ആരും മരിക്കാൻ ആഗ്രഹിക്കുന്നില്ല | പാഥേയം | വർഗീസ് അഗസ്റ്റിൻ | KAIROS MALAYALAM | JUNE 2025

നമ്മുടെ ജീവിതം എന്ന് തീരുമെന്ന് ആര്‍ക്കും അറിയില്ല, ദൈവത്തിനല്ലാതെ. നമ്മുടെ ജീവിതം എങ്ങനെയായി തീരണമെന്നും ഒരുപക്ഷേ നമുക്ക് അറിയില്ല എന്നുവേണം കരുതാന്‍. ചുറ്റുമുള്ള കുറേ ജീവിതങ്ങളിലേക്ക് നോക്കുമ്പോള്‍, എന്തിന് നമ്മുടെതന്നെ കഴിഞ്ഞകാല ജീവിതത്തിലേക്ക് തിരിഞ്ഞുനോക്കുമ്പോള്‍ അതാണ് സ്പഷ്ടമായി തിരിച്ചറിയാന്‍ കഴിയുന്ന സത്യം. നന്നായി ജീവിക്കാന്‍ കഴിയുക എന്നത് ഒരു അനുഗ്രഹമാണ്. ഓരോ മനുഷ്യനെയും അപേക്ഷിച്ചാണ് നന്നായി ജീവിക്കുക എന്ന യാഥാര്‍ഥ്യം നിലനില്‍ക്കുന്നത്. ജീവിതം ഹ്രസ്വമാണെന്നും അതെന്ന് തീരുമെന്നും അറിഞ്ഞിരുന്നുവെങ്കില്‍ നാമൊക്കെ എത്രയോ ഭേദപ്പെട്ട ജീവിതം ജീവിച്ചേനെ.
പ്രഭാതത്തില്‍ ഉണര്‍ന്നെണീക്കുമ്പോള്‍ ഇന്നത്തെ ദിവസം എന്റെ അവസാന ദിവസം ആണെങ്കില്‍ എനിക്ക് എന്തെല്ലാം ചെയ്യാന്‍ കഴിയും എന്ന് സ്വയം ചോദിക്കുന്നത് നമ്മുടെ ദിവസങ്ങള്‍ക്ക് കൂടുതല്‍ സൗകുമാര്യവും ലാവണ്യവും നല്‍കും. ഇന്ന് നമ്മുടെ അവസാന ദിനം ആണെങ്കില്‍ എന്തെല്ലാം കാര്യങ്ങളായിരിക്കും നമുക്ക് ചെയ്യാനുണ്ടാവുക. ആരെയെല്ലാം നമുക്ക് കാണാനുണ്ടാവും. ആരോടൊക്കെ വര്‍ത്തമാനം പറയാനുണ്ടാകും. ചുണ്ടില്‍ വിരിയുന്ന പുഞ്ചിരിവെട്ടത്തില്‍ എത്രയോ അധികനേരം നമുക്ക് ആനന്ദനൃത്തം ചവിട്ടി ആഹ്ലാദിക്കാനാകും. ഇത്തരം ചിന്തകളൊക്കെ വെറും തിയറികളായി മാത്രം ഇടതു ചെവിയിലൂടെ കേട്ട് മറു ചെവിയിലൂടെ പറന്നു പോകുകയാണ്. ഇതൊന്നും ഒരുപക്ഷേ നാം ആദ്യമായി കേള്‍ക്കുന്ന കാര്യവുമാവില്ല.
'ആപ്പിളിന്റെ' തലവനായ സ്റ്റീവ് ജോബ്‌സും ഇത്തരത്തിലെ മഹാരഥന്മാരുമല്ലാതെ ഇത് മനസ്സിലാക്കിയിട്ടുള്ളവര്‍ വേറെയുണ്ടോ എന്ന് സംശയം. സ്റ്റീവ് ജോബ്‌സ് ഒരിക്കല്‍ പറയുകയുണ്ടായി: ''ആരും മരിക്കാന്‍ ആഗ്രഹിക്കുന്നില്ല. സ്വര്‍ഗത്തില്‍ പോകാന്‍ മോഹിക്കുന്നവര്‍പോലും അവിടെ എത്താനായി മരിക്കാന്‍ തയ്യാറല്ല. പക്ഷേ നമ്മളെല്ലാം പങ്കുകൊള്ളാന്‍ വിധിക്കപ്പെട്ട നിര്‍ദിഷ്ട ഇടമാണ് മരണം. ആരും അതില്‍ നിന്ന് രക്ഷപ്പെട്ടിട്ടില്ല. അതങ്ങനെ ആയിരിക്കും. നമ്മുടെ ജീവിതത്തിലെ ഏറ്റവും മികച്ച ഒരേയൊരു കണ്ടുപിടിത്തം മരണം മാത്രമേയുള്ളൂ എന്നതാകാം ഇതിന് കാരണം.''
നമുക്ക് നമ്മെത്തന്നെ വെല്ലുവിളിക്കാന്‍ ആവുമോ? ദിവസവും മരിക്കുക, ഓരോ പ്രഭാതത്തിലും നശ്വരതയെ പറ്റി ആലോചിക്കുക. എന്നിട്ട് ഓരോ ദിവസവും നമ്മുടെ ജീവിതത്തിന് നമ്മെത്തന്നെ സ്വയം സമര്‍പ്പിക്കാന്‍ കഴിയുമോ? നാളെ എന്നൊന്ന് ഉണ്ടാവില്ല എന്ന് കരുതിയാണ് ഇന്ന് ജീവിക്കേണ്ടത്. ഈയൊരു പരിശീലനം പ്രാവര്‍ത്തികമാക്കാന്‍ സാധിച്ചാല്‍ അത് തുടര്‍ന്നും ജീവിക്കാനായാല്‍ അത്ഭുതകരമായ മാറ്റം ആയിരിക്കും നമ്മള്‍ കാണാന്‍ പോകുന്നത്.
'റിസ്‌ക്' എടുക്കാന്‍ നിങ്ങള്‍ തയ്യാറാണോ? മനസ്സിനെ അല്പം കൂടെ വിശാലമാക്കുകയും വരുന്നതെന്തും അഭിമുഖീകരിക്കാന്‍ മനസ്സിനെ പരുവപ്പെടുത്താനും ആകുമോ? സത്യം മാത്രം പറയാനും എല്ലാവരോടും ബഹുമാനം കാണിക്കാനും നമുക്ക് പരിശ്രമിക്കാം. മറ്റുള്ളവരെ തങ്ങളെക്കാള്‍ ശ്രേഷ്ഠരായി കരുതണം എന്ന വേദവാക്യവും ഓര്‍ക്കുന്നതും നല്ലതാണ്. അഹങ്കരിക്കാനോ സ്വാര്‍ഥമായി ചിന്തിക്കാനോ എനിക്കൊന്നുമില്ല എന്നും സത്യത്തില്‍ ഞാന്‍ ഒന്നുമല്ലായെന്നും തിരിച്ചറിയുന്ന അഹംബോധത്തിലേക്ക് നമ്മളുണരുമ്പോള്‍ പരാനുഭൂതിയിലേക്ക് നമ്മള്‍ പ്രവേശിക്കും. പിന്നെ ജീവിതസാഫല്യം എന്തെന്ന് നമ്മളറിയും.
ഇന്നവസാനം എന്ന് ധ്യാനിക്കുമ്പോള്‍ ഇന്നേദിവസം നമ്മുടെ എല്ലാ കഴിവുകളും പുറത്തെടുത്ത് കുറേക്കൂടെ പ്രകാശം പരത്തി ജീവിക്കാന്‍ നമുക്ക് ആവില്ലേ? നമ്മുടെ സ്വപ്നങ്ങളെയൊന്നും വിടാതെ പിന്തുടരണം. പലപ്പോഴും പലയാളുകളും തങ്ങളുടെ സുരക്ഷിത ഇടങ്ങളില്‍ പിടിച്ച് നില്‍ക്കുകയല്ലാതെ സ്വന്തം സിദ്ധികള്‍ പുറത്തുകൊണ്ടുവരാനോ അതനുസരിച്ച് ജീവിതത്തെ ക്രമപ്പെടുത്താനോ ശ്രമിക്കാറില്ല എന്നത് വളരെ ഖേദകരമാണ്. അങ്ങനെ സ്വപ്നങ്ങളെ പിന്‍ചെന്ന് ഓരോ ദിവസവും ജീവിക്കാനായാല്‍ ആത്മനിര്‍വൃതിക്ക് ഇതില്‍പരം എന്തുവേണം?
നമ്മുടെ അന്ത്യയാത്ര ആഘോഷമായി മാറാനും സ്വര്‍ഗത്തില്‍ എത്തിച്ചേരാനും സ്രഷ്ടാവിനെ മുഖാമുഖം കണ്ട് സായൂജ്യമടയാനും ഇതല്ലാതെ വേറെ വഴിയുണ്ടോ? ഓരോ ദിനവും നല്ലതാകട്ടെ. ഓരോ ദിനവും അവസാനത്തെ ദിനമായി കരുതി ജീവിക്കാനും നമുക്ക് ആവട്ടെ. ഏറെ പ്രത്യാശയും പ്രതീക്ഷയും നിറഞ്ഞതും ശുഭമായതുമാണ് നിങ്ങളെക്കുറിച്ചുള്ള ദൈവത്തിന്റെ പ്ലാന്‍. മറക്കാതെ മനസ്സില്‍ കോറിയിടേണ്ടതാണിത്. നിങ്ങള്‍ കരുതിയതല്ല, അതിനേക്കാള്‍ മികച്ചതാണ് നിങ്ങളുടെ ജീവിതം.



Comments