top of page

ഡിലീറ്റ് ആന്‍ഡ് ആഡ് I എഡിറ്റേഴ്‌സ് റൂം I അഡ്വ. കെ.ജെ. ജോണ്‍സണ്‍ I KAIROS MALAYALAM I OCTOBER 2026

Writer: അഡ്വ. കെ.ജെ. ജോണ്‍സണ്‍
അഡ്വ. കെ.ജെ. ജോണ്‍സണ്‍
1 day ago
1 min read

മനസ്സിൻറെ നവീകരണത്തിനായി ചിലതെല്ലാം ഉള്ളിൽനിന്നു മാറ്റുവാനും മറ്റുചിലത് കൂട്ടിച്ചേർക്കുവാനും നാം ശ്രദ്ധിക്കേണ്ടതുണ്ട്... എഡിറ്റോറിയലിൽ ഒരു ചെറു ധ്യാന ചിന്ത.




ഓണാവധി കഴിഞ്ഞ് കോളേജിലെത്തിയ മരിയയോട്, അവധിക്കാലത്ത് യാത്രയൊന്നും പോയില്ലേ? ഇന്‍സ്റ്റയില്‍ കണ്ടില്ലല്ലോയെന്ന് കൂട്ടുകാരികള്‍ ചോദിച്ചു. താന്‍ കുറച്ചു നാളായി ഇന്‍സ്റ്റ ഉപയോഗിക്കുന്നില്ലായെന്നും അവധിക്കാലത്ത് അമ്മവീട്ടില്‍ ഒരസുഖമായി കിടക്കുന്ന ആന്റിയെ നോക്കാന്‍ പോയിരിക്കുകയായിരുന്നെന്നും മരിയ പറഞ്ഞു. എല്ലാവര്‍ക്കും ആകാംക്ഷയായി.

ഏതൊരു ചെറിയകാര്യം പോലും സോഷ്യല്‍ മീഡിയായില്‍ പോസ്റ്റ് ചെയ്യുന്ന മരിയയ്ക്ക് ഇതെന്തുപറ്റി. ചില സമയങ്ങളില്‍ ചിലതെല്ലാം മനസ്സില്‍ നിന്ന് ഡിലീറ്റ് ചെയ്യണമെന്നും പകരം മറ്റു ചിലത് ആഡ് ചെയ്യണമെന്നും അവള്‍ പറഞ്ഞു.


എന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍ എന്ന ആത്മകഥയില്‍ മഹാത്മാഗാന്ധി തന്നില്‍ പ്രവര്‍ത്തിച്ച രണ്ട് തീവ്രവികാരങ്ങളെക്കുറിച്ച് എഴുതുന്നുണ്ട്. അതിലൊന്ന് ബ്രിട്ടീഷ് ഭരണത്തിനോട് അദ്ദേഹത്തിനുണ്ടായിരുന്ന തീവ്രമായ ഭക്തിയും ആദരവുമാണ്. പക്ഷേ ബ്രിട്ടീഷ് രാഷ്ട്രീയ നയങ്ങളില്‍ ഗൂഢമായിരുന്ന ചില താത്പര്യങ്ങള്‍ അഹിംസാ വാദിയായിരുന്ന അദ്ദേഹത്തിന് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിരു

ന്നില്ല. പതിയെ അദ്ദേഹം സ്വരാജ് എന്ന ചിന്തയിലേക്ക് മാറി. മറ്റൊരു തീവ്രവികാരമായി അദ്ദേഹം എഴുതുന്നത് സേവനസന്നദ്ധതയാണ്. ''ശുശ്രൂഷിക്കാനുള്ള എന്റെ വാസന ക്രമേണ വലിയ ഒരാവേശമായി മാറി. എന്റെ ജോലിയെ ത്തന്നെ അവഗണിക്കാന്‍ അത് പലപ്പോഴും കാരണമായി. സേവനം ചെയ്യുന്നതില്‍ ആനന്ദം കണ്ടെത്തിയില്ലെങ്കില്‍ അത് ചെയ്തിട്ട് കാര്യമില്ല. മറ്റുള്ളവരെ കാണിക്കാന്‍ വേണ്ടിയോ പൊതുജനാഭിപ്രായം മറന്നോ അത് ചെയ്യുകയാണെങ്കില്‍ അത് ചെയ്യുന്ന ആളുടെ വളര്‍ച്ച മുരടിക്കുകയും ആവേശം നശിക്കുകയും ചെയ്യും.''


ശുശ്രൂഷയുടെ മറ്റൊരു വലിയ പാഠമാണ് ഫ്രാന്‍സിസ് അസ്സീസി. സേവനത്തിനുള്ള ഉള്‍ക്കാഴ്ച ലഭിച്ചപ്പോള്‍ സ്വന്തമല്ലാത്തതെല്ലാം തിരിച്ചേല്‍പിച്ച്, ലാളിത്യത്തെ സ്വന്തമാക്കിയ ഫ്രാന്‍സിസ് അന്നുവരെ താനനുഭവിച്ചിരുന്ന ജീവിതസുഖങ്ങളും അധികാര താത്പര്യങ്ങളും ഉപേക്ഷിച്ച് ദൈവത്തെയും മനുഷ്യനെയും പ്രകൃതിയെയും, ശ്രവിക്കാനും ശ്രദ്ധിക്കാനും ശുശ്രൂഷിക്കാനും തുടങ്ങി. രോഗികളെയും ദരിദ്രരെയും പരിചരിക്കുന്നത് അവഹേളനമായികണ്ട ഒരു സമൂഹത്തില്‍ അതിന് ആത്മബലത്തിന്റെയും സാമൂഹിക നീതിയുടെയും അര്‍ഥതലമുണ്ടെന്ന് കാണിച്ചുകൊടുത്തു.


ജീവിത മാതൃക കൊണ്ട് സേവനത്തിന്റെ വ്യത്യസ്തമായ തലങ്ങളെ മനുഷ്യരാശിക്ക് പകര്‍ന്നു കൊടുത്ത രണ്ട് മഹത് വ്യക്തിത്വങ്ങളാണ് ഫ്രാന്‍സിസ് അസ്സീസിയും ഗാന്ധിജിയും. ഗാന്ധിദര്‍ശനത്തിന്റെ ആന്തരികാര്‍ഥം ഭാരതമിന്ന് അഭിമാനത്തോടെ വ്യാഖ്യാനിക്കുമ്പോള്‍, ഫ്രാന്‍സിസ് അസ്സീസി ഓരോ മനുഷ്യനെയും മറ്റൊരു ക്രിസ്തുവാകാന്‍ വെല്ലുവിളിക്കുന്നു.


തന്റെ ജീവിതത്തിലെ എല്ലാ നേട്ടങ്ങളെയും ചൂണ്ടിക്കാണിച്ച വി. പൗലോസ് ശ്ലീഹ പറഞ്ഞു: ''ഇവയെല്ലാം ക്രിസ്തുവിനെ പ്രതി ഞാന്‍ നഷ്ടമായി കണക്കാക്കി'' (ഫിലി 3, 7).





അഡ്വ. കെ.ജെ. ജോണ്‍സണ്‍














 
 
 

Comments


Kairos USA

Kairos INDIA

Kairos UK

     Kairos International Inc. 700 Louisiana St, Houston, TX. USA 77002

     Kairos Media, No 8/174, Navodaya Studio Complex, Thengod P.O, Cochin, Kerala, India. Pin: 682030

     Kairos Media, St Charles Street, Sheffield S9 3WU, United Kingdom

COPYRIGHT © 2021 KAIROS MEDIA, JESUS YOUTH

bottom of page