top of page
Search

വാര്‍ത്താവിചാരം I സണ്ണി കോക്കാപ്പിള്ളില്‍ I KAIROS MALAYALAM I JULY 2026

  • smithajose4
  • Jun 30
  • 3 min read

വാർത്താവിചാരത്തിൽ ശ്രീ സണ്ണി കോക്കാപ്പിള്ളിൽ രണ്ട് സുപ്രധാന കാര്യങ്ങൾ പ്രതിപാദിക്കുന്നു...'ഒരു വംശത്തിന്റെ അവസാന നാളുകളോ?' ; 'കാൽപന്തുകളിയുടെ മാസ്മരിക വലയിൽ' എന്നീ രണ്ടു തലക്കെട്ടുകളിൽ.


സണ്ണി കോക്കാപ്പിള്ളില്‍



ഒരു വംശത്തിന്റെ അവസാന നാളുകളോ?


പരിചയമുള്ള ഒരിടവകയില്‍ ഇക്കൊല്ലം മതബോധന ഒന്നാം ക്ലാസ്സില്‍ ചേര്‍ന്നത് ഒരു കുട്ടി മാത്രമാണ്. ശരാശരി 10 കുട്ടികള്‍

ഒന്നാം ക്ലാസ്സില്‍ പ്രവേശനം നേടുന്ന ഇടവകയിരുന്നു. അന്വേഷിച്ചപ്പോള്‍ ചെറുപ്പക്കാരായ ദമ്പതികളൊന്നും നാട്ടിലില്ല, വിദേശത്തേക്ക് കുടിയേറി. മലബാറിലെ മലയോര മേഖലയിലെ 150 വീട്ടുകാര്‍ മാത്രമുള്ള ഒരു ചെറിയ ഇടവകയുടെ ഇന്നത്തെ അവസ്ഥയാണിത്. ഇക്കൊല്ലം ഒരധ്യാപിക ഒരു കുട്ടിയെ ഇരുത്തി ഒന്നാം ക്ലാസ്സില്‍ പഠിപ്പിക്കണം. സമീപത്തുള്ള വലിയൊരു ഇടവകയില്‍ ശരാശരി 90-100 കുട്ടികള്‍ ഒന്നാം ക്ലാസ്സില്‍ ചേരുന്ന ഒരു കാലമുണ്ടായിരുന്നു. ഇപ്പോള്‍ അവിടത്തെ സ്ഥിതി 40-45 ആണ്. മിക്കവാറും ഇടവകകളില്‍ ക്രമേണ കുട്ടികളുടെ എണ്ണം കുറഞ്ഞു വരുന്നു. 1960കളിലാണ് ഭാരത സര്‍ക്കാര്‍ കുടുംബാസൂത്രണ പരിപാടികള്‍ ആരംഭിച്ചത്. 1985 ആകുമ്പോഴേക്കും ജനസംഖ്യ വിസ്‌ഫോടനത്താല്‍, ഇന്ത്യയില്‍ പട്ടിണി കിടന്ന് കോടിക്കണക്കിന് ജനങ്ങള്‍ മരിക്കുമെന്ന് ചില ശാസ്ത്രജ്ഞന്മാര്‍ മുന്നറിയിപ്പു നല്‍കി. കാരണം, ജനസംഖ്യ വര്‍ധിക്കുന്നതിന് അനുസരിച്ച് ഭക്ഷ്യോത്പാദനം ഉണ്ടാകുന്നില്ല എന്നാണ് അവര്‍ പ്രവചിച്ചത്. ശാസ്ത്രജ്ഞര്‍ പറഞ്ഞതാകയാല്‍ എല്ലാവരുമത് വിശ്വസിച്ചു. 1965 കാലഘട്ടങ്ങളില്‍ ദാരിദ്ര്യം സാധാരണയായിരുന്നു. അന്ന് അമേരിക്കയില്‍ നിന്നും വന്‍തോതില്‍ ധാന്യങ്ങള്‍ ഇറക്കുമതി ചെയ്തിരുന്നു എന്നാല്‍, പഞ്ചവത്സര പദ്ധതികളുടെ പ്രവര്‍ത്തനഫലവും എം.എസ് സ്വാമിനാഥന്‍ തുടങ്ങിയ വിദഗ്ധരായ കൃഷിശാസ്ത്രജ്ഞരുടെ ദീര്‍ഘവീക്ഷണത്തോടെയുള്ള പദ്ധതികളും കാരണം ഇന്ത്യ ധാന്യം കയറ്റുമതി ചെയ്യുന്ന അവസ്ഥയിലേക്ക് വളര്‍ന്നു. 1985 ആയപ്പോള്‍ പട്ടിണിമരണം എന്നത് അപൂര്‍വമായി. എവിടെയെങ്കിലും ഉണ്ടായാല്‍ തന്നെ

അത് കൃത്യമായ വിതരണത്തിന്റെ അപാകത മൂലമായിരുന്നു.


1965-1970 കളില്‍ നടന്ന ദേശവ്യാപകമായ കുടുംബാസൂത്രണ പ്രവര്‍ത്തനങ്ങള്‍ കേരളത്തിലെ ക്രൈസ്തവരും ഹിന്ദുക്കളും പൂര്‍ണ മനസ്സോടെ സ്വീകരിച്ചു. 1950-1960 കാലഘട്ടത്തില്‍ മിക്കവാറും ക്രൈസ്തവ ഭവനങ്ങളില്‍ അഞ്ചിനും പത്തിനും ഇടയില്‍ കുഞ്ഞുങ്ങള്‍ ജനിച്ചിരുന്നു എന്നോര്‍ക്കണം. എല്ലാ കുടുംബങ്ങളിലും ശബ്ദമുഖരിതമായ അന്തരീക്ഷമായിരുന്നു അന്നുണ്ടായിരുന്നത്. അന്ന് ഇന്നത്തേതുപോലെ നഗരകേന്ദ്രീകൃത ജീവിതം നയിച്ചിരുന്നവര്‍ വളരെ കുറവായിരുന്നു. കൃഷിയായിരുന്നു പ്രധാന വരുമാനം. പില്‍ക്കാലത്ത് ഭക്ഷണസാധനങ്ങള്‍ തികയാതെ വരുമെന്ന മുന്നറിയിപ്പില്‍ 1970കള്‍ മുതല്‍ ക്രൈസ്തവ ദമ്പതികള്‍ കുട്ടികളുടെ എണ്ണം രണ്ട് അല്ലെങ്കില്‍ മൂന്നില്‍ നിര്‍ത്തി. സഭയും ഉത്തരവാദിത്വപൂര്‍ണമായ കുടുംബ രൂപീകരണം എന്ന നിലയില്‍ പിന്തുണ കൊടുക്കുകയോ നിശ്ശബ്ദമാവുകയോ ചെയ്തു. പൊതുവേ കൂടുതല്‍ കുട്ടികള്‍ ജനിക്കുന്നതിനെ നിരുത്സാഹപ്പെടുത്തുകയാണ് ചെയ്തത്. കൂടുതല്‍ കുട്ടികളെ വളര്‍ത്താന്‍ പ്രാപ്തിയുള്ളവര്‍ക്ക് അങ്ങനെയാകാമെന്ന് നിര്‍ദേശമുണ്ടായിരുന്നുവെങ്കിലും ആരുമത് സ്വീകരിച്ചില്ല എന്നതാണ് യാഥാര്‍ഥ്യം. കൂടുതല്‍ പേര്‍ക്ക് ജന്മം നല്‍കി എങ്ങനെയെങ്കിലും വളര്‍ത്താതെ, കുറച്ചുപേര്‍ക്ക് ജന്മം നല്‍കി നന്നായി വളര്‍ത്തിയെടുക്കുക എന്നതായിരുന്നു ഇതിന്റെ പിന്നിലുള്ള പ്രധാന ആശയം.



പില്‍ക്കാലത്ത് രണ്ടോ മൂന്നോ കുട്ടികള്‍ എന്നുള്ളത് ഒന്നോ രണ്ടോ എന്നതിലേക്ക് ചുരുങ്ങി. ചില രാഷ്ട്രീയ കക്ഷികളുടെ തൊഴില്‍ രംഗത്തെ അധമസംസ്‌കാരം മൂലം തൊഴിലവസരങ്ങള്‍ കുറഞ്ഞതിനാല്‍ ഒട്ടനേകം

പേര്‍ വിദേശങ്ങളിലേക്ക് ചേക്കേറി. ഒരു വര്‍ഗം നിലനില്‍ക്കണമെങ്കില്‍ രണ്ടിലേറെ കുട്ടികള്‍ വേണ്ടിടത്ത്, ഇന്നുള്ളത് രണ്ടില്‍ താഴെ കുട്ടികളാണ്. പ്രത്യേകിച്ച് ക്രൈസ്തവരുടെ ഇടയില്‍ ഇത് പ്രത്യക്ഷമായി കാണാവുന്നതാണ്.

മാത്രമല്ല വളരെ താമസിച്ചുള്ള വിവാഹം കാരണം തലമുറകള്‍ തമ്മില്‍ അകലം വളരെ കൂടുകയും ചെയ്യുന്നു. ചില വിഭാഗങ്ങളില്‍ 65,70 വയസ്സ് ആകുമ്പോഴേക്കും നാലുതലമുറകള്‍ ഉണ്ടാകുമ്പോള്‍ ക്രൈസ്തവരുടെ ഇടയില്‍ രണ്ട് തലമുറ അല്ലെങ്കില്‍ ചുരുക്കമായി മൂന്ന് തലമുറ മാത്രമാണുണ്ടാവുന്നത്.



ഇതിനും പുറമേ പുതുതലമുറയുടെ വൈകിയുള്ള വിവാഹം, കരിയറിന്റെ പേര് പറഞ്ഞ് ഗര്‍ഭം ധരിക്കാതിരിക്കല്‍, അല്ലെങ്കില്‍ ഒരുകുട്ടി മാത്രം മതിയെന്ന ചിന്ത, ലിവിങ് ടുഗതര്‍, വിവാഹത്തോട് താത്പര്യം ഇല്ലായ്മ, സിംഗിള്‍ ലൈഫ് തുടങ്ങി നിരവധി കാരണങ്ങളാല്‍ ജനനനിരക്ക് താഴേക്ക് വന്നു. ഇന്ന് സമുദായം അഭിമുഖീകരിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് സംഘടനാ പ്രവര്‍ത്തനങ്ങളില്‍ യുവജനങ്ങളുടെ അഭാവം. ജോലി ചെയ്യുന്നവര്‍ കുറഞ്ഞു വരികയും വിശ്രമജീവിതം നയിക്കുന്നവര്‍ അധികമാവുകയും ചെയ്യുന്ന അവസ്ഥയില്‍ സംവിധാനങ്ങളുടെ നിലനില്‍പ്പ് തന്നെ ചോദ്യം ചെയ്യപ്പെടുകയാണ്. വരുന്ന ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇപ്പോഴുള്ള മുതിര്‍ന്ന തലമുറ ഇഹലോകവാസം വെടിഞ്ഞു കഴിയുമ്പോള്‍ മൈക്രോ ന്യൂനപക്ഷമായി ക്രൈസ്തവര്‍ മാറും. എണ്ണം കുറഞ്ഞ യുവതലമുറ ഏതെങ്കിലും വിദേശ രാജ്യത്ത് ന്യൂനപക്ഷമായി തന്നെ വിക്കുമായിരിക്കും. എന്നാല്‍, ഇവിടെ ജീവിക്കാന്‍ പോകുന്ന ചുരുങ്ങിയ എണ്ണം ഒരു സമ്മര്‍ദശക്തിയും ആകാതെ ഒതുക്കപ്പെട്ട് ജീവിക്കേണ്ടതായിവരും. നാം കെട്ടിപ്പടുത്ത സ്ഥാപനങ്ങളും പ്രസ്ഥാനങ്ങളുമൊക്ക നമുക്ക് അധികമാകും.

ബ്രഹ്‌മാണ്ഡ ദേവാലയത്തിലെ മൂലയില്‍ ഒതുങ്ങുന്ന വിശ്വാസി സമൂഹവും ഒരു മതാധ്യാപകന്‍ ഒന്നോരണ്ടോ വിദ്യാര്‍ഥികളെ മാത്രം ഓരോ ക്ലാസ്സുകളിലും പഠിപ്പിക്കുന്ന കാഴ്ചയും അകലെയല്ല. ഇപ്പോള്‍ത്തന്നെ പ്രശസ്തമായ പല ക്രൈസ്തവ വിദ്യാലയങ്ങളിലും വിരലിലെണ്ണാവുന്ന ക്രൈസ്തവ വിദ്യാര്‍ഥികളാണുള്ളത്. കേരളത്തില്‍ രൂപംകൊണ്ട പല സന്യാസ സമൂഹങ്ങളിലും ഇപ്പോള്‍ ഉത്തരേന്ത്യന്‍ ദൈവവിളിയാണുള്ളത്.

കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ കേരളത്തിലെ നിരവധി സന്യാസ സമൂഹങ്ങളുടെ ശാഖകള്‍ അടച്ചുപൂട്ടപ്പെട്ടു കഴിഞ്ഞു. നിരവധി ഇടവകകളില്‍ ക്രൈസ്തവ കുടുംബങ്ങളുടെ എണ്ണം വളരെ കുറഞ്ഞു. ക്രൈ

സ്തവര്‍ അധ്വാനിച്ച് നേടിയ ഭവനങ്ങളും കൃഷിഭൂമിയും അന്യാധീനപ്പെട്ടു കഴിഞ്ഞു. പരിചയമുള്ള ഒരിടവകയില്‍ 10, 15 കൊല്ലം മുമ്പ് 500ഓളം വീട്ടുകാര്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ 250 ആയി ചുരുങ്ങി. 250 കുടുംബങ്ങള്‍ ഉണ്ടായിരുന്ന മറ്റൊരിടവകയില്‍ ഇപ്പോഴുള്ളത് 130 കുടുംബങ്ങള്‍ മാത്രം. യുവജനങ്ങളെ ഇവിടെ പിടിച്ചുനിര്‍ത്താനുള്ള സാഹചര്യങ്ങള്‍ ഇനിയും ഉരുത്തിരിയണം. കൂടുതല്‍ മക്കളെ ജനിപ്പിച്ചു വളര്‍ത്താന്‍ പ്രോത്സാഹനം നല്‍കണം. സഭ ഗൗരവമായി ഇക്കാര്യം ചിന്തിക്കണം; പൊതുസമൂഹവും സര്‍ക്കാരും ഇക്കാര്യം അതീവ പ്രാധാന്യത്തോടെ കൈകാര്യം ചെയ്യേണ്ടതുണ്ട്. ജോലി ചെയ്യാന്‍ ആള്‍ക്കാര്‍ കുറയുകയും ക്ഷേമ പെന്‍ഷന്‍ വാങ്ങാന്‍ അര്‍ഹതയുള്ളവര്‍ ഉയരുകയും ചെയ്യുന്ന ഒരു സമൂഹം നിലനില്‍ക്കുകയില്ല. കൂടുതല്‍ മക്കളുള്ളവര്‍ക്ക് ആനുകൂല്യം നല്‍കാന്‍ ഈയിടെ ആന്ധ്ര സര്‍ക്കാര്‍ തീരുമാനിക്കുകയുണ്ടായി. ജനങ്ങളാണ് സമ്പത്ത് എന്ന തിരിച്ചറിവ് പലയിടങ്ങളിലും വ്യാപകമാകുന്നു. എല്ലാം തീര്‍ന്നു കഴിഞ്ഞിട്ട് ഈ തിരിച്ചറിവുണ്ടായിട്ട് കാര്യമില്ലല്ലോ.

കാല്‍പന്തുകളിയുടെ മാസ്മരിക വലയില്‍



ലോകത്ത് ഏറ്റവും കൂടുതല്‍ സ്വാധീനിക്കുന്ന കായികമേള ഏതെന്ന് ചോദിച്ചാല്‍ ഒളിമ്പിക്‌സും ലോക ഫുട്‌ബോള്‍ മേളയും ആണെന്ന് പറയാം. ജാതി മത വര്‍ഗ ഭേദമില്ലാതെ മനുഷ്യനെ ഒരുമയിലേക്ക് ആനയിക്കുന്നതില്‍ കായികമേളകള്‍ക്ക് വലിയ സ്വാധീനമുണ്ട്. ഫുട്‌ബോളില്‍ ആരും മതം നോക്കാറില്ല. കൂടുതല്‍ നന്നായി കളിക്കുന്നവര്‍ക്ക് ആരാധകര്‍ ഏറെയുണ്ടാകും. പ്രത്യേകിച്ചും ഗോളടി വീരന്‍മാര്‍ക്ക്. സര്‍വകാര്യങ്ങള്‍ക്കും മതം നോക്കി വിലയിരുത്തുന്ന ഈ കാലഘട്ടത്തില്‍ അതിനതീതമായി ജനങ്ങളെ ഒരുമപ്പെടുത്തുന്ന കായിക മേഖല കൂടുതല്‍ സജീവമാകേണ്ടതുണ്ട്. ലയണല്‍ മെസ്സിയും റൊണാള്‍ഡോയും നെയ്മറും ഒക്കെ ജനമനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നത് മികച്ച താരങ്ങള്‍ ആയതുകൊണ്ടാണ്. വാസ്തവത്തില്‍ ഇവര്‍ ക്രൈസ്തവരെങ്കിലും അതിന്റെ പേരില്‍ ആരും ഇവരെ മാറ്റിനിര്‍ത്താറില്ല.


മുന്‍കാലങ്ങളില്‍ കേരളത്തില്‍ ധാരാളം ഫുട്‌ബോള്‍ മേളകള്‍ ഉണ്ടായിരുന്നു. സേട്ട് നാഗ്ജി, ചാക്കോള തുടങ്ങിയവ അവയില്‍ ചിലതായിരുന്നു. ധാരാളം

കേരളീയരെ ഇവര്‍ സ്വാധീനിച്ചിരുന്നു. എപ്പോഴെങ്കിലും സന്തോഷ്‌ട്രോഫി ഫുട്‌ബോള്‍ ടൂര്‍ണമെന്റ് കേരളത്തില്‍ വന്നാല്‍ സ്ത്രീകളും കുട്ടികളുംവരെ അക്കാലത്ത് കാണികളില്‍ ഉണ്ടായിരുന്നു. 1970, 80 കാലഘട്ടം ആയിരുന്നു അത്. ഇന്നത്തെപ്പോലെ മതതീവ്രവാദ ചിന്തകള്‍ അന്നില്ലായിരുന്നു. എല്ലാറ്റിലും തങ്ങളുടെ സ്വാധീനം ഉറപ്പിക്കാനുള്ള രാഷ്ട്രീയ അതിപ്രസരം ആയിരിക്കാം ഒരുപക്ഷേ ഇത്തരം ടൂര്‍ണമെന്റുകളൊക്കെ നമുക്ക് നഷ്ടപ്പെടാന്‍ കാരണം. പണ്ടെന്നതിനേക്കാള്‍ കായിക പ്രവര്‍ത്തനങ്ങളുടെ ഒരു വിരക്തി ഇന്നും രൂപപ്പെട്ടതായി കാണാം. സമൂഹത്തില്‍ നന്മ മാത്രം ഉളവാക്കുന്ന ഈ മേഖല എന്തുകൊണ്ടാണ് അവഗണിക്കപ്പെടുന്നതെന്ന് മനസ്സിലാകുന്നില്ല. കഠിനാധ്വാനം ചെയ്യാനുള്ള മടിയാണോ, വേണ്ടത്ര തൊഴില്‍ സാധ്യതകളുടെ അഭാവമാണോ ഇതിന് കാരണമെന്ന് കണ്ടെത്തണം.



മറ്റൊരു കാര്യം, ഫുട്‌ബോള്‍ ലോകകപ്പ് അരങ്ങേറുമ്പോള്‍ ഇന്ത്യക്കാര്‍ കാഴ്ചക്കാരുടെ റോളിലാണെന്ന ദയനീയത ഗൗരവമായ വിഷയമാണ്. ലോകത്ത് ഏറ്റവും കൂടുതല്‍ ജനങ്ങള്‍ വസിക്കുന്ന രാജ്യം കായികരംഗത്ത് എത്രമാത്രം പാപ്പരാണ്. മതത്തിനു വേണ്ടിയും രാഷ്ട്രീയപാര്‍ട്ടികള്‍ക്കു വേണ്ടിയും കൊലവിളിച്ച് നടക്കുന്നവര്‍ ഒരു പന്തെടുത്ത് അങ്ങോട്ടുമിങ്ങോട്ടും തട്ടിയിരുന്നെങ്കില്‍! ഒരോട്ട മത്സരം നടത്തിയിരുന്നെങ്കില്‍! പ്രധാനപ്പെട്ട ഒരു കായിക മത്സരത്തില്‍ മെഡല്‍ നേടി തിരികെ വരുമ്പോള്‍ അര്‍ഹിക്കുന്ന ആദരവോ സമ്മാനത്തുകയോ കൊടുക്കാന്‍ മടിക്കുന്ന, അല്ലെങ്കില്‍ വച്ചു താമസിപ്പിക്കുന്ന ഒരുനാട്ടില്‍ ഇനിയും എത്രയോ അധികമായി ഈ മേഖല ശുദ്ധീകരിക്കപ്പെടേണ്ടതുണ്ട്. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ഫുട്‌ബോള്‍ ലോകകപ്പ് ടൂര്‍ണമെന്റിന്റെ ചുരുങ്ങിയ ദിവസങ്ങളിലെങ്കിലും ജാതിമത വര്‍ഗചിന്തകള്‍ക്ക് അതീതമായ ഒരു പൊതു ബോധം രൂപപ്പെടുമെന്ന് ആഗ്രഹിക്കാം.

 
 
 

Comments


Kairos USA

Kairos INDIA

Kairos UK

     Kairos International Inc. 700 Louisiana St, Houston, TX. USA 77002

     Kairos Media, No 8/174, Navodaya Studio Complex, Thengod P.O, Cochin, Kerala, India. Pin: 682030

     Kairos Media, St Charles Street, Sheffield S9 3WU, United Kingdom

COPYRIGHT © 2021 KAIROS MEDIA, JESUS YOUTH

bottom of page