വാര്‍ത്താവിചാരം | സണ്ണി കോക്കാപ്പിള്ളില്‍ | KAIROS MALAYALAM | JANUARY 2025


ഗ്വാഡലൂപ്പെ മാതാവിന്റെ ചിത്രം ലോകമഹാത്ഭുതങ്ങളില്‍ ഒന്ന്
മനുഷ്യന്‍ വരച്ചത് അല്ലെന്ന് വിശ്വസിക്കപ്പെടുന്ന ലോകത്തിലെ രണ്ട് ചിത്രങ്ങളില്‍ ഒന്നാണ് ഗ്വാഡലൂപ്പെ മാതാവിന്റെ ചിത്രം. ഇതിന്റെ ചരിത്രം പഠിച്ചാല്‍ മാത്രംമതി ക്രിസ്തീയ വിശ്വാസം നമ്മില്‍ ആഴത്തില്‍ വേരോടും. ഇന്നുവരെ ശാസ്ത്രത്തിന് വിശദീ കരിക്കാന്‍ കഴിയാത്ത ഈ മഹാരഹസ്യം ഏതൊരു ക്രൈസ്തവരും അറിഞ്ഞിരിക്കേണ്ടതാണ്. 500 വര്‍ഷങ്ങള്‍ക്കു മുന്‍പ് മെക്‌സിക്കോയിലെ ജുവാന്‍ ഡിഗോ എന്ന കര്‍ഷകന് നല്‍കിയ പ്രത്യക്ഷ ത്തിലൂടെ മെക്‌സിക്കന്‍, അമേരിക്കന്‍ ജനതകള്‍ക്കിടയില്‍ സുവിശേഷ ത്തിന്റെ ഫലങ്ങള്‍ കൊയ്‌തെടുത്തു. കോടിക്കണക്കിന് ജനങ്ങളാണ് അതുവഴി ക്രൈസ്തവരായതും ആഴമേറിയ വിശ്വാസം കൈവരിച്ചതും.
ഗോത്ര വംശത്തില്‍പ്പെട്ട ജുവാന്‍, മെക്‌സിക്കോയിലേക്കുള്ള യാത്രയ്ക്കിടെയാണ് ടെപെയത് മലനിരകളില്‍വച്ച് മാതാവിന്റെ ദര്‍ശനം ഉണ്ടായത്. പ്രസ്തുത സ്ഥലത്ത് ഒരു ദേവാലയം ഉണ്ടാക്കണമെന്ന് പരിശുദ്ധ മാതാവ് ആവശ്യപ്പെട്ടു. ഇക്കാര്യം സ്ഥലത്തെ ബിഷപ്പിനെ അറിയിച്ചപ്പോള്‍ വിശ്വാസ്യതയ്ക്കു വേണ്ടി അടയാളം അദ്ദേഹം ആവശ്യപ്പെട്ടു. അതില്‍നിന്നാണ് ഈ ചിത്രത്തിന്റെ ഉത്ഭവം. പിന്നീടുണ്ടായ ദര്‍ശനത്തില്‍ ഇക്കാര്യം മാതാവിനോട് ആവശ്യപ്പെട്ടപ്പോള്‍ കുന്നിന്‍ മുകളില്‍ നിന്ന് ഒരു പ്രത്യേകതരം പുഷ്പങ്ങള്‍ ശേഖരിക്കാന്‍ ആവശ്യപ്പെട്ടു. ഈ പുഷ്പങ്ങളുടെ കാലം അല്ലായിരുന്നെങ്കിലും അതു തന്റെ വിലകുറഞ്ഞ അങ്കിയില്‍ ശേഖരിക്കുകയും ചെയ്തു. ഈ പൂക്കളുമായി ബിഷപ്പിന്റെ അടുത്ത് എത്തിയപ്പോള്‍ ഈ പൂക്കള്‍ സുഗന്ധം പുറപ്പെടുവിക്കുകയും ജുവാന് പ്രത്യക്ഷപ്പെട്ട രൂപത്തില്‍ മാതാവിന്റെ ചിത്രം അങ്കിയില്‍ ആലേഖനം ചെയ്യപ്പെടുകയും ചെയ്തു. ഇത് കണ്ട ബിഷപ്പ് തന്റെ തെറ്റ് ഏറ്റുപറഞ്ഞു മാതാവിന്റെ ദര്‍ശനത്തെ അംഗീകരിക്കുകയും ചെയ്തു. ഈ ചിത്രത്തിന്റെ പ്രത്യേകതകള്‍ നിരവധിയാണ്. ഇത്രയും കാലമായിട്ടും ഈ ചിത്രത്തിന് യാതൊരുവിധ മങ്ങലും സംഭവിക്കാതെ നിലനില്ക്കുന്നു. തുണിയില്‍ മാതാവിന്റെ ചിത്രം ഉള്‍ക്കൊള്ളുന്ന ഭാഗം സ്പര്‍ശിക്കുമ്പോള്‍ വളരെ മാര്‍ദവമേറിയതായി നമുക്ക് അനുഭവപ്പെടും. എന്നാല്‍ തുണിയുടെ മറ്റു ഭാഗം പരുക്കനാണ്. ശാസ്ത്രജ്ഞര്‍ നിരവധി തവണ ഇതില്‍ പരീക്ഷണം നടത്തിയിട്ടും ബ്രഷിന്റെ പാടുകള്‍ ഒന്നും ഇതില്‍ കാണാന്‍ കഴിഞ്ഞില്ല. നാരുകളുടെ പോറല്‍ കാണാത്തതായി പറയുന്നു. ഈ ചിത്രത്തിന്റെ എല്ലാ പകര്‍പ്പുകളും വര്‍ഷങ്ങള്‍ക്കുശേഷം നിറം മാറിയിട്ടും ഈ ചിത്രം മാത്രം ഇന്നും പുതുമയോടെ നിലനില്ക്കുന്നുവെന്ന യാഥാര്‍ഥ്യം ശാസ്ത്രത്തിന് അതീതമാണ്. ഈ ചിത്രത്തെ സംബന്ധിച്ച് ആര്‍ക്കും നിര്‍വചിക്കാനാവാത്ത മറ്റൊരു കാര്യം ചിത്രത്തിലുള്ള മാതാവിന്റെ രൂപം എപ്പോഴും ഒരു മനുഷ്യ ശരീരത്തിന്റെ ഊഷ്മാവ് നിലനിറുത്തുന്നു എന്നതാണ്. ഇതിനുത്തരം നല്കാന്‍ ശാസ്ത്രത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല 1785ല്‍ രാസലായനി വീണ് ചിത്രത്തിന്റെ ചില ഭാഗങ്ങള്‍ക്ക് കേടു സംഭവിച്ചെങ്കിലും ഒരു മാസത്തിനുള്ളില്‍ ചിത്രം പൂര്‍വസ്ഥിതി പ്രാപിക്കുകയുണ്ടായി. 1921ല്‍ ചിത്രം ഇരിക്കുന്ന സ്ഥലത്ത് ഒരു സ്‌ഫോടനം സംഭവിച്ചെങ്കിലും ചിത്രത്തിന് യാതൊരുവിധ കുഴപ്പവും ഉണ്ടായില്ല.
ജുവാന്‍ ഡിഗോയെ 2002ല്‍ മാര്‍പാപ്പ വിശുദ്ധനായി പ്രഖ്യാപിച്ചു. പതിനാറാം നൂറ്റാണ്ടില്‍ പ്രൊട്ടസ്റ്റന്റ് വിപ്ലവത്തോടെ യൂറോപ്പില്‍ നഷ്ടപ്പെട്ട കത്തോലിക്ക വിശ്വാസികളെക്കാള്‍ അധികമായി ഗാഡലൂപ്പെ മാതാവിന്റെ പ്രത്യക്ഷപ്പെടലിലൂടെ അമേരിക്കന്‍ ഭൂഖണ്ഡത്തില്‍ സഭയ്ക്ക് ലഭിച്ചതായി കണക്കാക്കപ്പെടുന്നു. സഭാവിരുദ്ധരും വിമര്‍ശകരും ശാസ്ത്രത്തിന് വിശദീകരിക്കാന്‍ കഴിയാത്ത ഈ സത്യങ്ങള്‍ മനസ്സിലാക്കണം. വിശ്വാസത്തില്‍ ആടിയുലഞ്ഞു നില്‍ക്കുന്നവരെ കാര്യങ്ങള്‍ ബോധിപ്പിക്കാന്‍ നാമം പരിശ്രമിക്കണം. _
ദ ആര്‍ട്ട് ഓഫ് ലിസണിങ്ടു യങ് പീപ്പിള്‍' പ്രകാശനം ചെയ്തു
ബാംഗ്ലൂര്‍: അന്തര്‍ദേശീയ തലത്തില്‍ ഏറെ ശ്രദ്ധനേടിയ അമോറിസ്ക്രിസ്റ്റി യെന്ന ജീസസ് യൂത്തിന്റെ തന്നെ ഭാഗമായ യുവജന കൂട്ടായ്മയുടെ ദ ആര്‍ട്ട് ഓഫ് ലിസണിങ് ടു യങ് പീപ്പിള്‍' എന്ന വിഖ്യാത ഗ്രന്ഥത്തിന്റെ ഇന്ത്യന്‍ പതിപ്പ് പ്രകാശനം ചെയ്തു. 2024 ഡിസംബര്‍ മൂന്നാം തീയതി ബാംഗ്ലൂരില്‍ വച്ചായിരുന്നു പുസ്തക പ്രകാശനം. ബാംഗ്ലൂര്‍ മ്യൂസിയംറോഡിലുള്ള ഗുഡ് ഷെപ്പേര്‍ഡ് ഓഡിറ്റോറിയത്തില്‍ വച്ച് നടന്ന ആത്മീയസംഗീത കച്ചേരിക്കിടയിലാണ് പുസ്തക പ്രകാശനം നടന്നത്. റിഡംപ്റ്ററിസ്റ്റ് വൈദികനും പ്രസ്തുത കച്ചേരിയുടെ കോര്‍ഡിനേറ്ററുമായ ഫാദര്‍ സന്ദീപ് മെന്‍ഡസ് പുസ്തകത്തിന്റെ ആദ്യ കോപ്പി ഫാദര്‍ റോബ് ഗാലിയക്ക് നല്‍കികൊണ്ടാണ് പുസ്തക പ്രകാശന കര്‍മം നിര്‍വഹിച്ചത്.
ഏറെ കാലികപ്രസക്തമായ ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് ഈ പുസ്തകം. മാതാപിതാക്കള്‍, അധ്യാപകര്‍, മെന്‍ഡേഴ്‌സ്, ആത്മീയോപദേഷ്ടാക്കള്‍,
കൗണ്‍സിലിംഗ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍, എന്നിങ്ങനെ യുവജന ങ്ങളുമായി സഹവസിക്കുന്ന ഏവര്‍ക്കും ഈ ഗ്രന്ഥം ഏറെ പ്രയോജനക രമാണ് എന്നതില്‍ സംശയമില്ല. ചെറുപ്പക്കാരെ അനുധാവനം ചെയ്യുന്ന ഏതൊരു വ്യക്തിയും പുലര്‍ത്തേണ്ട അടിസ്ഥാന കാര്യങ്ങള്‍ ഉള്‍ക്കൊള്ളിച്ചി ട്ടുള്ള ഒരു മാര്‍ഗദര്‍ശിയാണ് ഈ പുസ്തകം. ആത്മീയജ്ഞാനം, ശാസ്ത്രീയ പരീക്ഷണങ്ങള്‍, യുവജനങ്ങളോട് പുലര്‍ത്തേണ്ട മനോഭാവം, ഇവയെല്ലാം പുസ്തകത്തില്‍ പരാമര്‍ശിക്കപ്പെടുന്നുണ്ട്.
ഫ്‌ളോറിഡ കേന്ദ്രീകരിച്ചുള്ള അമോറിസ് ക്രിസ്റ്റി, ഫോര്‍മേഷന്‍, റിസര്‍ച്ച്, വിദ്യാഭ്യാസം, എന്നിവയ്ക്ക് ഊന്നല്‍ നല്‍കിക്കൊണ്ട് ക്രിസ്തീയ നേതൃത്വപരിശീലനം നല്‍കി വരുന്നു. ജീസസ് യൂത്തിന്റെ തുടക്കക്കാരില്‍ പ്രധാനിയായ ഡോ. എഡ്വേര്‍ഡ് എടേഴത്ത് ഈ പുസ്തക രചനയില്‍ എടുത്തുപ
റയത്തക്ക സംഭാവനകള്‍ നല്‍കിയിട്ടുണ്ട്.
ബാംഗ്ലൂര്‍വച്ച് നടന്ന പുസ്തക പ്രകാശന ചടങ്ങില്‍ കെയ്‌റോസിനെ പ്രതിനിധീകരിച്ച് ശ്രീമതി ബ്ലെസ്സി, തോബിയാസ് വാകയില്‍, ജീന കുരുവിള
തുടങ്ങിയവര്‍ സംബന്ധിച്ചു. ജീസസ് യൂത്ത് ബാംഗ്ലൂര്‍ കോര്‍ഡിനേറ്ററായ ദിലിന്‍ ദിലീപും കര്‍ണാടക ജീസസ് യൂത്ത് ക്യാമ്പസ് മിനിസ്ട്രിയുടെ മുന്‍
ആനിമേറ്ററുമായ ശ്രീ മാര്‍ട്ടിന്‍ ഡേവിഡും പുസ്തക പ്രകാശന വേളയില്‍ സന്നിഹിതരായിരുന്നു._
ക്രിസ്തുമസ് ആഘോഷത്തില്‍ ഉണ്ണീശോ എവിടെ ?
ലോകത്താകമാനം ഉള്ള ക്രിസ്മസ് ആഘോഷങ്ങള്‍ നിരീക്ഷിക്കുമ്പോള്‍ നമ്മുടെ മുന്‍പില്‍ തെളിയുന്ന ഒരു യാഥാര്‍ഥ്യം ക്രിസ്തുമസ് ആഘോഷ ങ്ങളില്‍ ഉണ്ണീശോയെ അകറ്റിനിറുത്തുന്നുവോ എന്ന സംശയമാണ്. എവിടെ നോക്കിയാലും സാന്താക്ലോസ് അഥവാ ക്രിസ്തുമസ് പപ്പായുടെ രൂപങ്ങള്‍ മാത്രമാണ് കാണാന്‍ കഴിയുന്നത്. എല്ലായിടത്തുമുള്ള ആഘോഷങ്ങളില്‍ ക്രിസ്തുമസ് പപ്പാ വരുന്നു, സമ്മാനങ്ങള്‍ തരുന്നു. ക്രിസ്തുമസ് എന്ന് കേള്‍ക്കുമ്പോള്‍ എല്ലാവരുടെയും മനസ്സില്‍ ആലേഖനം ചെയ്യപ്പെടുന്നത് പപ്പായുടെ രൂപ മാത്രം. അതോടൊപ്പം നിരവധി രൂപത്തിലുള്ള നക്ഷത്രങ്ങളും ബള്‍ബ് മാലകളും ട്രീകളും ഒക്കെയായി കച്ചവടം പൊടിപൊടിക്കുന്നു. ക്രിസ്മസ് രാവില്‍ ദേവാലയത്തില്‍ പുല്‍ക്കൂട്ടില്‍ തിരുപ്പിറവിയുടെ നേരത്ത് കാര്‍മികന്‍ എടുത്തുവയ്ക്കുന്ന ഉണ്ണീശോയുടെ രൂപവും ഭവനങ്ങളില്‍ പുല്‍ക്കൂട്ടില്‍ വയ്ക്കുന്ന രൂപവും ഒഴിച്ചാല്‍ പശ്ചാത്തല കാര്യങ്ങള്‍ക്കുള്ള അതിപ്രസരം ആത്മീയ യാഥാര്‍ഥ്യങ്ങളില്‍ നിന്ന് നമ്മെ വ്യതിചലിപ്പി ക്കുന്നുണ്ടോ എന്ന് സംശയം ബാക്കിനില്‍ക്കുന്നു.
ഉണ്ണീശോ ലോകത്തിന് നല്‍കിയ സന്ദേശം അനുസ്മരിപ്പിക്കാന്‍ സാധ്യത കുറയുകയും സന്ദേശത്തെ സൂചിപ്പിക്കുന്ന പ്രതീകങ്ങളുടെ അതിപ്രസരം ഉണ്ണീശയുടെ പ്രസക്തിയെ കുറച്ച് കൊണ്ടുവരുന്നതായി കാണാവുന്നതാണ്. ആത്മീയതയുടെ ഏതൊരു ആഘോഷവും ആന്തരിക ചൈതന്യം നഷ്ടപ്പെടാന്‍ ഇടയാകരുത്. ഒരു മനുഷ്യ വ്യക്തിക്ക് പിറക്കാനുള്ള പ്രാഥമിക സൗകര്യം പോലും കിട്ടാതെ ദാരിദ്ര്യത്തിന്റെയും എളിമയുടെയും അടിത്തട്ടില്‍ നടന്ന ഒരു സംഭവത്തിന്റെ ഓര്‍മകളില്‍ കേവലം നിരര്‍ഥകമായ തലങ്ങളിലേക്ക് ആഘോഷങ്ങള്‍ വ്യതിചലിക്കാതിരിക്കാന്‍ നമുക്ക് ശ്രദ്ധിക്കാം.

കെയ്റോസ് മാഗസിൻ അസോസിയേറ്റ് എഡിറ്ററാണ് ശ്രീ സണ്ണി കോക്കാപ്പിള്ളിൽ.



Comments