top of page

അതിശയകരം ഈ സ്ത്രീരത്നം I കവര്‍‌സ്റ്റോറി I എല്‍സീന ജോസഫ്‌ I KAIROS MALAYALAM I SEPTEMBER 2026

smithajose4
Sep 1
4 min read


''എല്ലാ തലമുറകളും എന്നെ ഭാഗ്യവതിയെന്ന് വിളിക്കും'' (ലൂക്കാ 1, 48).


ലോകചരിത്രത്തില്‍ അനേകം വനിതകള്‍ അവരുടെ ധൈര്യവും അധികാരവും സമ്പത്തും ബുദ്ധിശക്തിയുംകൊണ്ട് ശ്രദ്ധ നേടിയിട്ടുണ്ട്. രാജ്ഞിമാര്‍, രാഷ്ട്രത്തലവികള്‍, ശാസ്ത്രജ്ഞര്‍, സാമൂഹിക പരിഷ്‌കര്‍ത്താക്കള്‍ തുടങ്ങി അനേകം സ്ത്രീകള്‍ ചരിത്രത്തില്‍ തങ്ങളുടെ മുദ്ര പതിപ്പിച്ചു. എന്നാല്‍, ഒരു രാജ്യം ഭരിക്കാതെയും, സൈന്യത്തെ നയിക്കാതെയും, രാഷ്ട്രീയാധികാരം കൈവശം വയ്ക്കാതെയും, ലോകത്തിലെ ഏറ്റവും കൂടുതല്‍ ആദരിക്കപ്പെടുകയും ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്യുന്ന വനിത ആരാണ് എന്ന ചോദ്യത്തിന് ഉത്തരം ഒന്നേയുള്ളൂ. പരിശുദ്ധ കന്യകാമറിയം.



ഒരു ചെറിയ പട്ടണത്തിലെ സാധാരണ യുവതി. രാജകീയ പശ്ചാത്തലമില്ല. രാഷ്ട്രീയ അധികാരമില്ല. സൈന്യമില്ല. സമ്പത്തില്ല. എന്നിട്ടും ലോകമെമ്പാടുമുള്ള കോടിക്കണക്കിന് മനുഷ്യരുടെ പ്രാര്‍ഥനയില്‍ ഇന്നും അവളുടെ പേര് ഉയരുന്നു. കല, സാഹിത്യം, സംഗീതം, സിനിമ, ടെലിവിഷന്‍, തീര്‍ഥാടനം, ദൈവശാസ്ത്രം എവിടെയും മറിയത്തിന്റെ സാന്നിധ്യം കാണാം. അതുകൊണ്ടുതന്നെ ഒരു ചോദ്യം പ്രസക്തമാകുന്നു: മറിയത്തിന്റെ ശക്തിയുടെ രഹസ്യം എന്താണ്? സമൂഹം ഒരു വ്യക്തിയുടെ ശക്തിയെ പലപ്പോഴും അധികാരം, സമ്പത്ത്, സ്വാധീനം എന്നിവയുമായി ബന്ധപ്പെടുത്തുന്നു. എന്നാല്‍, സുവിശേഷം പഠിപ്പിക്കുന്ന ശക്തി വ്യത്യസ്തമാണ്. അത് ദൈവഹിതത്തോടുള്ള ഒരാളുടെ സമീപനത്തിന്റെ ആഴമാണ്.


മറിയത്തിന്റെ ജീവിതം മൂന്ന് അടിസ്ഥാന സത്യങ്ങള്‍

നമ്മെ പഠിപ്പിക്കുന്നു:


ഒന്നാമതായി, ദൈവഹിതത്തോട് 'അതെ' പറയാനുള്ള ധൈര്യം. അടുത്തത്, പരീക്ഷണങ്ങള്‍ക്കിടയിലും വിശ്വാസത്തില്‍ ഉറച്ചുനില്‍ക്കാനുള്ള ആത്മബലം. ഒടുവില്‍, മറ്റുള്ളവര്‍ക്കായി സ്വയം സമര്‍പ്പിക്കുന്ന സ്‌നേഹം.


ദൈവദൂതനായ ഗബ്രിയേലിന്റെ സന്ദേശത്തിനുമുന്നില്‍ മറിയം പറഞ്ഞ വാക്കുകള്‍ ചരിത്രത്തെ തന്നെ മാറ്റിമറിച്ചു: ''ഇതാ, കര്‍ത്താവിന്റെ ദാസി; നിന്റെ വചനം പോലെ എന്നില്‍ നിറവേറട്ടെ'' (ലൂക്കാ 1, 38).


ഒരു ''അതെ'' ലോകചരിത്രം മാറ്റിയപ്പോള്‍:


ഇത് സാധാരണ സമ്മതമല്ലായിരുന്നു. അനിശ്ചിതത്വത്തിലേക്കും സാമൂഹിക പ്രതിസന്ധികളിലേക്കും അറിയാത്ത ഭാവിയിലേക്കും കടന്നുപോകാനുള്ള ധീരമായ തീരുമാനമായിരുന്നു അത്. കത്തോലിക്കാ സഭ മറിയത്തിന്റെ ഈ 'ദൈവഹിതത്തോടുള്ള പൂര്‍ണ സമ്മതം' (fiat) രക്ഷാചരിത്രത്തിലെ നിര്‍ണായക നിമിഷമായി കാണുന്നു. അവളുടെ സ്വതന്ത്രമായ വിശ്വാസവും അനുസരണവും ക്രിസ്തുവിന്റെ രക്ഷാകര്‍മവുമായി പ്രത്യേകമായി ബന്ധപ്പെട്ടിരിക്കുന്നു.


കുരിശിന്‍ കീഴിലും തളരാത്ത അമ്മ


മറിയത്തിന്റെ ശക്തിയുടെ ഏറ്റവും ആഴമേറിയ രൂപം കാണാനാവുക കാല്‍വരിയിലെ കുരിശിന്‍ കീഴിലാണ്. സ്വന്തം മകന്റെ വേദന കണ്ടുനില്‍ക്കേണ്ടിവന്ന അമ്മ. ഓടിപ്പോകാന്‍ കഴിയാത്ത, പക്ഷേ തകര്‍ന്നുവീഴാതെ നില്‍ക്കുന്ന അമ്മ. അവളുടെ നിശ്ശബ്ദത ദൗര്‍ബല്യമല്ലായിരുന്നു; അത് വിശ്വാസത്തിന്റെ ഏറ്റവും ശക്തമായ രൂപമായിരുന്നു.


സഭയുടെ പഠനത്തില്‍, ക്രിസ്തുവിന്റെ ജീവിതത്തിലും കുരിശിലും മറിയത്തിന്റെ പങ്കാളിത്തം അവളുടെ ആത്മീയ മാതൃത്വത്തിന്റെ അടിസ്ഥാനമായി കാണുന്നു. ക്രിസ്തുവിനോടുള്ള ഐക്യത്തില്‍ നിന്നാണ് സഭയോടുള്ള അവളുടെ മാതൃത്വവും ഉരുത്തിരിയുന്നത്. അതുകൊണ്ടുതന്നെ മറിയം കേവലമൊരു വികാരപരമായ ഭക്തിരൂപം മാത്രമല്ല. വേദനയിലും പ്രതീക്ഷ കൈവിടാതിരിക്കാനുള്ള മാതൃകയാണ്.


സഭയുടെ കാറ്റിക്കിസം മറിയത്തിന്റെ ജീവിതത്തെ ക്രിസ്തുവുമായുള്ള അവളുടെ ഐക്യത്തില്‍ നിന്നാണ് മനസ്സിലാക്കുന്നത്. മംഗളവാര്‍ത്ത മുതല്‍ കുരിശുവരെ അവളുടെ വിശ്വാസയാത്ര തുടര്‍ന്നു; കുരിശിന്‍ കീഴില്‍ അവള്‍ മകനോടൊപ്പം സഹനത്തില്‍ പങ്കുചേര്‍ന്നു. അതുകൊണ്ടാണ് സഭ അവളെ

ക്രിസ്തുവിന്റെ അമ്മ മാത്രമല്ല, കൃപയുടെ ക്രമത്തില്‍ നമ്മുടെ അമ്മയുമായി കാണുന്നത്.


ഇന്നത്തെ ലോകത്തിന് പരിശുദ്ധമറിയം വലിയൊരു സന്ദേശമാണ്. ജീവിതത്തിലെ എല്ലാ ചോദ്യങ്ങള്‍ക്കും ഉടന്‍ ഉത്തരമില്ലെങ്കിലും, ദൈവത്തില്‍ വിശ്വാസം നഷ്ടപ്പെടുത്താതെ നില്‍ക്കാന്‍ കഴിയുമ്പോള്‍ ഒടുവില്‍ അവിടത്തെ മഹത്വം ദര്‍ശിക്കാനാകും എന്നുള്ള ഉന്നതമായ സാക്ഷ്യം.


എന്തുകൊണ്ടാണ് ലോകം ഇന്നും മറിയത്തെ അന്വേഷിക്കുന്നത്?


പരിശുദ്ധമറിയത്തോടുള്ള ആകര്‍ഷണം കത്തോലിക്കാ വിശ്വാസികളില്‍ മാത്രം ഒതുങ്ങുന്നില്ല. ലോകത്തിന്റെ ഏത് ഭൂഖണ്ഡത്തിലേക്കു പോയാലും മറിയത്തിന്റെ സാന്നിധ്യം കാണാം. കലാസൃഷ്ടികളില്‍ ഏറ്റവും കൂടുതല്‍ ചിത്രീകരിക്കപ്പെട്ട വനിതയായും, സംഗീതത്തില്‍ ആയിരക്കണക്കിന് ഗാനങ്ങളുടെ പ്രചോദനം, ലോകത്തിലെ ഏറ്റവും കൂടുതല്‍ തീര്‍ഥാടനകേന്ദ്രങ്ങളുമായി ബന്ധപ്പെട്ട വ്യക്തിത്വം, എന്നിങ്ങനെ ചരിത്രകാരന്മാരും ബൈബിള്‍ പണ്ഡിതരും കലാകാരന്മാരും എഴുത്തുകാരും മാധ്യമങ്ങളും മറിയത്തിന്റെ വ്യക്തിത്വത്തെ വ്യത്യസ്ത കോണുകളില്‍ നിന്ന് കാലങ്ങളായി പഠിക്കുകയാണ്.


ഇതുതന്നെയാണ് മറിയത്തിന്റെ പ്രത്യേകത: അവള്‍ കേവലമൊരു മതപരമായ വികാരം മാത്രമല്ല; ചരിത്രവും സംസ്‌കാരവും സമൂഹവും നിരന്തരം അന്വേഷിച്ചുകൊണ്ടിരിക്കുന്ന, അത്ഭുതത്തോടെ നോക്കുന്ന അസാധാരണ സ്ത്രീരത്‌നമാണ്.


ഇന്നത്തെ ലോകത്തില്‍ എങ്ങനെയാണ് പരിശുദ്ധ അമ്മയുടെ പ്രസക്തി?


മറിയത്തെ ഒരു പഴയകാല വിശുദ്ധചിത്രമായി മാത്രം കാണുമ്പോള്‍ അവളുടെ യഥാര്‍ഥ പ്രസക്തി നമുക്ക് നഷ്ടപ്പെടും. എന്നാല്‍, ഇന്നത്തെ തലമുറ കടന്നുപോകുന്ന നാനാവിധത്തിലുള്ള പ്രതിസന്ധികളിലൂടെ മറിയവും

കടന്നുപോയിരുന്നു എന്ന് മനസ്സിലാക്കുന്നിടത്താണ് പരിശുദ്ധ അമ്മയുടെ ജീവിതം ഈ കാലഘട്ടത്തിനും ആശ്രയിക്കാവുന്ന സങ്കേതമായി മാറുന്നത്. ജീവിതലക്ഷ്യത്തെക്കുറിച്ചുള്ള ആശയക്കുഴപ്പം, മാനസിക സമ്മര്‍ദം, ബന്ധ

ങ്ങളുടെ തകര്‍ച്ച, സോഷ്യല്‍ മീഡിയയുടെ സമ്മര്‍ദം കൂടാതെ ഭാവിയെക്കുറിച്ചുള്ള അനിശ്ചിതത്വം തുടങ്ങിയവയൊക്കെയാണ് ബഹുഭൂരിപക്ഷവും നേരിടുന്ന പ്രധാന വെല്ലുവിളികള്‍.


സമകാലിക വെല്ലുവിളികളില്‍ നിന്നുകൊണ്ടുതന്നെ മറിയത്തിന്റെ ജീവിതത്തിലേക്ക് ഒന്ന് നോക്കിക്കേ, അവളും ഭാവിയെക്കുറിച്ച് വ്യക്തതയോ ഉറപ്പോ ഇല്ലാത്ത ഒരു യുവതിയായിരുന്നു. ജീവിത പരിസരത്തിലും സാമൂഹികവ്യവസ്ഥിതിയിലും അനിശ്ചിതത്വങ്ങള്‍ നേരിട്ടവള്‍. യൗവനത്തിലേക്ക് കടക്കും മുന്നേ ദൈവനിവേശിതമായി ഗര്‍ഭിണിയാക്കപ്പെടുമ്പോള്‍ മറ്റൊരാള്‍ക്കും മനസ്സിലാക്കാനാവാത്ത പ്രയാസത്തിലൂടെ അവളും നിശ്ചയമായും കടന്നുപോയിരിക്കണം. ദേവാലയത്തില്‍ വച്ച് മകനെ കാണാതാകുമ്പോഴും,

പരസ്യജീവിതഘട്ടത്തില്‍ അന്നത്തെ സാമൂഹ്യ പശ്ചാത്തലത്തില്‍ പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെ കൂടെ യേശു കൂട്ടുകൂടി നടന്നതിന്റെ പേരിലും നിരവധി പഴി കേള്‍ക്കേണ്ടി വന്നു. എന്നാല്‍, ഒരു സാധാരണ മനുഷ്യന്റെ മനോബലത്തിനുമപ്പുറം ഉള്‍ക്കരുത്തും സമചിത്തതയും വേണ്ടിവന്ന ഓരോ ഘട്ടത്തിലും മറിയം പതറുന്നതോ പിറുപിറുക്കുന്നതോ അല്ല പിന്നെയോ, അവള്‍ അടിയുറച്ചവിധം ദൈവത്തിന്റെ പദ്ധതിയില്‍ വിശ്വസിക്കുന്നതാണ് നമുക്ക് കാണാന്‍ കഴിയുക.


അതുകൊണ്ടാണ് ഭാവിയെക്കുറിച്ച് ആശങ്കപ്പെടുന്നവര്‍ക്കും ബന്ധങ്ങളിലെ പ്രശ്‌നങ്ങളിലൂടെ കടന്നുപോകുന്നവര്‍ക്കും കുടുംബ പ്രശ്‌നങ്ങളില്‍ തളര്‍ന്നിരിക്കുന്നവര്‍ക്കും ഒറ്റപ്പെടലിന്റെ അനുഭവമുള്ളവര്‍ക്കും പരിശുദ്ധ അമ്മയിലേക്ക് നോക്കുമ്പോള്‍ ആശ്വാസവും ആശ്രയവും തോന്നുന്നത്.


ഈ കാലഘട്ടത്തില്‍ നസ്‌റത്തിലെ മറിയം ലോകത്തിന് നല്‍കുന്ന സന്ദേശം വളരെ ലളിതമാണ്: ദൃഢമായി ദൈവത്തില്‍ വിശ്വസിക്കുക, വിശുദ്ധിയില്‍ ജീവിക്കുക, സേവനത്തില്‍ സന്തോഷം കണ്ടെത്തുക, ഭയപ്പെടാതെ ദൈവവിളിയോട് പ്രതികരിക്കുക, യേശുവിനെ ജീവിതത്തിന്റെ കേന്ദ്രമാക്കുക. അവള്‍ പ്രശ്‌നങ്ങളില്ലാത്ത ജീവിതത്തിന്റെ മാതൃകയല്ല; പ്രശ്‌നങ്ങളുടെ നടുവിലും ദൈവത്തെ കൈവിടാത്ത ജീവിതത്തിന്റെ മാതൃകയാണ്.


മറിയത്തിന്റെ ശക്തി: അമ്മയുടെ ശക്തി


മറിയത്തിന്റെ ഏറ്റവും വലിയ പ്രത്യേകത അവളുടെ മഹത്വത്തിനൊപ്പം അവളുടെ മാതൃത്വമാണ്. ''അമ്മ'' എന്ന വാക്കിന് പ്രായമോ ഭാഷയോ സംസ്‌കാരമോ അതിരുകളല്ല. വീണുപോകുമ്പോള്‍ കൈപിടിക്കുന്ന ഒരാള്‍. വേദന പറയാന്‍ കഴിയുന്ന ഒരാള്‍. വാക്കുകളില്ലാത്തപ്പോള്‍ പോലും മനസ്സിലാ

ക്കുന്ന ഒരാള്‍. മറിയത്തിന്റെ സമയോചിത ഇടപെടലില്‍ ആശ്വാസം കണ്ടെത്തിയ കാനായിലെ വിവാഹവിരുന്നില്‍, മറിയം പറഞ്ഞ വാക്കുകള്‍ ഇന്നും സഭയുടെ ആത്മീയതയുടെ ഹൃദയമാണ്: ''അവന്‍ നിങ്ങളോട്

പറയുന്നത് ചെയ്യുവിന്‍.'' ആവര്‍ത്തിച്ച് പരിശോധിക്കുമ്പോള്‍ അനാവൃതമാകുന്ന എളിമയുടെയും വിശുദ്ധിയുടെയും പാഠമുണ്ട്; കാനായില്‍ മറിയം ഒരിക്കലും തന്നെത്തന്നെ കേന്ദ്രമാക്കിയില്ല. മറിച്ച് അവള്‍ അവരെ യേശുവിലേക്കാണ് നയിച്ചത്. സൂക്ഷിച്ചു നോക്കുമ്പോള്‍

കാണാം അമ്മവഴി ഈശോയിലേക്ക് ഒരു ഹൈവേ. അതേ യഥാര്‍ഥ മരിയഭക്തി ക്രിസ്തുകേന്ദ്രീകൃതമാകുന്നതിങ്ങനെയാണ്.


സഭ പരിശുദ്ധ മറിയത്തെ 'ദിവ്യരക്ഷകന്റെ അമ്മ' ((Mother of Christ) എന്നതിലുപരി 'സഭാമാതാവ്' (Mother of the Church)) എന്ന നിലയ്ക്കും ആദരിക്കുന്നു. അവളുടെ മാതൃത്വം കുരിശില്‍ അവസാനിച്ചില്ല എന്നുമാത്രവുമല്ല; ഇന്നും സഭയുടെ വളര്‍ച്ചയിലും ശ്വാസപരിശീലനത്തിലും അവളുടെ പ്രാര്‍ഥനാപൂര്‍വമായ സാന്നിധ്യം തുടരുന്നു.


2026 മെയ് 13ലെ തന്റെ പൊതുദര്‍ശന പ്രഭാഷണത്തില്‍, പാപ്പാ ലിയോ XIVമറിയത്തെ സഭയുടെ "model, perfect member and mother എന്ന നിലയില്‍ അവതരിപ്പിക്കുകയും, വിശ്വാസത്തിലും സ്‌നേഹത്തിലും സഭയുടെ മാതൃകയായി അവളെ ചൂണ്ടിക്കാണിക്കുകയും ചെയ്തു.


മെഡ്ജുഗോറി (Medjugorje): വിശ്വാസത്തിനൊപ്പം വിവേചനവും


പരിശുദ്ധ മറിയവുമായി ബന്ധപ്പെട്ട ആധുനികകാല സംഭവങ്ങളില്‍ മെഡ്ജുഗോറി ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്. 1981 മുതല്‍ അവിടെ മറിയത്തിന്റെ പ്രത്യക്ഷീകരണങ്ങളെക്കുറിച്ചുള്ള സാക്ഷ്യങ്ങള്‍ ലോകശ്രദ്ധ നേടി. തീര്‍ഥാടകരുടെ വലിയ സാന്നിധ്യം അതിനെ ശ്രദ്ധേയമായ ഒരു  Marian pilgrimage കേന്ദ്രമാക്കി.എന്നാല്‍, ഇവിടെ കത്തോലിക്കാ വിശ്വാസിക്ക് ഒരു പ്രധാന വിവേചനം ആവശ്യമാണ്. 2024 സെപ്റ്റംബര്‍ 19ന് വിശ്വാസകാര്യ

ങ്ങള്‍ക്കായുള്ള ഡിക്കാസ്റ്ററി മെഡ്ജുഗോറിയിലെ ആത്മീയ അനുഭവവുമായി ബന്ധപ്പെട്ട് Nihil Obstat അനുവദിച്ചു. എന്നാല്‍, അതിന്റെ അര്‍ഥം അവിടെയുള്ള പ്രത്യക്ഷീകരണങ്ങളുടെ അമാനുഷിക സ്വഭാവം സഭ ഔദ്യോഗികമായി സ്ഥിരീകരിച്ചു എന്നല്ല. പകരം, അവിടെ കാണപ്പെടുന്ന ആത്മീയ ഫലങ്ങളും ഭക്തിയുടെ ചില അനുകൂല ഘടകങ്ങളും പരിഗണിച്ചാണ് സഭയുടെ ഈ നിലപാട്. അതിനാല്‍ മെഡ്ജുഗോറി നമ്മെ പഠിപ്പിക്കുന്ന മറ്റൊരു പാഠമുണ്ട്: വിശ്വാസം അന്ധവിശ്വാസമല്ല; വിശ്വാസത്തോടൊപ്പം വിവേചനവും വേണം.


പരിശുദ്ധ മറിയം അഥവാ ഏറ്റവും ശക്തയായ സ്ത്രീ


രാഷ്ട്രീയ നേതാക്കളുടെ ഓര്‍മകള്‍ അവരുടെ മരണശേഷമോ

ഭരണശേഷമോ കാലക്രമേണ മങ്ങിപ്പോകുന്നു. അടക്കിവാണിരുന്ന സാമ്രാജ്യങ്ങള്‍ തകര്‍ന്നുപോകുന്നു. പ്രശസ്തരുടെ പേരുകള്‍ മറയ്ക്കപ്പെടുന്നു. എന്നാല്‍, രണ്ടായിരം വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ലോകമെമ്പാടും പ്രതിദിനം കോടിക്കണക്കിന് ആളുകള്‍ 'നന്മനിറഞ്ഞ മറിയമേ...' എന്ന് പ്രാര്‍ഥിക്കുന്നു. ഇത് ചരിത്രത്തിലെ അപൂര്‍വ സംഭവമാണ്. ഒന്നാലോചിച്ചുനോക്കിയാല്‍ മറിയത്തിന് രാജകീയ സിംഹാസനം ഉണ്ടായിരുന്നില്ല. എന്നാല്‍, രാജാക്കന്മാരുടെ രാജാവിനെ അവള്‍ തന്റെ ഉദരത്തില്‍ വഹിച്ചു. അവള്‍ക്ക് സൈന്യമുണ്ടായിരുന്നില്ല. എന്നാല്‍, തലമുറകളെ പ്രാര്‍ഥനയിലേക്ക്

നയിക്കുന്ന ആത്മീയ സ്വാധീനം അവള്‍ക്കുണ്ട്. അവള്‍ അധികാരം പ്രയോഗിച്ചില്ല. എന്നാല്‍, അവളുടെ ഒരു ''അതെ'' മനുഷ്യചരിത്രത്തിന്റെ ദിശ മാറ്റി. അവള്‍ വലിയ പ്രസംഗങ്ങള്‍ നടത്തിയില്ല. എന്നാല്‍, അവളുടെ ജീവിതം തന്നെ ഒരു സുവിശേഷമായി. അതുകൊണ്ട് മറിയത്തിന്റെ ശക്തിയെ ലോകത്തിന്റെ അളവുകോലില്‍ അളക്കാനാവില്ല. അവളുടെ ശക്തി വിനയത്തില്‍, വിശ്വാസത്തില്‍, ധൈര്യത്തില്‍, സ്‌നേഹത്തില്‍, സമര്‍പ്പണത്തില്‍ ആണ്.


ഇന്ന് ലോകം നമ്മോട് പറയുന്നത്- ''നിനക്ക് ശക്തനാകണമെങ്കില്‍ മറ്റുള്ളവരെക്കാള്‍ മുകളിലെത്തണം'' എന്നാണ്. പരിശുദ്ധ മറിയം പറയുന്നത് മറ്റൊന്നാണ്: ''ശക്തനാകണമെങ്കില്‍ ദൈവത്തിന്റെ കൈകളില്‍ നിന്നെ ഏല്‍പിക്കുക.'' അതുകൊണ്ടാണ് അവള്‍ ഇന്നും പ്രസക്തയായത്. അതുകൊണ്ടാണ് തലമുറകള്‍ അവളെ വിളിക്കുന്നത്. അതുകൊണ്ടാണ് ലോകം ഇന്നും അവളെക്കുറിച്ച് സംസാരിക്കുന്നത്. അതുകൊണ്ടാണ് മറിയം സ്‌തോസ്ത്രഗീതം തലമുറകള്‍ക്കുള്ള ഉണര്‍ത്തുപാട്ടാകുന്നത്.


''എന്റെ ആത്മാവ് കര്‍ത്താവിനെ മഹത്വപ്പെടുത്തുന്നു; എന്റെ ചിത്തം എന്റെ രക്ഷകനായ ദൈവത്തില്‍ ആനന്ദിക്കുന്നു'' (ലൂക്കാ 1, 46-47).







എല്‍സീന ജോസഫ്: ഗവേഷക വിദ്യാര്‍ഥിനി, ക്രൈസ്റ്റ്

യൂണിവേഴ്‌സിറ്റി, ബെംഗ്ലൂരു.









 
 
 

Comments


Kairos USA

Kairos INDIA

Kairos UK

     Kairos International Inc. 700 Louisiana St, Houston, TX. USA 77002

     Kairos Media, No 8/174, Navodaya Studio Complex, Thengod P.O, Cochin, Kerala, India. Pin: 682030

     Kairos Media, St Charles Street, Sheffield S9 3WU, United Kingdom

COPYRIGHT © 2021 KAIROS MEDIA, JESUS YOUTH

bottom of page