപകരുടെയും സുഹൃത്തുക്കളുടെയും ഇടപെടലിലൂടെ അത് തേച്ച് മിനുക്കി ഓരോ കുട്ടിയെയും മനോഹരമായ ഒരു പളുങ്ക് പാത്രമായി മാറ്റുവാന്‍ മുമ്പ് കുറേയൊക്കെ അധ്യാപകര്‍ക്ക് സാധിച്ചിരുന്നു. ഇന്ന് പല വിദ്യാലയങ്ങളിലും വിദ്യാര്‍ഥികളുടെ സ്വഭാവത്തെ തേച്ചു മിനുക്കുവാന്‍ അധ്യാപകര്‍ക്ക് കഴിയാറില്ല. വിദ്യാര്‍ഥികളുടെ ആവശ്യങ്ങള്‍ക്കൊപ്പം നിന്നില്ലെങ്കില്‍ പുറന്തള്ളപ്പെടും എന്നതാണ് സ്ഥിതി.
പുതിയ കാലഘട്ടത്തില്‍ ചില അധ്യാപകര്‍ 'bro' എന്നൊക്കെ വിളിച്ച് തോളില്‍ കൈയിട്ട് കുട്ടികളെ കൂടെ കൂട്ടുമ്പോള്‍ പല ചതിക്കുഴികളും അപകടങ്ങളും സംഭവിച്ചേക്കാം. കുട്ടികള്‍ക്കൊപ്പം ഉല്ലസിക്കുന്നതും റീല്‍സെടുക്കുന്നതുമൊക്കെ പുതിയ കാലത്ത് ബന്ധങ്ങള്‍ ഊഷ്മളമാക്കും. എന്നാല്‍, ഗുരുശിഷ്യ ബന്ധത്തിന്റെ വേലികള്‍ പൊളിച്ചുമാറ്റുന്നതിലേക്ക് അത് പോകാതിരിക്കുന്നതാണ് ഭംഗി. ബഹുമാനവും ആദരവും ഒരുമിച്ച് നില്‍ക്കുമ്പോള്‍ മാത്രമാണ് ഗുരുശിഷ്യ ബന്ധത്തിന്റെ പവിത്രത നിലനില്‍ക്കുന്നത്. യേശു എന്ന ഗുരു നല്‍കിയ ഉദാത്തമായ മാതൃക നമ്മുടെ മുന്നിലുണ്ടല്ലോ. സമൂഹത്തിന്റെ പുറമ്പോക്കില്‍ നിന്നും ശിഷ്യരെ കണ്ടെത്തി ഒരു മഹത്തായ ദൗത്യത്തിന് അവരെ സജ്ജരാക്കിയ ദിവ്യഗുരു എക്കാലവും നമുക്ക് മാതൃകയാണ്.
ഓരോ വിദ്യാര്‍ഥികളെയും അവരുടെ കഴിവുകളെ മനസ്സിലാക്കി ആദരിക്കാനും സ്‌നേഹിക്കുവാനുള്ള മനോഭാവം അധ്യാപകര്‍ക്ക് ഉണ്ടായിരിക്കണം. give respect and take respect എന്നതിന്റെ ആഴം ഉള്‍ക്കൊള്ളാന്‍ ഗുരുവിനും ശിഷ്യനും ഒരുപോലെ സാധിക്കണം.
ഒരേ ക്ലാസ്സ്‌റൂമില്‍ തന്നെ പഠിക്കുന്നവരും പഠിക്കാന്‍ കഴിവില്ലാത്തവരും, പഠനത്തില്‍ താത്പര്യമില്ലാത്തവരുമൊക്കെ ഉണ്ടായിരിക്കും. പലപ്പോഴും പഠിക്കാത്തതിന്റെയും സ്വഭാവ വൈകല്യത്തിന്റെയും പേരില്‍ വഴക്ക് കേട്ടിട്ടുള്ള കുട്ടികളായിരിക്കും വര്‍ഷങ്ങള്‍ക്ക് ശേഷം വഴിയില്‍ കണ്ടുമുട്ടുമ്പോള്‍ കൂടുതല്‍ സ്‌നേഹവും ആദരവും നമുക്ക് നല്‍കുക. കാലത്തിന്റെ മുന്നോട്ടുള്ള യാത്രയില്‍ പണ്ട് സ്‌കൂളില്‍ നിന്ന് സ്വാംശീകരിച്ച ചില മൂല്യങ്ങള്‍ ഒരുപക്ഷേ അവരുടെ മനസ്സിനുള്ളിലെവിടെയോ സ്പര്‍ശിച്ചത് കൊണ്ടായിരിക്കാം ഇത്തരം ഒരു മാറ്റം അവരില്‍ സംഭവിക്കുന്നത്. അതുകൊണ്ടുതന്നെ കാലത്തിനും കുട്ടികള്‍ക്കും എന്ത് മാറ്റം സംഭവിച്ചാലും വിദ്യാര്‍ഥികളെ അച്ചടക്കത്തിന്റെയും ബഹുമാനത്തിന്റെയും സ്‌നേഹത്തിന്റെയും ആദരവിന്റെയും മൂല്യങ്ങള്‍ പറഞ്ഞുകൊടുത്ത് നല്ല മനുഷ്യരാക്കുന്ന കാര്യത്തില്‍ അധ്യാപകര്‍ വിട്ടുവീഴ്ച ചെയ്യരുത്.
ഇരുട്ടില്‍ പ്രകാശഗോപുരം ആയില്ലെങ്കിലും ഒരു മിന്നാമിനുങ്ങെങ്കിലും ആകുവാന്‍ നമുക്ക് കഴിയണം. അതിനാല്‍, മക്കള്‍ക്കുവേണ്ടി നമുക്കൊരുമിച്ച് വീണ്ടും വീണ്ടും പറഞ്ഞുകൊണ്ടേയിരിക്കാം ''എടാ മക്കളേ ടീച്ചര്‍ വന്നടാ... ഒന്നു വിഷ് ചെയ്യടാ...''



Comments