top of page

റേരും നൊവാരും | വാർത്താവിചാരം | സണ്ണി കോക്കാപ്പിള്ളില്‍ | KAIROS MALAYALAM | JUNE 2025

Writer: സണ്ണി കോക്കാപ്പിള്ളില്‍
സണ്ണി കോക്കാപ്പിള്ളില്‍
7 days ago
2 min read

ലെയോ പതിമൂന്നാമൻ ഭൂമിക്കു നൽകിയ നിധി

സഭയിലെ 267 മത്തെ മാര്‍പാപ്പയായി തിരഞ്ഞെടുക്കപ്പെട്ട കാര്‍ഡിനല്‍ റോബര്‍ട്ട് ഫ്രാന്‍സിസ് പ്രൊവോസ്ത് തന്റെ പേരായി സ്വീകരിച്ചത് ലെയോ പതിനാലാമന്‍ എന്നാണ്. അപ്പോഴാണ് ധാരാളം പേര്‍ മഹാനായ ലെയോ പതിമൂന്നാമന്‍ മാര്‍പാപ്പയെ ഓര്‍ത്തത്. 1891 മെയ് 15ന് അദ്ദേഹം പ്രഖ്യാപിച്ച 'റേരും നൊവാരും' എന്ന ലേഖനത്തിന്റെ പ്രാധാന്യം എത്രയെന്ന് മനസ്സിലാക്കുമ്പോഴാണ് ഈ നാമം സ്വീകരിച്ചതിന്റെ പ്രാധാന്യം നമ്മുടെ വിചിന്തനത്തിന് കാരണമാകുന്നത്. തൊഴിലാളികളുടെ അവകാശപത്രിക എന്നറിയപ്പെടുന്ന 'റേരും നൊവാരും' വേണ്ടവിധം ചര്‍ച്ച ചെയ്യപ്പെട്ടിരുന്നെങ്കില്‍ മാര്‍ക്‌സിസം ലോകത്തില്‍ വേരുറപ്പിക്കുക യില്ലായിരുന്നെന്ന് പല ചിന്തകരും പറഞ്ഞിട്ടുണ്ട്. സഭയുടെ സാമൂഹിക പ്രബോധനത്തിന്റെ അടിസ്ഥാനശിലയായിട്ടാണ് 'റേരും നൊവാരും' ഇന്നറിയപ്പെടുന്നത്. 130 വര്‍ഷം കഴിഞ്ഞിട്ടും ഇതിന്റെ പ്രസക്തി ഇന്നും കെടാതെ നില്‍ക്കുന്നു.


'റേരും നൊവാരും' മുന്നോട്ടുവച്ച ആശയങ്ങള്‍ മനുഷ്യകുലത്തിന്റെ നിലനില്‍പ്പിന് ഏറ്റവും യോജിച്ചതാണെന്ന് ഇന്നു നാം തിരിച്ചറിയുന്നു. ഈശ്വര വിശ്വാസത്തെ തള്ളിപ്പറയുന്ന സോഷ്യലിസവും മൂല്യങ്ങളെ മാനിക്കാത്ത മുതലാളിത്തവും നിലനില്‍ക്കുകയില്ലെന്ന് ലെയോ പതിമൂന്നാമന്റെ പ്രവചനങ്ങള്‍ ഇന്ന് യാഥാര്‍ഥ്യമായിരിക്കുന്നു. അതിന്റെ ഫലമാണ് വ്യക്തിസ്വാതന്ത്ര്യം ഇല്ലാത്ത കമ്മ്യൂണിസത്തിന്റെ പതനവും തൊഴിലാളികളെ അമിതമായി ചൂഷണം ചെയ്ത് സമ്പത്ത് വര്‍ധിപ്പിച്ച മുതലാളിത്തത്തിന്റെ ശൈലിയില്‍ ഉണ്ടായ മാറ്റവും എന്ന് നമുക്ക് കാണാവു

ന്നതാണ്. ഈ ചാക്രിക ലേഖനം എഴുതിയതിന്റെ 40, 70, 80, 90, 100, വര്‍ഷങ്ങളില്‍ യഥാക്രമം ക്വാദ്രജെസിമോ അന്നോ, മാതാവും ഗുരുനാഥയും, ഒക്തോ ജേസിമോ അദ്വേനിയെന്‍സ്, ലബേരം എക്‌സര്‍ച്ചെന്‍സ്, ചെന്തെസിമോസ് ആനൂസ് എന്നീ പ്രമാണ രേഖകള്‍ വിവിധ മാര്‍പാപ്പമാര്‍ പ്രഖ്യാപിച്ചു എന്നത് ഇതിന്റെ പ്രാധാന്യം ഏറെയാണെന്ന് നമുക്ക് മനസ്സിലാകും.


സമ്പത്ത് ചുരുക്കം ചിലരില്‍ മാത്രം കുന്നുകൂടുന്ന പ്രവണതയെ മാര്‍പാപ്പ എതിര്‍ത്തു. മനുഷ്യന്റെ ദാരിദ്ര്യത്തിന് പരിഹാരം ഉണ്ടാകണമെന്നും ധാര്‍മിക ജീവിതത്തില്‍ വിട്ടുവീഴ്ച പാടില്ലെന്നും മാര്‍പാപ്പ പറഞ്ഞു. മതത്തെ മാറ്റി നിറുത്തരുത്, തൊഴിലാളികളെ ചൂഷണം ചെയ്യരുത്, തൊഴിലാളി എന്നും ദരിദ്രനായി ജീവിക്കേണ്ടവനല്ല, സാമാന്യം നല്ല ജീവിതം നയിക്കാനുള്ള അവകാശം അവനുണ്ട്, അതിനാവശ്യമായ വേതനം തൊഴിലാളിക്കും ലഭിച്ചിരിക്കണം എന്നിങ്ങനെ നിരവധി നിര്‍ദേശങ്ങള്‍ പ്രമാണരേഖ മുന്നോട്ടുവച്ചു. അതുപോലെതന്നെ സ്വത്തവകാശത്തിന് എല്ലാവര്‍ക്കും അവകാശമുണ്ടെന്നും മാര്‍പാപ്പ പറഞ്ഞു. റഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ സമ്പത്ത് രാഷ്ട്രത്തിന്റേതാക്കുകയും സ്വകാര്യ സ്വത്ത് നിരോധിക്കുകയും ചെയ്തിരുന്ന സമ്പ്രദായം പരാജയമായിരുന്നെന്ന് കാലം സാക്ഷിയാണല്ലോ. മക്കളെ വളര്‍ത്താനുള്ള ചുമതല മാതാപിതാക്കളുടേതാണ്. അത് രാഷ്ട്രത്തിന്റെ ചുമതലയാക്കുന്നത് കുടുംബം എന്ന സംവിധാനത്തിനെതിരാണെന്ന് 'റേരും നൊവാരും' വ്യക്തമാക്കി. റഷ്യയില്‍ നടത്തി പരാജയപ്പെട്ട സമ്പ്രദായം ആണിത്. രാഷ്ട്രം ഒരു വ്യക്തിയുടെ കാര്യമെല്ലാം മുഴുവന്‍ കാലവും നോക്കുകയാണെങ്കില്‍ മനുഷ്യന്‍ അലസനാകും, ഉത്സാഹപൂര്‍വം അധ്വാനിക്കാനുള്ള താത്പര്യം നഷ്ടപ്പെടും, തനിക്ക് കിട്ടിയ കഴിവുകളെ പൂര്‍ണമായി പ്രയോജനപ്പെടുത്താനും മടി കാണിക്കും. സോഷ്യലിസ്റ്റുകള്‍ മുന്നോട്ടുവയ്ക്കുന്ന സ്ഥിതിസമത്വം പ്രായോഗികമായി പരാജയമാണ്. കാരണം മനുഷ്യന്‍ എല്ലാ തലങ്ങളിലും വൈവിധ്യം ഉള്ളവരാണ്. ഈ വൈവിധ്യമാണ് വ്യത്യസ്ത മേഖലകളുടെ നിലനില്‍പ്പിന് ആധാരമാകുന്നത്.


കാറല്‍ മാര്‍ക്‌സിന്റെ വര്‍ഗസമര സിദ്ധാന്തത്തെ മാര്‍പാപ്പ എതിര്‍ത്തു. കാരണം പരസ്പരം പോരടിച്ച് ജീവിക്കേണ്ടവരല്ല മനുഷ്യര്‍. സഹവര്‍ത്തിത്വത്തോടെ മുന്നോട്ടു പോകണം. തൊഴിലാളികള്‍ ആത്മാര്‍ഥമായി ജോലി ചെയ്യണം, സ്ഥാപനം തങ്ങളുടേത് കൂടി എന്ന രീതിയില്‍ പ്രവര്‍ത്തിക്കണം, തൊഴിലുടമകള്‍ മനുഷ്യനു വേണ്ട എല്ലാ അവകാശങ്ങളും തൊഴിലാളികള്‍ക്ക് നല്‍കണം. ലാഭവിഹിതം പോലും തൊഴിലാളിക്ക് നല്‍കണമെന്ന് മാര്‍പാപ്പ പറഞ്ഞു.


ഒരു മനുഷ്യനു വേണ്ട എല്ലാ ആദരവും തൊഴിലാളിക്ക് നല്‍കണമെന്നാണ് 'റേരും നൊവാരും' ഉദ്‌ബോധിപ്പിക്കുന്നത്. പ്രകൃതിവസ്തുക്കളുടെ അനിയന്ത്രിതമായ ഉപഭോഗത്തെ മാര്‍പാപ്പ എതിര്‍ത്തു. ഭൂമി എല്ലാവര്‍ക്കും അവകാശപ്പെട്ടതാണ് സമ്പത്തിന്റെ മേല്‍ ഒരു വ്യക്തിക്കുള്ള അവകാശത്തിന് പരിധി വേണമെന്നും മാര്‍പാപ്പ ഓര്‍മിപ്പിക്കുന്നു. ആത്യന്തികമായി സമ്പത്ത് ദൈവത്തിന്റേതാണ്, മനുഷ്യര്‍ അതിന്റെ കാര്യസ്ഥര്‍ മാത്രം.ഒരു രാജ്യത്തിന്റെ പ്രധാന ധര്‍മം പൊതുജന ക്ഷേമമാണെന്നും എല്ലാവര്‍ക്കും നീതിക്ക് അര്‍ഹതയുണ്ടെന്നും 'റേരും നൊവാരും' അനുശാസിക്കുന്നു.


ദരിദ്രരെ ഉദ്ധരിക്കുന്നതില്‍ രാഷ്ട്രം മുന്‍തൂക്കം നല്‍കണമെന്നും തൊഴിലാളികള്‍ക്ക് ന്യായമായ വേതനവും വിശ്രമവും നല്‍കണമെന്നും മാര്‍പാപ്പ പറഞ്ഞു. തൊഴിലാളികള്‍ക്ക് യാതൊരു അന്തസ്സും ഇല്ലാത്ത ഒരു കാലഘട്ടത്തിലാണ് റേരും നൊവാരും പുറത്തിറങ്ങിയത്. എന്നാല്‍, എന്തുകൊണ്ടോ അത് വേണ്ടവിധം ലോകത്തെ അറിയിക്കുന്നതില്‍ ചില വീഴ്ചകള്‍ വന്നു എന്നുവേണം കരുതാന്‍. അല്ലെങ്കില്‍ കമ്മ്യൂണിസം ലോകത്ത് ഇത്രമാത്രം സ്വാധീനം ചെലുത്തുകയില്ലായിരുന്നു. പക്ഷേ, തെറ്റായ വഴികളിലൂടെ പോകുന്ന സിദ്ധാന്തങ്ങള്‍ പരാജയപ്പെടുമെന്ന് അക്കാലത്ത് മാര്‍പാപ്പ നല്‍കിയ പ്രവചനങ്ങള്‍ പിന്നീട് നിറവേറി.

 
 
 

Comments


Kairos USA

Kairos INDIA

Kairos UK

     Kairos International Inc. 700 Louisiana St, Houston, TX. USA 77002

     Kairos Media, No 8/174, Navodaya Studio Complex, Thengod P.O, Cochin, Kerala, India. Pin: 682030

     Kairos Media, St Charles Street, Sheffield S9 3WU, United Kingdom

COPYRIGHT © 2021 KAIROS MEDIA, JESUS YOUTH

bottom of page