top of page
Search

സെൽഫ് ഇവാലുവേഷൻ | KAIROS MALAYALAM | MARCH 2026

  • Writer: Kairos Media
    Kairos Media
  • May 30
  • 2 min read

ഇത്രയുമൊക്കെ ആയില്ലേ! ഒരു സെൽഫ് ഇവാലുവേഷൻ ഒക്കെയാകാം. ദീർഘനിശ്വാസത്തോടെയുള്ള ആത്മഗതം.


ഒറ്റവാക്കിൽ പറഞ്ഞാൽ ഞാനൊരു സെൽഫ് മെയ്ഡ് (Self-made) ആണ്.... അല്ലേ?? കൈപിടിച്ചു നടത്താനോ ഉയർച്ചയ്ക്കായി പ്രേരിപ്പിക്കാനോ വലിയ രീതിയിൽ ആരും തന്നെ ഉണ്ടായിരുന്നില്ല. അതെ, ഒരു സെൽഫ് മെയ്ഡ് മാൻ തന്നെ!


താനായിട്ട് ഉണ്ടാക്കിയതാണ് ഈ കാണുന്നതെല്ലാം. ഇത്രയുമൊക്കെ നേടാൻ സഹായിച്ചു. ആഗ്രഹങ്ങൾക്കൊത്ത വിധം പടിപടിയായി ഉയർന്നു. നല്ല വിദ്യാഭ്യാസം നേടി. അതിനു പറ്റിയ ജോലിയും. ജോലിക്ക് അപ്പുറത്തേക്ക് തന്റെ കഴിവുകൾ കണ്ടറിഞ്ഞ് ചെറിയ രീതിയിൽ തുടങ്ങിയ ബിസിനസ് തന്റെ ജീവിതനിലവാരത്തിന്റെ ഗ്രാഫ് ശരിക്കും അങ്ങ് ഉയർത്തി! അതെ... ഞാൻ സെൽഫ് മെയ്ഡ് തന്നെ. തന്റെ കൂടെക്കൂട്ടിയ ജീവിതപങ്കാളിയെ, അവരുടെ ചിന്താഗതിയെ വിശാലമായ ലോകത്തിലേക്ക് എത്തിക്കാൻ കഴിഞ്ഞു. മക്കൾക്ക് നല്ല വിദ്യാഭ്യാസവും നല്ലൊരു ജീവിതം നയിക്കാനുള്ള പ്രാപ്തിയുമായി.


ശരിക്കും പറഞ്ഞാൽ അവരെ അവർക്ക് പറ്റിയ ഇടങ്ങളിൽ സേഫ് ആക്കി. ചുറ്റിലുമുള്ള പലർക്കും കൈനീട്ടി കൊടുക്കാൻ സാധിച്ചു.


ബന്ധുക്കളും സുഹൃത്തുക്കളും തന്റെ സഹായം പറ്റുന്നു. അതും ഒരു സന്തോഷം. എഴുതുന്നത് വായിക്കാനും പറയുന്നത് കേൾക്കാനും ചുറ്റിലും ഒരുപാട് പേർ. കൊള്ളാം, ഇത്രയുമൊക്കെ ചെയ്യാൻ സാധിക്കുന്നു. അതും ഒരു സെൽഫ് മെയ്ഡ് ആയ എനിക്ക്. ഹോ... മൊത്തത്തിൽ നോക്കുമ്പോൾ ഒരാശ്വാസം.... സാമൂഹ്യപരമായും രാഷ്ട്രീയപരമായും തന്റെ പൊസിഷൻ ചെറുതല്ല. എല്ലാവരും അംഗീകരിക്കുന്നു. തന്റെ സാന്നിധ്യം എല്ലാവരും ആഗ്രഹിക്കുന്നു.


എത്ര സുന്ദരം ഈ ജീവിതം. അതെ, ഒരു സെൽഫ് മെയ്ഡ് ആയ എനിക്ക് ഇതിൽപരം എന്ത് സന്തോഷം വേണം? സെൽഫ് ഇവാലുവേഷനൊടുവിൽ അല്പം സൈലൻസിലേക്ക് (നിശബ്ദതയിലേക്ക്) കടന്നു. അറിഞ്ഞില്ല, മനസ്സ് അല്പം ആഴത്തിലേക്ക് പോയി, ഒന്ന് മുങ്ങിത്താണു. ആഴിയുടെ ആഴങ്ങൾ പോലെ. താൻ തനിയെ അല്ല, ആരോ കൂടെയുണ്ട്. തന്നോട് എന്തോ സംസാരിക്കുന്നുണ്ട്. ചെവിയോർത്തു.


കുഞ്ഞുനാളിലെ ചില കാര്യങ്ങൾ, ബാലാരിഷ്ടതകൾ, അപ്പനമ്മമാർ എടുത്ത സഹനങ്ങൾ, സഹോദരങ്ങളുടെ വാത്സല്യം, പങ്കാളിയുടെ സാമീപ്യം, ബന്ധുക്കളുടെ സ്നേഹം, സുഹൃദ്ബന്ധങ്ങളുടെ ബാഹുല്യം, ഗുരുസ്ഥാനീയരുടെ കരുണ, സഹപ്രവർത്തകരുടെ ഔദാര്യം, സഹയാത്രികരുടെ കരുതൽ, കൂട്ടായ്മയുടെ പൊതിഞ്ഞുപിടിക്കൽ... അറിയാ നാട്ടിൽ വഴി ചോദിച്ചപ്പോൾ സ്നേഹം പാഥേയമായി തന്നുവിട്ട അപരിചിതർ... അങ്ങനെ സമരിയക്കാരായി മാറിയ ഒരു കൂട്ടം അപരിചിതർ. ചിതറിയ കുത്തിക്കുറിക്കലുകൾ ഒക്കെ പെറുക്കിക്കൂട്ടി വായിച്ച് ഇനിയും എഴുതണമെന്ന് ശാഠ്യം പിടിച്ച അനുഭവകഥകളുടെ രാജാക്കന്മാർ, കഥകളും കാര്യങ്ങളുമായി പറഞ്ഞതൊക്കെയും കേട്ടിരുന്ന ശ്രോതാക്കൾ.


മുങ്ങുമെന്ന മട്ടിൽ ആടിയുലഞ്ഞ തോണി പോലെ തകരാൻ തുടങ്ങിയ ബിസിനസ് താങ്ങിയ, ദൃശ്യവും അദൃശ്യവുമായ കരങ്ങൾ.


അങ്ങനെ ഈ ചിത്രങ്ങൾ എല്ലാം ഒരു ഫ്രെയിമിലെന്ന പോലെ മിന്നിമിന്നി നീങ്ങി. ഉള്ളൊഴുക്കിൻ ശക്തിയാൽ കണ്ണീർ പുഴയായി മാറി. പതുക്കെ പതുക്കെ ശാന്തമായി ഒഴുകുന്ന നദിയുടെ മൗനം പോലെ മനം സ്വസ്ഥതയിലേക്ക് ചാഞ്ഞു. "നിനക്ക് എന്റെ കൃപ മതി" ഞെട്ടലോടെ കേട്ട വാക്കുകൾക്ക് ഒന്നുകൂടി കാതോർത്തു. ... വീണ്ടും കേട്ടു, "നിനക്ക് എന്റെ കൃപ മതി." വീണ്ടും ആ ശബ്ദം മൊഴിഞ്ഞു: "മനുഷ്യന്റെ ആഗ്രഹമോ പ്രയത്നമോ അല്ല അവിടുത്തെ ദയയാണ് എല്ലാത്തിന്റെയും അടിസ്ഥാനം." "യെസ്...."


ഉള്ളിൽ നിന്ന് വന്ന ശബ്ദങ്ങൾ അധരങ്ങളെ ചലിപ്പിച്ചു. ഒടുവിൽ ആ സത്യം തിരിച്ചറിഞ്ഞു; താൻ സെൽഫ് മെയ്ഡല്ലെന്നും കുശവന്റെ കയ്യിലെ കളിമണ്ണ് മാത്രമാണെന്നും!


(എറണാകുളത്ത് അരൂരിൽ താമസിക്കുന്ന ജീസസ് യൂത്തായ ലേഖിക കോടംതുരുത്ത് GVVHSS-ൽ കൗൺസിലറായി ജോലി ചെയ്യുന്നു.)


ഷിബി

 
 
 

Comments


Kairos USA

Kairos INDIA

Kairos UK

     Kairos International Inc. 700 Louisiana St, Houston, TX. USA 77002

     Kairos Media, No 8/174, Navodaya Studio Complex, Thengod P.O, Cochin, Kerala, India. Pin: 682030

     Kairos Media, St Charles Street, Sheffield S9 3WU, United Kingdom

COPYRIGHT © 2021 KAIROS MEDIA, JESUS YOUTH

bottom of page