top of page
Search

വിശ്വാസം + ആത്മവിശ്വാസം = സഞ്ജു സാംസൺ | KAIROS MALAYALAM | APRIL APRIL

  • Writer: Kairos Media
    Kairos Media
  • May 29
  • 2 min read

ആടിയും ഉലഞ്ഞും നീങ്ങിയ കളിജീവിതത്തിന് മനോഹരമായ ഇന്നിംഗ്സ് കൊണ്ട് സഞ്ജു സാംസൺ മുദ്ര ചാർത്തിയിരിക്കുന്നു. വിമർശനത്തിന്റെ കൂരമ്പുകളും പരിഹാസചിരികളും കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ സഞ്ജുവെന്ന മലയാളി ക്രിക്കറ്റ് താരം മറവികളിലേക്ക് മായ്ച്ചു. പത്ത് വർഷത്തെ കാത്തിരിപ്പിനൊടുവിൽ കരിയറിലെ ഏറ്റവും മികച്ച ഇന്നിംഗ്സുമായി സഞ്ജു സാംസൺ. ട്വന്റി 20 ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ വെസ്റ്റ് ഇൻഡീസിനെതിരെ പുറത്താകാതെ കേവലം 50 പന്തിൽ 97 റൺസെടുത്ത സഞ്ജുവിന്റെ ഒറ്റയാൾ പോരാട്ടമാണ് ഇന്ത്യയെ സെമിയിലെത്തിച്ചത്. 196 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ, അഞ്ച് വിക്കറ്റിന്റെ തകർപ്പൻ വിജയമാണ് സ്വന്തമാക്കിയത്.


പ്ലെയർ ഓഫ് ദി മാച്ച് പുരസ്കാരം ഏറ്റുവാങ്ങിയ ശേഷം സഞ്ജു നടത്തിയ പ്രസംഗം


"ക്രിക്കറ്റ് കളിക്കാൻ തുടങ്ങിയ അന്ന് മുതൽ രാജ്യത്തിന് വേണ്ടി കളിക്കണമെന്ന സ്വപ്നം കണ്ടിരുന്ന ഞാൻ ഈ ദിവസത്തിന് വേണ്ടിയായിരുന്നു കാത്തിരുന്നത്. ഞാൻ വളരെയധികം നന്ദിയുള്ളവനാണ്. ഉയർച്ച താഴ്ചകൾ നിറഞ്ഞതായിരുന്നു എന്റെ യാത്ര. എനിക്ക് സാധിക്കുമോ എന്ന കാര്യത്തിൽ പലപ്പോഴും ഞാൻ എന്നെത്തന്നെ സംശയിച്ചിരുന്നു. എങ്കിലും ഞാൻ വിശ്വസിച്ചു. ഞാൻ വലിയൊരു വിശ്വാസിയാണ്, അത് തികച്ചും വ്യക്തിപരമായി സൂക്ഷിക്കാനാണ് എനിക്കിഷ്ടം. എന്നെ സംബന്ധിച്ചിടത്തോളം ഇത് വളരെ പ്രത്യേകതയുള്ള ഒരു നിമിഷമാണ്. ഇന്ന് എന്നെ അനുഗ്രഹിച്ചതിന് ദൈവത്തിന് നന്ദി പറയുന്നു. കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ നഷ്ടപ്പെട്ടത് കാര്യങ്ങൾ അല്പം വെല്ലുവിളിയുയർത്തുന്നതാക്കി മാറ്റി. എനിക്ക് നല്ലൊരു തുടക്കം ലഭിച്ചു, സാധാരണഗതിയിൽ അത്തരമൊരു തുടക്കം കിട്ടിയാൽ കളിയിൽ ആധിപത്യം സ്ഥാപിക്കാനും ഒന്നോ രണ്ടോ ഓവറുകൾക്കുള്ളിൽ മത്സരം അവസാനിപ്പിക്കാനുമാണ് ഞാൻ ആഗ്രഹിക്കാറുള്ളത്. എന്നാൽ വിക്കറ്റുകൾ തുടർച്ചയായി വീണുകൊണ്ടിരുന്നപ്പോൾ, ഈ കളി എനിക്ക് തന്നെ പൂർത്തിയാക്കേണ്ടതുണ്ടെന്ന് എനിക്ക് തോന്നി. മത്സരം അവസാന നിമിഷം വരെ കൊണ്ടുപോകണമെന്ന് ഞാൻ ഉറപ്പിച്ചു, അത് തന്നെയാണ് സംഭവിക്കുകയും ചെയ്തത്."


'ഞാൻ വലിയൊരു വിശ്വാസിയാണ്'


ഇന്ത്യയെ വിജയത്തിലെത്തിച്ചശേഷം ദൈവത്തിനു നന്ദി പറഞ്ഞുകൊണ്ട് ഗ്രൗണ്ടിൽ സഞ്ജു നടത്തിയ അംഗവിക്ഷേപം സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ബാറ്റ് താഴെവെച്ച്, ഗ്രൗണ്ടിൽ മുട്ടുകുത്തി, ആകാശത്തേക്കു കണ്ണുകളുയർത്തി, ആദ്യം രണ്ടു കൈകളും മുകളിലേക്ക് ഉയർത്തി. പിന്നീട് കൈകൂപ്പി, കുരിശ് വരച്ച് എഴുന്നേറ്റു. സഞ്ജുവിന്റെ മുഖത്ത് വിരിഞ്ഞ വിജയച്ചിരി ഒപ്പിയെടുക്കാൻ മത്സരിക്കുകയായിരുന്നു ക്യാമറക്കണ്ണുകൾ. ഐസിസി പങ്കുവെച്ച ഈ വീഡിയോ ഇൻസ്റ്റഗ്രാമിൽ മാത്രം രണ്ടരക്കോടിയോളം ആളുകളാണ് ഇതുവരെ കണ്ടത്. ബിസിസിഐ പങ്കുവെച്ച ഇതിന്റെ ചിത്രങ്ങൾക്കും മികച്ച പ്രതികരണമാണ് ലഭിച്ചത്. പലരുടെയും ഇൻസ്റ്റഗ്രാം, വാട്സാപ്പ് സ്റ്റാറ്റസുകളായി ഈ ചിത്രം നിറഞ്ഞു. ഡ്രസ്സിംഗ് റൂമിലെത്തിയശേഷവും ദൈവത്തിനു നന്ദി പറഞ്ഞ്, സഞ്ജു സാംസൺ മുട്ടുകുത്തി പ്രാർത്ഥിച്ചു. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. തന്റെ കരിയർ ബെസ്റ്റ് ഇന്നിംഗ്സ് പുറത്തെടുക്കാൻ സഹായിച്ച ബാറ്റിനെ താരം ചുംബിക്കുകയും ചെയ്തു. മത്സരശേഷം ഡിജിറ്റൽ ബ്രോഡ്കാസ്റ്റർക്ക് നൽകിയ അഭിമുഖത്തിൽ ഇതിനെക്കുറിച്ച് സഞ്ജു വിശദീകരിച്ചു.

"വളരെ സവിശേഷമായ നിമിഷമായിരുന്നു അത്. ഞാൻ വലിയൊരു വിശ്വാസിയാണ്, അത് വളരെ സ്വകാര്യമായി സൂക്ഷിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഇത് എനിക്ക് വളരെ പ്രത്യേകതയുള്ള നിമിഷമാണ്." - മുൻ ഇന്ത്യൻ താരം പാർഥിവ് പട്ടേലുമായുള്ള അഭിമുഖത്തിൽ സഞ്ജു പറഞ്ഞു.


വിമർശനങ്ങൾക്കുള്ള മറുപടി


ഫോമില്ലായ്മയുടെ പേരിലെ നിരന്തരമായ വിമർശനങ്ങൾക്കും കുറ്റപ്പെടുത്തലുകൾക്കുമിടയിലൂടെയാണ് സഞ്ജു വിശ്വനാഥ് സാംസൺ ഈഡൻ ഗാർഡൻസിൽ കളിക്കാനിറങ്ങിയത്. അതും തോറ്റാൽ ടീം ലോകകപ്പ് സെമി കാണാതെ പുറത്താവുമെന്ന അതിനിർണ്ണായകസാഹചര്യം. മുന്നിൽ കരീബിയൻ കരുത്തർ ഉയർത്തിയ 196 റൺസെന്ന റൺമല. ഏത് താരവും സമ്മർദ്ദത്തിന് അടിപ്പെടുന്ന നിമിഷം. ഫോമില്ലാതെ ഉഴറുന്ന, ടീമിലെ സ്ഥാനം തന്നെ പ്രതിസന്ധിയിൽ നിൽക്കുന്ന ഒരു താരത്തിന് എങ്ങനെ അത് നേരിടാനാകും. പക്ഷേ സഞ്ജു ശാന്തനായിരുന്നു. കളിയുടെ മനശാസ്ത്രം മനസ്സിലാക്കിയ ഒരു പ്രൊഫഷണൽ ക്ലാസ് ബാറ്ററുടെ അസാമാന്യ പ്രകടനമാണ് പിന്നീട് ക്രിക്കറ്റ് ലോകം കാണുന്നത്. ഇന്ത്യ വിജയ റൺ കുറിച്ച ആ നിമിഷത്തിൽ കമന്റേറ്ററും പറഞ്ഞു സഞ്ജു സ്പെഷ്യൽ സാംസൺ.


ന്യൂസിലാൻഡിനെതിരായ പരമ്പരയിൽ ഫോമിലല്ലാതിരുന്നതിനാൽ വിമർശനം നേരിടുകയും ലോകകപ്പിലെ ആദ്യ മത്സരത്തിൽ ടീമിന് പുറത്താവുകയുംചെയ്ത സഞ്ജുവിന്റെ എ പ്ലസ് ഇന്നിംഗ്സാണ് ഞായറാഴ്ച കണ്ടത്. അപകടകരമായ ഷോട്ടുകളിലേക്കൊന്നും കടക്കാതെ ടീമിന്റെ വിജയംമാത്രം ലക്ഷ്യമിട്ട് കൃത്യമായ ആസൂത്രണത്തോടെ കളിച്ച് വിജയംവരെയും ക്രീസിൽ തുടർന്നു. ഓപ്പണറായി ക്രീസിലെത്തിയ മലയാളിതാരം 12 ഫോറിന്റെയും നാലു സിക്സിന്റെയും അകമ്പടിയോടെയാണ് 97 റൺസിലെത്തിയത്. വിജയറണ്ണും അതേ ബാറ്റിൽനിന്നായി. അനാവശ്യമായ ഷോട്ടുകൾക്ക് മുതിരാതെ കളിയുടെ പ്രാധാന്യം മനസ്സിലാക്കി കളിച്ച ക്ലാസ് ഇന്നിംഗ്സായിരുന്നു മലയാളി താരത്തിന്റേത്. ഒരു ഘട്ടത്തിലും സമ്മർദ്ദത്തിനടിപ്പെട്ടില്ല. അതിന്റെ ഒരു സൂചനയും സഞ്ജുവിൽ കണ്ടതുമില്ല. അപകടകരമായ പന്തുകളെ അതിനനുസരിച്ച് നേരിട്ടാണ് സഞ്ജു ഇന്ത്യയെ മുന്നോട്ടുനയിച്ചത്.

ചേസിങ്ങിൽ ഇത്രയും പെർഫെക്ഷനോടെ ഒരു പക്ഷെ സഞ്ജു കളിച്ചിട്ടുണ്ടാകില്ല. ഒപ്പം വന്നവർ നിരനിരയായി കൂടാരം കയറുമ്പോഴും ശാന്തനായി സഞ്ജു മറുവശത്ത് നിലയുറപ്പിച്ചു. ടീമിന് വിജയിച്ചേ മതിയാവൂ എന്നതിനാൽ തളരാതെ പോരാടിക്കൊണ്ടേയിരുന്നു. ഒടുക്കം വിജയറൺ കുറിച്ച് ഇന്ത്യൻ ഡഗൗട്ടിലേക്ക് നടക്കുമ്പോൾ സ്റ്റേഡിയത്തിൽ നിന്ന് നിലയ്ക്കാതെ കയ്യടികളുയർന്നു. ക്യാപ്റ്റനും സഹതാരങ്ങളും വാരിപ്പുണർന്നു. കാലംകാത്തുവെച്ച ഇന്നിംഗ്സ്.


തന്റെ കരിയറിലെ ഓരോ നേട്ടവും സ്വന്തം കഴിവിനേക്കാളുപരി ദൈവീകമായ ഇടപെടലാണെന്ന് വിശ്വസിക്കുന്ന സഞ്ജു, "സൈന്യബലത്താലല്ല, കരബലത്താലുമല്ല, ദൈവത്തിന്റെ ആത്മാവിനാലാണ് വിജയങ്ങൾ സംഭവിക്കുന്നത്" എന്ന വചനത്തെ ഓർമ്മിപ്പിക്കും വിധമാണ് വിജയലഹരിക്കിടയിലും വിനയത്തോടെ പെരുമാറിയത്. മുൻപത്തേക്കാൾ ഏറെ ആത്മവിശ്വാസത്തോടെ തന്റെ ക്രൈസ്തവ വിശ്വാസം പരസ്യമായി പ്രഖ്യാപിച്ച താരം, പ്രതിസന്ധികളിൽ തളരാതെ മുന്നോട്ട് പോകാൻ തനിക്ക് കരുത്ത് പകരുന്നതു ഈ വിശ്വാസമാണെന്ന് തന്റെ പ്രവർത്തിയിലൂടെ ലോകത്തിന് കാട്ടിക്കൊടുത്തു. വിജയത്തിന് ശേഷം സ്രഷ്ടാവിനെ സ്മരിച്ച സഞ്ജുവിന്റെ ഈ വിനയപൂർവ്വമായ സമർപ്പണം ആരാധകർക്കിടയിൽ വലിയ തരംഗമാണ് സൃഷ്ടിച്ചിരിക്കുന്നത്.



ജോബി ബേബി, കുവൈത്ത്

 
 
 

Comments


Kairos USA

Kairos INDIA

Kairos UK

     Kairos International Inc. 700 Louisiana St, Houston, TX. USA 77002

     Kairos Media, No 8/174, Navodaya Studio Complex, Thengod P.O, Cochin, Kerala, India. Pin: 682030

     Kairos Media, St Charles Street, Sheffield S9 3WU, United Kingdom

COPYRIGHT © 2021 KAIROS MEDIA, JESUS YOUTH

bottom of page