top of page

അത്ഭുതങ്ങളുടെ പുസ്തകം | ഫമിലിയ/മൈസ്റ്റോറി | ഡോ. മരിയ മെറിൻ ആന്റണി | KAIROS MALAYALAM | APRIL 2025

ഡോ. മരിയ മെറിൻ ആന്റണി
4 days ago
3 min read

2019ല്‍ ആണ് ഞാന്‍ സിംഗപ്പൂരില്‍ എത്തിയത്. ഒരു പ്രൊഫസറായി കരിയര്‍ കെട്ടിപ്പടുക്കുക എന്ന വലിയ സ്വപ്നവുമായി എന്റെ പിഎച്ച്ഡി യാത്ര അങ്ങനെ ആരംഭിച്ചു. അപ്പോഴൊന്നും എന്റെ ജീവിതത്തിനായി ദൈവത്തിന് അതിലും വലിയ ഒരു പദ്ധതിയുണ്ടെന്ന് എനിക്കറി യില്ലായിരുന്നു. എന്റെ വിശ്വാസത്തെ പരീക്ഷിക്കുകയും അവനിലുള്ള എന്റെ വിശ്വാസം ശക്തിപ്പെടുത്തുകയും ഞാന്‍ നേരിട്ട എല്ലാ വെല്ലുവിളികളിലും അവന്റെ ശക്തമായ കരം വെളിപ്പെടു കയും ചെയ്ത സമയം.


ഞങ്ങളുടെ വിവാഹശേഷം, സ്വാഭാവികമായും ഒരു കുഞ്ഞിനായി എല്ലാവരെയും പോലെ ഞങ്ങളും ആഗ്രഹിച്ചു; പക്ഷേ, ശസ്ത്രക്രിയ കൂടാതെ ഗര്‍ഭം ധരിക്കുക അസാധ്യമാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. എന്നിരുന്നാലും, മണിക്കൂറുകള്‍ പ്രാര്‍ഥനയിലും പരിശുദ്ധ കുര്‍ബാനയിലും ഞങ്ങളുടെ സങ്കടം സമര്‍പ്പിച്ചതിലൂടെ, യേശു അത്ഭുതകരമായി എന്നെ സ്പര്‍ശിച്ചു. ഡോക്ടര്‍മാരെ അത്ഭുതപ്പെടുത്തിക്കൊണ്ട്, ഞാന്‍ സ്വാഭാവികമായി ഗര്‍ഭം ധരിച്ചു, ദൈവത്തിന് ഒന്നും അസാധ്യമല്ലെന്ന് വീണ്ടും തെളിഞ്ഞു (മത്താ 19, 26).


കോവിഡ് കാലത്തെ എന്റെ ആദ്യ ഗര്‍ഭധാരണകാലം അനിശ്ചിതത്വവും ഏകാന്തതയും നിറഞ്ഞതായിരുന്നു. ലോക്ക്ഡൗണുകള്‍ക്കിടയില്‍, ഒരു കുഞ്ഞിനെ പ്രതീക്ഷിക്കുമ്പോള്‍ ഞാന്‍ സിംഗപ്പൂരില്‍ ഒറ്റയ്ക്കായിരുന്നു. എന്നാല്‍, ആ ഒറ്റപ്പെട്ട നിമിഷങ്ങളില്‍, ദൈവം തന്റെ ദൂതരായി കുറേ ആളുകളെ എന്റെ ജീവിതത്തിലേക്ക് അയച്ചു. അപ്രതീക്ഷിതമായ കണ്ടുമുട്ടലുകള്‍ ശക്തിയുടെയും പ്രോത്സാഹനത്തിന്റെയും ഉറവിടങ്ങളായി മാറി. ആ സമയം അത്ഭുതകരമായി, കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവുണ്ടാക്കുകയും പ്രസവത്തിനായി പ്രതീക്ഷിച്ചതിലും നേരത്തെ ഇന്ത്യയിലേക്ക് മടങ്ങാന്‍ എനിക്ക് അവസരം ഒരുങ്ങുകയും ചെയ്തു. ആ നിര്‍ണായക സമയത്ത് എന്റെ കുടുംബത്തോടൊപ്പം ആയിരിക്കാന്‍ എനിക്ക് അവസരം ലഭിച്ചു. വിമാന നിയന്ത്രണങ്ങള്‍ കാരണം ഏഴ് മാസം നാട്ടില്‍ തുടരാനും ആവശ്യമായ വിശ്രമവും പരിചരണവും ലഭിക്കാനും ഇടവന്നു. ഒരു ദൈവിക സമ്മാനമായി ഇതിനെയെല്ലാം ഞാന്‍ കരുതുന്നു.


തിരിച്ചു സിംഗപ്പൂരിലേക്ക് വരാനുള്ള സമയമായപ്പോള്‍, ഞാന്‍ ഒരു വേദനാജനകമായ ചോദ്യത്തെ അഭിമുഖീകരിച്ചു. സിംഗപ്പൂരില്‍ പിഎച്ച്ഡി തുടരണോ അതോ ഇന്ത്യയില്‍ എന്റെ കുഞ്ഞിനൊപ്പം താമസിക്കണോ? എന്റെ ഹൃദയം എന്റെ കുഞ്ഞിനൊപ്പം തുടരാന്‍ ആഗ്രഹിച്ചു; പക്ഷേ, തിരിച്ചു വന്നില്ലെങ്കില്‍ സിംഗപ്പൂരിലെ എന്റെ കോണ്‍ട്രാക്ട് ബ്രേക്ക് ആകുവാനും അതുവഴി സാമ്പത്തിക ബാധ്യതകള്‍ ഉണ്ടാകാനും സാധ്യതയുണ്ടെന്ന് ഞാന്‍ മനസ്സിലാക്കി. അതുകൊണ്ടുതന്നെ എനിക്ക് മടങ്ങുകയല്ലാതെ മറ്റ് മാര്‍ഗമില്ലായിരുന്നു. എന്റെ ജീവിതത്തിലെ ഏറ്റവും ഭാരമേറിയ നിമിഷങ്ങളില്‍ ഒന്നായിരുന്നു അത്. പക്ഷേ, ഒരിക്കല്‍ കൂടി ദൈവം ഇടപെട്ടു. എല്ലാ നിയമ തടസ്സങ്ങള്‍ക്കും അപ്പുറമായി, എന്റെ ഭര്‍ത്താവിനും കുഞ്ഞിനും ഒരാഴ്ചയ്ക്കുള്ളില്‍ പ്രത്യേക വിസ അംഗീകാരം ലഭിച്ചു, കോവിഡിന്റെ കര്‍ശനമായ യാത്രാ നിയന്ത്രണങ്ങള്‍ക്കിടയിലും സിംഗപ്പൂരില്‍ വീണ്ടും ഒന്നിക്കാന്‍ ഞങ്ങളെ ദൈവം അനുവദിച്ചു. ഇത് സ്വര്‍ഗത്തിന്റെ ഇടപെടലായിരുന്നു. ഡോക്ടര്‍മാരിലൂടെയും ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥരിലൂടെയും ദൈവിക ഇടപെടലുണ്ടായി.


എന്റെ പിഎച്ച്ഡിയുടെ യാത്ര അത്ര എളുപ്പമായിരുന്നില്ല. ആദ്യത്തെ പ്രധാന നാഴികക്കല്ലായ യോഗ്യതാ പരീക്ഷ ( QE), ഒരു വലിയ വെല്ലുവിളിയായി മാറി. പരീക്ഷയ്ക്ക് തൊട്ടുമുമ്പ്, എന്റെ കുഞ്ഞിന്റെ വിസ എക്സ്റ്റന്‍ഷന്‍ നിഷേധിക്കപ്പെട്ടു, അത് എന്റെ ഹൃദയം തകര്‍ക്കുകയും ഒന്നിലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയാത്തവളായി എന്നെ മാറ്റുകയും ചെയ്തു. പരീക്ഷയിലേക്ക് നയിക്കുന്ന മോക്ക് പ്രസന്റേഷനുകള്‍ വന്‍ പരാജയമായിരുന്നു. എന്നാല്‍, യഥാര്‍ഥ പരീക്ഷയില്‍ അത്ഭുതകരമായ ദൈവിക ഇടപെടല്‍ ഉണ്ടായി.


ആത്മവിശ്വാസത്തോടെ പരീക്ഷയെ നേരിടാന്‍ എനിക്ക് കഴിഞ്ഞു. എന്നെ നയിച്ച കര്‍ത്താവിന്റെ കൈ എന്റെ മേലുണ്ടായിരുന്നു. ''കര്‍ത്താവാണ് എന്റെ സഹായകന്‍; ഞാന്‍ ഭയപ്പെടുകയില്ല; മനുഷ്യന് എന്നോട് എന്തു ചെയ്യാന്‍ കഴിയും?'' (ഹെബ്രാ 13, 6). ഈ വചനം എന്റെ ജീവിതത്തില്‍ നൂറുശതമാനം ഫലംചൂടി.


ഈ സാഹചര്യങ്ങള്‍ക്കെല്ലാം ഇടയില്‍, ദൈവം ഞങ്ങള്‍ക്ക് രണ്ടാമത്തെ കുഞ്ഞിനെ നല്‍കി അനുഗ്രഹിച്ചു. രണ്ട് കുഞ്ഞുങ്ങളെയുമായിഞാന്‍ എങ്ങനെ പിഎച്ച്ഡി പഠനം തുടരുമെന്ന് ചുറ്റുമുള്ള പലരും എന്നോട് ചോദിച്ചു. സിംഗപ്പൂരിലെ പ്രൊഫഷണല്‍ അന്തരീക്ഷത്തില്‍, ഇത് മിക്കവാറും അസാധ്യമാണെന്ന് എല്ലാവരെയും പോലെ ഞാനും കരുതി. എന്നിരുന്നാലും, എന്നെ പ്രോത്സാഹിപ്പിച്ച എന്റെ പ്രിയപ്പെട്ടവരിലൂടെയും എന്റെ കുഞ്ഞുങ്ങളെ നോക്കാന്‍ വോളണ്ടറി റിട്ടയര്‍മെന്റെടുത്ത് വലിയ ത്യാഗം ചെയ്ത എന്റെ അമ്മയിലൂടെയും ദൈവം എന്നെ ശക്തിപ്പെടുത്തി. എന്റെ ചില സഹപ്രവര്‍ത്തകരുടെ വിമര്‍ശനങ്ങള്‍ക്കിടയിലും, ദൈവത്തിന്റെ പദ്ധതി ഒരിക്കലും പരാജയപ്പെടില്ലെന്ന് അറി

ഞ്ഞുകൊണ്ട് ഞാന്‍ മുന്നോട്ടുപോയി.


യാത്രകള്‍, വിസ അനിശ്ചിതത്വങ്ങള്‍, എന്റെ കുഞ്ഞുങ്ങളെ വേര്‍പിരിയുന്ന തിന്റെ വൈകാരിക പ്രക്ഷുബ്ധത എന്നിവയെല്ലാം പലപ്പോഴും എന്നെ പഠനം ഉപേക്ഷിക്കുന്നതിന്റെ വക്കിലേക്ക് തള്ളിവിട്ടു. എന്നാല്‍, ഞാന്‍ എന്റെ തകര്‍ച്ചയുടെ ഘട്ടത്തിലെത്തിയപ്പോഴെല്ലാം, ദൈവം അപ്രതീക്ഷിതമായ രീതിയില്‍ സഹായം അയച്ചു. എല്ലാ ആവശ്യങ്ങളിലും ദൈവസഹായം കൂടെയുണ്ടായിരുന്നു. ശരിയായ സമയത്ത് വിസ പുതുക്കിക്കിട്ടി. എന്നെ ചേര്‍ത്തുപിടിച്ച ആളുകളിലൂടെ ദൈവത്തിന്റെ കരുതല്‍ ഞാന്‍ അനുഭവിച്ചു. ക്ഷീണത്തിന്റെയും വിഷാദത്തിന്റെയും നിസ്സഹായത യുടെയും എണ്ണമറ്റ നിമിഷങ്ങളിലെല്ലാം ദൈവം വിശ്വസ്തനായി കൂടെ നിന്നു


ഒടുവില്‍, മൂന്ന് വര്‍ഷവും എട്ട് മാസവും കഴിഞ്ഞപ്പോള്‍ എന്റെ പ്രബന്ധം വിജയകരമായി സമര്‍പ്പിച്ചു. അങ്ങനെ പിഎച്ച്ഡി യുടെ ഡിഫന്‍സും കഴിഞ്ഞു. ദൈവം എന്റെ ഗവേഷണത്തെ സമൃദ്ധമായി അനുഗ്രഹിച്ചു, 2 പേറ്റന്റുകള്‍ ഫയല്‍ ചെയ്യാനും, ഉന്നതതല ജേണലുകളിലും കോണ്‍ഫറന്‍സുകളിലും 11 ഗവേഷണ പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിക്കാനും, 2 അവാര്‍ഡുകള്‍ നേടാനും ദൈവം എന്നെ അനുവദിച്ചു. എന്റെ സഹപ്രവര്‍ത്തകര്‍ പലപ്പോഴും ഞാന്‍ ഇതെല്ലാം എങ്ങനെ കൈകാര്യം ചെയ്തുവെന്ന് ചോദിച്ചു. ആത്മവിശ്വാസത്തോടെ പറഞ്ഞു: എല്ലാ മഹത്ത്വവും ദൈവത്തിന്, കാരണം ഞാന്‍ തിരിഞ്ഞുനോക്കുമ്പോള്‍, വിഷാദത്തിനും നിരാശയ്ക്കുമിടയില്‍ ഞെരുങ്ങി ജീവിക്കേണ്ട ഞങ്ങളുടെ ആ കാലഘട്ടം അത്ഭുതങ്ങളുടെ ഒരു പരമ്പരയായി ദൈവം മാറ്റി. എനിക്കുവേണ്ടി ദൈവംഓരോ യുദ്ധവും നടത്തിയതെങ്ങനെയെന്ന് ഇപ്പോള്‍ ഞാന്‍ കാണുന്നു. ബാഹ്യ പോരാട്ടങ്ങള്‍ മാത്രമല്ല, എന്റെ ഹൃദയത്തിനുള്ളിലെ ആഴത്തിലുള്ള ആത്മീയ യുദ്ധത്തിലും ദൈവം എന്നെ കരം പിടിച്ചു നടത്തി.

ഇന്ന്, ഞങ്ങളുടെ കുടുംബം ദൈവാനുഭവങ്ങള്‍ നിറഞ്ഞ ജീവിതത്തിന്റെ അടുത്ത അധ്യായത്തിലേക്ക് നീങ്ങുമ്പോള്‍, ഞങ്ങളുടെ കുട്ടികള്‍ക്ക് ദീര്‍ഘകാല വിസ ലഭിച്ചു. ഒരു കുടുംബമായി ഒരുമിച്ച് താമസിക്കാന്‍ ദൈവം ഞങ്ങളെ അനുവദിക്കുന്നു.


റോമാ 10, 11-ല്‍ നമുക്ക് നല്‍കിയിട്ടുള്ള വാഗ്ദാനത്തില്‍ ഞാന്‍ ഉറച്ചു നില്‍ക്കുന്നു, ''അവനില്‍ വിശ്വസിക്കുന്ന ഒരുവനും ഒരുനാളും ലജ്ജിച്ചു പോകയില്ല.''


നമ്മുടെ കര്‍ത്താവായ യേശുവിന്റെ അചഞ്ചലമായ സ്‌നേഹത്തിനും, എന്റെ ജീവിതത്തില്‍ അവന്‍ നല്‍കിയ അവിശ്വസനീയമായ ഇടപെടലുകള്‍ക്കും എത്ര നന്ദി പറഞ്ഞാലും മതിവരില്ല. - ഈ യാത്രയില്‍ എനിക്ക് കൂട്ടായി നിന്ന കുടുംബം, എന്റെ ആത്മീയ ഉപദേശകര്‍, ജീസസ് യൂത്ത്, സിആര്‍സി & എംസിജി എന്നിവിടങ്ങളിലെ എന്റെ സുഹൃത്തുക്കള്‍, പ്രാര്‍ഥനയില്‍ എന്നോടൊപ്പം നിന്ന അനേകര്‍. ഇവര്‍ക്കെല്ലാം ഞാന്‍ നന്ദി പറയുകയും പ്രാര്‍ഥിക്കുകയും ചെയ്യുന്നു. പങ്കിടാന്‍ ഇനിയും വളരെയധികം കഥകളുണ്ട്, എണ്ണിയാല്‍ തീരാത്തത്ര അത്ഭുതങ്ങള്‍. സിംഗപ്പൂരിലെ എന്റെ ഈ യാത്ര അടുത്തുനിന്ന് കണ്ട എന്റെ പ്രൊഫസര്‍ ഒരിക്കല്‍ തമാശ പറഞ്ഞു, എന്റെ പിഎച്ച്ഡി പൂര്‍ത്തിയാക്കിയ ശേഷം എന്റെ ജീവിതത്തെക്കുറിച്ച് ഒരു പുസ്തകം എഴുതണമെന്ന്. ഒരുപക്ഷേ ഒരു ദിവസം ഞാന്‍ എഴുതുമായിരിക്കാം, അത്ഭുതങ്ങള്‍ നിറഞ്ഞ ദൈവാനുഭവങ്ങളുടെ ഒരു പുസ്തകം.


ഇപ്പോള്‍, ഞാന്‍ ഈ സത്യങ്ങളില്‍ ഉറച്ചുനില്‍ക്കുന്നു. എന്റെ സ്വപ്നങ്ങള്‍ അവന്റെ സ്വപ്നങ്ങളാണ്. എന്റെ കര്‍ത്താവായ യേശുവിന് എല്ലാ മഹത്ത്വവും, ഇന്നും എന്നേക്കും! ആമേന്‍.


സിംഗപ്പൂരിൽ നാൻയങ് ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയിൽ റിസർച്ച് അസോസിയേറ്റ് ആയി സേവനം ചെയ്യുകയാണ് ലേഖിക. ഭർത്താവ് റൂബൻ വിനേഷിനോടും രണ്ട് മക്കളോടുമൊപ്പം സിംഗപ്പൂരിൽ താമസിക്കുന്നു.

 
 
 

Comments


Kairos USA

Kairos INDIA

Kairos UK

     Kairos International Inc. 700 Louisiana St, Houston, TX. USA 77002

     Kairos Media, No 8/174, Navodaya Studio Complex, Thengod P.O, Cochin, Kerala, India. Pin: 682030

     Kairos Media, St Charles Street, Sheffield S9 3WU, United Kingdom

COPYRIGHT © 2021 KAIROS MEDIA, JESUS YOUTH

bottom of page