top of page

ഈ അവകാശം നിഷേധിക്കരുതേ | യുവ/ യൂത്ത് ക്ലാസ് | നവീന്‍ റോയ്, തൃശൂര്‍ | KAIROS MALAYALAM | MARCH 2025

Writer: നവീന്‍ റോയ്, തൃശൂര്‍
നവീന്‍ റോയ്, തൃശൂര്‍
2 days ago
2 min read

ചെറുപ്പത്തില്‍ നമ്മളെല്ലാവരും മാതാപിതാക്കന്മാരില്‍ നിന്ന് ഏറ്റവും കൂടുതല്‍ ഉപദേശവും ശിക്ഷണവും സ്വീകരിക്കുന്ന മേഖലകളിലൊന്നാണ് ആദരവ്. അവിവേകംകൊണ്ടും അറിയില്ലായ്മ കൊണ്ടും ചെറുപ്പത്തില്‍ ആരോടെങ്കിലും അനാദരവ് കാണിച്ചിട്ടുണ്ടെങ്കില്‍ തിരുത്തലും ശാസനയും ഉറപ്പായിരുന്നു. ഇനി സ്‌കൂളിലാണെങ്കിലും ടീച്ചര്‍മാരെയും മുതിര്‍ന്നവരെയും ബഹുമാനിക്കാന്‍ നമ്മളെ പരിശീലിപ്പിക്കും. ഇങ്ങനെ നമ്മുടെ വളര്‍ച്ചയുടെയും പരിശീലനത്തിന്റെയും മുഖ്യവിഷയങ്ങളില്‍ ഒന്നായി ആദരവ് നിലകൊള്ളുന്നു.


നമ്മുടെ കാലഘട്ടത്തിലെ ഇളംതലമുറയെയും യുവതലമുറയെയും നോക്കി അവരുടെ ഭാഗത്തുനിന്ന് ആദരവും ബഹുമാനവും കുറഞ്ഞുവരുന്നു എന്ന് ആശങ്കപ്പെടുന്ന മുതിര്‍ന്ന തലമുറ ഇപ്പോഴത്തെ ഒരു സ്ഥിരം കാഴ്ചയാണ്. അടുത്തിടെയാണ് കേരളത്തിലെ ഒരു സ്‌കൂള്‍ വിദ്യാര്‍ഥി ഫോണ്‍ വാങ്ങിച്ചുവച്ചതിന് സ്‌കൂളിലെ അധ്യാപകനെ കൈചൂണ്ടി വിരട്ടുന്നത് നമ്മള്‍ കണ്ടത്. കേരള മനഃസാക്ഷിയെ ഒന്നടങ്കം ഞെട്ടിച്ച ഒന്നായിരുന്നു അത്. ഇതുപോലെ അപ്പനെയും അമ്മയെയും വിരട്ടുകയും കൊല്ലാന്‍ പോലും മടിയില്ലാതിരിക്കുകയും ചെയ്യുന്ന അനവധി സംഭവങ്ങള്‍ ഈയിടെ പെരുകി വന്നിരിക്കുന്നു. ഈ സാഹചര്യത്തില്‍ ആദരവിന്റെ മഹത്ത്വത്തെക്കുറിച്ച് നമ്മള്‍ ബോധവാന്മാരാകുന്നത് നല്ലതാണ്.


ആദരിക്കുന്നതിനെ ഒരു അഭിമാനമായി കരുതുന്നതില്‍ നമ്മള്‍ പലപ്പോഴും പരാജയപ്പെടുന്നുണ്ട്. പകരം ആദരിക്കേണ്ടവരെ ആദരിക്കുന്നത് ഒരു കുറച്ചിലായിപ്പോലും പലരും കാണുന്നു. ഇനി വേറെ ചിലരെ സംബന്ധിച്ചിടത്തോളം ആദരവ് അങ്ങോട്ടുമിങ്ങോട്ടുമിടുന്ന ഒരു പാലം പോലെയാണ്. അവര്‍ എനിക്ക് തന്നാല്‍ ഞാനും തിരിച്ചു കൊടുക്കും. അല്ലെങ്കില്‍ എനിക്ക് തരുന്നവര്‍ക്ക് മാത്രമേ ഞാന്‍ കൊടുക്കൂ എന്നൊക്കെയാണ് അവരുടെ വാദം (give respect and take respect). എന്നാല്‍ ആദരവ് കേവലം ഒരു ഔദാര്യത്തിന്റെ വിഷയമോ കിട്ടിയാല്‍ തിരിച്ചു കൊടുക്കാം അല്ലെങ്കില്‍ കൊടുത്താല്‍ കിട്ടണം എന്ന് പറയുന്ന ഒരു സാമൂഹിക വ്യവസ്ഥിതിയുടെ ഭാഗമോ അല്ല.


ആദരവ് നീതിയുടെ വിഷയമാണ്. ഓരോരുത്തര്‍ക്കും അവകാശപ്പെട്ടത് നല്‍കുന്നതിനെയാണ് നമ്മള്‍ നീതി എന്ന് വിളിക്കുന്നത്. അതുകൊണ്ട് ആദരവ് അവകാശപ്പെട്ട ഓരോരുത്തരെയും ആദരിക്കുമ്പോഴാണ് അവിടെ നീതി നടപ്പാകുന്നത്. കുറച്ചുകൂടി വ്യക്തമായി പറഞ്ഞാല്‍ ആദരവര്‍ഹി ക്കുന്ന ആളുകള്‍ക്കോ വസ്തുക്കള്‍ക്കോ ആദരവ് നല്‍കുന്നത് നമ്മളുടെ കടപ്പാടും ഉത്തരവാദിത്വവുമാണ്. ആദരിക്കേണ്ടവരെ ആദരിക്കാതിരിക്കുത് അനീതിയാണ്. ഉദാഹരണമായി, ഏറ്റവും പരമമായ ആദരവിന് അര്‍ഹനായ ദൈവത്തെ ആദരിക്കാതിരിക്കുന്നത് ദൈവത്തോടു നമ്മള്‍ ചെയ്യുന്ന അനീതിയാണ്.


ഒരാളുടെ സ്ഥാനം അയാളെ ആദരിക്കാനായുള്ള കാരണമാകും. ഉദാഹരണമായി നമ്മുടെ രാജ്യത്തിലെ പ്രധാനമന്ത്രി വഹിക്കുന്ന സ്ഥാനമാണ് അദ്ദേഹത്തെ ആദരിക്കാനായി നമ്മളെ ഓരോരുത്തരെയും കടപ്പെടുത്തുന്നത്. ഒപ്പം അദ്ദേഹം നമ്മുടെ രാജ്യത്തെ നയിക്കുന്നതിനുള്ള നമ്മുടെ പിന്തുണയുമാണ്. അവര്‍ക്ക് ക്രിയാത്മകമായ നിര്‍ദേശങ്ങള്‍ നല്‍കുക എന്നതും പിന്തുണയുടെ ഭാഗമാണ്. തെറ്റുണ്ടാകുമ്പോള്‍ അത് ചൂണ്ടിക്കാണിക്കുന്നതും ഇതില്‍ ഉള്‍പ്പെടും.


ഒരാള്‍ ചെയ്യുന്ന സേവനത്തിന്റെ അല്ലെങ്കില്‍ ശുശ്രൂഷയുടെ മൂല്യം അയാളെ ആദരവിന് അര്‍ഹനാക്കും. ചിലര്‍ നമുക്ക് ചെയ്തു നല്‍കുന്ന ശുശ്രൂഷയ്ക്ക് സാമ്പത്തികമായോ മറ്റെന്തെങ്കിലും കൊണ്ടോ പ്രതിഫലം നല്‍കാനാവില്ല. അതിന് നാമവര്‍ക്ക് നല്‍കുന്ന മറുപടിയും പ്രതിഫലവും ആണ് ആദരവ്. നമ്മുടെ അപ്പനും അമ്മയും നമുക്ക് ജന്മം നല്‍കിയതിനും വളര്‍ത്തി വലുതാക്കുന്നതിനും കൊടുത്ത വില വളരെ വലുതാണ്. അതിനായി അവര്‍ക്ക് ചിലവഴിക്കേണ്ടി വന്നത് അവരുടെ ജീവിതവും അധ്വാനവും ഒക്കെയാണ്. അതിന് നമുക്ക് നല്‍കാവുന്ന ഏറ്റവും മഹത്തായ കൃതജ്ഞത അവരുടെ ജീവിതാവസാനംവരെ അവരെ കരുതുകയും ആദരിക്കുകയും ചെയ്യുക എന്നതാണ്. അതുപോലെതന്നെയാണ് നമ്മളുടെ മെത്രാന്മാരും വൈദികരും സന്യസ്തരും നമുക്ക് നല്‍കുന്ന സേവനങ്ങള്‍. അവരിലൂടെ ദൈവം ചൊരിയുന്ന നന്മകള്‍ക്ക് തിരിച്ചു നല്‍കാന്‍ നമുക്ക് അവരോടുള്ള ആദരവും സ്‌നേഹവും മാത്രമേയുള്ളൂ. ഒരു വ്യക്തി ആയിരിക്കുന്ന തിന്റെയും ആര്‍ജിച്ചെടുത്തതിന്റെയും ഫലമായി അയാള്‍ ആദരവിന് അര്‍ഹനാകും. നാം ദൈവത്തിന്റെ സൃഷ്ടി എന്ന നിലയിലും ജീവന്‍ നല്‍കിയത് ദൈവമാണെന്നതിനാലും ദൈവത്തെ ആദരിക്കാന്‍ കടപ്പെട്ടവരാണ് നാം. അതുപോലെതന്നെയാണ് ഓരോ മനുഷ്യനും ആര്‍ജിച്ചെടുക്കുന്ന ജീവിതാനുഭവം. നമ്മളെക്കാള്‍ പ്രായം കൂടിയ മനുഷ്യരെ നമ്മള്‍ ബഹുമാനിക്കേണ്ടത് അവര്‍ ആര്‍ജിച്ചെടുത്ത ജീവിതാനുഭവത്തിന്റെ പേരിലാണ്. അതുകൊണ്ടാണ് മുതിര്‍ന്നവര്‍ക്ക് ആദരവ് ഒരു അവകാശമായി തീരുന്നത്.


ദൈവത്തിന്റെ സൃഷ്ടി എന്ന നിലയിലും ദൈവത്തിന്റെ ചൈതന്യം പേറുന്ന വ്യക്തികള്‍ എന്ന നിലയിലും എല്ലാവരും ആദരവിനര്‍ഹരാണ്. ''നീ നിന്റെ ദൈവമായ കര്‍ത്താവിനെ പൂര്‍ണ ഹൃദയത്തോടും പൂര്‍ണാത്മാവോടും പൂര്‍ണമനസ്സോടുംകൂടെ സ്‌നേഹിക്കുക... നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനെയും സ്‌നേഹിക്കുക'' (മത്താ 22, 37-39).

ഓരോരുത്തരും ചെയ്യുന്ന ശുശ്രൂഷ വ്യത്യസ്തമായിരിക്കും. എന്നാലും എല്ലാ വ്യക്തികളും മനുഷ്യര്‍ എന്ന നിലയില്‍ അടിസ്ഥാനപരമായി ആദരിക്കപ്പെടേണ്ടതാണ്. അതുകൊണ്ടാണ് ലോകത്ത് ഇത്രയധികം മനുഷ്യാവകാശ നിയമങ്ങളും മറ്റും ഉണ്ടായിരിക്കുന്നത്.


ആദരവിന് അവകാശമുള്ളത് ആര്‍ക്കാണ് എന്ന് ചോദിച്ചാല്‍ അതിനുള്ള ഏറ്റവും ലളിതമായ ഉത്തരം ദൈവവും ദൈവത്തിന്റെ സൃഷ്ടികളും എന്നാണ്. ആദ്യമായി ദൈവവും; രണ്ടാമതായി ദൈവസൃഷ്ടിയുടെ മകുടമായ മനുഷ്യവംശം മുഴുവനും; മൂന്നാമതായി പ്രകൃതിയും അതിലെ സകല ജീവജാലങ്ങളും.


ആദരിക്കേണ്ടതിനെ ആദരിക്കുകവഴി നമ്മളും ആദരിക്കപ്പെടും എന്നുള്ള വസ്തുത ഒരിക്കലും മറക്കരുത്. അതുകൊണ്ടാണ് ഈശോ ഇപ്രകാരം പറയുന്നത്: ''നിങ്ങളെ സ്വീകരിക്കുന്നവന്‍ എന്നെ സ്വീകരിക്കുന്നു; എന്നെ സ്വീകരിക്കുന്നവന്‍ എന്നെ അയച്ചവനെ സ്വീകരിക്കുന്നു. പ്രവാചകനെ പ്രവാചകനായി സ്വീകരിക്കുന്നവന് പ്രവാചകന്റെ പ്രതിഫലവും നീതിമാനെ നീതിമാനായി സ്വീകരിക്കുന്നവന് നീതിമാന്റെ പ്രതിഫലവും ലഭിക്കുന്നു. ഈ ചെറിയവരില്‍ ഒരുവന്, ശിഷ്യന്‍ എന്ന നിലയില്‍ ഒരു പാത്രം വെള്ളമെങ്കിലും കൊടുക്കുന്നവനു പ്രതിഫലം ലഭിക്കാതിരിക്കുകയില്ലെന്നു സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു'' (മത്താ 10, 40-42).




ലേഖകൻ ഗവൺമെൻറ് ലോ കോളേജ് തൃശൂരിൽ മൂന്നാം വർഷ നിയമ വിദ്യാർത്ഥിയാണ്

 
 
 

Comments


Kairos USA

Kairos INDIA

Kairos UK

     Kairos International Inc. 700 Louisiana St, Houston, TX. USA 77002

     Kairos Media, No 8/174, Navodaya Studio Complex, Thengod P.O, Cochin, Kerala, India. Pin: 682030

     Kairos Media, St Charles Street, Sheffield S9 3WU, United Kingdom

COPYRIGHT © 2021 KAIROS MEDIA, JESUS YOUTH

bottom of page