top of page
Search

മൊട്ടത്തലയാ നിനക്ക് സുഖമാണോ | സജി പന്ന്യാർകുട്ടി, ഇടുക്കി | KAIROS GLOBAL | AUGUST 2026

  • smithask2009
  • Aug 1
  • 3 min read

"എടാ മൊട്ടത്തലയാ നിനക്ക് സുഖമാണോ?..." കൂടെ പഠിച്ച ഒരു സുഹൃത്ത് കഴിഞ്ഞ ദിവസം കുശലാന്വേഷണത്തിനായി ഒരു മെസ്സേജ് അയച്ചതാണ്. ദൈവകൃപയാൽ സുഖമായിരിക്കുന്നു, വിശേഷങ്ങൾ പ്രത്യേകിച്ച് ഒന്നുമില്ലെന്ന് മറുപടി പറഞ്ഞു. എന്തോ ആ 'മൊട്ടത്തലയാ' എന്ന സംബോധന എനിക്ക് ഒത്തിരി ഇഷ്ടമായി. നല്ല വ്യക്തിബന്ധവും അടുപ്പവുമുള്ള ഉറ്റചങ്ങാതിമാർക്ക് മാത്രമേ ഇങ്ങനെ വിളിക്കാനും ആ വിളി ആസ്വദിക്കാനും പറ്റൂ.


കുറച്ചുകഴിഞ്ഞ് കണ്ണാടിയുടെ മുൻപിൽ നിൽക്കുമ്പോൾ എന്റെ തലയിലേക്ക് അറിയാതെ ശ്രദ്ധിച്ചു. മുടി ഒത്തിരി പോയിട്ടുണ്ട്. പക്ഷേ ഇനിയും കുറെ മുടി അവിടെത്തന്നെയുണ്ട്. അതുകൊണ്ട് പൂർണ്ണമായും മൊട്ടത്തല എന്ന് പറയാൻ പറ്റില്ല. പിന്നെ അവിടെ നടന്നത് ഒരു വിഹഗവീക്ഷണമാണ്. ഒരു കൗതുകത്തിനു വേണ്ടി തലയിൽ മുടിയില്ലാത്ത ഭാഗമെത്ര? മുടിയുള്ള ഭാഗമെത്രയെന്ന് ഞാൻ കൃത്യമായി തിട്ടപ്പെടുത്തി. 60 ശതമാനം മുടിയില്ലാത്ത മേഖലയും 40 ശതമാനം മുടിയുള്ള മേഖലയും. സാറ്റലൈറ്റ് സർവ്വേ ആണ് നടത്തിയത്, ആരും തർക്കവുമായി വന്നേക്കരുതെന്ന് പറഞ്ഞേക്കാം.


എത്ര സമൃദ്ധിയിൽ ഇടതൂർന്ന് മുടിയുണ്ടായിരുന്ന തലയാ! എന്റെ മുടിയെ പ്രശംസിച്ച്, എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട മുടി നിന്റേതാണെന്ന് ചെറുപ്പകാലത്ത് എന്റെ മുടി വെട്ടിയിരുന്ന വെള്ളത്തൂവലിലെ ബാർബർ കറുപ്പയ്യ പറയുമായിരുന്നു. എല്ലാം ഓർമ്മകൾ മാത്രം. ഇപ്പോൾ തലയ്ക്ക് മീതെ ശൂന്യാകാശം, താഴെ മരുഭൂമി. ജീവിതത്തിൽ ഒന്നിനും ഗ്യാരണ്ടിയില്ല. നഷ്ടപ്പെട്ടതിനെയോർത്ത് വ്യസനിക്കുന്നത് നല്ലതല്ല. ഇപ്പോഴുള്ളതിനെയോർത്ത് സന്തോഷിക്കുക, തൃപ്തിയടയുക, ഉള്ളത് നന്നായി കൊണ്ടു നടക്കുക അതേ വേണ്ടൂ. അല്ലെങ്കിലും നഷ്ടപ്പെട്ടതിനെയോർത്ത് സങ്കടപ്പെട്ടു മാത്രം ജീവിക്കുന്നവർക്ക് എങ്ങിനെ സന്തോഷമുണ്ടാകും.


ഏതായാലും മുടിയിത്തിരി വളർന്നിട്ടുണ്ട്. അതുവെട്ടി ഒന്ന് മിനുക്കിയേക്കാമെന്നു കരുതി, പതിവായി എത്താറുള്ള ബാർബർ ഷോപ്പിലെത്തി. നല്ല മുടിയുള്ളവർക്ക് നമ്മളെ കാണുമ്പോൾ ചെറിയൊരു പരിഹാസമുണ്ട്. അതൊന്നും ശ്രദ്ധിക്കാതെ ഗമയിൽ അവിടെയിരുന്നു. എനിക്ക് സ്ഥിരമായി മുടി വെട്ടിത്തരുന്ന ഭായ് ഒരാളുടെ മുടി വെട്ടിക്കൊണ്ടിരിക്കുകയാണ്. ബാക്കി രണ്ടുപേർ ഊഴം കാത്തിരിക്കുന്നു. ഒരാൾ കൂടി അവിടെ ജോലിക്കുണ്ട്, ഇന്നയാൾ ലീവാണെന്ന് തോന്നുന്നു. ഒരു കാര്യം എന്റെ ശ്രദ്ധയിൽ പെട്ടു. ഒരു പതിനഞ്ച് വയസ്സ് പ്രായം തോന്നുന്ന ഹിന്ദിക്കാരൻ പയ്യൻ അവിടെ പണിയൊക്കെ പഠിക്കാനായി വന്നിട്ടുണ്ട്. അവന്റെ ശ്രദ്ധ മുഴുവൻ ഭായ് മുടി വെട്ടുന്നതിലാണ്. ഒരാളുടെ വെട്ടുകഴിയുമ്പോൾ മുടിയെല്ലാം അടിച്ച് തറ ക്ലീനാക്കുന്നു, മുടിവെട്ടു കഴിയുമ്പോൾ ചിലരുടെ തലയിൽ ട്രിമ്മർ കൊണ്ട് മിനുക്കുപണിചെയ്യുന്നു. പണിപഠിച്ചെടുക്കാനുള്ള തീഷ്ണമായ ആഗ്രഹം ആ മുഖത്ത് കാണാം. അവനെ കാണാൻ നല്ല ഭംഗിയുണ്ട്. ചലനങ്ങൾക്ക് പ്രത്യേകതമൊരു ചടുലതയുമുണ്ട്.

രണ്ടുപേർ കൂടിയുണ്ടെന്ന് ഭായ് എന്നോട് പറഞ്ഞു. അല്പം വെയ്റ്റ് ചെയ്യണം, വേഗം തീർക്കാം… കുഴപ്പമില്ല തീർന്നോട്ടെ എന്ന് ഞാനും. ഭായ് എനിക്ക് തൊട്ടുമുമ്പുള്ള ആളെ കസേരയിലിരുത്തി. ഇനി ഞാനും കൂടിയേയുള്ളു. ഉടനെ നമ്മുടെ പയ്യൻ എന്നോട് ചോദിച്ചു, "സാർ കട്ടിംഗ് ?" ഞാൻ തലയാട്ടി. ബൈട്ടിയേ... അവൻ കസേര ചൂണ്ടി പറഞ്ഞു. ഞാൻ ഒന്ന് മടിച്ചു. പക്ഷേ അവൻ വളരെ താല്പര്യത്തോടെ പറഞ്ഞു, "ബൈട്ടിയേ സാർ". മനസ്സില്ലാമനസ്സോടെ ഞാൻ കസേരയിലിരുന്നു. മുടിവെട്ടിക്കൊണ്ടിരുന്ന ഭായ് എന്നെയും അവനെയും മാറി മാറി ഒന്നുനോക്കി.


അവൻ എന്റെ കഴുത്തിൽ വേഗത്തിൽ ഏപ്രണ്‍ കെട്ടി. മുടിവെട്ടാനായി ട്രിമ്മർ എടുത്തു. ഞാൻ വിചാരിച്ചു തലയുടെ പിൻ ഭാഗം മിനുക്കാൻ ആയിരിക്കുമെന്ന്. ഇവൻ ചുളളന്മാരായ പിള്ളേരുടെ പോലെ വെട്ടിവെക്കുമോ? സാധാരണ കത്രികയ്ക്കാണ് എന്റെ മുടി വെട്ടാറ്. ഞാൻ പറഞ്ഞു, "ട്രിമ്മർ നഹി, സിസേഴ്സ് ചാഹിയേ". അവൻ ചെറുതായിട്ടൊന്ന് ചമ്മിയെങ്കിലും കത്രികയും ചീപ്പും എടുത്തു. ഒപ്പം മുടിയിലേക്ക് വെള്ളം സ്പ്രേ ചെയ്തു. വെള്ളമിത്തിരി കൂടിപ്പോയി. അവന്റെ കണക്കുകൂട്ടൽ പിഴച്ചു. എനിക്ക് മുടികുറച്ചല്ലേയുള്ളൂ. തല നനഞ്ഞ് വെള്ളം ദേഹത്തേക്ക് വീണു. ഞാൻ മഴയത്ത് നനഞ്ഞ കോഴിയെപ്പോലെയായി.


അപ്പുറത്ത് മുടിവെട്ടുന്ന ഭായിയും കസേരയിൽ ഇരിക്കുന്ന ആളും ഇത് കാണുന്നുണ്ട്. അയാൾ പയ്യനെ നോക്കി കണ്ണുരുട്ടി പറഞ്ഞു: ‘ഇവനെയാണോ മുടിവെട്ടാൻ നിർത്തിയിരിക്കുന്നത്. പൈസയും തരണം തോന്ന്യാസവും സഹിക്കണം. ആദ്യം എവിടെയെങ്കിലും പോയി പണി പഠിച്ചിട്ട് വാ.’

പയ്യൻ ചമ്മി വിളറി ഒരു ടവിയെടുത്ത് തല തുടച്ചു. അവൻ കത്രികയും ചീപ്പുമെടുത്ത് ചെവിയുടെ ഭാഗത്തെ മുടി തെളിച്ച് വെട്ടാൻ തുടങ്ങി. ആദ്യം തന്നെ വെട്ടു പിഴച്ചു. മുടിയിൽ ഒരു കൊതച്ചിൽ വീണു. കത്രികയും ചീപ്പും നന്നായി പിടിക്കാൻ അറിയാത്തത് കൊണ്ട് മുടിയാകെ അലങ്കോലമായി. ‘നീ എന്താടോ കാണിക്കുന്നേ?’ അപ്പുറത്തെ കസേരയിലിരുന്നയാൾ ചോദിച്ചു. എന്നിട്ട് എന്നോടായി പറഞ്ഞു. "ചേട്ടനായതുകൊണ്ട് ഇരിക്കുന്നു. ഞാനാണേൽ ഇവന്റെ മോന്ത നോക്കി ഒരെണ്ണം കൊടുത്തേനെ". ഭായിയും എന്തൊക്കെയോ വഴക്ക് പറയുന്നുണ്ട്.


എനിക്ക് ഒരു കാര്യം മനസ്സിലായി. ഇവന് മുടിവെട്ടാനറിയില്ല. ആദ്യമായിട്ടാണ് ഒരാളുടെ മുടിവെട്ടുന്നത്. ഇനിയും ഞാൻ വെട്ടാൻ അനുവദിച്ചാൽ മുടി അമ്പും തുമ്പും വെട്ടി കുളമാക്കും. മാത്രമല്ലാ എന്റെ ചെവിയെങ്ങാനും മുറിച്ചാലോ? ഏതായാലും ഇവനെ കൊണ്ട് മുടിവെട്ടിക്കുന്ന പ്രശ്നമില്ല. ഏതാനും നിമിഷം കടന്നുപോയി. ഞാനവന്റെ മുഖത്തേക്ക് നോക്കി. ദുഃഖം ഖനീഭവിച്ച് വിവരണ്ണമായിരിക്കുന്നു. എന്റെ പ്രതികരണത്തെയോർത്ത് വല്ലാത്തൊരു ഭയവും നിഴലിക്കുന്നുണ്ട്.

പെട്ടെന്ന് എന്റെ ചിന്ത വേറൊരു വഴിക്കായി. പാവം പയ്യൻ. ഒരു പണിപഠിച്ച് ജോലി ചെയ്യാൻ, കുറച്ചു പൈസയൊക്കെ സമ്പാദിക്കാൻ ആത്മാർത്ഥമായി ആഗ്രഹിച്ച് വന്നതാണ്. നമ്മളെപ്പോലെ പഠിപ്പോ സാഹചര്യങ്ങളോ ഇല്ല. ചിലപ്പോൾ ഒരു കുടുംബത്തിന്റെ ഏക പ്രതീക്ഷയായിരിക്കാം. ഇതേപ്രായത്തിൽ എനിക്കും ഒരുമോനുണ്ട്. അതും ഞാനോർത്തു. എല്ലാവരുടെയും തുടക്കം ഇങ്ങനെയൊക്കെ ആയിരിക്കും. ആരെങ്കിലുമൊക്കെ ക്ഷമയോടെ സഹിഷ്ണുത കാണിച്ചതുകൊണ്ടല്ലേ എല്ലാവരും പലപണികളും പഠിച്ചെടുത്തത്. ഒന്നോർത്താൽ എത്രപേരുടെ ക്ഷമയും സഹാനുഭൂതിയും പ്രോത്സാഹനവുമൊക്കെയാണ് നമ്മെയൊക്കെ ഇവിടെവരെയെത്തിച്ചത്. കയ്യിലിരുപ്പിന്റെ തോതനുസരിച്ചു ശിക്ഷ കിട്ടിയിരുന്നേൽ എന്താകുമായിരുന്നു! ഞാനും ഒന്ന് സഹിച്ചാൽ നാളെ ഇവനും നല്ലൊരു പണിക്കാരനാകും. അല്ലെങ്കിൽ തന്നെ ഇത്രയും മാത്രം കുറച്ചു മുടിയുള്ള എന്റെ തല എന്തു വികൃതമാകാൻ. ആയാൽ തന്നെ ഒരാഴ്ച കൊണ്ട് മുടി വളർന്ന് നേരെയാകും. ആദർശം എന്റെയുള്ളിൽ പതഞ്ഞുയർന്നു.


ഈ കുരുന്ന് കലാകാരനെ ഞാനായിട്ട് മുളയിലേ നുള്ളണ്ട. വഴക്കുണ്ടാക്കിയാൽ ആ മുറിവ് അവന്റെ കൊച്ചു മനസ്സിൽ എന്നും കിടന്നേക്കാം. ഈ പണി അവൻ എന്നന്നേക്കുമായി ഉപേക്ഷിച്ചേക്കാം. ക്ഷമയോടെ ഇരുന്ന് കൊടുത്തു മുടിവെട്ടാൻ അനുവദിച്ചു. കൊതച്ചിലും വെട്ടുമൊക്കെയായി അവൻ പണിചെയ്തു. ശരിക്കും അലങ്കോലമാക്കി. പക്ഷേ ഒരുവിഷമവും തോന്നിയില്ല.


ചെയ്തുകൊണ്ടിരുന്ന പണിപൂർത്തിയാക്കി പെട്ടെന്ന് ഭായ് പയ്യന്റെ കയ്യിൽ നിന്നും കത്രികയും ചീപ്പും വാങ്ങി ഒരുതരത്തിൽ മുടി വെട്ടിനേരെയാക്കി. ഇടയിൽ പയ്യനെ വഴക്കും പറഞ്ഞു. എല്ലാം കഴിഞ്ഞ് ഏപ്രണ്‍ അഴിക്കുമ്പോൾ ഭായ് എന്നോട് സോറി പറഞ്ഞു. അവൻ എന്റെ അനുവാദമില്ലാതെ മുടിവെട്ടിയതാണ്, അവൻ പഠിക്കുന്നതേയുള്ളു. സാരമില്ലായെന്നും എനിക്കൊരു പ്രശ്നവുമില്ല, അവനെ വഴക്കൊന്നും പറയണ്ടെന്നും ഞാൻ പറഞ്ഞു. ഇവന്റെ ധൈര്യം അപാരം. ഇങ്ങനെ ഒരു സാഹസത്തിന് ഇവൻ എങ്ങിനെ മുതിർന്നു. പണിപഠിക്കണമെന്നുളള തീഷ്ണമായ ആഗ്രഹം. ഒത്തിരി മുടിയുള്ള ചുളളന്മാരുടെ മുടിവെട്ടി അലങ്കോലമാക്കിയാൽ നല്ല പണികിട്ടും. തീർത്തും മുടികുറഞ്ഞ എന്റെതല ഒരുവിധത്തിൽ ശരിയാക്കാം.


ഞാൻ പൈസ കൊടുത്തപ്പോൾ വേണ്ടെന്ന് പറഞ്ഞെങ്കിലും ഞാനത് കൊടുത്തേൽപ്പിച്ചു. മാറിനിൽക്കുന്ന മുടിവെട്ടിയ പയ്യനെ അടുത്ത് വിളിച്ചു പേര് ചോദിച്ചു. അവന്റെ കൈപിടിച്ച് കുലുക്കി വിഷമിക്കേണ്ടെന്ന് പറഞ്ഞ് അവനെ സമാധാനിപ്പിച്ചു. ഈ പയ്യൻ നന്നായി പഠിക്കണമെന്നും നല്ല ഹെയർ ഡിസൈനർ ആകണമെന്നും, അവൻ ഇവിടെ നിൽക്കേണ്ടവനല്ല, ഫിലിം സ്റ്റാറുകളുടെയും സ്പോർട്സ് താരങ്ങളുടെയും വിഐപികളുടെയുമൊക്കെ ഹെയർ ഡിസൈനർ ആയി കോടികൾ പ്രതിഫലം കിട്ടുന്ന ഒരു വ്യക്തിയായി മാറണമെന്ന് ഹിന്ദിയിൽ അവനോട് പറഞ്ഞ് കൊടുക്കുവാൻ ഞാൻ ഭായിയെ പറഞ്ഞേൽപ്പിച്ചു. അവൻ അത് പറഞ്ഞ് കൊടുക്കുകയും ചെയ്തു.


അതിനുശേഷം അവന്റെ മുഖത്ത് നന്ദിയുടെ ഗന്ധമുള്ള ഒരു ചെറുചിരിയും, ഏഴ് വർണ്ണങ്ങൾ കൊണ്ട് നിറഞ്ഞ ഒരു മഴവില്ലിന്റെ ശോഭയും, ഒപ്പം കണ്ണുകളുടെ കോണുകളിൽ ഒരു ചെറിയ നനവും ഞാൻ കണ്ടു. മനുഷ്യത്വത്തെക്കുറിച്ചും പരസ്നേഹത്തെക്കുറിച്ചും വാചാലനാകുന്ന എന്റെ ജീവിതത്തിൽ അതൊന്നു പ്രായോഗികമാക്കാൻ ലഭിച്ച അവസരത്തെയോർത്ത് ദൈവത്തിന് നന്ദിപറഞ്ഞു.


ഞാൻ ആ സലൂണിന്റെ പടി ഇറങ്ങുമ്പോൾ, ഈയിടെ നമ്മെവിട്ടു പിരിഞ്ഞ പ്രിയ കലാകാരൻ സലിം കുമാർ ‘കഥ പറയുമ്പോൾ’ എന്ന സിനിമയിൽ ചെയ്ത കഥാപാത്രമായ വികടകവി അനിൽ പനച്ചൂരാന്റെ വരികൾ പാടുന്നത് ഓർമ്മ വന്നു. വ്യത്യസ്തനാമൊരു ബാർബറാം ബാലനെ സത്യത്തിൽ ആരും തിരിച്ചറിഞ്ഞില്ല... ബാലൻ എന്നത് ശ്രീനിവാസൻ ആ സിനിമയിൽ ചെയ്ത ബാർബറുടെ പേരാണ്. എന്നാൽ ഞാനിവിടെ ഉദ്ദേശിക്കുന്നത് പ്രായം കൊണ്ട് ബാലനായ ബാർബർ പയ്യനെയാണ്. അവൻ കേവലം മുടിമുറി ശീലനും മുഖവടി വേലനുമാകാതെ ലോകമറിയുന്ന ഒരു ഹെയർ ഡിസൈനറാകട്ടെ. അവനു വേണ്ടിയുള്ള ഈ പ്രാർത്ഥന സഫലമാകട്ടെ ദൈവമേ

.


 
 
 

Comments


Kairos USA

Kairos INDIA

Kairos UK

     Kairos International Inc. 700 Louisiana St, Houston, TX. USA 77002

     Kairos Media, No 8/174, Navodaya Studio Complex, Thengod P.O, Cochin, Kerala, India. Pin: 682030

     Kairos Media, St Charles Street, Sheffield S9 3WU, United Kingdom

COPYRIGHT © 2021 KAIROS MEDIA, JESUS YOUTH

bottom of page