top of page
Search

വെളിച്ചപ്പാട് | KAIROS MALAYALAM | JUNE 2026

  • Writer: Kairos Media
    Kairos Media
  • May 31
  • 1 min read

ഒരാൾ പോയി ദേവാലയത്തിലെ മെഴുകുതിരിയിലെ വെട്ടം കണ്ടെത്തി. ഒരാൾ ഒരു അടുപ്പിലെരിയുന്ന കനൽ കണ്ടു. ഒരാൾ ആലയിലെ ഉല കണ്ടു. മറ്റൊരാൾ ഒരു പെട്രോ മാക്സ് വിളക്ക്,  ഇനിപ്പൊരാൾ കാട്ടു തീ പടരുന്നത് കണ്ടു…



നിശാശലഭങ്ങളുടെ സമ്മേളനം നടക്കുകയായിരുന്നു. ആചാര്യശലഭം പറഞ്ഞു തുടങ്ങി. "ഉള്ളത് പറഞ്ഞാൽ നിശാശലഭങ്ങളുടെ ആകെ ജീവിത ലക്ഷ്യം തന്നെ വെളിച്ചം തേടലാണ്. ഇതാ ഞാൻ വെളിച്ചം തേടി പോവുകയാണ്". അഗ്രഗാമിയുടെ ആ പ്രഖ്യാപനം കേട്ട് ഈഗോ അടിച്ച മറ്റു നിശാശലഭങ്ങൾ മറുപടിയായി പറഞ്ഞു. "ഞങ്ങൾക്കും വെളിച്ചം തേടാൻ കഴിയും". നിശബ്ദനായി കണ്ണടച്ചിരുന്ന നേതാവിന്റെ മുമ്പിലൂടെ അവർ ഓരോരുത്തരായി പറന്നു പറന്നു പോയി. ഒരു യാമത്തിനപ്പുറം എല്ലാവരും തിരിച്ചു വന്നു, ശേഷം കണ്ടെത്തിയത് പറഞ്ഞു തുടങ്ങി.


ഒരാൾ പോയി ദേവാലയത്തിലെ മെഴുകുതിരിയിലെ വെട്ടം കണ്ടെത്തി. ഒരാൾ ഒരു അടുപ്പിലെരിയുന്ന കനൽ കണ്ടു. ഒരാൾ ആലയിലെ ഉല കണ്ടു. മറ്റൊരാൾ ഒരു പെട്രോ മാക്സ് വിളക്ക്, ഇനിപ്പൊരാൾ കാട്ടു തീ പടരുന്നത് കണ്ടു. ഒരാൾ അമ്പലത്തിലെ കെടാവിളക്ക്. അങ്ങനങ്ങനെ പട്ടിക നീളവേ ആചാര്യ ശലഭം പറഞ്ഞു. "ഇല്ല ! നിങ്ങളാരും വെളിച്ചം ഇനിയും കണ്ടെത്തിയിട്ടില്ല! വെളിച്ചം കണ്ടെത്തിയവരാരും ഒരിക്കലും തിരിച്ചു വന്നിട്ടില്ലത്രേ!"


കഥകൾ നമ്മളെ കരിമ്പടം പുതപ്പിക്കുമെന്ന് തോന്നുന്നു. അറിയുകയെന്നാൽ അലിയുക എന്നുകൂടിയുണ്ടല്ലോ? ‘നേതി നേതി’ (ഇതല്ല ഇതല്ല) എന്ന ഋഷിഭാഷയത്തോടോ, ‘അറിഞ്ഞതിനെ ഉപേക്ഷിക്കൽ’ എന്ന ജി കൃഷ്ണമൂർത്തി ആശയത്തോടോ, അതുമല്ലെങ്കിൽ ‘ഗോതമ്പുമണി നിലത്തു വീണഴിയുന്നില്ലെങ്കിൽ’ എന്ന സുവിശേഷ വചനത്തോടോ ഇണങ്ങിചേരുന്നൊരു കരിമ്പടം എടുത്തുപുതച്ച് ഇറങ്ങി ഓടാൻ ഉള്ളു വെമ്പുന്നുണ്ടെങ്കിൽ അമാന്തിക്കരുത്.


പ്ലാറ്റിപ്പസിനെപ്പോലെ ഇന്ദ്രിയങ്ങൾക്കപ്പുറം നിലനിൽക്കുന്നൊരു സാധ്യതയെ തേടലാണ് വെളിപ്പെടൽ എന്ന് തോന്നുന്നു. പ്ലാറ്റിപ്പസ് ഒരു കടൽ ജീവിയാണ്, അത് ഇരപിടിക്കുമ്പോൾ തന്റെ ഇന്ദ്രിയങ്ങൾ കൊട്ടിയടക്കുന്നു. പിന്നീട് അത് തന്റെ നെറ്റിത്തടത്തിൽ നിന്നും പുറപ്പെടുന്ന ഇലക്ട്രോമാഗ്നറ്റിക് തരംഗങ്ങളെ മാത്രം ആശ്രയിക്കുന്നു.


അത്രയും ആന്തരിക ചലനത്തെ മാത്രം ആശ്രയിക്കുന്ന ജീവനുകൾ നന്നേ കുറവാണ്. ബയോലുമിനസെൻസ് എന്ന പ്രതിഭാസം അവയുടെ പുറമെ പടരുന്ന യു.വി റേഡിയേഷൻ വലിച്ചെടുത്ത് നീല പ്രകാശം പുറപ്പെടുവിക്കുന്നു. അങ്ങനെ സന്ധ്യകളും പൗർണ്ണമിയും അവയെ നീല പരവതാനി പുതപ്പിക്കുന്നു.


വെളിച്ചത്തിന് വെളിപ്പെടുത്തുന്നത് എന്ന് കൂടി അർത്ഥമുണ്ട്. ഇരുട്ടു പുതച്ചൊരു സ്റ്റേഡിയത്തിന്റെ പവലിയനിൽ ഒരാൾ അവ്യക്തമായ ഗ്രൗണ്ടിലേക്ക് നോക്കി നിൽക്കുമ്പോൾ മിന്നലിന്റെ വെള്ളിനൂലുകൾ ഒരു നിമിഷനേരത്തെ വെളിപ്പെടുത്തുന്നത് പോലെയാണത്. 'കണ്ടു! ഞാൻ മാത്രമേ കണ്ടുള്ളൂ' എന്നത് പോലെ മുഴുവൻ കളിസ്ഥലവും ഒരാളുടെ ഉള്ളിൽ വ്യക്തമായി പതിപ്പിക്കപ്പെട്ടേക്കാം.


ജപ്പാനിലെ 'ഒകിനാവൻ' ഭാഷയിലെ ഒരു വാക്കുണ്ട്. ‘നാൻകുരുനൈസ’ ! നല്ലത് ചെയ്യുക കാത്തിരിക്കുക എന്നതാണ് വാച്യാർത്ഥം. ഈ ഇരുട്ടത്ത് നമ്മൾ മറ്റെന്തുചെയ്യാനാണ്? കാത്തിരിക്കുക തന്നെ! വെള്ളകീറി പുലർവെട്ടം വരുവോളം.


ജെ. ക്രൈസ്റ്റ് വോൺ

 
 
 

Comments


Kairos USA

Kairos INDIA

Kairos UK

     Kairos International Inc. 700 Louisiana St, Houston, TX. USA 77002

     Kairos Media, No 8/174, Navodaya Studio Complex, Thengod P.O, Cochin, Kerala, India. Pin: 682030

     Kairos Media, St Charles Street, Sheffield S9 3WU, United Kingdom

COPYRIGHT © 2021 KAIROS MEDIA, JESUS YOUTH

bottom of page