top of page
Search

സങ്കേതം | KAIROS MALAYALAM | MARCH 2026

  • Writer: Kairos Media
    Kairos Media
  • May 30
  • 3 min read



ആത്മീയാന്വേഷണങ്ങളിൽ അകമുടക്കിയ നാളുകളിലാണ് "മരണ സമയത്ത് ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കണമെ" എന്ന ഭാഗം ഒന്ന് ഉള്ളിലുറച്ചു വന്നത്. മരണത്തിനപ്പുറം ജീവിതമുണ്ടോ? എന്ന അതിസാധാരണമായ ഒരു ഹൈസ്കൂൾ ആത്മീയതയുടെ ചോദ്യത്തെ പിന്തുടർന്നതിൽ നിന്ന് തുടങ്ങിയ വായനകൾ, അത് നിരവധി മരണ തീരത്തെ അനുഭവങ്ങളെ കണ്ടെത്തി വായിക്കാൻ അവസരമായി മാറി. പല നിറത്തിലുള്ള കഥകളും വായിച്ചു.


ബോധ- ഉപബോധ മനസ്സിന്റെ പ്രവർത്തനങ്ങൾ എന്ന് സയന്റിഫിക് ടെമ്പറിൽ മനസ്സിനെ പിടിച്ചു നിർത്താൻ ശ്രമിച്ചു തന്നെ മുമ്പോട്ടു പോകുമ്പോൾ ഒരു സംഭവം നടന്നു. സുഹൃത്തുക്കളിൽ ഒരാളും സ്കൂൾ അധ്യാപകനുമായ ബിജു സാർ ബൈക്ക് യാത്രക്കിടയിൽ അപകടത്തിൽ പെട്ടു. മരണം ഡിക്ലയർ ചെയ്യാൻ തുടങ്ങവെ കൈവിരലുകൾ ചലിച്ചു. ശേഷം I.C.U വിൽ പതിനഞ്ച് ദിവസം കോമയിൽ. പതിനഞ്ചാം ദിവസം ബോധം വന്ന ബിജു സാർ പറഞ്ഞ കഥകൾ പുസ്തക വായനയിൽ കിട്ടിയതിലും ഷാർപ്പ് ആയിരുന്നു. ഫസ്റ്റ് ഹാൻഡ് ഇൻഫർമേഷൻ!


ജീസസ് യൂത്ത് പ്രോഗ്രാം കഴിഞ്ഞു വരവെ ജപമാല ചൊല്ലിയാണ് യാത്ര ചെയ്തത്. അപകടം നടന്ന നിമിഷം തന്നെ താൻ വളരെ ഉയരത്തിൽ നക്ഷത്രങ്ങളാൽ തീർത്ത ഒരു നിത്യസഹായ മാതാവിന്റെ രൂപത്തിന്റെ ഹൃദയ ഭാഗത്തെ ഒരു പ്രകാശകണികയായി മാറി. ഭൂമിയിലേക്ക് നോക്കി നിൽക്കുന്ന ആ ആകാശ മാതാവ് എന്തു കാണുന്നോ അത് അയാളും കണ്ടു.


ഭൂമിയിൽ ആരൊക്കെ അമ്മയെ വിളിച്ച് പ്രാർത്ഥിച്ചാലും അമ്മയുടെ ഹൃദയത്തിൽ നിന്നും ഒരു ചെറിയ മാതാവിന്റെ രൂപം പുറപ്പെട്ട്, പ്രാർത്ഥിക്കുന്ന ആളുടെ അടുത്ത് ചെന്ന് കേട്ടു നിൽക്കുന്നു. പ്രാർത്ഥന കഴിയുമ്പോൾ മടങ്ങുന്നു.


ഹോസ്പിറ്റലിൽ നടന്നതും കുടുംബത്തിൽ നടന്നതുമായ കാര്യങ്ങളൊക്കെയും ബിജു സാർ തിരിച്ചു വന്നതിനുശേഷം തീയതിയും സ്ഥലവും ഉൾപ്പെടെ പറഞ്ഞു കൊടുത്തു. നോർത്തിലായിരുന്ന പെങ്ങൾ പള്ളിയിൽ പോയി ഇരുന്ന് കരഞ്ഞ സമയവും ഉടുത്ത സാരിയുടെ നിറം വരെയും പറഞ്ഞു കൊടുത്തു.


മാലാഖമാർ വിമാനങ്ങൾക്ക് അകമ്പടി പോകുന്നുവെന്ന് അന്ന് പറഞ്ഞത് പിൽക്കാല യാത്രകളിൽ സ്വാസ്ഥ്യം നിറയ്ക്കുന്ന ഒരു ഓർമ്മയായി. അങ്ങനെ സ്വർഗ്ഗീയ സുഖം അനുഭവിക്കെ സാറിന്റെ അപ്പനും അമ്മയും ഒരുമിച്ച് പള്ളിയിൽ വന്ന് കരഞ്ഞു പ്രാർത്ഥിച്ചു. അപ്പോൾ മാതാവ് പുത്രനോട് പറഞ്ഞു "എന്നാൽ ബിജു തിരിച്ചു പോകട്ടെ" എന്ന്. പറഞ്ഞു തീരുമ്പോൾ ഐസിയുവിൽ ബിജു സാർ കണ്ണു തുറന്നു.


ഒരുപക്ഷേ സമാന കഥകൾ വായനക്കാരും കേട്ടിട്ടുണ്ടാവും. പക്ഷെ തൊട്ടടുത്ത മാസങ്ങളിൽ മറ്റൊരു സംഭവം കൂടി നടന്നു. ഈ ദൈവാന്വേഷി കൊല്ലത്ത് സാൻപിയോ ധ്യാനകേന്ദ്രത്തിൽ ഗുരു ബോബിയച്ചന്റെ അടുത്തായിരുന്ന ഒരു ദിവസം അവിടെ ഒരു ചെറുപ്പക്കാരൻ ധ്യാനത്തിനായി വന്നു. ഒരു കൈയ്ക്ക് സ്വാധീനക്കുറവുണ്ട്, നെറ്റിയിൽ ഒരു വലിയ മുറിപ്പാട്, തലയോട്ടിയിൽ ആഴമുള്ള കുഴികൾ. അതെ, അതിനും നാല് മാസം മുമ്പ് അങ്കമാലിയിൽ വെച്ച് ഒരു ടിപ്പറിന് മുത്തമിട്ടതാണ്. അതും ബൈക്ക് കൊണ്ട്.


ക്യൂരിയോസിറ്റി ട്രിഗർ ചെയ്യാൻ ഒരുപാട് സമയം വേണ്ടി വന്നില്ല. തിടുക്കത്തിൽ ചോദിച്ചു "എന്തായിരുന്നു ആ അനുഭവം?" ആദ്യം പറയാൻ മടിച്ചെങ്കിലും പിന്നീട് പറഞ്ഞു തുടങ്ങി. കുറച്ച് മാസങ്ങൾക്ക് മുമ്പ് ബിജുസാർ പറഞ്ഞ അതേ കഥ!


അതിനു ശേഷം എപ്പോഴൊക്കെ 'നന്മ നിറഞ്ഞ മറിയമെ' എന്ന് ചൊല്ലുമ്പോഴും അടുത്തൊരു ചെറിയ നിത്യസഹായ മാതാവ് ചെവികൂർപ്പിച്ച് കേൾക്കുന്നത് മനസ്സിലറിയും. 'മരണസമയത്ത് തമ്പുരാനോട് അപേക്ഷിക്കണമേ' എന്ന് പ്രാർത്ഥിക്കുമ്പോൾ, നാം അവിടുത്തെ പ്രകാശത്തിലെ ഒരു കണികയാണെന്ന ബോധം മരണഭയത്തെ അതിജീവിക്കുന്ന ഒരു ആശ്രയത്വം പകരുന്നു. നമുക്ക് ആശ്രയിക്കാനൊരു സങ്കേതമുണ്ട്, 'പാപികളുടെ സങ്കേതം'.


'Protoevangelium of James' എന്ന, ബൈബിളിൽ ഇല്ലാത്ത ഒരു സമാന്തര സുവിശേഷത്തിലാണ് മാതാവിന്റെ പിറവിയെയും മരണത്തെയും സ്വർഗ്ഗാരോപണത്തെയും വ്യക്തമായി രേഖപ്പെടുത്തിയിട്ടുള്ളത്.


ജോവാക്കിമും അന്നയും വളരെ പ്രായമായവരായിരുന്നു. മറിയത്തിന് മൂന്ന് വയസ്സുള്ളപ്പോൾ മാതാപിതാക്കൾ ജെറുസലേം ദേവാലയത്തിൽ അവളെ സമർപ്പിച്ചു. ദേവാലയത്തിന്റെ പതിനഞ്ച് പടികളും തിരിഞ്ഞു നോക്കാതെ അവൾ നടന്നു കയറി! കൂടാരത്തിരുന്നാളിൽ ആ ഓരോ പടികളും ഓരോ ആരോഹണ സങ്കീർത്തനങ്ങളുടെ പ്രതിഫലനമാണ്. (സങ്കീ: 120 മുതൽ 134 വരെ) ഈ 15 സങ്കീർത്തനങ്ങളാണ് ആരോഹണ സങ്കീർത്തനങ്ങൾ. അവയുടെ ടൈറ്റിലുകൾ ഒന്ന് നോക്കിയാൽ മതി, മൂന്നാം വയസ്സിൽ അവൾ കടന്ന ഉൾബോധം എന്ത് എന്നതിനെ ഒരു രൂപകമാക്കാൻ. പിന്നീടുള്ള വർഷങ്ങളിൽ ആ ജെറുസലേം ടെമ്പിൾ ആയിരുന്നു അവളുടെ സങ്കേതം.

പന്ത്രണ്ടാം വയസ്സിൽ അവൾ ദൈവത്തിന്റെ സങ്കേതമായി മാറി. ദൈവപുത്രനെ പ്രസവിക്കാൻ സങ്കേതം തേടി. ഓർക്കണം, ദൈവം കാലിത്തൊഴുത്ത് തിരഞ്ഞെടുത്തപ്പോഴും അമ്മയും ജോസഫും ആഗ്രഹിച്ചത് ഒരു നല്ല സങ്കേതമായിരുന്നു. അതുകൊണ്ടാവാം ഇപ്പോഴും മനുഷ്യരുടെ വീടെന്ന സ്വപ്നത്തെ 'അമ്മ മാനസ'ത്തിന്റെ ഭാഗമായി കാണാനിഷ്ടമാണ്.


സുഗന്ധദ്രവ്യം സൂക്ഷിച്ച ഭരണിയിൽ സുഗന്ധം അവശേഷിക്കുന്നതുപോലെ അമ്മയിൽ മകനവശേഷിക്കുന്നു! അവരെ ക്ഷണിച്ച സങ്കേതങ്ങളിൽ കാനായിലെന്നപോലെ, പ്രാണൻ വീഞ്ഞ് പോലെ നുരയുന്നു. കുരിശിൽ കിടന്ന് അമ്മയെ ശിഷ്യന് സമ്മാനിക്കുമ്പോൾ നമുക്കും അതിന്റെ പൂർണ്ണ പങ്ക് ലഭിക്കുന്നു. ശിഷ്യത്വം സ്വീകരിച്ചവർ അവളെ സ്വന്തം സങ്കേതങ്ങളിൽ സ്വീകരിക്കുന്നു. മൂശാരി ശില്പം ഉണ്ടാക്കുന്ന അച്ച് പോലെ ഒരമ്മ! അവൾക്ക് ശേഷം പന്ത്രണ്ട് ക്രിസ്തുമാർ രൂപപ്പെട്ടു. ആരൊക്കെ അവളിലേക്ക് സ്വയം ഉരുക്കി ഒഴിച്ചാലും, ദൈവപുത്രനാക്കി അവൾ തിരികെ നൽകുന്നു!


Protoevangelium of James പ്രകാരം മാതാവ് ദിവംഗതയാകുന്നതിന് മുമ്പ് ഗബ്രിയേൽ മാലാഖ പ്രത്യക്ഷപ്പെട്ട് മൂന്നാം ദിവസം ദൈവപുത്രൻ തന്നെ കൂട്ടി കൊണ്ട് പോകാൻ വരുമെന്ന് അറിയിക്കുന്നു. മരണശേഷം മറിയത്തെ 'യഹോഷാഫാത്തിന്റെ താഴ്‌വര'യിലാണ് അടക്കിയത്. 'യഹോഷാഫാത്തി'ന്റെ അർഥം വിധിക്കാൻ വരുന്ന ദൈവമെന്നാണ്. (ജോയേൽ 3:12) അങ്ങിനെയൊരു ദൈവവിധിയുടെ ഇടത്തിൽ ദൈവമാതാവിനെ അടക്കം ചെയ്തു എന്നുറയുമ്പോൾ, മരണ സമയത്തെ മധ്യസ്ഥ എന്ന് തന്നെയാണ് അർത്ഥം. അടക്കം ചെയ്ത അവളുടെ ശരീരം അഴുകാൻ ദൈവം അനുവദിക്കാതെ സ്വർഗ്ഗത്തിലേക്ക് ഉയർത്തി എന്നതാണ് പാരമ്പര്യം.


'പാപികളായ ഞങ്ങൾക്കു വേണ്ടി മരണസമയത്ത് പ്രാർത്ഥിക്കണമേ!' എന്നത് അപ്പോൾ ദൈവശാസ്ത്ര പ്രകാരം കൂടി അർത്ഥവത്താകുന്നു. പാപികളുടെ സങ്കേതമേ! ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ! Life doesn't come with a 'Manual', but it comes with a 'Mother'


രചയിതാവിനെക്കുറിച്ച്: ജെ. ക്രൈസ്റ്റ് വോൺ എന്നത് തൂലികാനാമം. ജിത്തു ജോർജ് എന്നതാണ് ശരിയായ പേര്. ഓസ്ട്രേലിയയിലെ പെർത്തിൽ കുടുംബമായി താമസിക്കുന്നു. ഓസ്ട്രേലിയൻ ഗവൺമെന്റ് ഓർഗനൈസേഷനായ ഡിപ്പാർട്ട്മെന്റ് ഓഫ് കമ്മ്യൂണിറ്റിയിൽ ഡാറ്റ എഞ്ചിനീയറായി പ്രവർത്തിക്കുന്നു.


 
 
 

Comments


Kairos USA

Kairos INDIA

Kairos UK

     Kairos International Inc. 700 Louisiana St, Houston, TX. USA 77002

     Kairos Media, No 8/174, Navodaya Studio Complex, Thengod P.O, Cochin, Kerala, India. Pin: 682030

     Kairos Media, St Charles Street, Sheffield S9 3WU, United Kingdom

COPYRIGHT © 2021 KAIROS MEDIA, JESUS YOUTH

bottom of page