top of page

അപരനെ സ്‌നേഹിക്കണം പക്ഷേ, അനാവശ്യമായ ഇടപെടലുകള്‍ അരുത്‌ | കവര്‍‌സ്റ്റോറി | ഗ്രേസി ജോർജ് | KAIROS MALAYALAM | MAY 2025

Writer: പ്രൊഫസർ ഗ്രേസി ജോർജ്.
പ്രൊഫസർ ഗ്രേസി ജോർജ്.
6 days ago
2 min read

സാഹചര്യങ്ങള്‍ക്കനുസരിച്ച് സ്‌നേഹത്തിന്റെ നിര്‍വചനങ്ങള്‍ മാറ്റി മാറ്റി എഴുതുന്നു എന്നതാണ് ഇന്നിന്റെ പ്രത്യേകത. നിസ്വാര്‍ഥ സ്‌നേഹമെന്നോ നിഷ്‌കളങ്ക സ്‌നേഹമെന്നോ വിളിക്കപ്പെടുന്ന സ്‌നേഹം ഇന്ന് വംശനാശത്തിലാണ്. ഇന്നത്തെ സ്‌നേഹത്തിന്റെ പ്രത്യേകത, അപരന്റെ സ്വകാര്യതയിലേക്ക് ആ വ്യക്തി അറിയാതെ നുഴഞ്ഞുകയറി അയാളെ ഏതൊക്കെ തരത്തില്‍ അടിമയാക്കാമോ അത്തരത്തിലെല്ലാം അടിമയാക്കിയവരെ സ്വന്തം താത്പര്യങ്ങള്‍ക്കനുസരിച്ച് സ്വാര്‍ഥ താത്പര്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതാണ്.


എല്ലാ മനുഷ്യവ്യക്തികള്‍ക്കും സ്വന്തമായ ഒരു സ്വത്വമുണ്ട്. അതായത് തനിക്ക് മാത്രം കംഫര്‍ട്ടബിളായി ഇരിക്കാവുന്ന ഒരു സ്‌പേസ്. അത്തരം ഒരു സ്‌പേസ്, വ്യക്തികള്‍ക്ക് മാത്രമല്ല കുടുംബങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും പോലുമുണ്ട്. പക്ഷേ സ്‌നേഹിതരെന്നും അഭ്യുദയകാംക്ഷികളെന്നും സ്വന്തക്കാരെന്നും പല ലെവലുകളില്‍ നമ്മുടെ ജീവിതവുമായി ബന്ധപ്പെടുന്ന പലരും അതിര്‍വരമ്പുകള്‍ ലംഘിച്ച് നമുക്ക് സ്വന്തമായ ഈ സ്‌പേസിനെ ആക്രമിച്ചുകൊണ്ടിരിക്കും. പലപ്പോഴും ഇതിനൊരു ചൂഷണത്തിന്റെ മുഖമുണ്ട്. ചൂഷണമെന്ന ലക്ഷ്യവുമുണ്ട്. ഒരു പഴമൊഴി ഉണ്ടല്ലോ, 'ഒരുവന്റെ സ്വാതന്ത്ര്യം അപരന്റെ മൂക്കിന്‍ തുമ്പുവരെ' എന്ന്. ആരും എന്തിനുമേതിനും ഒരു അതിര്‍വരമ്പ് നിശ്ചയിക്കുന്നതാണ് എല്ലാ ബന്ധങ്ങളും നല്ല രീതിയില്‍ കൊണ്ടുപോകുന്നതിന് നല്ലത്. എല്ലായിടത്തും

അനാവശ്യമായ ഇടപെടലുകള്‍ നടത്താതിരിക്കുക. സഹായം ആവശ്യമുള്ളപ്പോള്‍ അത് കണ്ടറിഞ്ഞു ചെയ്യുന്നത്, കര്‍ത്താവിന്റെ കരുണയുടെയും സ്‌നേഹത്തിന്റെയും മുഖം അവര്‍ക്ക് മുന്നില്‍ പ്രതിഫലിപ്പിക്കുന്നതാണ്. അനാവശ്യമായ ഇടപെടലുകളാകട്ടെ നമ്മുടെ അഹങ്കാരത്തിന്റെയും സ്വാര്‍ഥതയുടെയും പ്രതിഫലനമാണ്.


ഓരോരുത്തരും താഴ്മയോടെ മറ്റുള്ളവരെ ശ്രേഷ്ഠരായി കരുതണം. മറ്റുള്ളവരെ അംഗീകരിക്കാനും ബഹുമാനിക്കാനും കഴിയുന്നത് മറ്റുള്ളവരെ ശ്രേഷ്ഠരായി കരുതുന്നവര്‍ക്ക് മാത്രമാണ്. ഞാന്‍ നില്‍ക്കേണ്ട ഇടം ഏതെന്ന് വ്യക്തമായി അറിയാവുന്നവര്‍ക്ക് മാത്രമേ മറ്റുള്ളവരെ ബഹുമാനിക്കാനും അംഗീകരിക്കാനും സാധിക്കൂ. മാതാപിതാക്കളും മക്കളും തമ്മിലുള്ള ബന്ധങ്ങളില്‍ ഉലച്ചില്‍ വരാനുള്ള ഒരു കാരണം മക്കളുടെ വ്യക്തിത്വത്തെ മാനിക്കാതെ എല്ലാം തങ്ങളുടെ നിയന്ത്രണത്തില്‍ വേണം എന്ന അപ്പനമ്മമാരുടെ മര്‍ക്കട മുഷ്ടിയാണ്. കൗമാരപ്രായം എത്തുന്നതോടുകൂടി മക്കള്‍ മാതാപിതാക്കളില്‍ നിന്നും മാനസികമായി പൂര്‍ണമായി അകന്നു പോകാന്‍ ഇതുകാരണമാകും. അവര്‍ക്ക് അവരുടെ സ്വാതന്ത്ര്യത്തിലുള്ള കടന്നുകയറ്റം ഒരുപരിധി കടന്നാല്‍ ബുദ്ധിമുട്ടാകും.


ഭാര്യാഭര്‍തൃ ബന്ധത്തിലും ഇതേ പ്രശ്‌നം തന്നെ നമുക്ക് കാണാം. ഇന്ന് ഒരുമിച്ച് ജീവിക്കുന്നു എന്ന് നാം കരുതുന്ന ഭാര്യാഭര്‍ത്താക്കന്മാരില്‍ ഒത്തിരിപേര്‍ മാനസികമായി ഡൈവോഴ്‌സ്ഡ് ആണ്. അതുകൊണ്ടു

തന്നെ ഓരോ വ്യക്തികള്‍ക്കും സ്വന്തമായിട്ടുള്ള അവരുടെ വ്യക്തിത്വത്തെ മാനിച്ചുകൊണ്ട് അവരെ തങ്ങളെക്കാള്‍ ശ്രേഷ്ഠരായി കരുതാന്‍മാത്രം ഹൃദയവിശാലതയും സംസ്‌കാരസമ്പന്നതയും പരിശീലിക്കുന്നത് സമൂഹത്തിനുതന്നെ ഒരു മുതല്‍ക്കൂട്ടായിരിക്കും. ഫിലിപ്പി 2, 4 പറയുന്നു: ''ഒരാള്‍ സ്വന്തം താത്പര്യം മാത്രം നോക്കിയാല്‍ പോരാ, മറ്റുള്ളവരുടെ താത്പര്യം പരിഗണിക്കണം. യേശുക്രിസ്തുവിനുണ്ടായിരുന്ന ഈ മനോഭാവം നിങ്ങളിലും ഉണ്ടായിരിക്കണം.'' തന്റെ അടുക്കലേക്ക് കല്ലെറിഞ്ഞു കൊല്ലാന്‍ കൊണ്ടുവന്ന സ്ത്രീയോടുള്ള ഈശോയുടെ പെരുമാറ്റത്തിന്റെ മഹനീയത അവളെ ഒരുതരത്തിലും മാനസികമായി ഉപദ്രവിക്കാന്‍ അവിടന്ന് തയ്യാറായില്ല എന്നതാണ്. വസ്ത്രവിളുമ്പില്‍തൊട്ട് സൗഖ്യം നേടിയ രക്തസ്രാവക്കാരിയെ ആള്‍ക്കൂട്ടത്തില്‍ വച്ച് വിചാരണ ചെയ്യാനും യേശുവിന്റെ സ്‌നേഹം അനുവദിച്ചില്ല. സക്കേവൂസിനോട് യേശു കാണിച്ച മാന്യത... ഈ വസ്തുതകളൊക്കെ നമ്മളെ സ്പര്‍ശിക്കേണ്ടതാണ്.

ഒരാള്‍ക്ക് മറ്റൊരാളോട് പരിഭവമുണ്ടായാല്‍ പരസ്പരം ക്ഷമിച്ച് സഹിഷ്ണുതയോടെ വര്‍ത്തിക്കണം. ഏതെങ്കിലും ഒരു സന്ദര്‍ഭത്തില്‍ പിണങ്ങിയാല്‍ അത് പരസ്യമാക്കി, മറ്റുള്ളവരെ കൊല്ലാക്കൊല ചെയ്യുന്ന പ്രവണതയും നമ്മുടെ ഇടയില്‍ ധാരാളമായിട്ടുണ്ട്. അതുകൊണ്ട് കൊളോസോസ് 3, 14 പറയുന്നതുപോലെ ''സര്‍വോപരി എല്ലാത്തിനെയും കൂട്ടിയിണക്കി പരിപൂര്‍ണമായ ഐക്യത്തില്‍ ബന്ധിക്കുന്ന സ്‌നേഹം പരിശീലിക്കുവിന്‍.'' ''സ്‌നേഹം അനിശ്ചിതമായി പെരുമാറുന്നില്ല, സ്വാര്‍ഥം അന്വേഷിക്കുന്നില്ല.'' ഈശോ വിഭാവനം ചെയ്ത ഈ സ്‌നേഹത്തിന്റെ ഉയരങ്ങളിലേക്ക് കയറി ചെല്ലാന്‍ നമുക്ക് കഴിഞ്ഞാല്‍ നമ്മുടെ എല്ലാ ബന്ധങ്ങളും സുന്ദരമാകും. അപരന്റെ സ്വകാര്യതയെ മാനിക്കാം. നില്‍ക്കേണ്ട പരിധി എപ്പോഴും മനസ്സിലുണ്ടാവണം. അനാവശ്യ ഇടപെടലുകള്‍ ഇല്ലാതെ മാന്യമായ ബന്ധം മറ്റുള്ളവരുമായി നമുക്ക് സ്ഥാപിച്ചെടുക്കാം.



പാലക്കാട് മേഴ്സി കോളേജിലെ റിട്ടയേഡ് അധ്യാപിക

 
 
 

Comments


Kairos USA

Kairos INDIA

Kairos UK

     Kairos International Inc. 700 Louisiana St, Houston, TX. USA 77002

     Kairos Media, No 8/174, Navodaya Studio Complex, Thengod P.O, Cochin, Kerala, India. Pin: 682030

     Kairos Media, St Charles Street, Sheffield S9 3WU, United Kingdom

COPYRIGHT © 2021 KAIROS MEDIA, JESUS YOUTH

bottom of page