top of page

അസീസിയിലെ ഉന്മാദി I പാഥേയം I സജീവ് പാറേക്കാട്ടില്‍ I KAIROS MALAYALAM I OCTOBER 2026

സജീവ് പാറേക്കാട്ടില്‍
2 days ago
2 min read

പാഥേയത്തിൽ സജീവ് പാറേക്കാട്ടിൽ 'അസീസിയിലെ ഉന്മാദി' യായ വിശുദ്ധ ഫ്രാൻസിസിനെ പരിചയപ്പെടുത്തുന്നു. ഹൃദയത്തെ തൊടുന്ന അക്ഷരങ്ങളിലൂടെ ഒരു സുന്ദര യാത്ര.



തലക്കുറി കണ്ട് പരിഭ്രമിക്കേണ്ട. മയപ്പെടുത്തിയതാണ്. ശരിക്കും

അസ്സീസിയിലെ ഭ്രാന്തന്‍ എന്നാണ് വേണ്ടത്. അയാള്‍ ഉന്‍മാദിയും ഭ്രാന്തനുമായിരുന്നു. മറ്റുള്ളവരുടെ ഉന്‍മാദവും ഭ്രാന്തും അള

ക്കാന്‍ നമ്മുടെ കൈവശമുള്ള അളവുകോലുകള്‍ക്ക് ആ ഉന്‍മാദവും ഭ്രാന്തും വഴങ്ങില്ല എന്നതാണ് പരമാര്‍ഥം. സത്യത്തില്‍ ആ പ്രഭുകുമാരന് വേറെ പല ഉന്‍മാദങ്ങള്‍ക്കും ഭ്രാന്തുകള്‍ക്കും സാധ്യതകളുണ്ടായിരുന്നു. പ്രഭുക്കള്‍ക്കാണോ അവയ്‌ക്കെല്ലാം പഞ്ഞം! കാമം, ക്രോധം, ലോഭം, മോഹം, മദം, മാത്സര്യം, ഡംഭം, അസൂയ എന്നിവയാണ് അഷ്ടകഷ്ടങ്ങള്‍. ആ പ്രഭുകുമാരന് ഇതിലെല്ലാം ഉന്‍മാദത്തിന് സാധ്യതകളുണ്ടായിരുന്നു. ആഹാരം, വിഹാരം, നിദ്ര, മൈഥുനം എന്നിവയാണ് നാശകാരണ *ചതുഷ്ടയം. ആ യുവകോമളന് ഇതിലെല്ലാം ഭാന്ത്രിന് അവസരങ്ങളുണ്ടായിരുന്നു. എന്നിട്ടും, അതെല്ലാം ഉപേക്ഷിച്ചാണ് അയാള്‍ നസറത്തിലെ ഉന്‍മാദിയെ പുണര്‍ന്നത്. മേല്‍ത്തരം ഭ്രാന്തുതന്നെ! അതാണ് നസറത്തിലെ ഉന്‍മാദിയുടെ സ്‌നേഹത്തിന്റെ മാന്ത്രികശക്തി. ആ ഉന്‍മാദിയെ പുല്‍കുന്നവര്‍ക്ക് ലോകത്തിന് ഭ്രാന്ത് എന്ന് തോന്നുന്നതെല്ലാം നോര്‍മലായിരിക്കും! ലോകത്തിന് നോര്‍മല്‍ എന്ന് തോന്നുന്നതെല്ലാം ഭ്രാന്തായിരിക്കും! അസ്സീസിയിലെ ഉന്‍മാദിയും വ്യത്യസ്തനല്ല.


ഭോജനപ്രിയന്‍, മദ്യപന്‍, ചുങ്കക്കാരുടെയും പാപികളുടെയും സ്‌നേഹിതന്‍, ദൈവദൂഷകന്‍, കലാപകാരി എന്നിങ്ങനെ യേശു നേരിട്ട ആരോപണ പരമ്പരകളില്‍ ഏറ്റവും തീവ്രമായത് മറ്റു രണ്ടെണ്ണമാണ് - പിശാചുള്ളവനും

ഭ്രാന്തനും (യോഹ 10, 20). ആദ്യത്തേത് യേശുതന്നെ നിഷേധിച്ചിട്ടുണ്ട്. രണ്ടാമത്തേത് യേശു നിഷേധിച്ചതിന് രേഖയില്ല! യഹൂദര്‍ ഉദ്ദേശിച്ച അര്‍ഥത്തില്‍ അല്ലെങ്കിലും അതില്‍ ശരിയുണ്ട്! ഒന്നോര്‍ത്താല്‍, യേശു ഭ്രാന്തന്‍ അഥവാ ഉന്‍മാദിയായിരുന്നു. സ്‌നേഹം അവനെ ഭ്രാന്തുപിടിപ്പിച്ചിരുന്നു. ജീവന്റെ സമൃദ്ധി അവനെ ഉന്‍മാദിയാക്കിയിരുന്നു. സത്യവും നീതിയും സമാധാനവും ദൈവരാജ്യവും പിതാവുമായുള്ള ഗാഢബന്ധവുമെല്ലാം അവന്റെ ഭ്രാന്തും ഉന്‍മാദവുമായിരുന്നു. ''നിങ്ങള്‍ അറിയാത്ത ഭക്ഷണം എനിക്കുണ്ട്.'' എന്ന് അവന്‍ ശിഷ്യന്‍മാരോട് പറഞ്ഞതിന്റെ പൊരുള്‍, നിങ്ങള്‍ അറിയാത്ത ഉന്‍മാദം എനിക്കുണ്ട് എന്നുതന്നെയല്ലേ? അരുമശിഷ്യന്‍ രേഖപ്പെടുത്തുന്ന ആദ്യത്തെ അത്ഭുതം സത്യത്തില്‍ ആ ഉന്‍മാദത്തിന്റെ അനാവരണമാണ്. വെള്ളം വീഞ്ഞാകുന്ന

തെല്ലാം പെരിഫെറല്‍ & സൂപ്പര്‍ഫിഷ്യല്‍ മാത്രം! കാനായിലെ കല്യാണവീട്ടിലെ കലവറയിലേക്ക് ആഴത്തില്‍ കണ്ണോടിച്ചാല്‍, യേശുക്രിസ്തു എന്ന ഉന്‍മാദി; യേശുക്രിസ്തു എന്ന ലഹരി കോരി വിളമ്പുന്നതു കാണാം. സമയം ആകുന്നതിനു മുമ്പേ, അമ്മയുടെ മധ്യസ്ഥതയില്‍ അവന്‍ വാഴ്ത്തി വിളമ്പിയ അവന്‍ തന്നെയായ ലഹരി! എല്ലാവര്‍ക്കും അവന്‍ ആ ലഹരി വിളമ്പുന്നുണ്ട്. പക്ഷേ, നുകരുന്നവരുടെ അഭിനിവേശത്തിനും

അധ്വാനത്തിനും അനുസൃതമായി അനുഭൂതികള്‍ വ്യത്യസ്തമായിരിക്കും. അവന്റെ ലഹരി, അവന്‍ തന്നെയായ ലഹരി, അവനോളം നുകര്‍ന്നു എന്നതാണ് അസ്സീസിയിലെ ഉന്‍മാദിയെ വ്യത്യസ്തനാക്കുന്നത്. അതിനാ

ലാണ് അയാള്‍ക്ക് രണ്ടാം ക്രിസ്തു എന്ന് പേര്‍ ലഭിച്ചത്. നസറത്തിലെ ഉന്‍മാദിയെ സുവിശേഷത്തിലൂടെയും സഭയിലൂടെയും മതിവരുവോളം നുകര്‍ന്ന്, നമ്മുടെ ആവൃതികളില്‍ മറ്റൊരു കുഞ്ഞുക്രിസ്തുവായി ജീവിക്കാനാണ് അവന്റെ ലഹരിയാല്‍ നാം അഭിഷേകം ചെയ്യപ്പെട്ടിരിക്കുന്നത്. അങ്ങനെയിരിക്കുമ്പോള്‍ അങ്ങിങ്ങായി കാണപ്പെടുന്ന ഓരോരോ കുഞ്ഞുക്രിസ്തുമാര്‍! ആ കാഴ്ച എത്ര മോഹനവും എത്ര ശോഭനവുമാണ്! അറിയപ്പെടാതെയും എഴുതപ്പെടാതെയും ജീവിക്കുന്ന അത്തരം അജ്ഞാതക്രിസ്തുമാരായിരിക്കും ഇത്ര കൊടിയ തമസ്സിലും ഈ ഭൂമിയെ താങ്ങിനിര്‍ത്തുന്നത്.


അസ്സീസിയില്‍ മാത്രമല്ല ഉന്‍മാദി ഉണ്ടായിരുന്നത്. ലൊയോളായില്‍ ഒരു ഉന്‍മാദിയുണ്ടായിരുന്നു. ആവിലായിലും ലിസ്യൂവിലും സീയെന്നായിലും ലീമായിലും ഉന്‍മാദികളുണ്ടായിരുന്നു. പാദുവായിലും ആഴ്‌സിലും സ്മിര്‍ണായിലും ഏഷ്യാ മൈനറിലും ഈജിപ്തിലും നിസിബിസ്സിലും ഉന്‍മാദികളുണ്ടായിരുന്നു. കല്‍ക്കട്ടയില്‍ വെള്ളയില്‍ നീല വരയുള്ള സാരി ധരിച്ച ഉന്‍മാദിയുണ്ടായിരുന്നു. എന്തിനേറെ, കുടമാളൂരും പുത്തന്‍

ചിറയിലും കൈനകരിയിലും ഒല്ലൂരും ഉണ്ടായിരുന്നു മലയാളത്തില്‍ മിണ്ടിയിരുന്ന ഉന്‍മാദികള്‍! വിശുദ്ധരെല്ലാം ഉന്‍മാദികളായിരുന്നു.

രീതികളില്‍ വൈവിധ്യമുണ്ടെങ്കിലും അവരെല്ലാം പ്രഘോഷിച്ചത് നസറത്തിലെ ഉന്‍മാദിയുടെ സുവിശേഷമായിരുന്നു. അത്

നമുക്കുമുള്ള സാധ്യതയാണ്. ആരെയെങ്കിലും അനുകരിച്ചേ മതിയാകൂ. ഒന്നുകില്‍ സുവിശേഷത്തിലെ ഉന്‍മാദിയെ അനുകരിക്കണം. അല്ലെങ്കില്‍, സുവിശേഷത്തിലെ ഉന്‍മാദിയെ അനുകരിച്ച് ഉന്‍മാദികളായി മാറിയ മനുഷ്യരെ അനുകരിക്കണം. അവന്റെ സ്‌നേഹം നമ്മെ ഭ്രാന്തു പിടിപ്പിക്കുന്നില്ലെങ്കില്‍; ആ സ്‌നേഹപൂര്‍ണിമയുടെ സ്വര്‍ഗം നമ്മെ ഉന്‍മത്തരാക്കുന്നില്ലെങ്കില്‍; അവന്‍ നല്‍കുന്ന ജീവജലമായ പരിശുദ്ധാത്മാവ്

നമ്മെ ലഹരിയിലാഴ്ത്തുന്നില്ലെങ്കില്‍; നമുക്ക് സുവിശേഷത്തിലെ യേശുവിനെയും യേശുവിന്റെ സുവിശേഷത്തെയും ശരിയായി

മനസ്സിലായിട്ടില്ല എന്നാണര്‍ഥം. ഇതെല്ലാം അറിയുമ്പോള്‍ മാത്രമാണ് നമ്മുടെ ലോകഭ്രാന്തുകള്‍ക്ക് genetic mutation അഥവാ ജനിതക വ്യതിയാനം സംഭവിക്കുന്നത്. അറിഞ്ഞില്ലായിരുന്നെങ്കില്‍ നമ്മെ നിത്യമായി

നശിപ്പിക്കുമായിരുന്ന ഭ്രാന്തുകള്‍ക്ക് ഉള്‍പരിവര്‍ത്തനം സംഭവിച്ച് നമ്മുടെ നിത്യരക്ഷയ്ക്ക് ഹേതുവായി മാറുന്നു. അതാണ് നസറത്തിലെ ഉന്‍മാദിയുടെ സുവിശേഷത്തിന്റെ ശക്തിയും സൗന്ദര്യവും. ആ ഭ്രാന്തും ഉന്‍മാദവും അടുത്തറിഞ്ഞാല്‍ അതു പിടിപെടാന്‍ ആരും മോഹിച്ചു പോകും! അത് ആരും കൊതിക്കുന്ന ഭ്രാന്താണ്! ഒരിക്കല്‍ പിടിപെട്ടാല്‍ തത്ക്ഷണം മറ്റുള്ളവരിലേക്ക് അത് പകരും! ഇനീഗോയില്‍ നിന്ന് ശൗര്യാരിലേക്കും അംബ്രോസില്‍ നിന്ന് അഗസ്റ്റിനിലേക്കും പകര്‍ന്നതുപോലെ നമ്മില്‍ നിന്നും

ആ ഉന്‍മാദവും ഭ്രാന്തും അനേകരിലേക്ക് പകരട്ടെ! അത്തരം ഉന്‍മാദികളും ഭ്രാന്തരുമായി ജീവിച്ചാല്‍, സ്വപ്നദര്‍ശനത്തിലോ ഒരുവേള തെരുവിലോ അവനെ കണ്ടാല്‍ നമുക്കും ധൈര്യത്തോടെ ചോദിക്കാം: 'കര്‍ത്താവേ, അങ്ങ് ആരാണ്?' സാവൂളിന് ലഭിച്ചതിന് വിപരീതമായ മറുപടി നമുക്ക് ലഭിക്കും: നീ സ്‌നേഹിക്കുന്ന യേശുവാണ് ഞാന്‍; നീ ജീവിക്കുന്ന ക്രിസ്തുവാണ് ഞാന്‍. നീ തന്നെയാണ് ഞാന്‍; ഞാന്‍ തന്നെയാണ് നീ.


നസറത്തിലെ യേശുക്രിസ്തുവിന് മാത്രം പറയാന്‍ കഴിയുന്ന ഉന്‍മാദത്തിന്റെയും ഭ്രാന്തിന്റെയും പാരസ്പര്യം! അസ്സീസിയിലെ ഉന്‍മാദി ജീവിതം കൊണ്ട് സാക്ഷാത്കരിച്ചതും ഈ ഉന്‍മാദവും ഭ്രാന്തുമാണ്.


ഫ്രാന്‍സിസ് ഒരു പേരല്ല; ഒരനുഭൂതിയാണ്; മനോനിറവും ആത്മനിറവുമാണ്. വെറുമൊരു പേരിനപ്പുറം സുവിശേഷത്തിന്റെ ഉന്‍മാദം പകരുന്ന ഒരനുഭൂതിയാകാന്‍ നമുക്കും കഴിയട്ടെ. ഉന്‍മാദികളുടെ സുവിശേഷം മനോനിറവോടും ആത്മനിറവോടും കൂടി നമ്മിലൂടെയും പ്രസരിക്കട്ടെ. അപ്പോഴാണല്ലോ നാം അധിവസിക്കുന്ന ഈ മണ്ണ് ദൈവം ഉലാത്തുന്ന തോട്ടമായി മാറുന്നത്!







സജീവ് പാറേക്കാട്ടില്‍


എഴുത്തുകാരനും പ്രഭാഷകനുമായ സജീവ് പാറേക്കാട്ടില്‍ എറണാകുളം ലിസി ഹോസ്പിറ്റലിലെ പബ്ലിക് റിലേഷന്‍സ് ഓഫീസറാണ്






.

 
 
 

Comments


Kairos USA

Kairos INDIA

Kairos UK

     Kairos International Inc. 700 Louisiana St, Houston, TX. USA 77002

     Kairos Media, No 8/174, Navodaya Studio Complex, Thengod P.O, Cochin, Kerala, India. Pin: 682030

     Kairos Media, St Charles Street, Sheffield S9 3WU, United Kingdom

COPYRIGHT © 2021 KAIROS MEDIA, JESUS YOUTH

bottom of page