സൂക്ഷിച്ചോ, എന്തോ കുഴപ്പമുണ്ട് ! | ജെ. ക്രൈസ്റ്റ് വോൺ | KAIROS GLOBAL | AUGUST 2026
- smithask2009
- Aug 1
- 2 min read

മാമോദീസ സ്വീകരിക്കുക എന്ന് പറഞ്ഞാൽ രണ്ടർത്ഥമാണുള്ളത്. ഒന്ന് ക്രിസ്തുവിന്റെ പുരോഹിത ഗണത്തിന്റെ ഭാഗമാകുക. രണ്ട് അവന്റെ പ്രവാചക ഗണത്തിന്റെ ഭാഗമാകുക. പ്രവാചകനാകുകയെന്നാൽ ദീപശിഖ കയ്യിൽ ഏറ്റുവാങ്ങി സമാധാന ദൂതുമായി താഴേയ്ക്ക് ഒഴുകുന്ന ജനതകളുടെ ഇടയിലൂടെ നിണമണിഞ്ഞ കാൽപ്പാടുകളുമായി മുകളിലേയ്ക്ക് നടക്കുക എന്നുതന്നെ. ഒളിമ്പിക്സ് ദീപശിഖ ഏന്തുന്ന ഒരാളെ കണക്കയാൾ ശിരസിൽ ഏറ്റുവാങ്ങിയ ദീപനാളമണിഞ്ഞ് നിർത്താതെ ഓടുകയാണ്, ഒഴുക്കിനെതിരെ.
1996 ലെ ദീപശിഖ അവസാനം കൈമാറി എത്തിയത് 'മുഹമ്മദ് അലി' യുടെ കൈകളിലായിരുന്നു. ബോക്സിങ്ങിൽ റിങ്ങിൽ തീ പാടിച്ചിരുന്ന അലി പക്ഷേ അപ്പോൾ പാർക്കിൻസൺ രോഗത്താൽ വലയപ്പെട്ടിരുന്നു. സംസാരിക്കാനോ ശരിയായി നടക്കാനോ പോലും അയാൾക്ക് ആകുമായിരുന്നില്ല. വിയറ്റ്നാം യുദ്ധത്തിൽ പങ്കെടുക്കില്ല എന്ന് പ്രഖ്യാപിച്ച് പലതരം പ്രശ്നങ്ങളെ മുൻപ് അയാൾക്ക് നേരിടേണ്ടി വന്നിരുന്നു. വിറയ്ക്കുന്ന കൈകൾ കൊണ്ട് Olympic Cauldron ൽ തീ പകരുമ്പോൾ കുലീനതയുടെയും സമഗ്രതയുടെയും അടയാളമായി അയാളെ ആ ജനത ഉറ്റുനോക്കി.
ശാന്തിയുടെ ഗിരിശൃംഗങ്ങളിൽ നിന്ന് മനസിന്റെ മഞ്ഞിടിഞ്ഞ് കാഴ്ചയുടെ സമ്മാനവുമായി അന്ധരുടെ താഴ്വരയിലെത്തുന്ന ഗുരുക്കന്മാരെ എങ്ങിനെ തിരിച്ചറിയാം? ഒരാൾ ഒരു പൊഴിയിൽ നദി കടലിൽ ചേരുന്നത് കണ്ട് നിൽക്കുന്നു. ഉള്ളിൽ ഈ നദി എവിടെ നിന്നാണ് ഉത്ഭവിക്കുന്നത് എന്ന ചോദ്യം അയാളെ അലട്ടുന്നു. അയാൾ ഒഴുക്കിനെതിരെ തോണി തിരിക്കുകയാണ്. അങ്ങനെ തോടുകളും, അരുവികളും, നീർച്ചാലുകളും കടന്ന് ഉറവക്കണ്ണ് കാണുകയാണ് ഒരാൾ. അങ്ങനെ സ്നേഹത്തിന്റെ ഉറവക്കണ്ണ് തേടി കണ്ടെത്തിയ ആളുടെ പേരാണ് ഗുരു.
നിർഭാഗ്യവശാൽ നമ്മൾ കാണുന്ന പലരും നദിയുടെ കുറുകെയുള്ള പാലത്തിൽ നിന്ന് നദി കണ്ടവർ മാത്രമാണ്. ഒഴുക്കിന്റെ കനവും തുഴയലിന്റെ മടുപ്പും തുടങ്ങി ഉറവക്കണ്ണിന്റെ കാഴ്ചയും ശുദ്ധിയും വരെ കഥകൾ മാത്രമാണവർക്ക്. സെക്കൻഡ് ഹാൻഡ് ദൈവാനുഭവം മാത്രം പേറുന്നവർ.
എങ്കിലും പുരോഹിത ഗണത്തിൽ പെട്ട ഏതൊരാളുടെയും സാധ്യതയാണ് "പ്രവാചകൻ" എന്നത്. ഒരിടത്തൊരു പഴയ പള്ളിയിൽ ഒരു പള്ളിമണി ഉണ്ടായിരുന്നു. പള്ളിയിലേയ്ക്ക് ആളെ വിളിച്ചു കൂട്ടാൻ മണി നന്നേ സഹായിച്ചു. പക്ഷേ അൾത്താരയിലെ കർമ്മങ്ങൾക്കിടയിൽ നിശബ്ദനായി നിൽക്കേണ്ടി വന്നു. കുഞ്ഞുങ്ങൾ വലിച്ചു അടിച്ച് ഒരു ദിവസം മണി പൊട്ടി വീണ് ചിതറി. മൂശാരി അതിനെ ഉരുക്കി കൈമണികളാക്കി അൾത്താരയിൽ ഇടം നൽകി. ഇപ്പോൾ അതിന്റെ ശബ്ദം ആളുകളെ കൂട്ടുന്നില്ല. പക്ഷേ ബലി പൂർത്തിയാകുമ്പോൾ അൾത്താരയിൽ മണിനാദമായി തെളിയുന്നു. 'പള്ളിമണിയും' 'അൾത്താരമണിയും' രണ്ട് തരം നിലനിൽപ്പുകളുടെ സാധ്യതയാണ്.
വെളിച്ചം കിട്ടിയവരോളം നല്ല ആൽക്കെമിസ്റ്റുകൾ വേറെ ഉണ്ടാവില്ല. സദ്ഭാവനകൾ കൊണ്ട് അവർ മുൻപിലെത്തിപ്പെടുന്നവരെ തീ പിടിപ്പിക്കുന്നു. മടങ്ങിയെത്തുന്നവർക്ക് വെള്ളവസ്ത്രം നൽകുന്നു. സ്വർണ്ണം സൃഷ്ടിക്കുന്ന 'കുപ്രിയാവിഡസ് മെറ്റാലിഡുറാൻസ്' (Cupriavidus metallidurans) എന്ന സൂക്ഷ്മജീവിയെ പോലെ അവർ. വിഷ ലോഹത്തെ അക്ഷരാർത്ഥത്തിൽ സ്വർണ്ണമാക്കി മാറ്റാൻ കഴിയുന്നവർ. ഈ അത്ഭുതകരമായ ബാക്ടീരിയ അതിന്റെ പരിസ്ഥിതിയെ വിഷവിമുക്തമാക്കാൻ ഒരു പ്രത്യേക എൻസൈം ഉപയോഗിക്കുന്നു – ഈ പ്രക്രിയയിൽ ശുദ്ധവും ഖരവുമായ സ്വർണ്ണ കണികകൾ പുറന്തള്ളുന്നു.
മനുഷ്യ വംശത്തിനായുള്ള സദ്ഭാവനകളുടെ സദ് വാർത്തയാണ് ഗുരുക്കന്മാർ. സൂഫി ശിഷ്യർ നാടുവിട്ടു പോകുകയാണ്. ശിഷ്യർ ചോദിച്ചു ഞങ്ങൾ ഇവിടെ നിന്നും എന്ത് കൂടെ കൊണ്ടു പോകണം? ഗുരു ഹബീബ് ഉമർതങ്ങൾ പറഞ്ഞു "നിങ്ങൾ കൂടെ കൊണ്ടുപോകേണ്ടത് 'ഹുസ്നുൽ ഇൻ' (സദ്ഭാവന) ആണ്".
'അക്കായ് ഇറ്റോ' (Akai Ito) എന്നൊരു ജാപ്പനീസ് സങ്കല്പമുണ്ട്. Red Thread എന്നാണ് അതിന്റെ അർത്ഥം. പരസ്പരം കണ്ടുമുട്ടേണ്ടവരുടെ ചെറുവിരലിൽ ദൈവം അദൃശ്യമായ ഒരു ചുവന്ന ചരട് കൊണ്ട് ബന്ധിക്കുന്നു. ഇത് ഉള്ളവർ എത്ര കാലം കഴിഞ്ഞാലും എത്ര അകലെ പോയാലും ഒടുക്കം ഒരുമിച്ച് എത്തിച്ചേരും. അങ്ങനെ അദൃശ്യമായ ചരടുകളുള്ളവരെ തേടി ഗുരുക്കന്മാർ എത്തുക തന്നെ ചെയ്യും. അതെത്ര വൈകിയാലും.
'അവനോടൊത്ത് മാത്രം ശേഖരിക്കുന്നവർ' എന്നതാണ് അവരുടെ മറ്റൊരു വിശേഷണം. "എന്നോടൊത്ത് ശേഖരിക്കാത്തവർ ചിതറിക്കുന്നു" എന്ന വചനം പോലെ അവന്റെ അസാന്നിധ്യമുള്ളതെല്ലാം അവർ ചിതറിക്കുന്നു. സീത ഹനുമാന് ഒരു മാല സമ്മാനിക്കുന്നു. പക്ഷേ ഹനുമാൻ പൊട്ടിച്ച് ഓരോരോ മുത്തുകളും നോക്കി പറഞ്ഞു. "ഇതിൽ രാമനില്ല, ഇതിലും രാമനില്ല" എന്ന്. രാമനില്ലാത്തതിന് അവർക്ക് എന്തു വില? പൊട്ടിച്ച് ചിതറിക്കുക തന്നെ.
ഗുരുക്കന്മാർ അഭൗമികമായ ശാന്തിയുടെ മേഘപടലം കൂടെ കരുതുന്നവർ. പലപ്പോഴും നമ്മുടെ തർക്കങ്ങൾ പോലും സ്നേഹ വിരുദ്ധമാകുന്നുണ്ട്. ശാന്തി എന്നാൽ തർക്കിച്ച് ജയിക്കാവുന്ന ആശയം കൊണ്ടുപോലും സ്നേഹ വിരുദ്ധമാകാതിരിക്കലാണ്. നീതിക്ക് വേണ്ടി പൊരുതുമ്പോൾ മാത്രമാവും അവർ ശാന്തിയുടെ അങ്കി അഴിച്ചു വെച്ചിട്ടുണ്ടാവുക.
നിങ്ങൾ ക്രിസ്തുവിന്റെ പുരോഹിത ഗണമായിരിക്കെ നിങ്ങൾക്ക് പ്രവാചക ദൗത്യം നൽകപ്പെടുന്നു എന്ന് കരുതുക. നിങ്ങളും നിങ്ങളുടെ ആശയങ്ങളും പ്രവാചക ദൗത്യം നിറവേറ്റുന്നുണ്ടോ എന്ന് എങ്ങിനെ തിരിച്ചറിയാം? ഒരു പഴയ വഴി ഉണ്ട്. നിങ്ങൾ എത്ര മാത്രം സ്വന്തം വീട്ടുകാരാൽ തള്ളിപ്പറയപ്പെടുന്നു. സ്വന്തം കൂട്ടുകാരാൽ കാണപ്പെടാതെ പോകുന്നു എന്ന് നോക്കുക. അത്രമാത്രം നിങ്ങൾ വിജയിയാണ്. കല്ലേറും കുരിശുമാണോ മറുപടി ? എങ്കിൽ സംഗതി കൊള്ളാം എന്തൊക്കെയോ നടക്കുന്നുണ്ട്. അഭിനന്ദന പ്രവാഹമാണോ? എങ്കിൽ സൂക്ഷിച്ചോ, എന്തോ കുഴപ്പമുണ്ട്.
ഒരു ഗുരു കടൽതീരത്ത് ധ്യാനിക്കുകയാണ്. അപ്പോഴാണ് തെങ്ങിൻ ചുവട്ടിലിരിക്കുന്ന സായിപ്പിന്റെ മുകളിലേയ്ക്ക് ഒരു 'തെങ്ങുമടൽ' വീഴുന്നത് കണ്ടത്. ഒരു ചിന്ന പ്രശ്നമുണ്ട്. ഇംഗ്ലീഷ് അറിയില്ല. എന്നാലും ശ്രമമാണ്. "സായിപ്പേ കമ്മിങ് ഓൺ എ തെങ്ങുമ്മടൽ ലൈഫ് വേണേ റണ്ണിക്കോ റണ്ണിക്കോ.." ഭാഷയല്ല രക്ഷയാണ് പ്രശ്നം!.
……………………………………………. ജെ. ക്രൈസ്റ്റ് വോൺ എന്നത് തൂലികാനാമം. ജിത്തു ജോർജ് എന്നാണ് ശരിയായ പേര്. ഓസ്ട്രേലിയയിലെ പെർത്തിൽ കുടുംബമായി താമസിക്കുന്നു. ഓസ്ട്രേലിയൻ ഗവണ്മെന്റ് ഓർഗനൈസേഷനായ ഡിപ്പാർട്ട്മെന്റ് ഓഫ് കമ്മ്യൂണിറ്റിയിൽ ഡാറ്റാ എൻജിനീയറായി പ്രവർത്തിക്കുന്നു.



Comments