സ്നേഹമെന്ന സമ്മാനം | KAIROS MALAYALAM | MARCH 2026
- Kairos Media

- May 30
- 2 min read

ലോകത്തെ സൃഷ്ടിക്കുന്നതിന് ദൈവത്തിന് മൂലധനം മുടക്കേണ്ടി വന്നിട്ടില്ല, എന്നാൽ ലോകത്തെ രക്ഷിക്കുന്നതിന് ദൈവപുത്രന്റെ ജീവരക്തമാണ് വിലയായി നൽകേണ്ടി വന്നത്. (ബിഷപ്പ് ഫുൾട്ടൻ ജെ. ഷീൻ)
സാമ്പത്തികമായി നന്നായി ഞെരുങ്ങുന്ന ഒരു കുടുംബമായിരുന്നു അത്. ആ വർഷത്തെ ക്രിസ്മസ് വന്നെത്തുമ്പോൾ കുടുംബനാഥൻ വല്ലാത്ത ഒരു അങ്കലാപ്പിലായിരുന്നു, 'എന്തൊക്കെ ചെയ്യാനിരിക്കുന്നു. ഒന്നിനും പണം തികയുന്നുമില്ല. മോളുടെ പിറന്നാളും ക്രിസ്മസും ഒന്നിച്ചാണ് വരാൻ പോകുന്നത്. അഞ്ചു വയസുകാരിക്ക് നല്ലൊരു ക്രിസ്മസ് സമ്മാനം വാങ്ങി കൊടുക്കണം എന്ന് വിചാരിക്കുന്നതല്ലാതെ നടക്കുമെന്ന് തോന്നുന്നില്ല.' നിരാശനായ് വീട്ടിൽ വന്നു കയറിയപ്പോൾ കണ്ട കാഴ്ച മകൾ ക്രിസ്മസ് ട്രീ അലങ്കരിക്കാൻ കരുതി വെച്ച വർണ്ണക്കടലാസെടുത്ത് ഒരു പെട്ടി പൊതിയുന്നു. കണ്ടപ്പോൾ ദേഷ്യം വന്നു. ഇനി എന്തെടുത്ത് ട്രീ അലങ്കരിക്കും? അവളെ കുറച്ചധികം ചീത്ത പറഞ്ഞു.
പിറ്റേന്ന് കാലത്ത് മകൾ ആ വർണ്ണക്കടലാസുകൊണ്ട് പൊതിഞ്ഞ പെട്ടിയുമായ് അയാൾക്കരികിൽ വന്നിട്ട് പറഞ്ഞു, "ഇത് ഡാഡിക്കാണ്." അയാൾക്ക് അവളെ ചീത്ത പറഞ്ഞതിൽ വല്ലായ്മ തോന്നി. കൗതുകത്തോടെ പെട്ടി തുറന്നുനോക്കി. ഞെട്ടിപ്പോയി, ഒരു കാലിപ്പെട്ടി. ഇവൾ ആളെ കളിയാക്കുകയാണോ? അച്ഛൻ സങ്കടത്തോടെ പരുഷമായ് പറഞ്ഞു, "മോളേ, എന്തെങ്കിലും ആർക്കെങ്കിലും നൽകുമ്പോൾ പറ്റിക്കാൻ നിൽക്കരുത്. ഇതൊക്കെ മോശമാണ്. ഇതുപോലെ കാലിപ്പെട്ടി ഇനിയാർക്കും നൽകരുത്." ആ കുരുന്ന് നിറകണ്ണുകളോടെ അയാളെ നോക്കി, "ഡാഡീ, അത് കാലിപ്പെട്ടി അല്ലല്ലോ, ഞാനിതിൽ നൂറുനൂറ് ഉമ്മകൾ വെച്ചിട്ടുണ്ട്." അച്ഛൻ വിഷമത്തിലായി. പണത്തിന്റെ ബുദ്ധിമുട്ട് കാരണം മകൾ കണ്ടുപിടിച്ച ഒരു നല്ല വഴിയായിരുന്നു ആ സ്പെഷ്യൽ സമ്മാനം. അവളെ ചേർത്തുപിടിച്ചു മൂർദ്ധാവിൽ ഉമ്മ വെച്ചു.
അധിക നാൾ കഴിയും മുൻപ് ഒരു അപ്രതീക്ഷിതമായ അപകടത്തിൽ ആ മകൾ മരിച്ചു. മകളുടെ വേർപാടിനു ശേഷം അദ്ദേഹം തന്റെ കിടക്കയ്ക്കരികെ ആ പെട്ടി സൂക്ഷിച്ചു വെച്ചു. ജീവിതത്തിൽ എന്തൊരു വിഷമം വന്നാലും അയാൾ ആ പെട്ടി എടുത്തു തുറക്കും. മകൾ നിറച്ചു വെച്ച ഉമ്മകളിൽ നിന്നൊന്ന് എടുക്കും, അവളുടെ കരുതലിനെപ്പറ്റിയും സ്നേഹത്തെപ്പറ്റിയും ഓർക്കുമ്പോൾ ആ വിഷമം അലിഞ്ഞില്ലാതാവും. മനസ്സ് സ്നേഹം കൊണ്ട് ജ്വലിക്കും.
അർത്ഥശൂന്യമെന്നും, അപ്രധാനമെന്നും നാം കരുതുന്ന ഇത്തരം ചില ഒഴിഞ്ഞ ബോക്സുകൾക്കുള്ളിലായിരിക്കും ചില അമൂല്യ നിധികൾ നമുക്കായ് മറഞ്ഞിരിക്കുന്നത്. സ്നേഹം നിറയാത്ത ബാഹ്യരൂപത്തിൽ അമൂല്യമെന്ന് തോന്നിപ്പിക്കുന്ന (ലോകം വിളിക്കുന്ന) അനേകം വില കൂടിയ ലോക്കറുകളേക്കാൾ ഇത്തരത്തിലുള്ള കാർഡ് ബോർഡ് പെട്ടികളാണ് നമ്മുടെ അനുദിന ജീവിതത്തെ കെട്ടിപ്പടുക്കുക.
എല്ലാം മടുത്ത് മരണത്തിലേക്ക് നടക്കുകയായിരുന്ന ആ അതിസമ്പന്നൻ, പാതയോരത്തെ ഒരു ടെലിവിഷനിൽ ആരും ശ്രദ്ധിക്കാത്ത ഒരു ടി.വി. പ്രോഗ്രാം ശ്രദ്ധിക്കാനിടയായി. ഒരു ഡോക്യുമെന്ററിയാണ്, ഒരു വൃദ്ധ കന്യാസ്ത്രീ ഒരു മരണാസന്നനായ രോഗിയെ പരിചരിക്കുന്നതാണ് രംഗം. മനുഷ്യത്വം മരിച്ചുവെന്ന് വിലപിച്ച്, എല്ലാം മടുത്ത് എല്ലാം അവസാനിപ്പിക്കാനിറങ്ങിയ ആ മനുഷ്യന്റെ ശേഷിക്കുന്ന ജീവിതം മാറി മറിയാൻ ആ ദൃശ്യങ്ങൾ മതിയായതായിരുന്നു.
ഓർത്തു വക്കാൻ കൊള്ളാവുന്ന ഒന്നുമില്ലാത്ത നാളുകളിലൂടെയും വർഷങ്ങളിലൂടെയുമൊക്കെയാണ് നമ്മുടെ ജീവിതവും കടന്നു പോകുന്നത്. പ്രത്യാശ പകരുന്ന വേദപുസ്തകം നമുക്ക് തരുന്ന ഒരു ഓർമ്മപ്പെടുത്തലുണ്ട്. "എന്റെ ആത്മാവിനു സ്വസ്ഥതയില്ല. സന്തോഷമെന്തെന്നു ഞാൻ മറന്നു. അതുകൊണ്ട്, എന്റെ ശക്തിയും കർത്താവിലുള്ള പ്രത്യാശയും പൊയ്പ്പോയെന്ന് ഞാൻ വിലപിക്കുന്നു. എന്റെ ക്ഷതയുടെയും അലച്ചിലിന്റെയും ഓർമ കയ്പ്പേറിയ വിഷമാണ്. അതിനെപ്പറ്റി നിരന്തരം ചിന്തിച്ച് എന്റെ മനം തകരുന്നു.
എന്നാൽ, ഞാൻ ഒരു കാര്യം ഓർമിക്കുന്നു, അത് എനിക്കു പ്രത്യാശ തരുന്നു. കർത്താവിന്റെ സ്നേഹം ഒരിക്കലും അസ്തമിക്കുന്നില്ല; അവിടുത്തെ കാരുണ്യം അവസാനിക്കുന്നില്ല. ഓരോ പ്രഭാതത്തിലും അതു പുതിയതാണ്. അവിടുത്തെ വിശ്വസ്തത ഉന്നതമാണ്." (വിലാപങ്ങൾ 3 : 17-23)
മകളുടെ വ്യത്യസ്തമായ ആ ക്രിസ്മസ് സമ്മാനം ശേഷിക്കുന്ന ജീവിതകാലത്ത് ആ പിതാവിന് ഒരു പിടിവള്ളിയായി മാറിയതുപോലെ, തളരുമ്പോൾ തുറന്നു വായിക്കാനും, ഹൃദയത്തിൽ സൂക്ഷിക്കാനും ദൈവം നമുക്ക് തന്ന സ്നേഹചുംബനങ്ങളാണ് ഓരോ തിരുവെഴുത്തുകളും. 'ഞാൻ തളരുമ്പോൾ എന്റെ വഴി അങ്ങ് അറിയുന്നു;' (സങ്കീർത്തനങ്ങൾ 142 : 3). ആ കൊച്ചുമകൾ അവളുടെ സ്നേഹം നിറഞ്ഞ ഉമ്മകൾ നിറച്ചുവെച്ചതു പോലെ സഭയുടെ വിശുദ്ധ ഭണ്ഡാരത്തിൽ തമ്പുരാൻ കർത്താവ്, നാം തളർന്നു പോകാതിരിക്കാനും ബലപ്പെടാനും അമൂല്യമായ എത്രയോ നന്മകൾ കരുതിവെച്ചിരിക്കുന്നു. പരി. കുർബാനയാകുന്ന 'പാഥേയം' ദൈവം നമുക്കായ് കരുതിവെച്ചിരിക്കുന്ന മറ്റൊരു സ്നേഹചുംബനമല്ലേ, ഓരോ കുമ്പസാരക്കൂട്ടിനകത്തും ധൂർത്ത് പുത്രന്മാരായ നമ്മൾ പിതാവിനാൽ ആലിംഗനം ചെയ്യപ്പെടുകയും ചുംബിക്കപ്പെടുകയും ചെയ്യുന്നു.
ശൂന്യമെന്നും നിരർത്ഥകമെന്നും തോന്നുന്ന നേരത്തൊക്കെ, ഒരുവേളയെങ്കിലും മിഴിപൂട്ടിയോർക്കണം എന്തുകൊണ്ടിങ്ങനെയെന്ന്. വെളിപ്പെട്ടുക്കിട്ടും ആ ശൂന്യതയെന്തെന്നും നിരർഥകമായതിന്റെ അർഥമെന്തെന്നും. സുഹൃത്തേ, ഇനിയെങ്കിലും ശൂന്യതയെ പഴിക്കരുത്. നിനക്കുള്ള സമ്മാനം കാണാൻ നിന്റെ കണ്ണുകൾ നിറഞ്ഞുകലങ്ങി തെളിയണം.
ശശി ഇമ്മാനുവേൽ



Comments