ശാന്തിയും സമാധാനവും ഹൃദയഭൂമി അവകാശമാക്കട്ടെ| KAIROSE MALAYALAM | MARCH 2026
- Kairos Media

- May 30
- 2 min read

ശാന്തത എന്നത് കേവലം നിശ്ശബ്ദതയെന്ന അവസ്ഥയല്ല മറിച്ച്, പ്രക്ഷുബ്ധതയ്ക്കിടയിലും ആരവങ്ങൾക്കിടയിലും ഉള്ളിലനുഭവിക്കുന്ന ഒരനുഭൂതിയാണത്.
ജാക്ക് ഇ. ഡൗവ്സണിന്റെ 'പീസ് ഇൻ ദ് മിഡ്സ്റ്റ് ഓഫ് ദ് സ്റ്റോം' (Peace in the Midst of the Storm) എന്ന പ്രശസ്ത ഛായാചിത്രം ഏറെ ഹൃദയസ്പർശിയാണ്. വലിയ പാറക്കെട്ടുകൾക്കിടയിലൂടെ കുത്തിയൊലിക്കുന്ന വെള്ളച്ചാട്ടവും മുഴക്കത്തോടെ ചീറിയടിക്കുന്ന കൊടുങ്കാറ്റും; കിഴക്കാംതൂക്കായ ആ പാറയിലെ കുഞ്ഞുപൊത്തിനുള്ളിൽ കാണാവുന്ന ചെറിയ കൂട്ടിൽ ശാന്തമായി വിശ്രമിക്കുന്ന ഒരു പ്രാവ്. ഈ ചിത്രം രചിക്കാൻ, തന്നെ പ്രചോദിപ്പിച്ച കഥയെക്കുറിച്ച് ജാക്ക് സൂചിപ്പിക്കുന്നുണ്ട്. 'സമാധാനം' വിഷയമായ ഒരു ചിത്രരചനാമത്സരം. അതിൽ സമ്മാനാർഹമായ സൃഷ്ടിയിൽ ദൃശ്യപ്പെട്ടത്, കടുത്ത കൊടുങ്കാറ്റിനു നടുവിലും അശാന്തയാകാതെ സ്വസ്ഥതയോടെ വസിക്കുന്ന ഒരു കൊച്ചുപക്ഷിയായിരുന്നു.
മുൻപ് കേട്ട ആ കഥയുടെ ഓർമയിൽ രചിച്ച ചിത്രത്തെക്കുറിച്ച് പറയുമ്പോൾ യോഹ. 16:33 ലൂടെ ക്രിസ്തു മനുഷ്യവംശത്തിനു നൽകുന്ന സാന്ത്വനപ്രത്യാശയെക്കുറിച്ചു ഡൗവ്സൺ പരിചിന്തിക്കുന്നു. ജീവിതത്തിലെ അതികഠിന ഞെരുക്കങ്ങൾക്കിടയിലും മനുഷ്യകുലം സമാധാനം കണ്ടെത്തേണ്ടത്, ലോകത്തെ കീഴടക്കിയ തന്നിലാണെന്ന ക്രിസ്തുമൊഴിയാണത്.
അലയടിച്ചാർക്കുന്ന തിരമാലയും ചീറിയടിക്കുന്ന കൊടുങ്കാറ്റും വലയം ചെയ്ത യാനപാത്രം പോലെയാണ് ഇഹലോക ജീവിതവും. അതിന്റെ നടുവിൽ അതീവ നിശബ്ദവും നിഗൂഢവുമായി വസിക്കുന്ന ക്രിസ്തുസാന്നിധ്യമാണ് ശാന്തതയുടെ ന്യൂക്ലിയസ്. എല്ലാ പ്രതിസന്ധികളുടെയും ഉള്ളിൽ ആത്മാവിന്റെ അതിലാവണ്യം നിറഞ്ഞ ചിറകനക്കങ്ങളുണ്ട്. കൊടുങ്കാറ്റിന്റെയും ഭൂകമ്പത്തിന്റെയും അഗ്നിയുടെയും ഭീകര ഗർജ്ജനങ്ങൾ ഭയാനകമായ അന്തരീക്ഷം സൃഷ്ടിച്ചപ്പോഴും മൗണ്ട് ഹോറെബിലെ ഗുഹയിലിരുന്ന ഏലിയാ കുലുങ്ങിയില്ല. എല്ലാറ്റിനുമൊടുവിലെ നിശബ്ദതയിൽ മൃദുലമായ ദൈവസ്വരം തന്നെ തേടിയെത്തുമെന്ന് പ്രവാചകൻ തിരിച്ചറിഞ്ഞിരുന്നു. ലോക സമാധാനത്തിന്റെ പ്രാർത്ഥന രചിച്ച അസ്സീസിയിലെ വിശുദ്ധ ഫ്രാൻസിസ് മതലോകത്തും മതനിരപേക്ഷ ലോകത്തും ഒരുപോലെ പ്രശസ്തനാണല്ലോ. രണ്ടാമത്തെ ക്രിസ്തുവായാണ് അദ്ദേഹം അറിയപ്പെട്ടതെന്ന് തിരിച്ചറിയുമ്പോൾ മാത്രമേ ക്രിസ്തുവും ശാന്തതയും തമ്മിൽ എത്രമാത്രം അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ഗ്രഹിക്കാൻ കഴിയൂ.
ശാന്തശീലർ ഭൂമി അവകാശമാക്കുമെന്ന ക്രിസ്തുമൊഴികൾക്ക് ആന്തരികമായ നിരവധി അർത്ഥതലങ്ങളുണ്ട്. ഭൂമിയെ അവകാശമാക്കലെന്നാൽ ജനഹൃദയങ്ങളിൽ കുടിയേറിപ്പാർക്കൽ കൂടിയാണ്. പ്രക്ഷുബ്ധമായ ലോകത്തെ മുന്നോട്ടു ചലിപ്പിക്കുന്ന പ്രചോദനാത്മക സൗമ്യ സാന്നിധ്യങ്ങളായി പരിണമിക്കലാണ്. കൽക്കട്ടയിലെ വി. മദർ തെരേസയും വി. ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പയും തൈസെയിലെ ബ്രദർ റോജറുമെല്ലാം ഇരുപതാം നൂറ്റാണ്ടിന്റെ നൃശംസതകളെ ശാന്തത നിറഞ്ഞ ക്രിസ്തു സാന്നിധ്യങ്ങളായി നേരിട്ടു കൊണ്ട് ഭൂമിയെ അവകാശമാക്കിയവരാണ്. അന്തരിച്ച ഫ്രാൻസിസ് മാർപ്പാപ്പയും ക്രിസ്തീയ സമാധാനത്തിന്റെ സമീപകാല സാക്ഷ്യം തന്നെ.
നമ്മളോരോരുത്തരും വിളിക്കപ്പെട്ടിരിക്കുന്നത് ശാന്തശീലരായി ഭൂമിയെ അനുഗ്രഹത്തിന്റെ അവകാശമായ ഇടമാക്കാനാണ്. അനുദിനജീവിത വഴികളിൽ, കുടുംബത്തിലും കലാലയത്തിലും ജോലിസ്ഥലത്തുമെല്ലാം വ്യക്തിപരമായി ശാന്തപ്രകൃതിയുടെ മനുഷ്യ രൂപങ്ങളാവാൻ നമുക്കും സാധിക്കട്ടെ. ഗവേഷകയും കവിയും ചിത്രകാരിയുമായ ഒരു സുഹൃത്ത്, അവളുടെ ആത്മസുനേഹിതയെ ചേർത്തു പിടിച്ചു ചുംബിക്കുന്ന ചിത്രം സ്റ്റാറ്റസിലിട്ട ശേഷം അടിക്കുറിപ്പിൽ ഇങ്ങനെ എഴുതി "If peace was a person." -- നമ്മെക്കുറിച്ച് അടുപ്പമുള്ള ആരെങ്കിലും ഇങ്ങനെ കൈചൂണ്ടിപ്പറയുമോ : "ഇതാ ശാന്തതയുടെ ആൾ രൂപം"... അങ്ങനെയൊരു രൂപാന്തതീകരണത്തിന്റെ വെട്ടിയൊരുക്കൽ, നോമ്പുകാലം നമുക്ക് സമ്മാനിക്കട്ടെ.
…………………………………………….
ലേഖകൻ ജീസസ് യൂത്തും അധ്യാപകനുമാണ്.
ജോബി തോമസ്, കോട്ടയം



Comments