top of page

അഞ്ചുപേരുടെ ഓർമകളിൽ ആറുവീടുകൾ | യുവ ഫോക്കസ് | KAIROS MALAYALAM | APRIL 2025

Smitha.sk2009
4 days ago
3 min read

കോഴിക്കോട് പൂക്കിപ്പറമ്പിൽ 2001ൽ നടന്ന ബസ് അപകടത്തിൽ മരിച്ച 5 ചെറുപ്പക്കാരുടെ ഓർമ്മകളിൽ സുഹൃത്തുക്കൾ ഭവനരഹിതർക്ക് ആറു വീടുകൾ സമ്മാനിച്ചു . ഇതേക്കുറിച്ച് ഉള്ളതാണ് ഈ ലേഖനം.


2001 മാര്‍ച്ച് 11-ന് ആയിരുന്നു കോഴിക്കോട് ജില്ലയിലെ പൂക്കിപ്പറമ്പില്‍ നാടിനെ നടുക്കിയ ബസപകടം നടന്നത്. ജീസസ് യൂത്ത് ഔട്ട്‌റീച്ച് ഫുള്‍ടൈമേഴ്‌സ് ആയിരുന്ന അഞ്ചു പേരാണ് പൂക്കിപ്പറമ്പ് ബസപകടത്തില്‍പ്പെട്ട് വെന്തുമരിച്ചത്. ഇടുക്കി ജില്ലയിലെ രാജപുരത്ത് 10 ദിവസത്തെ ഔട്ട്‌റീച്ച് ശുശ്രൂഷകള്‍ കഴിഞ്ഞു മടങ്ങുമ്പോഴാണ് അവര്‍ സഞ്ചരിച്ചിരുന്ന ബസ് അപകടത്തില്‍പ്പെട്ടത്. രാത്രിയായതുകൊണ്ട് യാത്രക്കാര്‍ മിക്കവരുംതന്നെ ഉറക്കത്തില്‍ ആയിരുന്നത് അപകടത്തിന്റെ തീവ്രത വര്‍ധിപ്പിച്ചു. കോഴിക്കോട് ജില്ലയിലെ കൂരാച്ചുണ്ട് ഇടവകാംഗമായ റോയി ചുവപ്പുങ്കല്‍, ചെമ്പനോടയിലെ രജനി മാത്യു കാവില്‍പുരയിടത്തില്‍, റീന സെബാസ്റ്റ്യന്‍ പാലറ, ബിന്ദു ദേവസ്യ വാഴേകടവത്ത്, ഷിജി തോമസ് കറുത്തപാറക്കല്‍ എന്നീ അഞ്ചു ജീസസ് യൂത്തുകള്‍ ആണ് അപകടത്തില്‍ മരിച്ചത്. അപകടത്തില്‍പ്പെട്ട ബസ്സില്‍ നിന്നും റോയ് സുരക്ഷിതനായി പുറത്തുവന്നെങ്കിലും കൂട്ടുകാരെ രക്ഷിക്കാനായി വീണ്ടും ബസിനകത്തേക്ക് കയറിയ റോയ് ബസിനകത്തുനിന്ന് ബിന്ദുവിനെ പുറത്തെത്തിച്ചെങ്കിലും മറ്റുള്ളവരെ രക്ഷിക്കാനുള്ള പരിശ്രമത്തിനിടയില്‍ റോയിയും മറ്റു മൂന്നുപേരും അഗ്‌നിഗോളങ്ങളില്‍ കത്തിയമര്‍ന്നു. ഗുരുതരമായി പൊള്ളലേറ്റ ബിന്ദു പിന്നീട് ആശുപത്രിയില്‍ വച്ചാണ് മരിച്ചത്. ബിന്ദുവില്‍ നിന്നാണ് കൂടുതല്‍ വിവരങ്ങള്‍ സുഹൃത്തുക്കള്‍ അറിഞ്ഞത്. ഈ ബസ് അപകടത്തില്‍ അന്ന് 44 പേര്‍ മരിച്ചു.


പൂക്കിപ്പറമ്പ് ബസപകടത്തില്‍ മരിച്ച ഈ 5 രക്തസാക്ഷികളുടെ സ്മരണയ്ക്കായാണ് അവരുടെ സഹപ്രവര്‍ത്തകരായ ജീസസ് യൂത്ത് അംഗങ്ങള്‍ വീടുകള്‍ നിര്‍മിച്ചു നല്‍കുന്നത്. 2025 മാര്‍ച്ച് 11-ന് ഇവര്‍ മരിച്ചിട്ട് 25 വര്‍ഷം പൂര്‍ത്തിയായി. കോഴിക്കോട് ജില്ലയില്‍ കൂടത്തായില്‍ അഞ്ചു വീടുകളും കൂരാച്ചുണ്ടില്‍ മറ്റൊരു വീടും ആണ് ഇവര്‍ നിര്‍മിച്ചു നല്‍കുന്നത്. വിലങ്ങാട് ഉരുള്‍പൊട്ടലില്‍ ഭവനങ്ങള്‍ നഷ്ടപ്പെട്ട നാല് കുടുംബങ്ങള്‍, ഒരു അക്രൈസ്തവകുടുംബം, പിന്നെ മറ്റൊരു കുടുംബത്തിനും വേണ്ടിയാണ് വീടുകള്‍. ജീസസ് യൂത്തിന്റെ നല്ല അയല്‍ക്കാരന്‍ പ്രോജക്റ്റിന്റെ നേതൃത്വത്തിലാണ് ഈ പദ്ധതി നടക്കുന്നത്. ജീസസ് യൂത്തായ അനേകം പേരുടെ വരുമാനത്തിന്റെ ദശാംശത്തില്‍ നിന്നാണ് നിര്‍മാണ ചെലവിനുള്ള പണമെല്ലാം കണ്ടെത്തിയത്.


പൊതുസമ്മേളനം നടത്തിയല്ല ഈ വീടുകളുടെ താക്കോല്‍ കൈമാറുന്നത് എന്നത് എടുത്തു പറയേണ്ട കാര്യമാണ്. കാരണം വലതുകരം ചെയ്യുന്നത് ഇടതുകരമറിയാതിരിക്കണമെന്ന ദൈവവചനം ഹൃദയത്തില്‍ ചേര്‍ത്തു നിറുത്തുന്നതിനാലാണ് അത്തരമൊരു നന്മ പ്രവൃത്തി അവലംബിച്ചത്. വിശുദ്ധ ഫ്രാന്‍സിസ് അസ്സീസിയുടെ സമാധാന പ്രാര്‍ഥനയും മരണമടഞ്ഞ അഞ്ചു പേരുടെയും ഫോട്ടോകള്‍ അനാച്ഛാദനം ചെയ്തതും വീടുകളിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് ഒരുക്കിയിട്ടുണ്ട്.


ജീസസ് യൂത്ത് മുന്‍ നാഷണല്‍ ടീമംഗവും ഇന്റര്‍നാഷണല്‍ മിഷന്‍ ടീം അംഗവും കേരളത്തിലെ ജീസസ് യൂത്തിന്റെ ആനിമേറ്ററും കൂടത്തായി സെന്റ് മേരീസ് ഹൈസ്‌കൂളിലെ അധ്യാപകനുമായ റെജി കരോട്ടാണ് ഈ പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ എല്ലാംതന്നെ ഏകോപിപ്പിച്ചത്. ജീസസ് യൂത്ത് ഇന്റര്‍നാഷണല്‍ ആനിമേറ്റര്‍ ആയിരുന്ന ഫാ. എബ്രഹാം പള്ളിവാതുക്കല്‍ എസ്.ജെ യുടെ നിര്‍ദേശങ്ങള്‍ ഈ പദ്ധതിയുടെ മുന്നോട്ടുള്ള സജീവമായ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജവും ജീവനും നല്‍കുവാന്‍ ഇടയായി എന്നത് എടുത്തു പറയേണ്ടതാണ്. വെറും 23,000 രൂപയാണ് പദ്ധതിയുടെ തുടക്കത്തില്‍ കൈവശമുണ്ടായിരുന്നത്. എങ്കിലും കര്‍ത്താവിന്റെ വലിയ സംരക്ഷണത്തില്‍ വിശ്വാസമര്‍പ്പിച്ച് മുന്നോട്ട് ചുവടുവച്ചു. ജീസസ് യൂത്ത് അംഗങ്ങള്‍ പലരും അകമഴിഞ്ഞ് സഹായിച്ചു. ചോദിച്ചതും അതില്‍ ഇരട്ടിയുമൊക്കെ തന്നുകൊണ്ട് പലരും ഈ ഒരു സ്‌നേഹ സംരംഭത്തില്‍ കൈകോര്‍ക്കുകയായിരുന്നു.


ഈ സുഹൃത്തുക്കളുടെ പേരില്‍ വീട് നല്‍കാമെന്ന ആശയം റെജി കാരോട്ട് പറഞ്ഞപ്പോള്‍ മറ്റുള്ളവര്‍ അത് സന്തോഷത്തോടെ സ്വീകരിക്കുകയും അവര്‍ ഒത്തൊരുമിച്ച് മുന്നോട്ട് പോകുകയും ചെയ്തു. ആദ്യം അഞ്ചുവീട് എന്നാണ് തീരുമാനിച്ചിരുന്നത് എങ്കിലും പള്ളിവാതുക്കലച്ചന്റെ നിര്‍ദേശപ്രകാരം ആറ് വീടുകള്‍ ഉയര്‍ന്നു. ''ഈശോ പഠിപ്പിച്ചത് പോലെയാണ് നമ്മള്‍ പ്രവര്‍ത്തിക്കേണ്ടത്. ഈശോ ചിന്തിച്ചതുപോലെ വിശാലമായ അര്‍ഥത്തിലും ചിന്തിക്കേണ്ടവരല്ലേ നമ്മള്‍. പുതിയ ആകാശവും പുതിയ ഭൂമിയും എന്നു ക്രിസ്തു പഠിപ്പിക്കുമ്പോള്‍ അത് എല്ലാ മനുഷ്യരെയും ഉള്‍ക്കൊള്ളുന്ന തരത്തില്‍ ആണെന്നുള്ളത് നമ്മള്‍ തിരിച്ചറിയണം.'' അച്ചന്റെ വാക്കുകള്‍ വിശ്വാസത്തിലാഴപ്പെടാനും തീക്ഷ്ണതയില്‍ നിറയാനും സഹായകമായി. 2001-ല്‍ അച്ചന്‍ ജര്‍മനിയില്‍ ധ്യാനം നടത്തുന്നതിനിടയില്‍ ആയിരുന്നു അപകടവാര്‍ത്ത അറിഞ്ഞത്. തിരികെ നാട്ടിലെത്തിയതിനുശേഷം അഞ്ചുപേരുടെയും ഭവനങ്ങളില്‍ എത്തുകയും പ്രാര്‍ഥിക്കുകയും കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കുകയും ചെയ്തു. അക്രൈസ്തവരായ ആളുകളെ കൂടി പരിഗണിക്കണമെന്ന അച്ചന്റെ നിര്‍ദേശം, മാനവകുലത്തെ മുഴുവന്‍ രക്ഷിക്കാന്‍ വന്ന ക്രിസ്തുവിന്റെ മനോഭാവത്തോട് അനുരൂപമാകുന്നതാണെന്ന് തെളിയുകയായിരുന്നു ഈ പ്രവൃത്തിയിലൂടെ.


ഒരിക്കല്‍ സ്‌കൂളില്‍ നിന്ന് ടൂര്‍ പോകാന്‍ തീരുമാനിച്ചപ്പോള്‍ പണമില്ലാത്തതിന്റെ പേരില്‍ ഒരു പെണ്‍കുട്ടി വരില്ലെന്ന് അറിയിച്ചു. അതറിഞ്ഞ് അധ്യാപകനായ റെജി കാരോട്ട് അവരുടെ വീട്ടില്‍ പോയി. അവിടെ ചെന്നപ്പോഴാണ് കുടുംബത്തിന്റെ ദയനീയ അവസ്ഥ മനസ്സിലാക്കുന്നത്. പത്തുവര്‍ഷത്തിനുമേലായി വീടു പണി ആരംഭിച്ചിട്ട്, എങ്കിലും സ്ട്രക്ചര്‍ തീര്‍ത്തതിനുശേഷം പിന്നെയങ്ങോട്ട് പണിയൊന്നും നടന്നിട്ടുണ്ടായിരുന്നില്ല. അതിനിടയില്‍ കുടുംബനാഥന്‍ രോഗബാധിതനായി. സിമന്റ് ഇടാത്ത തറയും ജനലുകളും വാതിലുകളും ഒന്നും ഇല്ലാത്ത വീടും ഒട്ടും സുരക്ഷിതമല്ലാത്ത അവസ്ഥയിലായിരുന്നു. പണം നല്‍കി പെണ്‍കുട്ടിയെ ടൂറിനു കൊണ്ടുപോകുകയും പിന്നീട് വീട് നല്‍കുന്നതിനെപ്പറ്റി പ്ലാന്‍ നടന്നപ്പോള്‍ ഈ കുടുംബത്തിനായി വീട് നിര്‍മാണം പൂര്‍ത്തിയാക്കി നല്‍കാമെന്ന് തീരുമാനത്തിലേക്ക് എത്തുകയായിരുന്നു. ഭവനം നിര്‍മിച്ച് നല്‍കുന്നതിനായി അക്രൈസ്തവ കുടുംബത്തെ കണ്ടെത്താന്‍ ഇങ്ങനെയൊരു സംഭവത്തിലൂടെ ഇടയായതും നന്നായി.


അഞ്ചു വീടുകളും ഒരേ സ്ഥലത്തുതന്നെ നിര്‍മിക്കാനാണ് ആലോചന ഉണ്ടായിരുന്നതെങ്കിലും സ്ഥലത്തിന്റെ രൂപരേഖ അനുസരിച്ച് അതിന് കഴിയാതെ വന്നു. അപ്പോള്‍ അപകടത്തില്‍ മരിച്ച റോയിയുടെ കുടുംബം കൂരാച്ചുണ്ടില്‍ ഒരു വീടിനുള്ള സ്ഥലം നല്‍കി, നിര്‍മാണ ചെലവിന്റെ ഭൂരിഭാഗവും അവര്‍ തന്നെയാണ് വഹിച്ചത്. അങ്ങനെ വിലങ്ങാടുനിന്ന് നാല് കുടുംബങ്ങള്‍ക്കായി വീട് നല്‍കുവാന്‍ തീരുമാനമായി. അവര്‍ക്ക് വരുമാന മാര്‍ഗങ്ങള്‍ ഒന്നുമില്ലായെന്ന് കണ്ട്, സ്ഥലം പാട്ടത്തിന് എടുത്ത് കൃഷി ചെയ്യാനുള്ള ഒരു പദ്ധതിയെക്കുറിച്ച് ആലോചിക്കുകയാണെന്ന് റെജി കാരോട്ട് പറയുകയായിരുന്നു.


അക്രൈസ്തവ കുടുംബത്തിന്റെ വീടിനായി, മാര്‍ച്ച് 10-ന് താമരശ്ശേരി രൂപത അധ്യക്ഷന്‍ മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍ താക്കോല്‍ കൈമാറി. കൂടത്തായിയില്‍ പൂര്‍ത്തീകരിച്ച നാല് വീടുകളുടെ വെഞ്ചിരിപ്പും താക്കോല്‍ദാനവും മാര്‍ച്ച് 11-ന് മാര്‍ ഇഞ്ചനാനിയില്‍ നിര്‍വഹിച്ചു. കുരാച്ചുണ്ടില്‍ നിര്‍മിച്ച ഭവനത്തിന്റെ വെഞ്ചിരിപ്പും താക്കോല്‍ദാനവും ഏപ്രില്‍ 26-ന് നിര്‍വഹിക്കും. അന്നേദിവസം തന്നെ വൈകിട്ട് 4 മണിക്ക് ലൂര്‍ദ് മാതാ ദേവാലയത്തില്‍ ജീസസ് യൂത്തിന്റെ എക്ലെസിയാസ്റ്റിക്കല്‍ അഡൈ്വസറും കണ്ണൂര്‍ രൂപത അധ്യക്ഷനുമായ അലക്‌സ് വടക്കുംതലയുടെ മുഖ്യകാര്‍മികത്വത്തില്‍ ദിവ്യബലിയര്‍പ്പിക്കും.


എല്ലാവര്‍ഷവും മാര്‍ച്ച് 11-ന് മുമ്പുള്ള ഞായറാഴ്ച ജീസസ് യൂത്ത് അംഗങ്ങളെല്ലാവരും ചേര്‍ന്ന് അഞ്ചുപേരുടെയും ഭവനങ്ങള്‍ സന്ദര്‍ശിക്കാറുണ്ട്. മുടക്കമില്ലാതെ ഈ ഭവന സന്ദര്‍ശനം തുടരുന്നു. ''അവസാനശ്വാസം വരെയും യേശുവിനെ പ്രതി ജ്വലിച്ച ഹൃദയങ്ങളാണ് ഈ അഞ്ചുപേരുടെയും. ഇവര്‍ സഭയുടെ ധീര രക്തസാക്ഷികളാണ്.'' താമരശ്ശേരി രൂപതാധ്യക്ഷനായിരുന്ന ഭാഗ്യസ്മരണാര്‍ഹനായ ബിഷപ്പ് മാര്‍ പോള്‍ ചിറ്റിലപ്പള്ളി പിതാവ്, അവരുടെ സംസ്‌കാര ചടങ്ങില്‍ നടത്തിയ പ്രസംഗത്തിലെ വാക്കുകളാണിവ. വീടുകളുടെ നിര്‍മാണം തുടങ്ങിയ നേരത്തുതന്നെ ജീസസ് യൂത്ത് അംഗങ്ങള്‍ ചേര്‍ന്ന് ഒരു പ്രാര്‍ഥനയും ആരംഭിച്ചിരുന്നു. ധാരാളം ജീസസ് യൂത്ത് അംഗങ്ങള്‍ എല്ലാ ദിവസവും രാവിലെ 5:00 മണിക്ക് പലസ്ഥലങ്ങളില്‍ ആണെങ്കിലും ഒരുമിച്ച് പ്രാര്‍ഥനയില്‍ വരും. പ്രാര്‍ഥിക്കാനായി ഒരു കാര്‍ഡും അച്ചടിച്ചിരുന്നു. ഏതാണ്ട് ഒരുകോടിയോളം വരുന്ന തുകയാണ് ഈ വീടിന്റെ നിര്‍മാണ ചെലവായി വന്നിട്ടുള്ളത്. സ്വര്‍ഗത്തിലിരിക്കുന്ന അഞ്ചുപേരുടെ പ്രാര്‍ഥനകളും അവരുടെ മാധ്യസ്ഥ്യം യാചിച്ചുകൊണ്ടുള്ള അനേകരുടെ പ്രാര്‍ഥനകളും ആഴമായ ദൈവവിശ്വാസവുമൊക്കെ ഇതിന്റെ പിന്നിലെ വലിയ പ്രേരകശക്തികളായിരുന്നു എന്നുവേണം പറയാന്‍. ദൈവനാമത്തില്‍ ഒത്തൊരുമിച്ചുള്ള പ്രാര്‍ഥനയിലൂടെ ഏതു വന്‍കാര്യങ്ങളും ചെയ്യാനാകും എന്നതിന് ഉത്തമ ദൃഷ്ടാന്തവും കൂടിയാണ് ഈ വീട് നിര്‍മാണവും സമര്‍പ്പണവും.

 
 
 

Comments


Kairos USA

Kairos INDIA

Kairos UK

     Kairos International Inc. 700 Louisiana St, Houston, TX. USA 77002

     Kairos Media, No 8/174, Navodaya Studio Complex, Thengod P.O, Cochin, Kerala, India. Pin: 682030

     Kairos Media, St Charles Street, Sheffield S9 3WU, United Kingdom

COPYRIGHT © 2021 KAIROS MEDIA, JESUS YOUTH

bottom of page