ഡോ. ബെഞ്ചമിന്‍ സ്‌പോക്കിന്റെ ആശയങ്ങള്‍ വിജയിച്ചുവോ? | വാര്‍ത്താവിചാരം | സണ്ണി കോക്കാപ്പിള്ളില്‍ | KAIROS MALAYALAM | APRIL 2025


ആധുനിക കാലത്ത് കുട്ടികളുടെ പരിപാലനത്തില്‍ ലോകത്ത് ഏറ്റവും അധികം സ്വാധീനിച്ച വ്യക്തിയാണ് അമേരിക്കന്‍ ശിശുരോഗ വിദഗ്ധനായ ഡോ. ബെഞ്ചമിന്‍ സ്‌പോക്ക് (1903 ..1998). കുട്ടികളെ വളര്‍ത്തുന്നതിനെപ്പറ്റി നിരവധി പുസ്തകങ്ങള്‍ അദ്ദേഹം എഴുതിയിട്ടുണ്ട്.1946ല്‍ പ്രസിദ്ധീകരിച്ച 'കോമണ്‍സെന്‍സ് ബുക്ക് ഓഫ് ബേബി ആന്‍ഡ് ചൈല്‍ഡ് കെയര്‍' അനേകം തലമുറകളെ സ്വാധീനിച്ച ഒന്നാണ്. 1998ല്‍ അദ്ദേഹം മരിച്ചപ്പോള്‍ ഏതാണ്ട് ഈ ഗ്രന്ഥത്തിന്റെ അഞ്ചു കോടി കോപ്പികളാണ് വിറ്റഴിഞ്ഞത്. കുട്ടികളെ വളര്‍ത്തിയെടുക്കാന്‍ സഹായകരമായ ഏറ്റവും മികച്ച ആശയങ്ങളാണ് അദ്ദേഹം മാതാപിതാക്കള്‍ക്കു നല്‍കിയതെന്ന് അനേകര്‍ വിശ്വസിച്ചു. കൗമാരം വരെ കുട്ടികളെ ശിക്ഷിക്കരുത്, അവരുടെ ഇഷ്ടംപോലെ അവര്‍ വളരട്ടെ എന്നാണ് ഡോ. ബെഞ്ചമിന്‍ സ്‌പോക്കിന്റെ പ്രധാന ആശയം. ശിക്ഷണം അവരുടെ മനസ്സില്‍ ആഴത്തിലുള്ള മുറിവേല്‍പ്പിക്കും എന്നും കുട്ടികളുടെ ആഗ്രഹങ്ങള്‍ സഫലീകരിച്ചു കൊടുക്കണമെന്നുള്ള ബേബി ആന്‍ഡ് ചൈല്‍ഡ് കെയറിന്റെ ആഹ്വാനത്തെ സന്തോഷപൂര്‍വ്വം സ്വീകരിച്ച മാതാപിതാക്കള്‍ 1960കളില്‍ യുവാക്കളിലെ സ്വഭാവത്തില്‍ ഉണ്ടായ മാറ്റത്തെ ഉള്‍ക്കൊള്ളാന്‍ മടി കാണിച്ചു. ആരെയും കൂസാത്തവരും കാത്തിരിക്കാന്‍ മടികാണിക്കുന്നവരും ധിക്കാരികളുമായി മാറിയ ഒരു യുവസമൂഹത്തെയാണ് പശ്ചാത്യ ലോകം കണ്ടത് പലയിടങ്ങളിലും പാരമ്പര്യവാദികളാല്‍ അദ്ദേഹം വിമര്‍ശിക്കപ്പെട്ടു എന്നിരുന്നാലും ഇത്തരം ശൈലിക്ക് പൊതുവായ ഒരു സ്വീകാര്യത കൈവരികയും ചെയ്തു. പശ്ചാത്യലോകം ഇത് ഏറ്റെടുക്കുകയും യു എന്‍ അനുമതിയോടെ ധാരാളം രാജ്യങ്ങള്‍ ഡോ. ബെഞ്ചമിന്‍ സ്‌പോക്കിന്റെ ശൈലി സ്വീകരിക്കുകയും ഉണ്ടായി.
ആഗ്രഹങ്ങള്‍ നടന്നില്ലെങ്കില്‍ പെട്ടെന്ന് പ്രതികരിക്കുന്ന, സ്വന്തം ചിന്തകള്‍ക്കും താല്പര്യങ്ങള്‍ക്കും പ്രാധാന്യം കൊടുക്കുന്ന തലമുറകളുടെ ജനനം സമൂഹത്തില്‍ വരുത്തിവെച്ച വിപത്ത് വളരെ വലുതാണ്. ഇത്തരം പ്രതികരണങ്ങള്‍ അദ്ദേഹത്തിന്റെ അനന്തര തലമുറകളിലും സംഭവിച്ചു എന്ന് കരുതപ്പെടുന്നു. മാതാപിതാക്കളോടുള്ള അകല്‍ച്ച, സ്വയം ഇണയെ കണ്ടുപിടിക്കല്‍, ധിക്കാരപരമായ പെരുമാറ്റം, ഇഷ്ടങ്ങള്‍ നടക്കാതെ ആകുമ്പോള്‍ പെട്ടെന്നുള്ള പ്രതികരിക്കല്‍ എന്നിവ ലോകത്തിന്റെ പലഭാഗത്ത് യുവാക്കളുടെ പൊതുസ്വഭാവവുമായി മാറി. ക്രമേണ ഇന്ത്യ പോലുള്ള രാജ്യങ്ങളിലും ഈ ശൈലി രൂപപ്പെട്ടു. കുട്ടികള്‍ക്ക് ശിക്ഷണം നല്‍കുന്നത് കുറ്റകരം എന്ന് പല രാജ്യങ്ങളും നിയമം പാസാക്കി. കുട്ടികളുടെ ആവശ്യങ്ങള്‍ നിരസിക്കുന്നത് അവരുടെ അവകാശലംഘനമായി വിലയിരുത്തപ്പെട്ടു. ഏറ്റവും കൂടുതല്‍ വിഷമിച്ചത് അധ്യാപകരാണ്. കുട്ടികളുടെ വീഴ്ചകളെ തിരുത്തുന്നത് കുട്ടികളുടെ മേലുള്ള കടന്നുകയറ്റമായി വ്യാഖ്യാനിക്കപ്പെടാന്‍ ഇടയുള്ളതിനാല്‍ കാര്യങ്ങളെ നിസ്സംഗതയോടെ അവര്‍ കരുതാന്‍ തുടങ്ങി. ആരും നിയന്ത്രിക്കാന്‍ ഇല്ലാത്ത സാഹചര്യത്തില്‍ പരമ്പരാഗത ചട്ടങ്ങള്‍ക്കും മൂല്യങ്ങള്‍ക്കും വിലയില്ലാതായി സ്വാതന്ത്ര്യം എന്ന പദത്തിന് നല്‍കിയ അമിതമായ അവകാശവും ആഖ്യാനവും ഒരു വ്യക്തിയെ പക്വതയുടെ സമഗ്രതയിലേക്ക് വളര്‍ത്തേണ്ടതിന് പകരം അനിയന്ത്രിതമായ ലൈംഗികതയും ലഹരി ഉപയോഗത്തിനും ഒരു പരിധിവരെ കാരണമായി.
ഡോ ബെഞ്ചമിന്‍ സ്‌പോക്ക് ബേബി ആന്‍ഡ് ചൈല്‍ഡ് കെയറിലൂടെ തുറന്നു വിട്ടത് ഒരു ഭൂതത്തെ ആയിരുന്നുവെന്ന് ഇന്നു പലരും വിലിക്കുന്നു. മൂന്നുനാല് തലമുറകള്‍ ഇതിനിരയായി എന്ന് വിശ്വസിക്കുന്നവര്‍ ധാരാളം ഉണ്ട.് കോടതികളും ഇതൊക്കെ തിരിച്ചറിയാന്‍ തുടങ്ങിയിരിക്കുന്നു. അടുത്ത നാളുകളില്‍ നമ്മുടെ നാട്ടിലെ സ്ഥിതികള്‍ വിലയിരുത്തുമ്പോള്‍ ഈ സാഹചര്യം എങ്ങനെയാണ് ഉരുത്തിരിഞ്ഞതെന്ന് പ്രതിപാദിക്കുകയായിരുന്നു. ഇന്ന് സമൂഹം അനുഭവിക്കുന്ന അരക്ഷിതാവസ്ഥയ്ക്ക് പരിഹാരം ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്കു മുന്‍പ് ബൈബിളിലെ പ്രഭാഷകനിലൂടെ ദൈവം നമുക്ക് നല്‍കിയിട്ടുണ്ട്. പ്രഭാഷകന്റെ പുസ്തകം മൂന്നാം അധ്യായം ഒന്നു മുതല്‍ 16 വരെയുള്ള ഭാഗങ്ങളില്‍ അത് വ്യക്തമാക്കിയിട്ടുണ്ട്. ഒരു സമൂഹം എപ്പോഴൊക്കെ ദൈവത്തില്‍ നിന്ന് അകന്ന് പോയിട്ടുണ്ടോ അപ്പോഴെല്ലാം ജീര്‍ണിച്ചിട്ടുണ്ട് എന്ന് ചരിത്രം പഠിച്ചാല്‍ മനസ്സിലാകും. മാതാപിതാക്കളും അധ്യാപകരും ഭയപ്പെടുന്ന തരത്തിലേക്ക് ഏതെങ്കിലും തലമുറ കടന്നുപോകുന്നുണ്ടെങ്കില്‍ അത് സ്വാതന്ത്ര്യമോ മനുഷ്യാവകാശം അംഗീകരിച്ചു കൊടുക്കലോ അല്ല ജീര്‍ണതയുടെ ബഹിര്‍സ്ഫുരണം മാത്രമാണത്.
ശാസ്ത്രീയ പഠനത്തില്‍ വത്തിക്കാന്റെ സ്ഥാനം
തികച്ചും മതപരമായ കാര്യങ്ങള്‍ മാത്രമാണ് വത്തിക്കാനില്‍ ഉള്ളതെന്നാണ് അനേകര്‍ ധരിച്ചു വച്ചിരിക്കുന്നത്. എന്നാല്‍ ശാസ്ത്ര സംബന്ധമായ വിഷയങ്ങളില്‍ അഗാധമായ പഠനം നടത്തുന്ന ഒന്നാണ് 'വത്തിക്കാന്‍ പൊന്തിഫിക്കല്‍ അക്കാദമി ഓഫ് സയന്‍സസ്.' ഈയിടെ ഇതിലേക്ക് ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ച ശാസ്ത്രജ്ഞരുടെ പേരുകള്‍ അറിയുമ്പോഴാണ് ആഗോളതലത്തില്‍ ഈ അക്കാദമിയുടെ പ്രാധാന്യം മനസ്സിലാക്കുന്നത്.
നാസ ജിയോഫിസിസ്റ്റ് ആയ അമേരിക്കക്കാരി മരിയ സുബര്‍, ഹാര്‍വാര്‍ഡ് മെഡിക്കല്‍ സ്‌കൂളിലെ ജനിതക ശാസ്ത്ര പ്രൊഫസര്‍ ഒലിവിയര്‍ പുര്‍ക്വി, ഭ്രൂണ ഗവേഷണത്തില്‍ വിദഗ്ധയായ ചൈനീസ് ശാസ്ത്രജ്ഞ മെങ് ആന്‍ മിങ്, ചിലിയിലെ തന്മാത്ര ജനിതക ശാസ്ത്രജ്ഞന്‍ ലൂയിസ് ഫെര്‍ണാണ്ടൊ ലാറോണ്ടോ കാസ്‌ട്രോ, മെക്‌സിക്കന്‍ പരിസ്ഥിതി ശാസ്ത്രജ്ഞ സെസ്ലിയ ടോര്‍ട്ട ജാഡ തുടങ്ങിയവരെയാണ് മാര്‍പാപ്പ നിയമിച്ചിരിക്കുന്നത്.
സഭ പുരോഗമനപരമല്ല ശാസ്ത്രത്തിനെതിരാണ് എന്നൊക്കെ വാദിക്കുന്നവര്‍ക്കുള്ള തിരിച്ചടിയാണ് പൊന്തിഫിക്കല്‍ അക്കാദമി ഓഫ് സയന്‍സ്. നിരീശ്വരവാദികളും ഇടതുപക്ഷ ലിബറലിസ്റ്റുകളും ഉയര്‍ത്തിയ തെറ്റായ ആശയപ്രചാരണത്തിന്റെ സ്വാധീനത്തിലാണ് ക്രൈസ്തവരില്‍ ചിലരെങ്കിലും. സാധാരണ ജനങ്ങളെ സഭയുടെ സ്വാധീനത്തില്‍ നിന്നും പുറത്തുചാടിക്കാന്‍ നിരവധി കപടവാദങ്ങളുമായി അവര്‍ രംഗത്ത് വരും. മൂല്യങ്ങളില്‍ നിന്ന് വ്യതിചലിക്കുന്നതാണ് പുരോഗമനം എന്ന് അവര്‍ ഉച്ചത്തില്‍ ഘോഷിക്കും. സഭയുടെ സത്തയെയും സമ്പന്നതയെയും തിരിച്ചറിയാത്തവര്‍ അത് ശരിയെന്ന് വിശ്വസിക്കുകയും ചെയ്യും.
നമുക്ക് പഠിക്കാനും പഠിപ്പിക്കാനും ഏറെയുണ്ട്. നാം അറിയേണ്ട സമ്പന്നമായ ആ പൈതൃകം മറച്ചു വയ്ക്കാതെ ദൈവജനത്തെ പഠിപ്പിക്കുക എന്നത് നിര്‍ബന്ധത്തിലൂടെ ആണെങ്കിലും അതിന്റെ ഫലങ്ങള്‍ അത്ഭുതാവഹമായിരിക്കും. ഓരോന്നിന്റെയും മൂല്യത്തെ തിരിച്ചറിയുമ്പോഴാണ് അതിന്റെ ശ്രേഷ്ഠത നമുക്ക് മനസ്സിലാകുന്നത്. പക്ഷേ നിരന്തരം ശണ്ഠകൂടിയും പാഴ്‌വേലകളില്‍ ഏര്‍പ്പെട്ടും നമ്മുടെ സമയവും സമ്പത്തും നാം വ്യയംചെയ്തു കളയുന്നു.



Comments