top of page
Search

ഹാപ്പി പ്രഗ്നൻസി | ലിനു റോണി | KAIROS MALAYALAM | AUGUST 2026

  • smithask2009
  • Aug 1
  • 1 min read

Updated: 1 day ago

ഏവർക്കും എന്നതുപോലെ തന്നെ മക്കൾ ഞങ്ങൾക്കെന്നും പ്രിയപ്പെട്ടതായിരുന്നു. ചെറിയൊരു ഫ്ലാറ്റിലായിരുന്നു ഞങ്ങളുടെ താമസം. അക്രൈസ്തവരും മറ്റു രാജ്യങ്ങളിൽ നിന്നുള്ളവരും ഒക്കെ ഉണ്ടായിരുന്നു അവിടെ താമസിക്കാൻ. ഞങ്ങൾ അവർക്കെന്നും ഒരത്ഭുതമായിരുന്നു. എങ്ങനെയാണ് ഞങ്ങൾ ഈ രണ്ടു പിള്ളേരെയും കൊണ്ട് ഈ ചെറിയ ഫ്ലാറ്റിൽ താമസിക്കുന്നത്, അതായിരുന്നു അവർക്കത്ഭുതം. ഞങ്ങൾ ജീസസ് യൂത്തിൽ സജീവമാണ്. ഞങ്ങൾക്ക് ഒന്നേ അവരോട് പറയാനുണ്ടായിരുന്നുള്ളൂ. ഈശോ തരുന്ന മക്കളെ ഈശോ തന്നെ നോക്കിക്കൊള്ളും. പക്ഷേ അവരത് തമാശ രൂപേണയാണ് കേട്ടിരുന്നത്. അവരാരും മക്കളെക്കുറിച്ച് കാര്യമായി ചിന്തിക്കുന്നില്ലായെന്ന് ഞങ്ങൾക്കറിയാമായിരുന്നു. ഞങ്ങൾ മൂന്നാമത്തെ കുഞ്ഞിനെ ലഭിക്കാനായി പ്രാർത്ഥിച്ചു തീരുമാനമെടുത്ത് ഒരുങ്ങിക്കൊണ്ടിരുന്ന സമയമായിരുന്നു. ഇന്നത്തെ കാലത്ത് കൂടുതൽ മക്കളെക്കുറിച്ച് പറഞ്ഞിട്ട് കാര്യമൊന്നുമില്ലല്ലോ. ജീവിച്ചുതന്നെ കാണിക്കാമെന്ന് ഞങ്ങൾ തീരുമാനിച്ചു.


എന്നിരുന്നാലും ഞങ്ങളുടെ കൂടെ ചുറ്റിനുമുള്ള താമസക്കാർ മൂന്നാമത്തെ കുഞ്ഞിനെയും കൂട്ടി ഈ ഫ്ലാറ്റിൽ എങ്ങനെ കഴിയുമെന്ന് ഇടയ്ക്കിടയ്ക്ക് ചോദിക്കുമായിരുന്നു. മറ്റൊരു വീട് ഞങ്ങൾ നോക്കുന്നുണ്ടായിരുന്നുവെങ്കിലും ഒന്നും ശരിയാകുന്നില്ലായിരുന്നു. വരുന്നതൊക്കെ സാമ്പത്തികമായി ഉയർന്നതാണ്. ഞങ്ങൾക്ക് താങ്ങാൻ പറ്റാത്തവയായിരുന്നു. ഈയവസ്ഥ ഞങ്ങൾ ഈശോയോട് പറഞ്ഞു.


അങ്ങനെയിരിക്കെ ഞങ്ങളുടെ മൂത്ത കുഞ്ഞിപ്പെണ്ണ് പറഞ്ഞു, "അമ്മേ, ഈശോപ്പ നമുക്ക് വീട് തരും, ഉറപ്പാണ്." ഞങ്ങൾ വീടിനെപ്പറ്റി ഒന്നും പറയാതിരിക്കുന്ന സമയത്താണ് കുഞ്ഞിപ്പെണ്ണ് ഇക്കാര്യം ഞങ്ങളോട് പറയുന്നത്. അന്നേരം തന്നെ ഞങ്ങൾ വീട് കിട്ടുന്ന ഒരു ആപ്പിൽ കയറി നോക്കി. എല്ലാ സൗകര്യങ്ങളോടും കൂടിയ ഒരു മൂന്നുമുറി വീട് ഞങ്ങൾ ജോലി ചെയ്യുന്ന സ്ഥാപനത്തിന് അടുത്ത് തന്നെ ഉള്ളതായറിഞ്ഞു. അന്വേഷിച്ചപ്പോൾ സാമ്പത്തികമായി വലിയ ബാധ്യതയൊന്നും വരാത്തതുമായിരുന്നു. പിന്നെ മറ്റൊന്നും ആലോചിച്ചില്ല. പ്രാർത്ഥന കേൾക്കുന്ന ദൈവത്തിന്റെ ഇടപെടൽ ഞങ്ങൾക്ക് മനസ്സിലായി. പ്രാർത്ഥനയോടെതന്നെ മുന്നോട്ട് നീങ്ങി. രണ്ടാഴ്ചക്കുള്ളിൽ ഞങ്ങൾക്കത് ലഭിക്കുകയും ചെയ്തു.


പുതിയ വീട്ടിലേക്ക് മാറുന്ന ദിവസത്തിൽ എനിക്ക് ഭയങ്കര ക്ഷീണം. ഒന്നും ചെയ്യാനാവുന്നില്ല. വെറുതെയൊന്ന് ടെസ്റ്റ് ചെയ്തു നോക്കിയാലോ എന്ന് ഞാൻ ഇച്ചായനോട് പറഞ്ഞു. രാത്രി മൂന്നു മണിയായി വീട് മാറുന്നതുമായി ബന്ധപ്പെട്ട ഒന്നുംതന്നെ ചെയ്യാൻ കഴിഞ്ഞിട്ടുമില്ല. പിറ്റേന്ന് ഫ്ലാറ്റിൽ നിന്ന് ഞങ്ങളെ യാത്രയാക്കാൻ കൂടെയുള്ളവർ വന്നപ്പോൾ ഞങ്ങൾ അവർക്ക് പ്രഗ്നൻസി കിറ്റ് കാണിച്ചുകൊടുത്തു. അവർക്കത് വിശ്വസിക്കാവുന്നതിലും അപ്പുറമായിരുന്നു. മക്കളെക്കുറിച്ചോർക്കുകയും അവരെ ദൈവപരിപാലനയിൽ സമർപ്പിക്കുകയും ചെയ്ത ഞങ്ങൾക്ക് പുതിയ കുഞ്ഞിനെ സ്വീകരിക്കാൻ ഏറെ സന്തോഷമായിരുന്നു. ജീവിത സൗകര്യങ്ങളും സാമ്പത്തികകാര്യങ്ങളുമൊക്കെ പ്രധാനകാര്യങ്ങളായി കാണുകയും മക്കളുടെ കാര്യത്തിൽ താല്പര്യമില്ലാതിരിക്കുകയും ചെയ്യുന്നവർക്ക് കൂടുതൽ മക്കളെന്നത് ചിന്തിക്കാൻ പറ്റാത്ത കാര്യമായിരുന്നു. രണ്ടാമത്തെയോ മൂന്നാമത്തെയോ കുട്ടി വേണ്ടെന്നു വയ്ക്കുന്ന പ്രവണത പൊതുവെ കാണുന്നുണ്ട്. കൂടുതൽ മക്കൾ എന്നകാര്യം പറയുകയേ വേണ്ട.


ഇപ്പോൾ ഞങ്ങൾ മൂന്ന് ബെഡ്റൂം ഉള്ള ഒരു വലിയവീട്ടിലാണ് താമസിക്കുന്നത്. മൂന്നാമത്തെ കുഞ്ഞിനെയും തന്ന്, സൗകര്യമുള്ള പുതിയ വീടും നൽകിയ ഈശോയ്ക്ക് നന്ദി.

 
 
 

Comments


Kairos USA

Kairos INDIA

Kairos UK

     Kairos International Inc. 700 Louisiana St, Houston, TX. USA 77002

     Kairos Media, No 8/174, Navodaya Studio Complex, Thengod P.O, Cochin, Kerala, India. Pin: 682030

     Kairos Media, St Charles Street, Sheffield S9 3WU, United Kingdom

COPYRIGHT © 2021 KAIROS MEDIA, JESUS YOUTH

bottom of page