ആക്ഷൻ...കട്ട്...താങ്ക്യൂ | കവര്‍സ്റ്റോറി | സജീവ് പാറേക്കാട്ടില്‍ | KAIROS MALAYALAM | FEBRUARY 2025


ജീവിതം പണ്ടത്തെ ബാലചന്ദ്രമേനോന്‍ സിനിമ പോലെയാണ്! അദ്ദേഹത്തിന്റെ സിനിമകളുടെ കഥയും തിരക്കഥയും സംഭാഷണവും ഗാനവും സംവിധാനവും എല്ലാം അദ്ദേഹം ആയിരിക്കും എന്ന് മാത്രമല്ല, മിക്കവാറും നായകനും അദ്ദേഹം തന്നെയായിരിക്കും. സിനിമ സംവിധായകന്റെ കലയാണ്. നടീനടന്മാര്‍ എത്ര വലിയ സൂപ്പര്‍ താരങ്ങളായാലും അവര്‍ സംവിധായകനെ അനുസരിക്കുന്നു. അയാളുടെ നിര്‍ദേശങ്ങള്‍ക്കും ശാസനങ്ങള്‍ക്കും കാതോര്‍ക്കുന്നു. അയാള്‍ക്ക് തൃപ്തി വരുന്നതുവരെയുള്ള റീ ടേക്കുകള്‍ക്ക് ക്ഷമയോടെ സന്നദ്ധരാകുന്നു. അങ്ങനെയെങ്കില്‍ റീടേക്കുകള്‍ സാധ്യമല്ലാത്ത നമ്മുടെ ജീവിതനടന ത്തിന്റെ സംവിധായകന്‍ ആരാണ്? ദൈവം എന്നതാണ് സത്യസന്ധമായ ഉത്തരം. നമുക്ക് വേണമെങ്കില്‍ സംഘട്ടനങ്ങള്‍ കൂടുതലായി ചേര്‍ക്കാമെന്ന ല്ലാതെ, കഥയിലും തിരക്കഥയിലും സംവിധാനത്തിലും യാതൊരു റോളുമില്ല. ഈ മഹാപ്രപഞ്ചത്തില്‍ ഇതുപോലെ നമ്മളായി വന്നു പിറക്കാന്‍ നമ്മെ നാം തെരഞ്ഞെടുത്തതല്ലല്ലോ. നമ്മുടെ മാതാപിതാക്കളും സഹോദരങ്ങളും ജന്മദേശവും ജീവിത സാഹചര്യങ്ങളും ഒന്നും നമ്മുടെ തെരഞ്ഞെടുപ്പല്ല. അങ്ങനെയെങ്കില്‍ വിശൈ്വകശില്പിയും നമ്മുടെ ജീവിത ശില്പിയുമായ ദൈവം എന്ന മഹാസംവിധായകനോട് നമുക്ക് പറയാനുള്ള സുപ്രധാനമായ കാര്യം എന്താണ്? ഏതാണ് ആ സുവര്‍ണ പദം? ഏതാണ് നിര്‍മലമായ ആ ഹൃദയഭാവം? ഏതാണ് നമ്മുടെ ജീവിതത്തെ ആകെ ഭരിക്കേണ്ട ആ തീവ്രവികാരം? അത് Gratitude അഥവാ കൃതജ്ഞതയാണ്.
Feeling thankful, gratifying, appreciating another's kindness in word or deed എന്നാണ് grateful എന്ന വാക്കിന്റെ അര്‍ഥ വിശദീകരണം. മറ്റൊരാളുടെ കരുണയെ വിലമതിച്ചുകൊണ്ട് നാം പറയുന്ന വാക്കും ചെയ്യുന്ന പ്രവൃത്തിയുമാണ് കൃതജ്ഞത അഥവാ നന്ദി.
നമ്മോട് മഹാ കരുണ കാണിക്കുന്ന ആ 'മറ്റൊരാള്‍' ദൈവം അല്ലാതെ മറ്റാരാണ്? മനുഷ്യര്‍ക്ക് പരസ്പരം കാണിക്കാവുന്ന കരുണയ്ക്ക് പരിധിയുണ്ട്. മാതാപിതാക്കള്‍ക്ക് മക്കളോടും മക്കള്‍ക്ക് മാതാപിതാക്കളോടും കാണിക്കാവുന്ന കരുണയ്ക്ക് പരിമിതിയുണ്ട്. ജീവിതപങ്കാളിക്കും സുഹൃത്തുക്കള്‍ക്കും പരസ്പരം കാണിക്കാവുന്ന കരുണയയ്ക്കും പരിധികളുണ്ട്. എന്നാല്‍ പരിധികളും പരിമിതികളും ഇല്ലാതെ നിസ്സീമമായ കരുണ നമ്മോട് കാണിക്കുന്നത് ദൈവം മാത്രമാണ്. അതിനാലാണ് നാം അവിടത്തേയ്ക്ക് നന്ദി പറയാന്‍ കടപ്പെട്ടിരിക്കുന്നത്. നമുക്ക് ദൈവത്തോട് പലതും പറയാന്‍ ഉണ്ടാകും. അനുഗ്രഹങ്ങള്‍ യാചിക്കാനും ആവശ്യങ്ങള്‍ ബോധിപ്പിക്കാനും സങ്കടങ്ങളും പരാതികളും ഉണര്‍ത്തിക്കാനുമുണ്ടാകും. എന്നാല്‍ അവിടത്തോട് നാം പറയേണ്ട ഏറ്റവും സുപ്രധാന കാര്യം നന്ദിയാണ്.
എന്തിനാണ് നാം ദൈവത്തിന് നന്ദി പറയേണ്ടത്? നമ്മെ സൃഷ്ടിച്ചതിനാണോ? ആത്മീയവും ഭൗതികവുമായ അനുഗ്രഹങ്ങള്‍ നല്‍കി നമ്മെ പരിപാലിക്കുന്നതിനാണോ? ഇതിനൊക്കെയാണെങ്കിലും ഇതിനു മാത്രമല്ല. നമ്മെ രക്ഷിച്ചതിനാണ് നാം ദൈവത്തിന് നന്ദി പറയുന്നത്. യേശുവിനെ നമുക്ക് നല്‍കിയതിനാണ് പിതാവിന് നാം നന്ദി പറയുന്നത്. കുരിശില്‍ മരിച്ച് നമ്മെ രക്ഷിച്ചതിനാണ് യേശുവിന് നാം നന്ദി പറയുന്നത്. രക്ഷയിലേക്ക് നമ്മെ നിരന്തരം നയിക്കുകയും നവീകരിക്കുകയും ചെയ്യുന്നതിനാണ് പരിശുദ്ധാത്മാവിന് നാം നന്ദി പറയുന്നത്. ആ നന്ദിയാണ് കൃതജ്ഞതാ പ്രകാശനം എന്നര്‍ഥമുള്ള എവുക്കരിസ്ത്യാ അഥവാ വിശുദ്ധ കുര്‍ബാനയിലൂടെ നാം ദൈവത്തിന് സമര്‍പ്പിക്കുന്നത്.
'കഥയറിയാതെ ആട്ടം കാണരുത്' എന്നാണ് പ്രമാണം. എന്നാല്‍ കഥ അറിയാതെതന്നെ ആടാമെന്ന് സമ്മതിച്ച ഒരു പെണ്‍കുട്ടി അപകടകരമായ ആട്ടത്തെ കുറിച്ചുള്ള അറിയിപ്പ് ശ്രവിച്ച ശേഷം പറയുന്നത് നോക്കൂ:''എന്റെ ആത്മാവ് കര്‍ത്താവിനെ മഹത്വപ്പെടുത്തുന്നു. എന്റെ ചിത്തം എന്റെ രക്ഷകനായ ദൈവത്തില്‍ ആനന്ദിക്കുന്നു.'' ആടിക്കുന്നവനിലുള്ള ദൃഢമായ വിശ്വാസമാണ് യുക്തിസഹമല്ലാത്ത ആട്ടങ്ങള്‍ക്കു ഉപാധികളില്ലാതെ സമ്മതമേകാന്‍ അവളെ പ്രാപ്തയാക്കിയത്. നമ്മുടെ ജീവിതത്തിന്റെ രംഗവേദിയിലും വന്നുനിറയുന്ന രംഗങ്ങള്‍ എത്ര ശോഭനീയവും ശോചനീയവുമാകട്ടെ, ആടിക്കുന്നത് ദൈവമാണെന്ന ബോധ്യമുണ്ടെങ്കില്‍ നന്ദിയോടെ നാം ആടുകയും പാടുകയും ചെയ്യും. അവന്‍ കൈപിടിച്ചിട്ടു ണ്ടെങ്കില്‍, അവന്റെ കൈ പിടിച്ചിട്ടാണെങ്കില്‍ ഏത് കനല്‍ ചൂളയിലും നമുക്ക് ആടാനും പാടാനുമാകും.
ജീവിക്കുന്നതിന് ഓരോരുത്തര്‍ക്കുമുള്ള കാരണങ്ങള്‍ പലതാകാം. ഓരോരുത്തരെയും നയിക്കുന്ന സ്വപ്നങ്ങളും മോഹങ്ങളും പലതാകാം. എന്നാല്‍ ഒരാള്‍ക്ക് ജീവിതത്തിന്റെ പര്‍പ്പസ് ഒന്നുമാത്രമായിരുന്നു.
''അങ്ങയെ സ്തുതിക്കാന്‍ വേണ്ടി ഞാന്‍ ജീവിക്കട്ടെ!'' (സങ്കീ 119, 175) എന്ന് അത്ഭുത ചിഹ്നത്തിന്റെ അകമ്പടിയോടെ അയാള്‍ അടയാളപ്പെടുത്തി യിട്ടുണ്ട്. നമ്മുടെ ജീവിതവും കൃതജ്ഞതയുടെ ഒരു പൂവാടിയാകട്ടെ. ഓരോ ദിവസവും അവിടെ ഒരായിരം പൂക്കള്‍ വിരിയട്ടെ. ''പത്തുപേരല്ലേ സുഖപ്പെട്ടത്? ബാക്കി ഒമ്പതു പേര്‍ എവിടെ?'' എന്ന് രോഗവിമുക്തനായി എന്നു കണ്ടു ഉച്ചത്തില്‍ ദൈവത്തെ സ്തുതിച്ചുകൊണ്ട് തിരിച്ചുവന്ന കുഷ്ഠരോഗി യോട് യേശു ചോദിച്ച ചോദ്യം നമ്മുടെ ഉള്ളില്‍ സദാ മുഴങ്ങട്ടെ. സംവിധായകനോടുള്ള വിശ്വസ്തതയാണ് മഹാനടന്മാരിലും മഹാനടിമാരിലും നിന്ന് ഏറ്റവും മികച്ചത് പുറപ്പെടുവിക്കുന്നത്. നമുക്കും ദൈവം എന്ന സംവിധായകനെ വിശ്വസിക്കാം. 'സകലതും നന്മയ്ക്കായി പരിണമിപ്പി ക്കുന്ന' അവിടത്തെ കഥയിലും തിരക്കഥയിലും സംവിധാനത്തിലും വിശ്വസിക്കാം. അവിടന്ന് 'ആക്ഷന്‍' പറയുന്ന രംഗങ്ങള്‍ നന്ദിയോടെ ആടിത്തീര്‍ക്കാം. കട്ട് പറയുമ്പോള്‍ നന്ദിയോടെ പിന്‍വാങ്ങാം. Let us be grateful for small Mercies കരുണയുടെ ചെറിയ കാര്യങ്ങള്‍ക്കുപോലും നന്ദിയുള്ള വരാകാം. ദൈവത്തോടും മനുഷ്യരോടുമുള്ള കൃതജ്ഞത നമ്മെ ഭരിക്കുകയും നയിക്കുകയും ചെയ്യട്ടെ.

പ്രഭാഷകനും എഴുത്തുകാരനുമായ സജീവ് പാറേക്കാട്ടിൽ, എറണാകുളം ലിസി ഹോസ്പിറ്റലിലെ പബ്ലിക് റിലേഷൻ മാനേജർ ആണ്. ഭാര്യ ജിൻസി,രണ്ടു മക്കൾ.



Comments