എന്റെ ദിവസം രൂപപ്പെടുത്തുന്ന മണിക്കൂർ I ഫമിലിയ/ഫാമിലികഫേ I ശശി ഇമ്മാനുവേല്‍ I KAIROS MALAYALAM I SEPTEMBER 2026

''എന്നെ സംബന്ധിച്ചിടത്തോളം ഹൃദയത്തിന്റെ അലയടിയാണ് പ്രാര്‍ഥന. സ്വര്‍ഗത്തിലേക്കുള്ള ലളിതമായ ഒരു നോട്ടം; പരീക്ഷണത്തിന്റെയും, സന്തോഷത്തിന്റെയുമിടയില്‍ നന്ദിയുടെയും സ്‌നേഹത്തിന്റെയും നിലവിളിയാണത്'' (ലിസ്യൂവിലെ വി. തെരേസ).
മണ്‍പാത്രത്തിലെ നിധിയെന്നാണ് അദ്ദേഹത്തിന്റെ ആത്മകഥയുടെ പേര്. ആത്മീയതയെ ഗൗരവമായെടുക്കുന്നവര്‍ ഒന്ന് മറിച്ചു നോക്കുകയെങ്കിലും ചെയ്യേണ്ട പുസ്തകങ്ങളില്‍ ഒന്ന്. കൃത്യമായി പറഞ്ഞാല്‍ പന്ത്രണ്ടാം അധ്യായത്തിന്റെ പേര് 'എന്റെ ദിവസം രൂപപ്പെടുത്തുന്ന മണിക്കൂര്‍' എന്നാണ്. അതേ, ആ പേരില്‍ നിന്നാണ് ഈ ലേഖനത്തിന്റെ ഹെഡിംഗ് രൂപപ്പെട്ടത്. അദ്ദേഹത്തിന്റെ ശ്രേഷ്ഠമായ നാമം ഫാ. ഫുള്‍ട്ടണ്‍ ജെ ഷീന്‍
എന്നാണ്. (2026 സെപ്റ്റംബര്‍ 24നു അദ്ദേഹം 'ധന്യന്‍' പദവിയില്‍ നിന്നും വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയര്‍ത്തപ്പെടും) പണ്ഡിതന്മാരില്‍ അഗ്രഗണ്യനും, വിശുദ്ധ പദവിയിലേക്കുള്ള പ്രയാണത്തിന്റെ അവസാന ഘട്ടത്തിലെത്തി നില്‍ക്കുന്ന പുണ്യവാനുമാണ് ഷീന്‍ മെത്രാന്‍.
ഇനി ക്രൈസ്തവ ജീവിത പോരാട്ടത്തില്‍തന്നെ കാത്തു സൂക്ഷിച്ച രണ്ടു തീരുമാനങ്ങള്‍ എന്തായിരുന്നു എന്ന് അദ്ദേഹത്തിന്റെ വാക്കുകളിലൂടെ തന്നെ ശ്രദ്ധിക്കാം. ''എന്റെ പൗരോഹിത്യ സ്വീകരണദിനത്തില്‍ ഞാന്‍ രണ്ടു തീരുമാനങ്ങള്‍ എടുത്തു. പരിശുദ്ധ അമ്മ എന്റെ പൗരോഹിത്യത്തെ സംരക്ഷിക്കുന്നതിന് എല്ലാ ശനിയാഴ്ചയും അമ്മയുടെ സ്തുതിക്കായി ഞാന്‍ ദിവ്യബലി അര്‍പ്പിക്കും'' എന്നതായിരുന്നു ഒന്നാമത്തേത്. പുരോഹിതന്റെ ശുശ്രൂഷ അത്രയും ശ്രേഷ്ഠതയുള്ളതാകയാല്‍ അദ്ദേഹത്തിന്റെ പാപങ്ങളും കൂടുതല്‍ ഗൗരവമുള്ളവയാണ്. അതിനാല്‍ അദ്ദേഹം മറ്റുള്ളവര്‍ക്കുവേണ്ടി മാത്രമല്ല തനിക്കുവേണ്ടിയും ബലികള്‍ അര്‍പ്പിക്കണമെന്നു ഹെബ്രായര്‍ക്കുള്ള ലേഖനം നിര്‍ദേശിക്കുന്നുണ്ടല്ലോ.
''പരിശുദ്ധകുര്‍ബാനയിലെ ദിവ്യനാഥന്റെ സന്നിധിയില്‍ എല്ലാദിവസവും തുടര്‍ച്ചയായി ഒരു മണിക്കൂര്‍ ചെലവഴിക്കുമെന്നതായിരുന്നു എന്റെ രണ്ടാമത്തെ പ്രതിജ്ഞ. ക്രിസ്തുവിനോടു വ്യക്തിപരമായ ബന്ധമില്ലെങ്കില്‍ ദൈവശാസ്ത്രത്തിലുള്ള പാണ്ഡിത്യമോ സാമൂഹ്യ സേവനമോ പ്രയോജനരഹിതമാണെന്നും, വൈദികര്‍ ക്രിസ്തുവിനെപ്പറ്റി അറിയുകയല്ല, പ്രത്യുത ക്രിസ്തുവിനെ അറിയുകയാണ് പ്രധാനം'' എന്നും ഊന്നിപ്പറയുന്നുമുണ്ട് ഈ അധ്യായത്തില്‍ ബിഷപ്പ് ഷീന്‍.
പുതിയ നിയമ ബൈബിള്‍ വചനങ്ങളിലെ ഒരു ഹൃദ്യമായ വിവരണങ്ങളിലൊന്നാണ് ''അവന്‍ ഒരിടത്തു പ്രാര്‍ഥിച്ചു
കൊണ്ടിരിക്കുകയായിരുന്നു'' (ലൂക്കാ 11, 1) എന്ന് യേശുവിനെ കുറിച്ച് പറയുന്ന ഭാഗം. ക്രിസ്തു പോലും പ്രാര്‍ഥിക്കാന്‍ ഒരിടം കണ്ടെത്തിയിരുന്നു എന്നതാണ് ധ്യാനം. ''പ്രാര്‍ഥനയില്‍ മനുഷ്യന്‍ ദൈവത്തെ ഓര്‍മിക്കുക മാത്രമല്ല, ദൈവം മനുഷ്യനെ ഓര്‍ക്കുക കൂടെയാണ്'' സംഭവിക്കുന്നതെന്ന കവിത്വം തുളുമ്പുന്ന വരികള്‍ ജോണ്‍ പോള്‍ പാപ്പയുടേതാണ്. എല്ലാ പ്രാര്‍ഥനകളിലും വച്ച് ഏറ്റവും വലിയ പ്രാര്‍ഥനയാണ് വിശുദ്ധ കുര്‍ബാന എന്ന് പറയാറില്ലേ,
സത്യത്തില്‍ വി. കുര്‍ബാന എന്താണ്?
''ഇത് നിങ്ങള്‍ എന്റെ ഓര്‍മയ്ക്കായി അനുഷ്ഠിക്കുവിന്‍'' എന്ന, കുരിശില്‍ ക്രൂരമായി കൊലചെയ്യപ്പെട്ട മുപ്പത്തിമൂന്നു വയസുകാരന്റെ തലേ രാത്രിയിലെ വാക്കുകളോടുള്ള ജനത്തിന്റെ ആഴമാര്‍ന്ന വിശ്വസ്തത
പുലര്‍ത്തലല്ലാതെ മറ്റെന്താണ്? ഓരോ ബലിയും ക്രിസ്തുവിന്റെ ഓര്‍മയാചരിക്കലാണല്ലോ. (സീറോ മലബാര്‍ സഭയുടെ കുര്‍ബാന പുസ്തകത്തിലെ പ്രാര്‍ഥനകള്‍ ഒന്ന് ശ്രദ്ധിച്ചാല്‍ മതി) കൂദാശ ചെയ്യപ്പെട്ട ഓര്‍മകളാണ് ഓരോ പ്രാര്‍ഥനയും.
''നിങ്ങള്‍ കൂടുതലായി യേശുവിനെ സ്‌നേഹിക്കുമെങ്കില്‍, നിങ്ങളുടെ പ്രാര്‍ഥനാ ജീവിതവും കൂടുതല്‍ മനോഹരമായിരിക്കും'' എന്ന് വി. ചാള്‍സ് ഡി. ഫൊക്കോള്‍ഡ് പറയുന്നത് എത്ര ശരിയാണ്. സ്‌നേഹം തണുത്തു
പോകുന്നിടത്താണ് നമ്മള്‍ ചിലരെ മറന്നു പോകുന്നത്. അവരെക്കുറിച്ചുള്ള ഓര്‍മകളും മങ്ങിപ്പോകുന്നു.
''നീ ജന്മദിനം ആശംസിക്കാത്തതല്ല, പലരുമെന്നെ ഇന്നലെ പ്രത്യേകം ഓര്‍ത്തപ്പോഴും നീയെന്നെ മറന്നു പോയല്ലോ എന്നതാണ് എന്നെ വേദനിപ്പിച്ചത് '' എന്ന് കലഹിച്ച സ്‌നേഹിതന്‍ നമ്മെ ക്രിസ്തുവിനെ ഓര്‍മിപ്പിക്കുന്നുണ്ടോ? തന്റെ ജനത്തോട് ജറെമിയ പ്രവാചകനിലൂടെ ദൈവം പരിഭവിക്കുന്നത് ഇപ്രകാരമാണ്. ''അതുകൊണ്ട് കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഇതുപോലൊന്ന് ആരെങ്കിലും കേട്ടിട്ടുണ്ടോ എന്ന് ജനതകളുടെ ഇടയില്‍ ആരായുവിന്‍. ഇസ്രായേല്‍ കന്യക അതി
ഭീകരമായ കൃത്യം ചെയ്തിരിക്കുന്നു. എന്റെ ജനം എന്നെ മറന്നുകളഞ്ഞു. വ്യര്‍ഥതകള്‍ക്ക് അവര്‍ ധൂപാര്‍ച്ചന നടത്തുന്നു. അവര്‍ തങ്ങളുടെ പുരാതനപാതകളില്‍ കാലിടറി വീണു; രാജവീഥിവിട്ട് ഊടുവഴികളില്‍ അവര്‍ നടന്നു'' (ജറെമിയാ 18, 13-15).നമ്മള്‍ എന്നു മുതലാണ് വ്യര്‍ഥതകള്‍ക്ക് ധൂപാര്‍പ്പണം നടത്താനാരംഭിച്ചത്? വിശുദ്ധിയുടെ രാജവീഥി വിട്ട് അശുദ്ധിയുടെ ഊടുവഴികളില്‍ എത്ര നാള്‍ നമ്മളലയും? വന്ന വഴികളും എത്തേണ്ട ഇടവും മറക്കുന്നതിന്റെ പേരല്ലേ 'പാപം.' പ്രാര്‍ഥിക്കാനാവാത്ത വിധം തിരക്കിട്ട് നാം നടത്തുന്ന ഓട്ടങ്ങള്‍ ഗുണത്തേ
ക്കാള്‍ ദോഷം കൊണ്ടുവരും വ്യക്തിക്കും, പ്രസ്ഥാനത്തിനും.
ഇന്നലെകളില്‍ രണ്ടു കരിസ്മാറ്റിക്കുകാര്‍ (ജീസസ് യൂത്ത് എന്നും മാറ്റി വായിക്കാം) കണ്ടുമുട്ടിയാല്‍ അവര്‍ ഒരുമിച്ച് പ്രാര്‍ഥിക്കുമായിരുന്നു. ഇന്ന് അവര്‍ പ്രാര്‍ഥനയെക്കുറിച്ച് ചര്‍ച്ച ചെയ്യും; അതാണ് ഇന്നത്തെ ദുരവസ്ഥ എന്ന നിരീക്ഷണം വിഖ്യാത സുവിശേഷകന്‍ റനിയേരേ കന്തല മെസ്സ അച്ചന്റെതാണ്. പ്രാര്‍ഥനയില്‍ സ്ഥിരതയുള്ളവരുടെ എണ്ണക്കുറവാണ് ഇക്കാലത്ത് സഭയും പ്രസ്ഥാനങ്ങളും നേരിടുന്ന ഏറ്റവും വലിയ ദാരിദ്ര്യം.
എത്ര കോണ്‍വെന്റുകള്‍ ഉണ്ട് എന്ന ചോദ്യത്തിന് ഞങ്ങള്‍ക്ക് 538 സക്രാരികളുണ്ടെന്നായിരുന്നു മദര്‍ തെരേസയുടെ മറുപടി (അന്നത്തെ ഏകദേശ കണക്ക്) പലരും പ്രാര്‍ഥിക്കുന്നതും, ഉടമ്പടിയെടുക്കുന്നതും ഈ ലോക ജീവിതത്തിന്റെ ധന്യതക്ക് കോട്ടം തട്ടാതിരിക്കാനാണ് എന്നതാണ് സങ്കടകരം. പ്രാര്‍ഥനയിലെ സ്വാര്‍ഥത വെടിഞ്ഞാല്‍ നമ്മള്‍ അഭിഷേകം പ്രാപിക്കുമെന്ന് ഒരു ധ്യാനഗുരു പറഞ്ഞത് ഓര്‍ക്കുകയാണ്.
വിവിധ രാജ്യങ്ങളിലേക്ക് മക്കള്‍ പോകാന്‍ മുട്ടിപ്പായി (തട്ടിപ്പായി എന്നും പറയേണ്ടി വരുമോ?) പ്രാര്‍ഥിക്കുന്ന പലരും അവര്‍ മോക്ഷ രാജ്യത്തിലേക്ക് പോകാന്‍ വേണ്ടി ചെറുവിരല്‍ അനക്കാറുമില്ല. പ്രാര്‍ഥിച്ച് കൊതിതീരാത്ത ഒരു യുവജനതയെ തൊണ്ണൂറുകളില്‍ കണ്ടിട്ടാണ് പലരും യുവജന നവീകരണ
പ്രസ്ഥാനങ്ങളിലേക്കൊക്കെ ആകൃഷ്ട്ടരായത്. ഇന്ന് നമ്മുടെ പ്രാര്‍ഥനാ ജീവിതം ആരെയെങ്കിലും ക്രിസ്തുവിലെത്തിക്കുമോ?
ഇനി നമുക്ക് ഷീണ്‍ മെത്രാനിലേക്ക് തിരിച്ചു വരാം. അതിപ്രശസ്തനായ ബൈബിള്‍ പ്രഘോഷകന്‍, പാപ്പമാരുടെ പ്രിയപ്പെട്ടവന്‍, അമേരിക്കയെ പോലെ ഒന്നിനും കുറവില്ലാത്ത അതിസമ്പന്ന രാജ്യത്തിന്റെ സുഖലോലുപത
കള്‍ ഒരു ഭാഗത്ത്, തന്റെ വാക്കുകള്‍ക്ക് കാതോര്‍ക്കുന്ന ജനലക്ഷങ്ങളുടെ ആരാധന മറു ഭാഗത്ത്. ഇതൊക്കെ മതിയാകും ഒരാളെ വഴിതെറ്റിക്കാന്‍. അതുമല്ലെങ്കില്‍ വ്യതിചലിപ്പിക്കാന്‍. എന്നാല്‍, ഇത്തരം ലോകം വച്ചു നീട്ടുന്ന പ്രലോഭനങ്ങളുടെ വിലക്കപ്പെട്ട കനികള്‍ തന്നെ കീഴടക്കാതിരിക്കാന്‍ വാഴ്ത്തപ്പെട്ട ഫുള്‍ട്ടണ്‍ ജെ. ഷീന്‍ തന്റെ ജീവിതത്തെ രൂപപ്പെടുത്താന്‍ മുടക്കം വരാത്ത ഒരു മണിക്കൂര്‍ സമയമെങ്കിലും ദിവ്യകാരുണ്യ നാഥന്റെ മുമ്പില്‍ അഭയം പ്രാപിച്ചു. ലോകത്തിന്റെ മധുര സ്വരങ്ങള്‍ക്ക് നേരേ കണ്ണും കാതും കൊട്ടിയടച്ച് ദൈവ സ്വരത്തിന് കാതോര്‍ത്തു.
തന്റെ അനുദിന ജീവിതത്തെ മുടങ്ങാതെ ദിവ്യകാരുണ്യ നാഥന് സമര്‍പ്പിച്ചു കൊണ്ടിരുന്നു. പരിശുദ്ധ അമ്മയെ കൂടാതെ തന്റെ ആത്മീയ യാത്രയില്‍ വിശ്വസ്തതയോടെയും, വിശുദ്ധിയോടെയും മുന്നോട്ട് പോകാന്‍ ആവില്ല എന്ന തിരിച്ചറിവില്‍ തന്നെ തന്നെ മാതാവിനെ ഭരമേല്‍പിച്ചു. നമുക്ക് നമ്മോട് ചോദിക്കാം. നമ്മുടെ ദിവസത്തെയും ജീവിതത്തെയും രൂപപ്പെടുത്തുന്നത് ആരാണ്?
ഒരു ആത്മീയ പ്രസിദ്ധീകരണത്തില്‍ വന്ന ഈ വാക്കുകള്‍ ഹൃദയത്തെ വല്ലാതെ സ്പര്‍ശിച്ചു, നമുക്കത് ധ്യാനപൂര്‍വം ഹൃദയത്തോട് ചേര്‍ക്കാം. 'ഒരു നാള്‍ ദൈവം ഓരോരുത്തര്‍ക്കും പ്രവൃത്തികള്‍ക്കനുസരിച്ച് പ്രതിഫലം
കൊടുക്കുമ്പോള്‍ നമുക്കിടയിലെ ചില പ്രഘോഷകരൊക്കെ എന്തു മാത്രം അത്ഭുതപ്പെടും?' കര്‍ത്താവേ, അവരെല്ലാം ഞാന്‍ വഴി
മാനസാന്തരപ്പെട്ടവരാണ്; അനേകരെ അങ്ങയുടെ അജഗണത്തിലേക്ക് കൊണ്ടുവന്ന ആ ശുശ്രൂഷ നടത്തിയത് ഞാനായിരുന്നു.'' അതെ, പ്രഘോഷിച്ചത്, അഭ്യര്‍ഥിച്ചത്, പ്രേരിപ്പിച്ചത് എല്ലാം ഞാനായിരുന്നു; പക്ഷേ, പ്രാര്‍ഥിച്ചത് 'ഞാനാ'യിരുന്നോ? ഓരോ മാനസാന്തരവും വിശ്വാസികളുടെ പ്രാര്‍ഥനക്കുള്ള പരിശുദ്ധാത്മാവിന്റെ ഉത്തരം നല്‍ലാണ്. ഒരു ആത്മീയ ശുശ്രൂഷകന്‍ കൂടുതല്‍ പ്രാര്‍ഥനയില്‍ ആയിരിക്കാന്‍ ദൈവം ആഗ്രഹിക്കുന്നു. കാരണം ശുശ്രൂഷയിലെ എല്ലാ വിജയവും പ്രാര്‍ഥനയെ ആശ്രയിച്ചാണിരിക്കുന്നത്. ഒട്ടും പ്രാര്‍ഥിക്കാത്ത ഒരു പ്രഘോഷകന്
തന്റെ ശുശ്രൂഷയുടെ ഫലങ്ങള്‍ കാണാന്‍ സാധിക്കുകയില്ല. അഥവാ കാണുന്നുണ്ടെങ്കില്‍ അത് ആരെങ്കിലും എവിടെയെങ്കിലും ഇരുന്ന് പ്രാര്‍ഥിക്കുന്നതുകൊണ്ടാണ്. ആ ഫലം പ്രാര്‍ഥനയുടേതാണ്, പ്രഘോഷക
ന്റെതല്ല! (ശാലോം ടൈംസ്). പ്രാര്‍ഥിക്കാം, നമുക്ക് സമാധാനം.

തൃശ്ശൂര്‍ സ്വദേശിയായ ശശി ഇമ്മാനുവല്‍ തൃശ്ശൂര്‍ നിര്‍മല മാതാ സെന്‍ട്രല്‍ സ്‌കൂളില്‍ വാല്യൂ എഡ്യൂക്കേഷന്‍ ടീച്ചറായി ജോലി ചെയ്യുന്നു. ഭാര്യ അമ്പിളി, മൂന്ന് മക്കള്‍.



Comments