അറിവിന്റെ അഹങ്കാരവും എളിമയും | കവര്‍സ്റ്റോറി | ബോബി ജോര്‍ജ്, ബാംഗ്ലൂര്‍ | KAIROS MALAYALAM | MARCH 2025


അറിവ് എന്ന ആശയത്തെ നമ്മള്‍ എങ്ങനെയൊക്കെയാണ് മനസ്സിലാക്കുന്നത്. കുറേ പേര്‍ക്ക് അത് പുസ്തകങ്ങളില്‍ നിന്ന് മാത്രം കിട്ടുന്ന ഒന്നാണ്. ചിലര്‍ക്കത് പരീക്ഷയിലെ വിജയങ്ങളാണ്. ചിലര്‍ക്ക് അത് സ്ഥാനമാനങ്ങളാണ്. ഒരു വലിയ വിഭാഗം ചിന്തിക്കുന്നത് അവര്‍ക്ക് ഒരു സമൂഹത്തിലെ പദവികളും സ്ഥാനമാന ങ്ങളുമൊക്കെ കിട്ടുന്നത് അവരുടെ അറിവിന്റെ ഫലമാണ് എന്നാണ്. അതുകൊണ്ടുതന്നെ ഉന്നത ശമ്പളവും ജോലിയും ഒക്കെയുള്ളവരാണ് സമൂഹത്തില്‍ ഏറ്റവും മുന്തിയ ബഹുമാനം അര്‍ഹിക്കുന്നത് എന്നവര്‍ കരുതുന്നു. അതിന്റെ മറുവശവും ശ്രദ്ധേയമാണ്. ജോലിയിലും സമ്പത്തിലുമൊക്കെ താഴെ നില്‍ക്കുന്നവന്‍ സമൂഹത്തിന്റെ ശ്രേണിയിലും താഴെ ആയിരിക്കണം എന്ന ചിന്തയാണ് അത്. ഈ ചിന്ത കളുടെയൊക്കെ ഫലമായി അറിവിന്റെയും തൊഴിലിന്റെയും ഒക്കെ അടിസ്ഥാനത്തില്‍ സമൂഹത്തില്‍ ഒരു തട്ടുവത്കരണം നടക്കുന്നുണ്ട്. ഇതും ഒരുതരം ജാതിവ്യവസ്ഥയാണ്. അറിവിനെക്കുറിച്ചും തൊഴിലുകളെ ക്കുറിച്ചും ഒക്കെയുള്ള നമ്മുടെ സങ്കുചിത മനോഭാവങ്ങള്‍ സൃഷ്ടിക്കുന്ന ജാതി വ്യവസ്ഥ.
ഇതില്‍നിന്നും ഭിന്നമായ ഒരു വീക്ഷണമുണ്ട്. അറിവ് എന്നതിനെക്കുറിച്ചുള്ള വിശാലമായ വീക്ഷണം ആണിത്. നമ്മുടെയൊക്കെ അറിവ് അപൂര്‍ണമാണ് എന്നതാണത്. സോക്രട്ടീസ് പറഞ്ഞിട്ടുള്ള ഒരു കാര്യമുണ്ട്. നമ്മുടെ അജ്ഞതയെക്കുറിച്ചുള്ള ബോധ്യത്തില്‍ നിന്നാണ് നമ്മുടെ വിവേകത്തിന്റെ ആരംഭം. പുസ്തകങ്ങളും യൂണിവേഴ്‌സിറ്റി ഡിഗ്രികളും മാത്രമല്ല അറിവ് എന്ന ഒരു ചിന്ത കൂടിയാണത്. വലിയ ഡിഗ്രികള്‍ ഒന്നുമില്ലാത്ത അനേകം മനുഷ്യര്‍ കൂടിച്ചേര്‍ന്നാണ് ഓരോ ദിവസത്തെയും നമ്മുടെ ജീവിതം മനോഹര മാക്കുന്നത്. എല്ലാത്തരം അറിവിനെയും ഒരേ മൂല്യത്തോടെ കാണാനുള്ള ഒരു ശ്രമം ഉണ്ടിവിടെ. ഭക്ഷണം വയ്ക്കാന്‍ അറിയുന്നവനും വാഹനമോടി ക്കുന്നവനും പരിസരം വൃത്തിയാക്കുന്നവനും ഒക്കെയുള്ളതുകൊണ്ട് കൂടിയാണ് നമ്മുടെ ഓരോ ദിവസത്തെയും ജീവിതം വലിയ കുഴപ്പമില്ലാതെ മുന്നോട്ടുപോകുന്നത്. മാന്യത കുറവ് എന്ന് കരുതപ്പെടുന്ന തൊഴിലുകള്‍ ചെയ്യുന്ന ആളുകള്‍ ഒരു ദിവസം ജോലി ചെയ്തില്ലെങ്കില്‍ നമ്മുടെ നഗരങ്ങളില്‍ ആര്‍ക്കും ജീവിക്കാന്‍ സാധ്യമല്ല എന്ന് വരും. അതുകൊണ്ടുതന്നെ എല്ലാത്തരം തൊഴില്‍ ചെയ്യുന്നവരും ഒരേപോലെ നമ്മുടെ ബഹുമാനം അര്‍ഹിക്കുന്നു. എല്ലാവരും അവനവന്റെ ബുദ്ധിക്കും കഴിവിനും അനുസരിച്ച് പലതരം തൊഴിലുകള്‍ ചെയ്യുന്നു. ഒരാളും വേറൊരാളെക്കാളും ചെറുതോ വലുതോ അല്ല. ഒരാളുടെ വരുമാനം അയാളുടെ സമൂഹത്തിലെ വില നിശ്ചയിക്കുന്ന അവസ്ഥ ഉണ്ടാകരുത്. വീട്ടില്‍ വന്ന് ജോലി ചെയ്യുന്ന പ്ലംബര്‍, നമ്മുടെ ഡോക്ടറിനോ അധ്യാപകനോ കൊടുക്കുന്ന മാന്യതയും ബഹുമാനവും അര്‍ഹിക്കുന്നു എന്ന് തോന്നലില്‍ നിന്നാണ് തൊഴിലിനോടും എല്ലാത്തരം അറിവിനോടുമുള്ള നമ്മുടെ സമീപനം തുടങ്ങുന്നത്. ആലോചിച്ചു നോക്കിയാല്‍ നമ്മുടെ വീട്ടിലെ അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ ഒരു പ്ലംബറിന്റെ അറിവും കഴിവും ആയിരിക്കും ഒരു പ്രൊഫസറുടെ അറിവിനെക്കാളും നമുക്കാവശ്യം.
തൊഴിലിന്റെ മാഹാത്മ്യം എന്നത് നമ്മുടെ കുട്ടികളെ പഠിപ്പിക്കേണ്ട ഒന്നാണ് പലപ്പോഴും തൊഴിലില്ലായ്മയുടെ പ്രധാനകാരണം ചിലതരം തൊഴിലുകള്‍ മാത്രമാണ് മാന്യതയുള്ളത് എന്ന തെറ്റായ ധാരണയാണ്. ഏത് തൊഴിലിനും മാന്യത ഉണ്ടെന്നും ഏറ്റവും പ്രധാനപ്പെട്ട കാര്യം നമ്മള്‍ നമ്മുടെ തൊഴില്‍ ആത്മാര്‍ഥമായി ചെയ്യുന്നുണ്ടോ എന്നതാണ് എന്ന് നാം മനസ്സിലാക്കണം. അറിവ് നമ്മെ അഹങ്കാരികളാക്കരുത് കുഞ്ഞുണ്ണിമാഷ് പറയുന്ന ഒരു കാര്യമുണ്ട്. എനിക്ക് എന്റെ അച്ഛന്റെ പേര് അറിയാം അച്ഛന്റെ അച്ഛന്റെറ പേരും അറിയാം പക്ഷേ എന്റെ അപ്പൂപ്പന്റെ അച്ഛന്റെ പേര് എനിക്കറിഞ്ഞു കൂടാ. ഇക്കാര്യത്തില്‍ മാത്രമല്ല മറ്റെല്ലാ കാര്യത്തിലും ഇത്രയേ ഉള്ളൂ എന്റെ അറിവ്. ഈ എളിമയിലേക്കാണ് നമ്മുടെ അറിവ് നമ്മെ വളര്‍ത്തേണ്ടത്. നമ്മുടെ അറിവ് നമ്മള്‍ കെട്ടിപ്പൊക്കിയിരിക്കുന്നത് നമുക്ക് മുന്നേ കടന്നുപോയ അനേകം തലമുറകള്‍ ആര്‍ജിച്ച അറിവിനു മുകളില്‍ കൂടിയാണ് എന്ന ചിന്ത നമ്മെ വിനയം ഉള്ളവരാക്കും.

ബാംഗ്ലൂര്‍ ഐ.ഐ.എം.ല്‍. സീനിയര്‍ മാനേജറും ബ്ലോഗറും ആണ് ലേഖകന്‍



Comments