ദൈവാനുഗ്രഹങ്ങൾ നിറഞ്ഞതാകട്ടെ പുതുവർഷം | KAIROS MALAYALAM | JANUARY 2025

മുന്‍ വര്‍ഷങ്ങളിലേതുപോലെ ക്രിസ്മസ് നാളുകളില്‍ 25 ദിവസത്തെ ഒരുക്കത്തിനായി ഉള്‍ക്കാഴ്ച നല്‍കുന്നതും ഹൃദയസ്പര്‍ശിയുമായ ക്രിസ്മസ് നുറുങ്ങു ചിന്തകള്‍ പോസ്റ്റര്‍ രൂപത്തില്‍ ഇംഗ്ലീഷിലും മലയാളത്തിലും കെയ്‌റോസില്‍ നിന്നും നമുക്ക് ലഭിക്കുക യുണ്ടായി. അനേകര്‍ തങ്ങളുടെ ജീവിതത്തിലെ ക്രിസ്മസ് അനുഭവങ്ങളാണ് എഴുതി നല്‍കിയിരുന്നത്. എല്ലാം ഒന്നിനൊന്നു വ്യത്യസ്തം, മനോഹരം. ഇക്കഴിഞ്ഞ ക്രിസ്മസ് നാളുകളിലും അത്തരത്തില്‍ സോഷ്യല്‍ മീഡിയയിലും മറ്റും പങ്കുവച്ച കെയ്‌റോസിന്റെ ക്രിസ്മസ് ചിന്തകളില്‍ നിന്നും തെരഞ്ഞെടുത്ത ചിലതുമാത്രം ഇവിടെ പ്രസിദ്ധീകരിക്കുകയാണ്. ഏറെ പ്രചാരം നേടുകയും അനേകരില്‍ നിന്ന് നല്ല അഭിപ്രായങ്ങള്‍ ലഭിക്കുകയും ചെയ്ത ഇത്തരം സന്ദേശങ്ങള്‍ വരും നാളുകളിലും ഓരോ ആഘോഷങ്ങളുടെയും ഒരുക്കത്തിന്റെയും നാളുകളില്‍ നിങ്ങള്‍ക്കായി നല്‍കുവാന്‍ കഴിയുന്നതില്‍ ഏറെ സന്തോഷമുണ്ട് .
ഈ താളുകളില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നവ തീര്‍ച്ചയായും തങ്ങളുടെ എഴുത്തിന്റെ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള ആളുകളുടേതാണ്. ദൈവത്തിന്റെ കൈയൊപ്പുള്ള ഇവരുടെ രചനകള്‍ നമുക്ക് മാതൃകകള്‍ ആകട്ടെ.
___
രാത്രികളെ സുന്ദരമാക്കുന്ന ക്രിസ്മസ്
**അഭിലാഷ് ഫ്രേസര്‍**
രാപ്പേടികളോടെയാണ് നമ്മുടെയൊക്കെ ചെറുബാല്യങ്ങള്‍ ആരംഭിച്ചത്. ഭയം ജനിപ്പിക്കുന്നവയായിരുന്നു, ഓര്‍മയിലെ രാത്രിയുടെ അടയാളങ്ങള്‍. നിഴലുകള്‍ മേയുന്ന ഇരുട്ട്, നിശ്ശബ്ദത, മൂളുന്ന കൂമന്‍, രാത്രി
യില്‍ പതുങ്ങിവരുന്ന കള്ളന്റെ ബിംബങ്ങള്‍, പിന്നെ പേടി കൂട്ടാന്‍ പഴമക്കാര്‍ പറഞ്ഞു തരുന്ന യക്ഷിക്കഥകളും.
എന്നാല്‍ ഓര്‍മയില്‍ ഭയമേതുമില്ലാത്ത ഒരൊറ്റ രാത്രി ആനന്ദതാരകം പോലെ, ശാന്തിഗീതകംപോലെ മിന്നുന്നുണ്ട്. വര്‍ണവിളക്കുകളും നക്ഷത്രങ്ങളും തൂക്കി, കരോള്‍ ഗീതങ്ങളുടെ മധുരിമയോടെ ആത്മാവിലേക്കു മൃദുവായ് പെയ്യുന്നൊരു സൗമ്യതേജസ്സില്‍ നീരാടി നില്‍ക്കുന്ന ഒരു രാത്രി. ക്രിസ്മസ് ശാന്തരാത്രി എന്നാണ് വിശ്വഗീതങ്ങളില്‍ ഈ രാത്രിക്കു പേര്.
കുട്ടികളുടെ ('മുതിര്‍ന്ന' കുട്ടികളുടെയും) രാപ്പേടികളെ നീക്കുന്ന രാത്രിയാണ് ക്രിസ്മസ്. മറ്റ് പല ആഘോഷങ്ങളില്‍ നിന്നും വിഭിന്നമായി ക്രിസ്മസ് ആഘോഷങ്ങള്‍ രാത്രിയിലാണ് അരങ്ങേറുന്നത്. കൂമന്‍ മൂളിയിരുന്ന പാതിരാവ് പൊടുന്നനെ കരോള്‍ ഗീതങ്ങളുടേതായി മാറുന്നു. ഇലയനക്കങ്ങളെ പേടിച്ചിരുന്ന രാത്രിയുടെ നിശ്ശബ്ദത വിശുദ്ധമായി മാറുന്നു. പാതിരാവേറിയിട്ടും വിളക്കുകള്‍ കെടാതെ നില്‍ക്കുന്നു. അതുവരെ ഉറക്കം വരാത്തതിനെയോര്‍ത്തു മുറുമുറുക്കുന്നവര്‍ രാവേറുംവരെ ആനന്ദത്തോടെ ജാഗരം കാക്കുന്നു...
ഓരോരുത്തരും തന്നിലേക്കു തിരിയുന്ന നേരമാണ് രാത്രികള്‍. സ്വന്തം നിസ്സയാഹതകളിലേക്ക് മിഴിതുറന്ന്, സ്വയം ഇരുളിലാണെന്നു തിരിച്ചറിയുന്ന സമയമാണത്. ഏകാകികളുടെ വിഷാദങ്ങളിലേക്കാണ് ആകാശത്തിലെ നക്ഷത്രം മിന്നുന്നത്. സ്വന്തം ബലക്കുറവുകളെക്കുറിച്ചു തനിച്ചിരുന്ന് ഓര്‍മിക്കുന്നവരുടെ പുല്‍ക്കുടിലിലാണ്, സാമീപ്യത്തിന്റെയും സൗഹൃദത്തിന്റെയും കൈ നീട്ടിക്കൊണ്ട് പ്രകാശം പിറക്കുന്നത്.
നശ്വരമായ പ്രകാശങ്ങളെ ത്യജിച്ച് ആകാശത്തിലെ നക്ഷത്രവെളിച്ചത്തെ പിന്‍ചെന്ന ജ്ഞാനികളുടെ രാവായിരുന്നു, ക്രിസ്മസ്. ഈ വെളിച്ചം കാണാന്‍ വേണ്ടി, സ്വന്തം വിളക്കുകളെല്ലാമണഞ്ഞു പോയി, ആകാശമല്ലാതെ മറ്റൊരു ശരണവുമിനി ഇല്ലെന്ന ജ്ഞാനവെളിച്ചം തിളങ്ങുന്ന നിമിഷത്തിലാണ് പ്രകാശത്തിന്റെ അവതാരം ദൃശ്യമാകുന്നത്.
ക്രിസ്മസാണ് ലോകത്തിലെ ഏറ്റവും സൗന്ദര്യപൂര്‍ണമായ രാത്രി. ആത്മാവിനുള്ളിലെ രാപ്പേടികളെ നീക്കുന്ന അനശ്വര രാവ്. മാലാഖമാരുടെ സംഗീതവും ഇടയഗീതങ്ങളും അലയടിക്കുന്ന, പ്രത്യാശ പൂക്കുന്ന മോഹനരാവ്..
ഹാപ്പി ക്രിസ്മസ്
അമേരിക്ക ആസ്ഥാനമായുള്ള US CMA Book അവാര്‍ഡ് ലഭിച്ചിട്ടുള്ള എഴുത്തു കാരനും കവിയുമാണ് അഭിലാഷ് ഫ്രേസര്‍. പനോരമ ഇന്റര്‍നാഷണല്‍ ലിറ്ററേച്ചര്‍ അവാര്‍ഡ് ജേതാവുകൂടിയാണ് ലേഖകന്‍.
___
ക്രിസ്മസ് സമ്മാനമാകാം
**ഷാജി മാലിപ്പാറ**
ആദ്യമായി ഒരു ക്രിസ്മസ് സമ്മാനം കിട്ടിയതെന്നാണ്? ഓര്‍മയില്ല. അങ്ങനെയൊരു സമ്മാനം കിട്ടാവുന്ന വിധമായിരുന്നില്ല അന്നത്തെ നാട്ടിന്‍പുറത്തെ ക്രിസ്മസ്‌കാലങ്ങള്‍; എനിക്കെന്നല്ല ഒട്ടുമിക്കവര്‍ക്കും. മാലിപ്പാറ ഇടവകയില്‍ സജീവമായി പ്രവര്‍ത്തിച്ചിരുന്ന ചെറുപുഷ്പമിഷന്‍ലീഗിലെ നേതൃത്വത്തില്‍ എത്തുന്നത് സ്‌കൂള്‍പഠനം കഴിഞ്ഞാണ്. ക്രിസ്മസ് ആഘോഷങ്ങളുടെ ചുമതല മിഷന്‍ലീഗിനായിരുന്നു. ക്രിസ്മസ് കരോള്‍, ക്രിബ് നിര്‍മാണം തുടങ്ങിയെല്ലാറ്റിനും മിഷന്‍ലീഗിലെ കുട്ടികളും യുവജനങ്ങളും മുന്നിട്ടിറങ്ങി. ആ നാളുകളിലാണ് ക്രിസ്മസ് രാത്രിയിലെ പതിരാക്കുര്‍ബാനയ്ക്കുശേഷം പള്ളിമുറ്റത്തെ മാവില്‍ നക്ഷത്രവിളക്കുകള്‍ തൂക്കിയും തോരണങ്ങള്‍ ചാര്‍ത്തിയും ക്രിസ്മസ്ട്രീയൊരുക്കാന്‍ തുടങ്ങിയത്. ട്രീയിലെ സവിശേഷത അതിന്റെ ചില്ലകളില്‍ ചാക്കുചരടില്‍ തൂക്കിയിടുന്ന സമ്മാനപ്പൊതികളാണ്. പത്തുപൈസ നിരക്കില്‍ ഒരു പൊതിയെടുത്താല്‍ കിട്ടുന്നത് കൗതുകം നിറഞ്ഞ ഒരു സമ്മാനമാണ്. കൈവരുന്ന കുഞ്ഞുസമ്മാനത്തെ വലുതായിരുന്നു സമ്മാനം വാങ്ങിയവര്‍ക്കും കണ്ടുനില്‍ക്കുന്നവര്‍ക്കും സ്വന്തമാകുന്ന ആഹ്ലാദം. തേവര സ്‌കൂളില്‍ അധ്യാപകനായപ്പോള്‍ ക്രിസ്മസ് ആഘോഷങ്ങളോടൊപ്പം സമ്മാനപ്പൊതികള്‍ കൊണ്ടലങ്കരിച്ച ക്രിസ്മസ്ട്രീയും വിദ്യാര്‍ഥികള്‍ക്കായി ഒരുക്കാന്‍ കഴിഞ്ഞു. പള്ളിമുറ്റത്തെ മാവിനു പകരം സ്‌കൂള്‍ മുറ്റത്തുള്ളത് കുടമരമാണെന്നുമാത്രം. അന്നേദിനം കുഞ്ഞുങ്ങള്‍ ആസ്വദിക്കുന്ന ആനന്ദനിമിഷങ്ങളുടെ വില അളവറ്റതാണ്.
സമ്മാനങ്ങളെ ഒഴിവാക്കി ക്രിസ്മസിനെക്കുറിച്ച് ചിന്തിക്കാന്‍ എനിക്കാവില്ല. ലോകത്തിന് ദൈവം നല്‍കിയ അതുല്യമായ സമാനമാണല്ലോ ക്രിസ്മസ്. അതിന്റെ ചെറിയ അനുരണനങ്ങള്‍ മാത്രമാണ് നാം കൈമാറുന്ന എത്ര വലിയ സമ്മാനങ്ങളും. സ്‌നേഹത്തിന് എന്തെങ്കിലും ദൃശ്യമായ അടയാളങ്ങള്‍ ഉണ്ടാകുന്നത് നല്ലതാണ്. ആ വിധത്തില്‍ ചിന്തിക്കുമ്പോള്‍ എന്തെങ്കിലും സമ്മാനിക്കാതെ ക്രിസ്മസ് പൂര്‍ണമാകുന്നില്ല. തിരിഞ്ഞുനോക്കുമ്പോള്‍ പല കാലങ്ങളില്‍, പല ഗ്രൂപ്പുകളില്‍, പലരീതിയില്‍ ക്രിസ്മസ് കാലത്ത് സമ്മാനങ്ങള്‍ നല്‍കുകയും സ്വീകരിക്കുകയും ചെയ്തതോര്‍ക്കുന്നു. പ്രിയപ്പെട്ടവര്‍ക്കിണങ്ങുന്ന സമ്മാനങ്ങള്‍ കണ്ടെത്തിക്കൊടുക്കാന്‍ സമയവും സമ്പത്തും ഒപ്പം, സര്‍ഗാത്മകതയും വേണം. അതിനുവേണ്ടിയുള്ള അലച്ചിലുകള്‍ ഒരിക്കലും പാഴാകുന്നില്ല. കാരണം, സ്‌നേഹവും സൗഹൃദവുമാണ് അതിലൂടെ വിനിമയം ചെയ്യുന്നത്.
ക്രിസ്ത്യാനിക്ക് എന്നും ക്രിസ്മസാണല്ലോ. ഓരോ പിറവിയും തിരുപ്പിറവി യാണെന്നു ധരിച്ചാല്‍, കണ്‍മുന്നില്‍ എത്തുന്നവര്‍ ക്രിസ്തുവാണെന്ന് തോന്നിയാല്‍ ക്രിസ്മസല്ലാത്ത ദിനങ്ങള്‍ ഉണ്ടാവില്ലല്ലോ. ക്രിസ്മസായാല്‍ സമ്മാനങ്ങള്‍ ഇല്ലാതെ തരമില്ലല്ലോ. അതുകൊണ്ടാവാം പതിറ്റാണ്ടുകളായി കുട്ടിക്കൂട്ടങ്ങളിലോ അധ്യാപകസംഗമങ്ങളിലോ രക്ഷാകര്‍തൃവേദികളിലോ കടന്നുചെല്ലുമ്പോള്‍ കൈയില്‍ സമ്മാനങ്ങള്‍ കരുതാന്‍ മറക്കാത്തത്; അവിടങ്ങളില്‍ പങ്കുവയ്ക്കാന്‍ ദൈവം പല വഴികളിലൂടെയും സമ്മാനങ്ങള്‍ എത്തിച്ചുതരുന്നത്; ശൈശവനിഷ്‌കളങ്കത മുതിര്‍ന്നവര്‍പോലും അവ ഏറ്റുവാങ്ങുന്നത്; വര്‍ഷങ്ങള്‍ക്കുശേഷം കണ്ടുമുട്ടുമ്പോഴും പണ്ടെങ്ങോ കൊടുത്ത ഒരു കുഞ്ഞുസമ്മാനത്തിന്റെ വിശേഷം പറഞ്ഞു പരിചയം പുതുക്കുന്നത്!
സത്യം പറഞ്ഞാല്‍ നമ്മള്‍ കൊടുക്കുന്ന വസ്തുക്കളൊന്നുമല്ല സമ്മാനം; നമ്മള്‍ തന്നെയാണ്. ഞാനെന്ന വ്യക്തി മറ്റുള്ളവര്‍ക്ക് ഒരു സമ്മാനമായിത്തീരണം. എത്തിപ്പെടുന്ന ഇടങ്ങളിലും കണ്ടുമുട്ടുന്ന വ്യക്തികളിലും എനിക്കൊരു സമ്മാനമായിത്തീരാന്‍ കഴിയുമെന്നുണ്ടോ എന്നതാണ് പ്രധാനം. ഉത്തരമെങ്ങനെയാവുമെന്ന് ആലോചിക്കുമ്പോള്‍ത്തന്നെ വല്ലാത്ത സങ്കോചമുണ്ട്. എന്നാലും ഒരു സമ്മാനമാകാന്‍ മോഹം ബാക്കിയാണ്. ആ മോഹം പോലും സ്വര്‍ഗം തന്ന സമ്മാനമല്ലേ?
___
അനുഭവമെന്ന തിരക്കഥ
**വിനായക് നിര്‍മല്‍**
ജീവിതം വഴിമുട്ടിനിന്ന നാളുകളിലെന്നോ ആയിരുന്നു അത്തവണത്തെ ക്രിസ്തുമസ് വന്നത്. അയല്‍പക്കവീടുകളിലും സാധാരണക്കാര്‍ തന്നെയായിരുന്നുവെങ്കിലും അവിടെ ക്രിസ്തുമസ് ആഘോഷങ്ങള്‍ക്കു കുറവൊന്നും ഉണ്ടായിരുന്നുമില്ല. പക്ഷേ, ആ വീട്ടിലാകട്ടെ ഒരു നക്ഷത്രം തൂക്കാന്‍ പോലും കഴിവുണ്ടായിരുന്നുമില്ല. ഭാര്യയും ഭര്‍ത്താവും തമ്മില്‍ അതേച്ചൊല്ലിയുള്ള വഴക്കിനൊടുവില്‍ ഭര്‍ത്താവ് ഭീഷണിമുഴക്കി വീട്ടില്‍നിന്നിറങ്ങിപ്പോയി. സന്ധ്യയായിട്ടും തിരികെ വരാത്ത ഗൃഹനാഥനെയോര്‍ത്ത് നെഞ്ചില്‍ തീയുമായി അമ്മയും മക്കളും വഴിനോക്കിയിരുന്നു. അശുഭകരമായിട്ടെന്തോ സംഭവിച്ചുവെന്നോ, സംഭവിക്കാന്‍ പോവുകയാണെന്നോ ഉള്ള അതിരുകടന്ന ചിന്തകളെ ഭേദിച്ചുകൊണ്ട് ഒടുവില്‍ അയാള്‍ തിരികെയെത്തി. അയാളുടെ കൈയില്‍ പുതിയൊരു നക്ഷത്രവും റൊട്ടിയുമുണ്ടായിരുന്നു. അയാളത് ഇളയമകന്റെ കൈയിലേക്ക് വച്ചുകൊടുത്തു.ഉളളുനീറുന്ന ആ ക്രിസ്തുമസ് അനുഭവത്തെ വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ മകന്‍ തനിക്കാവുന്നതിന്റെ അങ്ങേയറ്റം തീവ്രതയോടെ അക്ഷരങ്ങളിലേക്ക് പകര്‍ത്തി. ഒരു ക്രിസ്തുമസ് കാലത്ത് മനോരമയുടെ ഓണ്‍ലൈനില്‍ അതു പ്രസിദ്ധീകരിച്ചപ്പോള്‍ ഏറെ ശ്രദ്ധിക്കപ്പെട്ട കുറിപ്പായി അതു മാറുകയും ചെയ്തു. ഇപ്പോഴിതാ അതേ സംഭവത്തെ പുരസ്‌ക്കരിച്ച് മകന്‍ തിരക്കഥയെഴുതിയ ടെലിഫിലിം എസ് എച്ച് മീഡിയായിലൂടെ പുറത്തുവരുന്നു. അതിതീവ്രമായ സങ്കടങ്ങളും നൊമ്പരങ്ങളും കുറെക്കാലം കഴിയുമ്പോള്‍ എഴുത്തിന്റെ നിക്ഷേപങ്ങളും സമ്പത്തുമായി മാറുമെന്നത് എത്രയോ ശരി!
എഴുത്തുകാരന്‍, നോവലിസ്റ്റ്, പത്രപ്രവര്‍ത്തകന്‍
___
പങ്കുവയ്ക്കലിന്റെ ക്രിസ്മസ്
**ഫാ. എബ്രഹാം പള്ളിവാതുക്കല്‍ എസ്.ജെ.**
പിതാവായ ദൈവം തന്റെ പുത്രനെ പങ്കുവച്ചുകൊണ്ട് തന്റെ വലിയ സ്‌നേഹം നമുക്ക് നല്‍കി. പുത്രനാകട്ടെ തന്നെത്തന്നെ പങ്കുവച്ചുകൊണ്ട് ആ സ്‌നേഹം പകര്‍ന്നു നല്‍കി. ദൈവത്തിന്റെ മക്കള്‍ എന്ന നിലയില്‍ ദൈവസ്‌നേഹം അനുഭവിക്കാനും പങ്കുവയ്ക്കുവാനും നമുക്കും കടമയുണ്ട്. ഈ പങ്കുവയ്ക്കലിന്റെ ഓര്‍മയാണ് ഓരോ ക്രിസ്മസും. സ്വയം പങ്കുവച്ചുനല്‍കിയ ഈശോയെപ്പോലെ മറ്റുള്ളവര്‍ക്കായി ജീവിക്കാന്‍ നമുക്കും സാധിക്കണം.
പ്രശസ്ത തത്ത്വചിന്തകനായ Bonhoeffer ഈശോയെക്കുറിച്ച് ഇങ്ങനെ പറയുന്നുണ്ട്, '“He was a man for the other” ആ ക്രിസ്തുവിനെപ്പോലെ മറ്റുള്ളവര്‍ക്കായി ജീവിക്കാനും അവര്‍ക്കായി പങ്കുവയ്ക്കാനും നമുക്ക് സാധിക്കണം. കാല്‍വരിയിലെ കുരിശില്‍ സ്വയം ബലിയായി തീര്‍ന്നു കൊണ്ട് തന്നെത്തന്നെ നമുക്ക് പകര്‍ന്നു നല്‍കിയ ഈശോയെ നമുക്കും മാതൃകയാക്കാം. അതിനുള്ള അവസരമാകട്ടെ ഓരോ ക്രിസ്മസും. ''പൂര്‍വകാലങ്ങളില്‍ പ്രവാചകന്‍മാര്‍ വഴി വിവിധ ഘട്ടങ്ങളിലും വിവിധ രീതികളിലും ദൈവം നമ്മുടെ പിതാക്കന്‍മാരോടു സംസാരിച്ചിട്ടുണ്ട്.. എന്നാല്‍, ഈ അവസാന നാളുകളില്‍ തന്റെ പുത്രന്‍വഴി അവിടുന്നു നമ്മോടു സംസാരിച്ചിരിക്കുന്നു'' (ഹെബ്രാ 1, 1-2). ആ പുത്രന്റെ തിരുപ്പിറവി അനുസ്മരിക്കുന്ന ഈ വേളയില്‍ കെയ്‌റോസിന്റെ എല്ലാ പ്രേക്ഷകര്‍ക്കും സ്‌നേഹപൂര്‍വം ക്രിസ്മസ് മംഗളങ്ങള്‍ നേര്‍ന്നുകൊള്ളുന്നു.
ജീസസ് യൂത്തിന്റെ തുടക്കക്കാരില്‍ പ്രധാനിയും കരിസ്മാറ്റിക് പ്രസ്ഥാനത്തി ന്റെയും ജീസസ് യൂത്തിന്റെയും വളര്‍ച്ചയിലും നേതൃത്വത്തിലും മുഖ്യ പങ്കു വഹിച്ചിട്ടുള്ള ആളുമാണ് പള്ളിയച്ചന്‍.



Comments