ഭാര്യയെ പങ്കാളിയാക്കാം I ക്യു & എ I ടിന്റു സോണി I KAIROS MALAYALAM I OCTOBER 2026

Qഎനിക്ക് തരക്കേടില്ലാത്ത ജോലിയുണ്ട്. അത്യാവശ്യം ജീവിക്കാനുള്ള പണവും ശമ്പളമായി കിട്ടുന്നുണ്ട്. സ്പിരിച്വാലിറ്റി താത്പര്യമുള്ളതു
കൊണ്ട് അങ്ങനെയൊരു ജീവിതശൈലി ആഗ്രഹിക്കുന്നു, പരിശ്രമിക്കുന്നു. എങ്കിലും പൈസ ചെലവാക്കുന്ന കാര്യത്തില്‍ ഒരു ചിട്ടയുമില്ല. കൂട്ടുകാരുടെകൂടെ കറങ്ങാന്‍ പോകാനും ഓണ്‍ലൈന്‍ സാധനങ്ങള്‍ വാങ്ങാനുമൊക്കെ ധാരാളം പണം ചെലവാകുന്നുണ്ട്. ഭാര്യയും ചെറിയ രണ്ടു കുട്ടികളുമുണ്ട്. ഭാര്യ ഇക്കാര്യം പലപ്പോഴും എന്നെ ഓര്‍മപ്പെടുത്താറുണ്ട്. പണം സൂക്ഷിക്കാന്‍ അറിയാത്ത ആള്‍ എന്ന ലേബലാണ് വീട്ടില്‍ എനിക്കുള്ളത്. ഇക്കാര്യം ഞാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കിലും കൃത്യമായ രീതിയില്‍ ഇതുവരെ എനിക്കതിന് കഴിഞ്ഞിട്ടില്ല. ആത്മീയ ജീവിതശൈലി ആഗ്രഹിക്കുന്നതുകൊണ്ട് അതും പണത്തിന്റെ കാര്യവും തമ്മില്‍ എന്റെ ഉള്ളില്‍ സംഘര്‍ഷം അനുഭവപ്പെടാറുണ്ട്. ഞാന്‍ എന്തെങ്കിലും കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഇത് ശരിയാകുമോ. ഒരു വഴി പറഞ്ഞുതരാമോ.
A പണം ശരിയായി കൈകാര്യം ചെയ്യാനറിയുന്നത് വലിയ ആത്മീയതയുടെ ലക്ഷണമാണ്. മിക്കവരുടെയും തെറ്റായ ധാരണയാണ് പണം സമ്പാദിക്കുന്നതും സംരക്ഷിക്കുന്നതും ആത്മീയതയ്ക്ക് എതിരാണെന്നത്. എന്നാല്‍, നമുക്കു ലഭിക്കുന്ന പണത്തെ അലസമായി ഉപയോഗിക്കുന്നത്, കഴിവിനനുസരിച്ച് പണം സമ്പാദിക്കാത്തത്, അതിനെ വേണ്ട വിധം സംരക്ഷിക്കാത്തത്, വര്‍ധിപ്പിക്കാത്തത്, മറ്റുള്ളവരുമായി പങ്കുവയ്ക്കാത്തത് ഒക്കെയാണ് ആത്മീയതയ്ക്ക് എതിരാകുന്നത്. തരക്കേടില്ലാത്ത ശമ്പളം ലഭിക്കുന്ന ഒരു ജോലിയുള്ള നിങ്ങള്‍ക്ക് അതില്‍ സംതൃപ്തിയുണ്ടെന്നും എന്നാല്‍, അത് ചെലവഴിക്കുന്ന കാര്യത്തിലുള്ള ചിട്ടയില്ലായ്മ നിങ്ങളെ വേദനിപ്പിക്കുന്നുണ്ടെന്നും മനസ്സിലാകുന്നു.
അപ്പോഴതിനു ചിട്ടയുണ്ടാക്കുന്ന ശീലം രൂപപ്പെടുത്താനുള്ള പരിശ്രമമാണ് താങ്കള്‍ ചെയ്യേണ്ടത്. അതിനു മുന്‍പ് മറ്റൊരു കാര്യം. ഇതൊക്കെ ഒരു കാര്യമാണോയെന്നു തോന്നാം. എന്നാലും, ഞാന്‍ പറയാം: ചിലര്‍ക്ക് പണം
കൈകാര്യം ചെയ്യാനുളള അച്ചടക്കം നഷ്ടപ്പെടുന്നത് ആരെയെങ്കിലും മാതൃക ആക്കിയാതാകാം. അപ്പനോ അമ്മയോ മറ്റാരെങ്കിലുമോ ചെലവഴിക്കുന്നത് കണ്ട് ചിലര്‍ക്ക് കൂട്ടുകാരുടെ ഇടയില്‍ കേമനാകാനുള്ള ഒരു കാര്യം പോലെ ആകാം പണത്തിന്റെ വിനിയോഗം. ചിലര്‍ക്ക് കുഞ്ഞുനാളില്‍ കിട്ടിയ ചില തെറ്റായ സന്ദേശങ്ങളുടെ അടിസ്ഥാനത്തിലാകാം. ഉദാഹരണത്തിന് പണം
ഉപയോഗിക്കാത്തവന്‍ പിശുക്കന്‍, ഒറ്റ ജീവിതമേയുള്ളൂ; കിട്ടുന്നതുകൊണ്ട് അടിച്ചു പൊളിക്കുക. ചിലര്‍ ഡിപ്രെഷന്‍, ആംഗ്‌സൈറ്റി മൂലവും ചിട്ടയില്ലാതെ പണം ഉപയോഗിക്കാറുണ്ട്. (ഓണ്‍ലൈന്‍ ഷോപ്പിംഗ് പോലെയുള്ള കാര്യങ്ങള്‍). സ്‌ട്രെസ് ഈറ്റിങ് പോലെ, സ്‌ട്രെസ് വരുമ്പോള്‍ സാധനങ്ങള്‍ വാങ്ങി കൂട്ടുക, (ഓണ്‍ലൈന്‍/ഓഫ്‌ലൈന്‍) ഇതൊക്കെ പറ
ഞ്ഞത് നമ്മുടെ കുറവിനെച്ചൊല്ലി ആരെയും കുറ്റപ്പെടുത്താനല്ല. ശരിയായ വേര് കണ്ടെത്താനാണ്. കാരണമറിയുന്നത് ശരിയായ ഇടപെടല്‍ നടത്തി നന്നായി മുന്നോട്ടു പോകാന്‍ നമ്മെ സഹായിക്കും.
സാധനങ്ങള്‍ വാങ്ങിക്കൂട്ടുമ്പോള്‍ കിട്ടുന്ന ഗശരസ മാത്രമാണ് എനിക്ക് വേണ്ടതെന്ന് പറയുന്നവര്‍ക്ക് അച്ചടക്ക മാര്‍ഗം മാത്രം പറഞ്ഞു കൊടുത്താല്‍ പോരല്ലോ. ആദ്യം അയാളുടെ മനസ്സിന്റെ ആരോഗ്യം ക്രമപ്പെടുത്താന്‍ സഹായിക്കേണ്ടതുണ്ട്. ഒരു കാര്യം ഉറപ്പാണ്. ഫിനാന്‍ഷ്യല്‍ ഡിസിപ്ലിന്‍ വേണ്ടതുണ്ട്.
ഡിസിപ്ലിന്‍ എന്നു കേള്‍ക്കുമ്പോള്‍ നമുക്ക് മുഖച്ചുളിവ് ഉണ്ടാകുമെങ്കിലും അതൊരു കാര്യം തന്നെയാണ്. ചില നിര്‍ദേശങ്ങള്‍ ഇതാ നല്‍കുന്നു:
▪️ 30:30:20:10:10 നിയമം
30% സമ്പാദ്യവും നിക്ഷേപവും (Savings & Investments)
30% വായ്പാ തിരിച്ചടവുകള്‍ (EMIs)
20% നിത്യജീവിത ചെലവുകള്‍ ( Regular Expenses): വീട്ടുചെലവ്, പലചരക്ക്,
യൂട്ടിലിറ്റി ബില്ലുകള്‍ തുടങ്ങിയവ.
10% ദശാംശം/സംഭാവന (Tithe).
▪️ 48 മണിക്കൂര്‍ റൂള്‍ (online shopping)
ഓണ്‍ലൈനില്‍ എന്തെങ്കിലും സാധനം കണ്ടാല്‍ അത് ഉടന്‍തന്നെ പണം കൊടുത്തു വാങ്ങാതെ ''Cart' അല്ലെങ്കില്‍ Wishlist'þ ലേക്ക് മാറ്റുക. 48 മണിക്കൂര്‍ (രണ്ടു ദിവസം) കാത്തിരിക്കുക. ഭൂരിഭാഗം സമയത്തും രണ്ടു ദിവസത്തിനു ശേഷം ആ സാധനം വാങ്ങണമെന്ന ആഗ്രഹം മനസ്സില്‍ നിന്ന് മാറിയിട്ടുണ്ടാകും.
▪️ ഭാര്യയെ സാമ്പത്തിക പങ്കാളിയാക്കുക
പണം സൂക്ഷിക്കാന്‍ അറിയാത്തയാള്‍ എന്ന ലേബല്‍ മാറ്റാനുള്ള ഏറ്റവും നല്ലവഴി ഭാര്യയെ നിങ്ങളുടെ സാമ്പത്തിക കാര്യങ്ങളില്‍ പങ്കാളിയാക്കുക എന്നതാണ്. കുടുംബത്തിനായുള്ള മാസച്ചെലവിന്റെ ഒരുതുക ഭാര്യയെ ഏല്‍പിക്കുകയും, പ്രതിമാസ സമ്പാദ്യ ലക്ഷ്യങ്ങള്‍ ഭാര്യയുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കുകയും ചെയ്യുക. ഇത് കുടുംബത്തില്‍ കൂടുതല്‍ സുതാര്യതയും സമാധാനവും കൊണ്ടുവരും.
▪️ കൂട്ടുകാരുമൊത്തുള്ള ചെലവുകള്‍ക്ക് ഒരു പരിധി
കൂട്ടുകാരുമായി കറങ്ങാന്‍ പോകുന്നതോ സന്തോഷങ്ങള്‍ പങ്കുവയ്ക്കുന്നതോ തെറ്റല്ല. എന്നാല്‍, അതിനായി ഓരോ മാസവും
ഒരു നിശ്ചിത തുക (ഉദാഹരണത്തിന് 2000 അല്ലെങ്കില്‍ 3000 രൂപ) കൈയില്‍
കരുതുക. ആ തുക തീര്‍ന്നാല്‍ ആ മാസത്തെ കറക്കങ്ങള്‍ നിയന്ത്രിക്കുക.
പണം സമ്പാദിക്കുന്നതോ അതുപയോഗിക്കുന്നതോ ആത്മീയതയ്ക്ക് എതിരല്ല, മറിച്ച് സാമ്പത്തിക ഭദ്രത കുടുംബത്തിന് സമാധാനവും നിങ്ങള്‍ക്ക് ആത്മീയ കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള മനസ്സിന്റെ സ്വസ്ഥതയും നല്‍കും.

ടിന്റു സോണി
ഗ്രീന്‍ ബ്രെയിന്‍ കൗണ്‍സിലിംഗ് സെന്ററില്‍ സൈക്കോളജിസ്റ്റായ ലേഖിക ര്‍ത്താവിനോടും അഞ്ചു മക്കളോടുമൊപ്പം എറണാകുളത്ത് താമസിക്കുന്നു.
Comments