അവനെകേട്ടപ്പോൾ | കവര്‍സ്റ്റോറി | സുജമോൾ ജോസ് | KAIROS MALAYALAM | JANUARY 2025


കഴിഞ്ഞവര്‍ഷം ഡിസംബറില്‍ ടീനേജേഴ്‌സിന് വേണ്ടിയുള്ള ഒരു ട്രെയിനിങ് പ്രോഗ്രാം നടക്കുകയാണ്. ഇതിനിടയില്‍ കൗണ്‍സിലിങ് സെഷനും കുട്ടികള്‍ക്ക് നല്‍കുന്നുണ്ട്. ഒപ്പം കരിയര്‍ ഓറിയന്റേഷനും. കേള്‍ക്കാനും പറയാനും ഒരുപാടുള്ളവരാണ് കൗമാരക്കാര്‍ എന്നതു കൊണ്ട് തന്നെ കൗണ്‍സിലിങിനായി വന്നവരെല്ലാം ജീസസ് യൂത്ത് മുന്നേറ്റ ത്തില്‍ തന്നെയുള്ള പ്രൊഫഷണല്‍ സൈക്കോളജിസ്റ്റുകള്‍ തന്നെയായിരുന്നു. അങ്ങനെ കൗണ്‍സിലിങ് സെഷന്റെ സമയമായി. ഞാനും അവരെ കേള്‍ക്കാന്‍ തയ്യാറായി ഇരുന്നു. വോളണ്ടിയേഴ്‌സ്, ഓരോരുത്തരെയായി കൗണ്‍സിലേഴ്‌സി അടുക്കലേക്ക് പറഞ്ഞയക്കാന്‍ തുടങ്ങി. ഈയൊരു കൗമാര കാലഘട്ടത്തിനുള്ളില്‍തന്നെ ഒരുപാട് ആകുലതകളും ഉത്കണ്ഠകളും വേദനകളും പേറുന്ന കുഞ്ഞു മനസ്സുകള്‍. അവര്‍ ഉള്ളുതുറന്നപ്പോള്‍ പലപ്പോഴും എന്റെ ഉള്ളുവിങ്ങുകയായിരുന്നു. രണ്ടോ മൂന്നോ പേര്‍ കഴിഞ്ഞപ്പോള്‍ നമ്മുടെ കഥാനായകന്‍ എത്തി. ''ആന്റി എന്റെ മുപ്പത്തഞ്ചാമത്തെ കൗണ്‍സിലിങ് ആണിത്. എവിടെയും ഞാന്‍ ഉദ്ദേശിച്ച ഒരു സാറ്റിസ്ഫാക്ഷന്‍ എനിക്ക് കിട്ടിയില്ല. എന്റെ പ്രശ്‌നങ്ങള്‍ക്ക് ഉത്തരവും കിട്ടിയില്ല. സ്പിരിച്വല്‍ കൗണ്‍സിലിങ്, പ്രൊഫഷണല്‍ കൗണ്‍സിലിങ് അങ്ങനെ എല്ലാ കൗണ്‍സിലിങ്ങിലും എന്റെ പേരന്റ്‌സ് എന്നെ കൊണ്ടുപോയിട്ടുണ്ട്. എന്ന മുഖവുരയോടെയാണ് അവന്റെ വരവ്. ഈ ചെറു പ്രായത്തിനിടയില്‍ 35 കൗണ്‍സിലിങ്... കണ്ണുതള്ളിപ്പോയി. എന്തായാലും അവനെ കേള്‍ക്കാന്‍ തയ്യാറായി. പരിചയപ്പെടാനായി അവന്റെ പേരും വീടും സ്ഥലവും പഠന കാര്യവും എല്ലാം ചോദിച്ചു. പിന്നീട് ഒന്നും ചോദിക്കേണ്ടി വന്നില്ല. ഓര്‍മവച്ച നാള്‍ മുതലുള്ള അവന്റെ കഥ അവന്‍ പറയാന്‍ തുടങ്ങി. ഒന്നര മണിക്കൂറോളം അവന്റെ വിശേഷങ്ങള്‍ എല്ലാം പറഞ്ഞു. നോണ്‍സ്റ്റോപ്പായിത്തന്നെ. എല്ലാം പറഞ്ഞുകഴിഞ്ഞ അവനെനിക്ക് കൈതന്നു. എന്നിട്ട് അവന്‍ പറഞ്ഞു താങ്ക്‌സ് ആന്റി.. ഇതുപോലൊരു കൗണ്‍സിലിങ് ഞാന്‍ ജീവിതത്തില്‍ കൂടിയിട്ടില്ല. ഇത്രയും പറഞ്ഞു അവന്‍ സന്തോഷത്തോടെ എഴുന്നേറ്റുപോയി. കിളിപോയപോലെ ഇരുന്ന ഞാന്‍ സ്വബോധത്തിലേക്ക് മടങ്ങിയെത്താന്‍ അല്പം സമയം എടുത്തു. പെട്ടെന്ന് വോളണ്ടിയര്‍ വന്നു. അടുത്തയാളെ വിടട്ടെ എന്ന് ചോദിച്ചു. 5 മിനിറ്റ് കഴിഞ്ഞു മതി എന്ന് പറഞ്ഞു ഞാന്‍ എന്നെത്തന്നെ ഒന്ന് തിരികെ കൊണ്ടുവന്നു.
ഇവിടെ എന്താണ് സംഭവിച്ചത്. അവന്റെ ഒരു പ്രശ്‌നങ്ങള്‍ക്കും ഞാന്‍ ഉത്തരം നല്‍കിയില്ല. അവനെ ഉപദേശിച്ചില്ല. ഒന്നു മാത്രമായിരുന്നു സംഭവിച്ചത്. ശ്രദ്ധയോടെ താത്പര്യത്തോടെ അവനെ കേട്ടിരുന്നു. അത് അവന് നല്‍കിയ റിലീഫ് പറഞ്ഞറിയിക്കാന്‍ വയ്യാത്തതായിരുന്നു. കുറച്ചുകഴിഞ്ഞ് വോളണ്ടിയര്‍ വീണ്ടും എത്തി. ആന്റി എന്തു മാജിക്കാണ് അവന്റെയടുത്ത് കാണിച്ചത്. അവന്‍ അവിടെ കൗണ്‍സിലിങ് കഴിഞ്ഞ് തുള്ളിച്ചാടി നടക്കുന്നു. ഭയങ്കര ഹാപ്പി. എല്ലാവരോടും ഇത്രയും നല്ലൊരു കൗണ്‍സിലിങ് കൂടിയിട്ടില്ല എന്ന് പറയുന്നു. ആക്ച്വലി എന്താ ആന്റി സംഭവിച്ചത്? അവന്റെ തുള്ളല്‍ കണ്ടിട്ട് കുറേ കുട്ടികള്‍ ഇങ്ങോട്ടുതന്നെ വരണമെന്ന് വാശിപിടിക്കുന്നു. എന്ത് മാജിക്കാണ് സംഭവിച്ചതെന്ന് പറഞ്ഞുകൊടുക്കാന്‍ എനിക്ക് ഉത്തരമി ല്ലായിരുന്നു. 'മറ്റുള്ളവരെ മനസ്സ് തുറന്ന് കേള്‍ക്കുക' എന്നതിന് ഇത്രയേറെ മാസ്മരിക ശക്തിയുണ്ടെന്ന് അന്ന് ഞാന്‍ തിരിച്ചറിഞ്ഞു.
ഇന്ന് നമ്മള്‍പലരും നേരിടുന്ന പ്രശ്‌നങ്ങളുടെ എല്ലാം പിന്നിലുള്ള കാരണവും കേള്‍വിക്കാര്‍ ഇല്ലാത്തത് തന്നെയല്ലേ? ഒന്നു കേള്‍ക്കാന്‍, ഒന്നു മനസ്സിലാ ക്കാന്‍, ആരും ഇല്ലാത്തതില്‍പരം ദാരിദ്ര്യം എന്തുണ്ട്? ചില ചേര്‍ത്തു പിടിക്കലുകള്‍ക്ക് ഒരാളുടെ ജീവനോളം വിലയുണ്ട്. മറ്റുള്ളവരെ കേള്‍ക്കാന്‍ നമ്മള്‍ കൊടുക്കുന്ന സമയത്തിന് ഒരു കുടുംബത്തിന്റെ ജീവിതത്തോളം വിലയുണ്ട്. ആത്മാര്‍ഥതയോടെ കേള്‍ക്കാന്‍, എവിടെയെങ്കിലും മനസ്സൊന്നു തുറക്കാന്‍ ഈ പുതുവര്‍ഷത്തില്‍ നമുക്കൊന്ന് പരിശ്രമിക്കാം. എത്ര വൃത്തിയുള്ളതാണെങ്കിലും അടഞ്ഞുകിടക്കുന്ന മുറി വായുസഞ്ചാരം ഇല്ലാതെ ചീഞ്ഞുനാറും. അടഞ്ഞ മനസ്സും അതുപോലെതന്നെ. തീര്‍ച്ചയായും ഒരു വെന്റിലേഷന്‍ മനസ്സിനും ആവശ്യമാണ്. മനസ്സിന്റെ ജാലകങ്ങളെ തുറക്കാം. മാലിന്യങ്ങളെല്ലാം അകറ്റാം. പോസിറ്റീവ് ചിന്തകള്‍ നിറഞ്ഞ സുഗന്ധം പരത്തുന്ന മനസ്സ് സ്വന്തമാക്കാം.

കൗൺസിലിംഗ് സൈക്കോളജിസ്റ്റും മോട്ടിവേഷണൽ ട്രെയിനറുമായ സുജമോൾ ജോസ് ജീസസ് യൂത്ത് എറണാകുളം സോണൽ ടീൻസ് മിനിസ്ട്രി എൽഡറാണ്. ഭർത്താവ് സിജു, 3മക്കൾ.



Comments