ആത്മാവിനെ പുതുക്കുന്ന സങ്കീർത്തനം | കവര്‍സ്റ്റോറി | ബിലാസ് ജോസഫ് | KAIROS MALAYALAM | JUNE 2025


''പച്ചയായ പുല്‍ത്തകിടിയില്‍ അവിടന്ന് എനിക്കു വിശ്രമമരുളുന്നു; പ്രശാന്തമായ ജലാശയത്തിലേക്ക് അവിടന്ന് എന്നെ നയിക്കുന്നു'' (സങ്കീ 23, 2).
ജോണ്‍ എന്ന് വിളിക്കപ്പെടുന്ന ഒരു യുവ സോഫ്റ്റ്വെയര് എഞ്ചിനീയര്‍... കൊച്ചി പോലുള്ള ഒരു വലിയ നഗരത്തില്‍ ശോഭനമായ ജീവിതം നയിക്കുകയായിരുന്നു ആ യുവാവ്. ഉയര്‍ന്ന നിലവാരമുള്ള ജോലി, നല്ല ശമ്പളം, ആധുനിക രീതിയിലുള്ള അപ്പാര്‍ട്ട്മെന്റ്, സൗകര്യങ്ങള്‍ എല്ലാം ഉണ്ടായിരുന്നു. പക്ഷേ, ആള്‍ക്കൂട്ടത്തിനിടയിലും ഡിജിറ്റല്‍ ലോകത്തിന്റെ അതിനൂതനമായ ചലനങ്ങള്‍ക്കിടയിലും ഉള്ളിലെ ജോണ്‍ ഏകനായിരുന്നു. ഒറ്റപ്പെടലും, ഉറക്കം കുറവുള്ള രാത്രികളും, ആകുലതകള്‍ തിങ്ങിയ മനസ്സുമെല്ലാം ജോണിന്റെ ജീവിതം പതിയെ പതിയെ പിച്ചിക്കീറിക്കൊണ്ടിരുന്നു. ബന്ധുക്കളും സുഹൃത്തുക്കളുമായുള്ള ബന്ധങ്ങളില്‍ വിള്ളലുകള്‍ വന്നു തുടങ്ങി. ശനിയും ഞായറും ഒരുവിധത്തില്‍ തള്ളിനീക്കേണ്ട ഒരവസ്ഥ. ഒരു ഞായറാഴ്ച പതിവുപോലെ ദിവ്യബലി കഴിഞ്ഞ് വീട്ടില്‍ വിശ്രമിക്കുന്ന സമയം. മനസ്സിനെ എന്തോ വല്ലാതെ പിടിച്ചു കുലുക്കുന്നതുപോലെ, വേദനയാണോ വിഷമമാണോ സങ്കടമാണോ എന്താണെന്ന് തിരിച്ചറിയാന്‍ കഴിയാത്ത ഒരു അവസ്ഥ! ആരോ എങ്ങോട്ടൊക്കെയോ പിടിച്ചു വലിക്കുന്നത് പോലെ! ജോണിന് തന്റെ സ്വന്തം നിയന്ത്രണത്തില്‍ ആകാന്‍ സാധിച്ചില്ല. ഓടിച്ചെന്ന് വാതില്‍ തുറന്നു നോക്കുന്നു, പിന്നെ ഒന്നുമില്ലാത്തത് പോലെ തിരിച്ചുവന്ന് മുറിയില്‍ കയറി കതകടച്ചിരിക്കുന്നു. മൊബൈല്‍ എടുത്ത് അങ്ങോട്ടുമിങ്ങോട്ടും നോക്കുന്നു, ഒന്നും കാണാത്ത പോലെ തിരിച്ചുവയ്ക്കുന്നു...
സമാധാനം നശിച്ചപ്പോള്‍ അവന് എങ്ങോട്ടെന്നില്ലാതെ ഇറങ്ങി നടന്നു. നടക്കുന്ന വഴിയില്‍ ഇങ്ങനെ ഒരു ബോര്‍ഡ് കാണപ്പെട്ടു. 'നിത്യാരധന ചാപ്പല്‍.' ജോണ്‍ വാതില്‍ തുറന്ന് അകത്തു കയറി; എഴുന്നള്ളിച്ചുവച്ചിരിക്കുന്ന ദിവ്യകാരുണ്യമല്ലാതെ മറ്റാരെയും അവന് അവിടെ കാണുവാന്‍ സാധിച്ചില്ല. ശാന്തതയായിരുന്നു ആ ആലയത്തിന്റെ ഒരു പ്രത്യേകത. ഒന്നും ചെയ്യാനില്ലാതെ ദിവ്യകാരുണ്യത്തിലേക്ക് നോക്കി അവന് അവിടെയിരുന്നു. അല്പനേരം കഴിഞ്ഞ് അവന്റെ നോട്ടം ചുറ്റുപാടിലേക്കും തിരിഞ്ഞു. ആ ചാപ്പലിന്റെ ഒരു വശത്തായി എഴുതിവച്ചിരിക്കുന്ന ഒരു വചനം അവന്റെ ശ്രദ്ധയാകര്‍ഷിച്ചു. ''പച്ചയായ പുല്‍ത്തകിടിയില്‍ അവിടന്ന് എനിക്ക് വിശ്രമമരുളുന്നു. പ്രശാന്തമായ ജലാശയത്തിലേക്ക് അവിടന്ന് എന്നെ നയിക്കുന്നു'' (സങ്കീ 23, 2).
ആ വാക്കുകള്‍ അവന്റെ ഹൃദയത്തില്‍ തൊട്ടു. ഒന്നിനും പ്രസക്തിയില്ലാത്ത ഒരു ജീവിതം. അതിനോട് തോന്നിയ ഒരു ആസക്തി. പ്രതീക്ഷകള്‍ ഇല്ലാതായ നിമിഷം. അവന് എഴുന്നേറ്റ് അവിടെയുണ്ടായിരുന്ന കസേരയില്‍ കയറിയിരുന്നു. ആദ്യകുര്‍ബാന നാളുകളില്‍, തന്നെ ഒരുക്കിയ സിസ്റ്റര്‍ ഈശോയെക്കുറിച്ച് പറഞ്ഞ കാര്യങ്ങള്‍ അവന്റെ ഓര്‍മയിലേക്ക് ഓടിയെത്തി.. വിഷമിച്ച്, സങ്കടപ്പെട്ട്, ആകുലനായി ഓടിയെത്തിയ അവന്റെ കണ്ണുകളില്‍ നിന്നും കണ്ണീര് മഞ്ഞു തുള്ളികള്‍ പോലെ താഴേക്ക് പതിച്ചു.
അവന്റെ ജീവിതത്തിലെ ഒരു പുതിയ തുടക്കമായിരുന്നു അത്. വറ്റി വരണ്ട വേനലില്‍ ഉണങ്ങി നില്ക്കുന്ന പുല്‍നാമ്പുകള്‍ക്ക് വേനല്‍ മഴ എന്നത് പോലെ ആ വചനം അവനെ ഉണര്‍ത്തി. വേദനകളും സങ്കടങ്ങളും ബുദ്ധിമുട്ടുകളും വിഷമങ്ങളും ഏകാന്തതയുമായി ഉണങ്ങി വരണ്ട അവന്റെ ജീവിതത്തിലേക്ക് കര്‍ത്താവ് കടന്നുവന്നപ്പോള്‍ പച്ചയായ പുല്‍ത്തകടിയില്‍ വിശ്രമിക്കുന്ന അനുഭവമാണ് അവനുണ്ടായത്. ആകുലതകളില്‍ കുരുങ്ങി ലക്ഷ്യമില്ലാതെ നട്ടംതിരിഞ്ഞ മനസ്സിന് ശാന്തതയേകിയ കര്‍ത്താവിന്റെ സന്ദേശം, ഒരു പ്രശാന്തമായ ജലാശയത്തിലേക്ക് കടന്നു ചെല്ലുന്ന അനുഭവമാണ് അവന്റെയുള്ളില്‍ നിറച്ചത്. അറിയാതെയാെണങ്കിലും അവന് ഏറ്റുപറഞ്ഞ ഒരു വാചകമുണ്ട്; ''കര്‍ത്താവാണ് എന്റെ ഇടയന്; എനിക്കൊന്നിനും കുറവുണ്ടാവുകയില്ല.''
ദൈവസ്നേഹത്തില്‍ നിന്ന് അകലുന്നത് ആണല്ലോ പാപം; അവന്റെ ആ ഒരവസ്ഥ മനസ്സിലാക്കി അവന് ആ തിരിച്ചറിവ് നല്കുവാനായിട്ട് സഹായിച്ചത് ദിവ്യകാരുണ്യ സാന്നിധ്യമാണ്. 'ദൈവത്തിങ്കലേക്ക് മുഖം തിരിക്കലാണ് പ്രാര്‍ഥന' എന്ന് വിശുദ്ധ മദര്‍ തെരേസ നമ്മളെ പഠിപ്പിക്കുന്നുണ്ട്. വിഷമങ്ങള്‍ ഉണ്ടായപ്പോള്‍, ബുദ്ധിമുട്ടുകള്‍ ഉണ്ടായപ്പോള്‍, ഒറ്റപ്പെടല്‍ ഉണ്ടായപ്പോള്‍ അവന് ദൈവത്തിലേക്കൊന്നു മുഖം തിരിച്ചപ്പോള്‍ അവന്റെ ഉള്ളം ശാന്തമായി. ആ ദിവ്യകാരുണ്യ സന്നിധിയില്‍ ഇരുന്ന് അവനൊരു ഉറച്ച തീരുമാനം എടുത്തു. ഇനി ദിവസവും അല്പനേരമെങ്കിലും പ്രാര്‍ഥനയ്ക്കായി ഞാന്‍ നീക്കിവയ്ക്കും. ദൈവത്തെ സ്തുതിക്കാന്‍, അവിടത്തോട് സംസാരിക്കാന്‍, അവിടത്തെ ശബ്ദം കേള്‍ക്കാന്‍. എന്റെ വിലപ്പെട്ട സമയം... ദൈവ സ്തുതിക്കായി ഞാന്‍ സങ്കീര്‍ത്തനങ്ങള്‍ ആലപിക്കും. ഉണങ്ങി വരണ്ട അവന്റെ ആന്തരിക വൈകല്യങ്ങള്‍ അല്പാല്പമായി മാറിക്കൊണ്ടിരുന്നു.
നമ്മളില്‍ പലര്‍ക്കും അവ്യക്തമായ പല ചിന്തകളും മനസ്സിന്റെ ചില പോരാട്ടങ്ങളുമായി ഒറ്റപ്പെടുത്തുന്ന അവസരങ്ങള്‍ ജീവിതത്തില്‍ പലപ്പോഴും ഉണ്ടാവാറുണ്ട്. മനസ്സിന്റെ ഈ വിഷാദ ഭാവം ബാഹ്യ ശരീരത്തില്‍ പൂര്‍ണമായും പ്രതിഫലിക്കാറില്ലെങ്കിലും നമ്മുടെ ആത്മാവിന്റെ പ്രവര്‍ത്തനത്തെ മന്ദീഭവിപ്പിക്കാന്‍ ഇത് കാരണമാകുന്നു.
ഒന്ന് രാജാക്കന്മാര് അധ്യായം 19ല്‍ നാം കാണുന്നു; ഏലിയ പ്രവാചകന് ജീവന് രക്ഷിക്കാനായി ഭയപ്പെട്ട് മരുഭൂമിയിലേക്ക് പാലായനം ചെയ്യുന്നു. ദൈവത്തിന്റെ ദൂതന് അവനെ വിട്ടുപിരിഞ്ഞില്ല. മരുഭൂമിയിലും ഭക്ഷണം കൊടുക്കാനായി ദൈവദൂതന് അവിടെ വന്നു. അവന് ആരോഗ്യം നല്കി, ഭക്ഷണം നല്കി ദൈവം അവനെ പുതിയ ദൗത്യം ഏല്പിക്കുന്നു. പ്രാര്‍ഥിക്കുന്ന ഓരോ മക്കള്‍ക്കും ലഭിക്കുന്ന ഒരു പ്രത്യേക അനുഭവം ഇതുതന്നെയാണ്. അവന്റെ ആത്മാവ് പുതുക്കപ്പെടുന്നു. പ്രശാന്തമായ ജലാശയത്തിലേതുപോലെ പച്ചയായ പുല്‍ത്തകിടി പോലെ അവന്റെ ആത്മാവിനെ ദൈവം വീണ്ടും ഉണര്‍ത്തുന്നു. വിശുദ്ധ അഗസ്റ്റിന് പറയുന്നു: 'ദൈവമേ അങ്ങയെ കണ്ടാനന്ദിക്കുന്നതു വരെ എന്റെ ഹൃദയം അസ്വസ്ഥമാണ്. കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥം 2565 ഇങ്ങനെ പറയുന്നു: 'ജീവന്റെ ഉറവയായ പരിശുദ്ധാത്മാവിന്റെ പ്രചോദനത്തില്‍ ആത്മാവ് ആത്മാവിനോട് സംസാരിക്കുന്നു. അവിടെ ദൈവം മനുഷ്യനെ പ്രതീക്ഷയിലേക്ക് നയിക്കുന്നു, വിശ്രമത്തിലേക്കും ആശ്വാസത്തിലേക്കും. 'ഇത് പ്രാര്‍ഥനയാണ്. ഇത് തന്നെയാണ് ദൈവം നമ്മോട് ഓരോരുത്തരോടും പറയുന്നത്. നിനക്കൊരു വിഷമം ഉണ്ടാകുമ്പോള്‍, സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടാകുമ്പോള്‍ അല്ലെങ്കില്‍ ഒരു അന്ധകാരകാലം ഉണ്ടാകുമ്പോള്‍ നീ എന്നെ വിളിക്കുക; ഞാന്‍ നിനക്ക് ആശ്വാസം നല്‍കാം; നീ വിശ്രമിക്കണം; ഞാന്‍ നിനക്ക് തുണയായിരിക്കും.
നമുക്കു പ്രാര്‍ഥിക്കാം. ദൈവമേ, എന്റെ ഹൃദയത്തില്‍ അന്ധകാരമുണ്ടെങ്കില്‍ നീ എന്നെ അവിടത്തെ ആത്മാവാകുന്ന തണുത്ത വെള്ളത്താല്‍ കഴുകി വിശുദ്ധീകരിക്കണമേ, എനിക്ക് വിശ്രമം നല്കേണമേ, ആന്തരിക സമാധാനം നല്കണമേ. ഞാന്‍ നിന്നില്‍ ആശ്രയിക്കുന്നു; വിശ്വസിക്കുന്നു; കര്‍ത്താവാണ് എന്റെ ഇടയന്; എനിക്കൊന്നും കുറവുണ്ടാവുകയില്ല. ആമേന്‍.

അധ്യാപകനായ ലേഖകൻ ഭാര്യയോടും അഞ്ച് മക്കളോടും ഒപ്പം പാലായിൽ താമസം



Comments