മാറ്റുരച്ചു നോക്കിയ സ്വപ്നം I കവര്‍സ്റ്റോറി I ബിലാസ് ജോസഫ്, പാല I KAIROS MALAYALAM I JULY 2026
- smithajose4
- Jun 30
- 2 min read
നമ്മെ നാം അറിയുന്നതിനേക്കാൾ നന്നായി അറിയുന്ന ദൈവത്തെ അറിയണം. അവൻറെ സ്വപ്നങ്ങൾ അറിയണം. ആനന്ദകരമായ ജീവിതത്തിൻറെ അടിസ്ഥാനമാണത്...ബിലാസ് ജോസഫിന്റെ, 'മാറ്റുരച്ചു നോക്കിയ സ്വപ്നം'

വിവാഹത്തിന്റെ ആദ്യ വര്‍ഷങ്ങളില്‍ തന്നെ ജോയലിനും
മരിയയ്ക്കും മനസ്സിലായി,
അവര്‍ ഒരുമിച്ച് ജീവിക്കു
മ്പോഴും, അവരുടെ സ്വപ്നങ്ങള്‍ രണ്ട് ദിശകളിലേക്കാണ് സഞ്ചരിക്കുന്നതെന്ന്. ജോയലിന്റെ സ്വപ്നം വിദേശത്ത് വലിയ ജോലി നേടി സാമ്പത്തികമായി ഉയരുക
എന്നതായിരുന്നു. അവന്‍ ജീവിതത്തെ സുരക്ഷയുടെയും നേട്ടങ്ങളുടെയും കണ്ണിലൂടെ നോക്കി. മരിയയുടെ സ്വപ്നം അതില്‍ നിന്നും വ്യത്യസ്തമായിരുന്നു. അവള്‍ക്ക് സ്വന്തം നാട്ടില്‍ നിന്നുകൊണ്ട്, കുടുംബത്തോടൊപ്പം, കുട്ടികള്‍ക്കും സമൂഹത്തിനുംവേണ്ടി സമയം ചെലവഴിക്കുന്ന ജീവിതമാണ് ആഗ്രഹം. തുടക്കത്തില്‍ ഈ വ്യത്യാസങ്ങള്‍ ചെറിയ അഭിപ്രായഭിന്നതകളായി മാത്രം തോന്നി. പക്ഷേ, ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍, സ്വപ്നങ്ങള്‍ തമ്മിലുള്ള അകലം ഹൃദയങ്ങള്‍ തമ്മിലുള്ള അകലമായി മാറി.
''നീ എന്റെ സ്വപ്നങ്ങളെ മനസ്സിലാക്കുന്നില്ല; നിനക്കെന്നെക്കാള്‍ നിന്റെ ആഗ്രഹങ്ങളാണ് വലുത്...'' ഇത്തരത്തിലുള്ള വാക്കുകള്‍ വീട്ടിലെ സമാധാനത്തെ പതുക്കെ ഇല്ലാതാക്കി. ഒരേ വീട്ടില്‍ താമസിച്ചിരുന്നെങ്കിലും, അവര്‍ രണ്ട് ലോകങ്ങളില്‍ ജീവിക്കുന്നവരെപ്പോലെ ആയിരുന്നു. ഒരുദിവസം, അവരുടെയൊരു അടുത്ത സുഹൃത്ത് നിര്‍ബന്ധിച്ചതിനാല്‍, അവര്‍ ഒരു സ്പിരിച്വല്‍ കൗണ്‍സിലറിനെ കാണാന്‍ തീരുമാനിച്ചു. വളരെ ശാന്തനായ ഒരു വൈദികനായിരുന്നു അദ്ദേഹം. അവരുടെ പ്രശ്‌നങ്ങള്‍ മുഴുവന്‍ കേട്ടശേഷം, അദ്ദേഹം ഒരു ചെറിയ ചോദ്യം മാത്രം ചോദിച്ചു: ''നിങ്ങള്‍ രണ്ടുപേരും നിങ്ങളുടെ സ്വപ്നങ്ങളെക്കുറിച്ച് ഏറെ സംസാരിക്കുന്നു. പക്ഷേ, ഒരു നിമിഷം കണ്ണടച്ച് ചിന്തിക്കൂ... നിങ്ങളുടെ മുന്നില്‍ രണ്ട് സ്വപ്നങ്ങള്‍ നില്‍ക്കുന്നു ഒന്ന് നിന്റേത്... മറ്റൊന്ന് നിന്റെ ജീവിതപങ്കാളിയുടേത്... ഇവയില്‍ ഏതാണ് തിരഞ്ഞെടുക്കുക?'' ജോയല്‍ പറഞ്ഞു: ''എന്റെ സ്വപ്നം ഞങ്ങളുടെ ജീവിതത്തിന് നല്ലതാണ്.'' മരിയയും അതേപോലെ തന്നെ പറഞ്ഞു: ''എന്റെ സ്വപ്നം തന്നെയാണ് കുടുംബത്തിന് സമാധാനം നല്‍കുക.''
വൈദികന്‍ ചെറുതായി പുഞ്ചിരിച്ചു. അദ്ദേഹം വീണ്ടും ചോദിച്ചു: ''ശരി... ഇപ്പോള്‍ നിങ്ങള്‍ രണ്ടുപേരും ചേര്‍ന്ന് ഒരൊറ്റ സ്വപ്നം തിരഞ്ഞെടുക്കൂ.'' ആ നിമിഷം ഇരുവരും നിശ്ശബ്ദരായി. കാരണം, അവര്‍ തിരിച്ചറിഞ്ഞു - വിവാഹം
എന്നത് ''എന്റെ സ്വപ്നം'' ജയിക്കുന്ന സ്ഥലമല്ല; ''നമ്മുടെ സ്വപ്നം'' ജനിക്കുന്ന ഇടമാണെന്ന്. കുറച്ചു നേരം മൗനത്തിനുശേഷം, ജോയല്‍ മരിയയുടെ കൈ പിടിച്ചു. അവന്‍ പതുക്കെ പറഞ്ഞു: ''നമുക്ക് രണ്ടുപേര്‍ക്കും സന്തോഷത്തോടെ ജീവിക്കാനാകുന്ന ഒരു ജീവിതം കണ്ടെത്താം. അതിനായി സ്വപ്നം കാണാം.'' മരിയയുടെ കണ്ണുകള്‍ നിറഞ്ഞു. പക്ഷേ, ആ കൗണ്‍സിലറുടെ അവസാന വാക്കാണ് അവരുടെ ജീവിതം മാറ്റിമറിച്ചത്. അദ്ദേഹം പറഞ്ഞു: ''നിങ്ങള്‍ ഇപ്പോള്‍ നിങ്ങളുടെ സ്വപ്നങ്ങളെ ഒന്നാക്കാന്‍
പഠിച്ചു. പക്ഷേ ഇതുവരെ നിങ്ങള്‍ മറന്നുപോയ ഒരു വലിയ ചോദ്യം ബാക്കിയുണ്ടല്ലോ.'' അവര്‍ അത്ഭുതത്തോടെ അദ്ദേഹത്തെ നോക്കി. അദ്ദേഹം ശാന്തമായി ചോദിച്ചു: ''ദൈവത്തിനും നിങ്ങളെക്കുറിച്ച് ഒരു സ്വപ്നമുണ്ട്. നിങ്ങളുടെ സ്വപ്നങ്ങള്‍ അതിനോടുചേര്‍ന്ന് പോകുന്നതാണോ?'' ആ ചോദ്യം മുറിയിലെ വായുവിനെ പോലും നിശ്ചലമാക്കി. അവര്‍ തലകുനിച്ചു. കാരണം, അവരുടെ ജീവിതത്തില്‍ അവര്‍ മറന്നുപോയ ഏറ്റവും പ്രധാനപ്പെട്ട സ്വപ്നം, ദൈവത്തിന്റെ സ്വപ്നമായിരുന്നു.
നമ്മുടെ ജീവിതത്തിലും പലപ്പോഴും ഇതുതന്നെയാണ് സംഭവിക്കുന്നത്. ഭര്‍ത്താവിന് തന്റെ സ്വപ്നങ്ങള്‍. ഭാര്യയ്ക്ക് അവളുടെ സ്വപ്നങ്ങള്‍. മാതാപിതാക്കള്‍ക്ക് കുട്ടികളെക്കുറിച്ച് സ്വപ്നങ്ങള്‍. യുവജനങ്ങള്‍ക്ക് ഭാവിയെക്കുറിച്ച് വലിയ ആഗ്രഹങ്ങള്‍. പക്ഷേ, ഈ സ്വപ്നങ്ങളുടെ തിരക്കില്‍ നമ്മള്‍ മറന്നുപോകുന്ന ഒരു സത്യമുണ്ട്: ''കര്‍ത്താവ് അരുളിച്ചെയ്യുന്നു: നിങ്ങളെക്കുറിച്ചുള്ള പദ്ധതി എന്റെ മനസ്സിലുണ്ട്. നിങ്ങളുടെ
നാശത്തിനല്ല, ക്ഷേമത്തിനുള്ള പദ്ധതിയാണത് - നിങ്ങള്‍ക്കു ശുഭമായ ഭാവിയും പ്രത്യാശയും നല്‍കുന്ന പദ്ധതി'' (ജറെമിയ 29, 11).
ദൈവം നമ്മെ, നമ്മളേക്കാള്‍ നന്നായി അറിയുന്നു. നമ്മള്‍ ഇപ്പോഴത്തെ സന്തോഷം മാത്രം കാണും; പക്ഷേ ദൈവം നമ്മുടെ മുഴുവന്‍ ജീവിതവും കാണുന്നു. വിശുദ്ധ അഗസ്റ്റിന്‍ പറയുന്നത് എത്ര മനോഹരമാണ്: ''ദൈവത്തില്‍ വിശ്രമിക്കുന്നതുവരെ നമ്മുടെ ഹൃദയം അശാന്തമാണ്.'' നമ്മുടെ സ്വപ്നങ്ങള്‍ ദൈവത്തിന്റെ ഹൃദയത്തോടു ചേരുമ്പോഴാണ് ജീവിതവും സമാധാനമാകുന്നത്. പലപ്പോഴും ദൈവത്തിന്റെ സ്വപ്നം നമ്മുടെ സ്വപ്നങ്ങളെക്കാള്‍ വ്യത്യസ്തമായിരിക്കും. നമുക്ക് എല്ലാം പെട്ടെന്ന് വേണം. പക്ഷേ, ദൈവം നമ്മെ ക്ഷമ പഠിപ്പിക്കും.
നമുക്ക് വിജയം വേണം. ദൈവം ആദ്യം സ്‌നേഹം പഠിപ്പിക്കും. നമുക്ക് വലിയ ജീവിതം വേണം. ദൈവം അര്‍ഥമുള്ള ജീവിതം നല്‍കും. യേശു പറഞ്ഞു: ''നിങ്ങള്‍ ആദ്യം അവിടത്തെ രാജ്യവും അവിടത്തെനീതിയും അന്വേഷിക്കുക. അതോടൊപ്പം മറ്റുള്ളവയെല്ലാം നിങ്ങള്‍ക്കു ലഭിക്കും''
(മത്തായി 6, 33).
ബിലാസ് ജോസഫ് : മോട്ടിവേഷണല്‍ സ്പീക്കര്‍, അധ്യാപകന്‍, കത്തോലിക്ക റിസോഴ്‌സ് പേഴ്‌സണ്‍ ഭാര്യയോടും ആറു മക്കളോടുമൊപ്പം പാലായില്‍ താമസം.



Comments