top of page

ബ്രാൻഡഡ് ഉടയാടകളിലെ നഗ്ന യൗവനം I കവര്‍‌സ്റ്റോറി I ബിലാസ് ജോസഫ്, പാലാ I KAIROS MALATALAM I OCTOBER 2026

ബിലാസ് ജോസഫ്
2 days ago
4 min read


'ബ്രാൻഡഡ് ഉടയാടകളിലെ നഗ്ന യൗവനം'...എന്ന കവർസ്റ്റോറിയിലെ ലേഖനത്തിലൂടെ ബിലാസ് ജോസഫ്, പണവും പ്രശസ്തിയും ദൈവത്തെക്കാൾ വലുതാകരുതെന്ന് ഓർമ്മപ്പെടുത്തുന്നു.


ഇടുക്കിയിലെ ഒരിടത്തരം കുടുംബ

ത്തില്‍ ജനിച്ച റോണി എന്ന യുവാവ്. ദൈവത്തെ സ്‌നേഹിച്ചിരുന്ന ഒരു സാധാരണ ചെറുപ്പക്കാരന്‍. കോളേജ് പഠനകാലത്ത് ജീസസ് യൂത്ത് കൂട്ടായ്മകളില്‍ സജീവമാ

യിരുന്നു. പഠനം കഴിഞ്ഞ് ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ബിസിനസ്സ് രംഗത്ത് അവന്‍ അത്ഭുതകരമായ വളര്‍ച്ച നേടി. പണവും

പ്രശസ്തിയും അധികാരവും അവനെ തേടിയെത്തി. സോഷ്യല്‍ മീഡിയയില്‍ ലക്ഷക്കണക്കിന് ഫോളോവേഴ്‌സുള്ള ഒരു യുവസംരംഭ

കനായി അവന്‍ മാറി. എന്നാല്‍, പണം കുന്നുകൂടിയപ്പോള്‍ അവന്റെ ഉള്ളിലെ ആത്മീയദാഹം വറ്റിത്തുടങ്ങി. ബ്രാന്‍ഡഡ് വസ്ത്രങ്ങളും ആഡംബര കാറുകളും അവന്റെ അഹങ്കാരത്തിനു മാറ്റ്കൂട്ടി.


ഇതിനിടയില്‍ അവന്റെ മനസ്സാക്ഷിയെ പിടിച്ചുലയ്ക്കുന്ന ചില സംഭവങ്ങളുണ്ടായി. ഒരിക്കല്‍ അവന്റെ സ്ഥാപനത്തില്‍ വലിയ ഒരഴിമതി നടന്നു. അനീതിക്കെതിരെ വിട്ടുവീഴ്ചയില്ലാതെ പണത്തെയും പ്രശസ്തിയെയും ഉപേക്ഷിക്കണോ, അതോ കള്ളത്തരങ്ങള്‍ മറച്ചുവച്ച് കൂടുതല്‍ കോടികള്‍ സമ്പാദിക്കണോ എന്നൊരു പ്രതിസന്ധിയില്‍ അവന്‍ എത്തിപ്പെട്ടു.


വി. ഫ്രാന്‍സിസ് അസ്സീസിക്ക് മുന്നില്‍ അപ്പന്‍ വെല്ലുവിളിയുയര്‍ത്തിയ അതേ നിമിഷത്തിന്റെ ആവര്‍ത്തനമായിരുന്നു അത്! 'എല്ലാം വിട്ടെ

റിഞ്ഞ് നീതിയുടെ പക്ഷത്ത് നില്‍ക്കുക.' തന്റെയുള്ളില്‍ കര്‍ത്താവ് മന്ത്രിക്കുന്നത് അവന്‍ കേട്ടു. എന്നാല്‍, റോണിക്ക് താന്‍ നേടിയെടുത്ത പ്രശസ്തിയുടെ പട്ടുകുപ്പായം അഴിച്ചുമാറ്റാന്‍ കഴിഞ്ഞില്ല. അവന്‍ തിരഞ്ഞെടുത്തത് ലോകത്തിന്റെ വഴിയായിരുന്നു. തെറ്റുകളെ ന്യായീകരിച്ചു, കൂടുതല്‍ ആഡംബരങ്ങളിലേക്ക് അവന്‍ സ്വയമൊളിച്ചു.

വര്‍ഷങ്ങള്‍ അധികം കഴിഞ്ഞില്ല. അവന്‍ വിശ്വസിച്ച അതേ പണവും സ്വാധീനവും അവനെ ചതിച്ചു. സാമ്പത്തിക തട്ടിപ്പിലകപ്പെട്ട് അവന്റെ ബിസിനസ്സ് തകര്‍ന്നു. കേസും ജയില്‍വാസവും അവനെ തേടിയെത്തി. ആഡംബരങ്ങളില്‍ ഒപ്പംനിന്ന കൂട്ടുകാരെല്ലാം അവനെ ഉപേക്ഷിച്ചുപോയി.

ലക്ഷങ്ങള്‍ വിലയുള്ള ഫ്‌ളാറ്റില്‍ ഏകാന്തതയുടെയും വിഷാദത്തിന്റെയും തടവുകാരനായി. അവന്‍ ഉറക്കഗുളികകളുടെ കൂട്ടുകാരനായി മാറി. പിന്നീടൊരിക്കല്‍ ഒരു പഴയ കൂട്ടുകാരനെ ജയിലില്‍വച്ച് കണ്ടുമുട്ടിയപ്പോള്‍ പൊട്ടിക്കരഞ്ഞുകൊണ്ട് അവന്‍ പറഞ്ഞ ഒരു വാചകമുണ്ട്: ''വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആ കുരിശിന്‍ ചുവട്ടില്‍വച്ച് എല്ലാം അഴിച്ചുവയ്ക്കാന്‍ എന്നോട് ദൈവം ആവശ്യപ്പെട്ടിരുന്നു. അന്ന് ആ പട്ടുകുപ്പായം അഴിക്കാന്‍ എനിക്ക് തോന്നിയില്ല. ഇന്ന് ലോകം എന്നെ പൂര്‍ണമായും നഗ്‌നനാക്കി തെരുവില്‍

നിര്‍ത്തിയിരിക്കുന്നു. അന്ന് ഉപേക്ഷിച്ചിരുന്നെങ്കില്‍ ഞാനൊരു ക്രിസ്തുശിഷ്യനാകുമായിരുന്നു; ഇന്ന് ഞാന്‍ ലോകത്തിന് മുന്‍പില്‍ വെറുമൊരു പരാജിതന്‍ മാത്രം.''


വി. ഫ്രാന്‍സിസ് അസ്സീസിയും സുവിശേഷത്തിലെ സമ്പന്നനായ യുവാവും (മര്‍ക്കോസ് 10, 17-22) റോണിയും നിന്നത് ഒരേ ചോയ്സിന് മുന്‍പിലാണ്. ഫ്രാന്‍സിസ് സര്‍വവും അഴിച്ചുവച്ച് ക്രിസ്തുവിനെ തിരഞ്ഞെടുത്തു; ലോകമവനെ ഭ്രാന്തനെന്ന് വിളിച്ചെങ്കിലും അവന്‍ ചരിത്രത്തിലെ ഏറ്റവും ധനവാനായ വിശുദ്ധനായി മാറി. സമ്പന്നനായ യുവാവും റോണിയും തങ്ങളുടെ സമ്പത്തിനെയും സുരക്ഷിതത്വത്തെയും മുറുകെപ്പിടിച്ചു; ഒടുവില്‍ വലിയ ദുഃഖത്തോടെയും പരാജയത്തോടെയും അവര്‍ക്ക് പിന്തിരിയേണ്ടി വന്നു.ഇന്നത്തെ യുവജനങ്ങളോടും യുവകുടുംബങ്ങളോടും ഈ അനുഭവം വിളിച്ചുപറയുന്നത് ഒരു കാര്യമാണ്: ദൈവത്തിന് കൊടുക്കാന്‍ മടിക്കുന്നതൊന്നും ലോകത്തില്‍ നിനക്ക് കാത്തുസൂക്ഷിക്കാന്‍ കഴിയില്ല.


സാന്‍ ദാമിയാനോയിലെ വിളി: 'എന്റെ ഭവനം പണിയുക'


തകര്‍ന്നുവീഴാറായ സാന്‍ ദാമിയാനോ ചാപ്പലില്‍ ക്രൂശിതരൂപത്തിന് മുന്‍പില്‍ ഫ്രാന്‍സിസ് മുട്ടുകുത്തി. അവിടെവച്ച് ആ അത്ഭുത കുരിശില്‍ നിന്ന് ഒരു സ്വരമുയര്‍ന്നു: ''ഫ്രാന്‍സിസ്, പോയി തകര്‍ന്നുവീഴുന്ന എന്റെ ഭവനം പണിയുക.'' ആദ്യം അവന്‍ വിചാരിച്ചത് കല്ലും മണ്ണും കൊണ്ടുണ്ടാക്കിയ ആ പഴയ പള്ളി നന്നാക്കാനാണ് കര്‍ത്താവ് ആവശ്യപ്പെടുന്നതെന്നാണ്. അവന്‍ കല്ലുകള്‍ ചുമന്നു, ചുമരുകള്‍ തേച്ചുപിടിപ്പിച്ചു. പിന്നീടാണ് അവന്‍ തിരിച്ചറിഞ്ഞത്, കല്ലുകള്‍ കൊണ്ടുള്ള കെട്ടിടങ്ങളല്ല, ക്രിസ്തുവിന്റെ ശരീരമായ തിരുസഭ തന്നെയാണ് ലൗകികതയും ധനമോഹവും കാരണം തകര്‍ന്നുകൊണ്ടിരുന്നതെന്ന്. ആ സഭയെ സുവിശേഷത്തിന്റെ ലാളിത്യത്തിലേക്ക് തിരികെ കൊണ്ടു

വരാനാണ് ദൈവം അവനെ വിളിച്ചത്.


അസ്സീസിയിലെ ആ ചെറുപ്പക്കാരന്‍ ലോകത്തിന് നല്‍കിയ ചില ആത്മീയ സമവാക്യങ്ങളുണ്ട്. ഇന്നത്തെ കാലഘട്ടത്തിലെ യുവജനങ്ങള്‍ക്കും യുവകുടുംബങ്ങള്‍ക്കും, പ്രത്യേകിച്ച് ജീസസ് യൂത്ത് മുന്നേറ്റങ്ങളിലെ

ശുശ്രൂഷകര്‍ക്ക്, ജീവിതത്തില്‍ വിജയിക്കാന്‍ അവന്‍ കാട്ടിത്തന്ന തിരുമുറിവുകളുടെ ചില പാഠങ്ങള്‍ നമുക്ക് പരിശോധിക്കാം.


1. മാറേണ്ട അടിത്തറ


ഇന്നത്തെ ലോകം യുവതലമുറയെ പഠിപ്പിക്കുന്നത് 'കൂടുതല്‍ സമ്പാദിക്കുക, കൂടുതല്‍ ഉപഭോഗം ചെയ്യുക, അത് ലോകത്തിന് മുന്നില്‍ പ്രദര്‍ശിപ്പിക്കുക' എന്നാണ്. 'ഫില്‍ട്ടറുകള്‍' ഇല്ലാത്ത ഒന്നിനും വിപണിയില്‍ വിലയില്ല. എന്നാല്‍, വി.ഫ്രാന്‍സിസ് പഠിപ്പിച്ചത് 'ഉപേക്ഷിക്കലിലെ ആനന്ദമാണ്.' നമ്മുടെ ജീവിതത്തില്‍, പണവും പ്രശസ്തിയും ദൈവത്തേക്കാള്‍ വലുതാകുമ്പോള്‍ നാം സ്വയമൊരു തടവുകാരനാവുകയാണ്.


കുടുംബങ്ങളെ സംബന്ധിച്ചിടത്തോളം, ഒരു വീട് മനോഹരമാകുന്നത് ആഡംബര ഫര്‍ണിച്ചറുകള്‍ കൊണ്ടല്ല, മറിച്ച് പങ്കുവയ്ക്കപ്പെടുന്ന സ്‌നേഹംകൊണ്ടാണ്. സാമ്പത്തിക ഭാരങ്ങളും മറ്റുള്ളവരോടുള്ള താരതമ്യങ്ങളും കാരണം സമാധാനം നഷ്ടപ്പെടുന്ന ഇന്നത്തെ യുവദമ്പതികള്‍ ഫ്രാന്‍സിസിന്റെ ലാളിത്യത്തെ മാതൃകയാക്കേണ്ടതുണ്ട്. ഉള്ളതുകൊണ്ട് തൃപ്തിപ്പെടാനും, ഉള്ളതില്‍ ഒരുപങ്ക് ദരിദ്രര്‍ക്കായി മാറ്റിവയ്ക്കാനും നാം ശീലിക്കേണ്ടിയിരിക്കുന്നു.


2. ദൈവാലയത്തെ പണിയുന്ന ജീവനുള്ള കല്ലുകള്‍


സഭയെ വിമര്‍ശിക്കാന്‍ ഇന്ന് സോഷ്യല്‍ മീഡിയയില്‍ ആയിരക്കണക്കിന് ആളുകളുണ്ട്. എന്നാല്‍, സഭയിലെ തകര്‍ച്ചകള്‍ കണ്ട് കണ്ണീരോടെ പ്രാര്‍ഥിക്കാനും, ആ മുറിവുകളില്‍ സ്‌നേഹത്തിന്റെ തൈലം പുരട്ടാനും എത്രപേരുണ്ട്?


വി.ഫ്രാന്‍സിസ്, സഭയിലെ അധികാരികളെയോ വ്യവസ്ഥിതികളെയോ വിചാരണ ചെയ്തില്ല. അവന്‍ കുറ്റപ്പെടുത്തലുകള്‍ക്ക് പകരം 'വിശുദ്ധി'കൊണ്ട് പ്രതികരിച്ചു. സഭയുടെ പാരമ്പര്യത്തോടും കൂദാശകളോടും പൂര്‍ണമായി വിശ്വസ്തത പുലര്‍ത്തിക്കൊണ്ടുതന്നെ അവന്‍ സഭയെ നവീകരിച്ചു. ജീസസ് യൂത്ത് എന്ന നിലയില്‍ നമ്മുടെ ആത്മാവും ഇതുതന്നെയാണ്. നിശ്ശബ്ദമായി, എന്നാല്‍ ആഴത്തില്‍ വ്യക്തിവിശുദ്ധിയിലൂടെയും പ്രാര്‍ഥനയിലൂടെയും ഇടവകകളെയും കൂട്ടായ്മകളെയും ശക്തിപ്പെടുത്തുക.


3. പ്രകൃതിയോടും സഹജീവികളോടുമുള്ള സാഹോദര്യം


സൂര്യനെയും ചന്ദ്രനെയും കാറ്റിനെയും അഗ്‌നിയെയുമെല്ലാം 'സഹോദരന്‍', 'സഹോദരി' എന്ന് വിളിച്ച വിശുദ്ധനാണ് ഫ്രാന്‍സിസ്. ഫ്രാന്‍സിസ് പാപ്പ തന്റെ ലൗദാത്തോ സി എന്ന ചാക്രികലേഖനത്തില്‍ വി.ഫ്രാന്‍സിസിനെ പരിസ്ഥിതിയുടെ കാവല്‍ക്കാരനായി ഉയര്‍ത്തിക്കാട്ടുന്നു.


പ്രകൃതിയെ ചൂഷണംചെയ്യുന്ന ഒരു സംസ്‌കാരത്തില്‍ ജീവിക്കുന്ന ഇന്നത്തെ തലമുറയ്ക്ക് സൃഷ്ടപ്രപഞ്ചത്തോട് ആദരവുണ്ടാകണം. ദൈവത്തിന്റെ കൈയൊപ്പ് പതിഞ്ഞ പ്രകൃതിയെ സ്‌നേഹിക്കാന്‍ കഴിയാത്തവന് ദൈവത്തെ പൂര്‍ണമായി സ്‌നേഹിക്കാന്‍ കഴിയില്ല എന്ന് നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു.


4. സഹനത്തിലെ 'തികഞ്ഞ സന്തോഷം'


തണുപ്പത്ത് വിറച്ച്, വാതിലുകള്‍ കൊട്ടിയടയ്ക്കപ്പെട്ട്, വിശന്നുവലഞ്ഞു നിന്ന രാത്രിയില്‍ ബ്രദര്‍ ലിയോയോട് ഫ്രാന്‍സിസ് പറഞ്ഞു: ''ലിയോ, നാം എല്ലാ അത്ഭുതങ്ങളും പ്രവര്‍ത്തിച്ചാലും, വലിയ പ്രസംഗങ്ങള്‍ നടത്തിയാലും അതിലൊന്നുമല്ല തികഞ്ഞ സന്തോഷം. ക്രിസ്തുവിനെപ്രതി അപമാനിക്കപ്പെടുമ്പോഴും തള്ളപ്പെടുമ്പോഴും ശാന്തതയോടെ, പുഞ്ചിരിയോടെ അതിനെ സ്വീകരിക്കുന്നതിലാണ് സന്തോഷം അഥവാPERFECT JOY.''


ഇന്നത്തെ യുവതലമുറ ചെറിയ പരാജയങ്ങളിലും മാനസിക സമ്മര്‍ദങ്ങളിലും പെട്ടെന്ന് തളര്‍ന്നുപോകുന്നു. ബന്ധങ്ങളിലെ വിള്ളലുകള്‍ അവരെ ആത്മഹത്യയുടെ വക്കിലെത്തിക്കുന്നു. എന്നാല്‍, ക്രിസ്തുവിനോടൊപ്പം കുരിശ് ചുമക്കാന്‍ തയ്യാറായാല്‍, ആ സഹനത്തിന്റെ താഴ്‌വരകള്‍ വലിയ പ്രത്യാശയുടെ കേന്ദ്രങ്ങളായി മാറും.


ആധുനിക കുടുംബങ്ങളിലെ വെല്ലുവിളികളും അസ്സീസി ദര്‍ശനവും


ഡിജിറ്റല്‍ യുഗത്തിന്റെ തിളക്കങ്ങള്‍ക്കിടയില്‍ ഇന്നത്തെ യുവകുടുംബങ്ങള്‍ നേരിടുന്ന പ്രധാന പ്രതിസന്ധികളെ അസ്സീസിയിലെ വി. ഫ്രാന്‍സിസിന്റെ ആത്മീയ വെളിച്ചത്തില്‍ നോക്കിക്കാണേണ്ടതുണ്ട്. ഒരേ മേല്‍ക്കൂരയ്ക്കു കീഴിലും സ്‌ക്രീനുകളിലേക്ക് ചുരുങ്ങിപ്പോകുന്ന മനുഷ്യര്‍ ഏകാന്തതയ്ക്കും ബന്ധങ്ങളിലെ വിള്ളലുകള്‍ക്കും താത്കാലിക സുഖങ്ങളില്‍ പരിഹാരം തേടുമ്പോള്‍, ക്രിസ്തുകേന്ദ്രീകൃതമായ കൂട്ടായ്മകളിലൂടെയും കാപട്യമില്ലാത്ത പച്ചയായ തുറന്നുപറച്ചിലുകളിലൂടെയുമാണ് വി. ഫ്രാന്‍സിസ് ഇതിനെ മറികടക്കാന്‍ പഠിപ്പിക്കുന്നത്.


സാമ്പത്തിക അരക്ഷിതാവസ്ഥയ്ക്ക് പരിഹാരമായി ലോകം കൂടുതല്‍ മത്സരങ്ങളും കടബാധ്യതകളും സമ്മാനിക്കുമ്പോള്‍, അന്ധമായ ഉപഭോഗ സംസ്‌കാരത്തെ ത്യജിച്ച് ദൈവപരിപാലനയില്‍ പൂര്‍ണമായി ആശ്രയിക്കാനാണ് അസ്സീസി ദര്‍ശനം ആഹ്വാനം ചെയ്യുന്നത്.


പ്രാര്‍ഥനകള്‍ വെറും ബാഹ്യമായ ചടങ്ങുകളായി ഒതുങ്ങി, ആത്മീയ വരള്‍ച്ച കുടുംബങ്ങളെ ബാധിക്കുമ്പോള്‍, നിശ്ശബ്ദതയിലേക്കും തിരുവചനത്തോടും സൃഷ്ടപ്രപഞ്ചത്തോടുമുള്ള ആഴമേറിയ ഐക്യത്തിലേക്കും മടങ്ങാനാണ് വി.ഫ്രാന്‍സിസ് നമ്മെ ഓര്‍മിപ്പിക്കുന്നത്.


മറ്റുള്ളവരുടെ സോഷ്യല്‍ മീഡിയ ജീവിതങ്ങളുമായി താരതമ്യം ചെയ്ത് അപകര്‍ഷതാബോധം ഉടലെടുക്കുകയും ഫില്‍ട്ടറുകള്‍ കൊണ്ട് ജീവിതം പ്രദര്‍ശിപ്പിക്കാന്‍ പാടുപെടുകയും ചെയ്യുന്നിടത്ത്, ലളിതജീവിതത്തെയും ദാരിദ്ര്യത്തെയും സന്തോഷത്തോടെ പുല്‍കി ആന്തരിക വിശുദ്ധിയില്‍ യഥാര്‍ഥ ആനന്ദം കണ്ടെത്താന്‍ അസ്സീസിയിലെ ഈ എളിയ മനുഷ്യന്റെ ജീവിതം ആധുനിക കുടുംബങ്ങള്‍ക്ക് വഴികാട്ടിയാകുന്നു.


ഈശോയില്‍ പ്രിയപ്പെട്ട സുഹൃത്തേ, നാം ജീവിക്കുന്നത് ഒരു വിചിത്രമായ ലോകത്താണ്. ഇവിടെ ശരീരങ്ങള്‍ക്ക് വിലയുണ്ട്; എന്നാല്‍, ആത്മാക്കള്‍ പട്ടിണിയിലാണ്. കണ്‍മുന്‍പില്‍ ആയിരക്കണക്കിന് സോഷ്യല്‍ മീഡിയ ഫോളോവേഴ്‌സ് ഉണ്ടെങ്കിലും ഹൃദയത്തില്‍ കഠിനമായ ഏകാന്തത അനുഭവിക്കുന്ന ഒരു തലമുറ. തങ്ങളുടെ തെറ്റുകളെയും ബലഹീനതകളെയും ഓര്‍ത്ത് കരയാന്‍ പോലും മറന്നുപോയ ഒരു കാലഘട്ടം.


നിന്റെ ജീവിതത്തെ നോക്കി ക്രിസ്തു ഇന്നും ആഹ്വാനം ചെയ്യുന്നുണ്ട്, പോയി തകര്‍ന്നുവീഴുന്ന എന്റെ ഭവനം പണിയുകയെന്ന്.


നിന്റെ കുടുംബത്തില്‍ തകര്‍ച്ചകളുണ്ടോ? നിന്റെ സുഹൃത്തുക്കള്‍ ലഹരിയുടെയും വഴിവിട്ട ജീവിതത്തിന്റെയും തടവറയിലാണോ?

നിങ്ങളുടെ ഇടവകകളില്‍ ആത്മീയ ശൂന്യത അനുഭവപ്പെടുന്നുണ്ടോ? മറ്റുള്ളവരെ വിരല്‍ചൂണ്ടി കുറ്റപ്പെടുത്താന്‍ എളുപ്പമാണ്. എന്നാല്‍, ആ തകര്‍ച്ചകളുടെ നടുവിലേക്ക് ഒരു ഫ്രാന്‍സിസിനെപ്പോലെ ഇറങ്ങിച്ചെല്ലാന്‍ നിനക്ക് കഴിയുമോ?


അവനന്ന് പട്ടുകുപ്പായം അഴിച്ചുവച്ചത് വെറുമൊരു വസ്ത്രം മാത്രമായിരുന്നില്ല; അവന്റെ അഹങ്കാരമായിരുന്നു, അവന്റെ

സുരക്ഷിതത്വമായിരുന്നു, അവന്റെ ലോകമായിരുന്നു. ഇന്ന് ക്രിസ്തു നിന്റെ മുന്‍പിലും നില്‍ക്കുന്നുണ്ട്. നിന്റെ സ്വാര്‍ഥതയുടെ, അലസതയുടെ, തെറ്റായ ബന്ധങ്ങളുടെ, ലഹരിയുടെ ആ പട്ടുകുപ്പായങ്ങള്‍ അഴിച്ചുമാറ്റി അവന്റെ കാല്‍ക്കല്‍വയ്ക്കാന്‍ നീ തയ്യാറാണോ?


അസ്സീസിയിലെ ആ തെരുവില്‍ നഗ്‌നനായി നിന്ന ഫ്രാന്‍സിസിനെ നോക്കി അന്ന് ലോകം പരിഹസിച്ചു ചിരിച്ചു. എന്നാല്‍, എണ്ണൂറു വര്‍ഷങ്ങള്‍ക്കിപ്പുറവും ആ വിപ്ലവകാരിയുടെ മുന്‍പില്‍ ലോകം ആദരവോടെ മുട്ടുകുത്തുന്നു. കാരണം, ക്രിസ്തുവിനുവേണ്ടി

സര്‍വതും നഷ്ടപ്പെടുത്താന്‍ തുനിയുന്നവനു മാത്രമേ ദൈവത്തെ പൂര്‍ണമായി സ്വന്തമാക്കാന്‍ കഴിയൂ. അതുകൊണ്ട്, ഏറ്റവും പുതിയ ബ്രാന്‍ഡഡ് വസ്ത്രങ്ങള്‍ അണിയുമ്പോഴും, ഉള്ളിലെ ആത്മാവ് ദൈവത്തിന് മുന്‍പില്‍ ഒന്നുമില്ലാതെ നഗ്‌നനാണോയെന്ന് സ്വയം ചോദിക്കാന്‍ നമുക്ക് ധൈര്യമുണ്ടോ?'


നമുക്ക് അസ്സീസിയിലെ വി. ഫ്രാന്‍സിസിന്റെ പ്രസിദ്ധമായ ആ പ്രാര്‍ഥന ഹൃദയത്തില്‍ ഏറ്റുചൊല്ലാം:


''കര്‍ത്താവേ, എന്നെ അങ്ങയുടെ സമാധാനത്തിന്റെ ഒരുപകരണമാക്കണമേ. വിദ്വേഷമുള്ളിടത്ത് സ്‌നേഹവും, ദ്രോഹമുള്ളിടത്ത് ക്ഷമയും, സംശയമുള്ളിടത്ത് വിശ്വാസവും, നിരാശയുള്ളിടത്ത് പ്രത്യാശയും, അന്ധകാരമുള്ളിടത്ത് പ്രകാശവും, സന്താപമുള്ളിടത്ത് സന്തോഷവും വിതയ്ക്കാന്‍ എന്നെ അനുഗ്രഹിക്കണമേ.''


യുവത്വത്തിന്റെ ചോരത്തിളപ്പുകളെ വിശുദ്ധിയുടെ ബലിപീഠത്തില്‍ നമുക്കു സമര്‍പ്പിക്കാം. നമ്മുടെ കുടുംബങ്ങളെ സാന്‍ ദാമിയാനോയിലെ കുരിശിന്റെ സ്‌നേഹത്തില്‍ നവീകരിക്കാം. അസ്സീസിയിലെ വി. ഫ്രാന്‍സിസിനെപ്പോലെ നമുക്കും ആത്മവിശ്വാസത്തോടെ പറയാം: 'ക്രിസ്തുവാണ് എന്റെ സമ്പത്ത്, അവനല്ലാതെ മറ്റൊന്നും എനിക്ക്

ആവശ്യമില്ല!'





ബിലാസ് ജോസഫ്:


അധ്യാപകന്‍, ഭാര്യയോടും അഞ്ചു കുട്ടികളോടുമൊപ്പം പാലായില്‍ താമസം.








 
 
 

Comments


Kairos USA

Kairos INDIA

Kairos UK

     Kairos International Inc. 700 Louisiana St, Houston, TX. USA 77002

     Kairos Media, No 8/174, Navodaya Studio Complex, Thengod P.O, Cochin, Kerala, India. Pin: 682030

     Kairos Media, St Charles Street, Sheffield S9 3WU, United Kingdom

COPYRIGHT © 2021 KAIROS MEDIA, JESUS YOUTH

bottom of page