top of page
Search

ബാസ്കറ്റ്ബോൾ മിഷണറി ജെയിംസ് നൈസ്മിത്ത് | KAIROS MALAYALAM | JUNE 2026

  • Writer: Kairos Media
    Kairos Media
  • May 31
  • 2 min read




ലോകമെമ്പാടും നാൽപ്പത് കോടിയിലധികം ആളുകൾ കളിക്കുന്ന ജനപ്രിയ കായിക വിനോദമായ ബാസ്കറ്റ്ബോൾ കളി ജന്മമെടുത്തത് 1891 ലാണ്. പണ്ട് അമേരിക്കയിലെ ആസ്ടെക്, മായൻ വംശജർക്കിടയിൽ ശത്രുക്കളുടെ തലയോട്ടികൾ ബാസ്കറ്റിൽ എറിഞ്ഞു കളിക്കുന്ന വിനോദം നിലവിലുണ്ടായിരുന്നെങ്കിലും, ആധുനിക ബാസ്കറ്റ് ബോൾ കളി രൂപീകൃതമായത് ഒരു പ്രത്യേക ആവശ്യത്തിനായിരുന്നു. ഈ കളി ഇത്രയേറെ ജനപ്രിയമാകുമെന്ന് അതിന്റെ സൃഷ്ടാവായ ജെയിംസ് നൈസ്മിത്ത് (James Naismith) പോലും വിചാരിച്ചിരുന്നില്ല.


1861 നവംബർ ആറിന് കാനഡയിൽ ജനിച്ച ജെയിംസ് നൈസ്മിത്തിന് തന്റെ ഒൻപതാമത്തെ വയസ്സിൽ മാതാപിതാക്കളെ നഷ്ടമായി. അമ്മാവന്റെ ശിക്ഷണത്തിൽ വളർന്ന നൈസ്മിത്ത് ചെറുപ്പം മുതൽക്കേ കായിക വിനോദങ്ങളിൽ മികവ് പുലർത്തി. മോൺട്രിയോളിലെ മക്ഗിൽ സർവ്വകലാശാലയിൽ നിന്നും കായിക വിദ്യാഭ്യാസത്തിൽ ബിരുദം നേടിയ നൈസ്മിത്ത് വിവിധ കായിക വിഭാഗങ്ങളിൽ കോച്ചായി തന്റെ കരിയർ ആരംഭിച്ചു. ഫുട്ബോളും റഗ്ബിയുമായിരുന്നു പ്രധാന ഇനങ്ങൾ.  


മികച്ച കായിക പരിശീലകനായി അറിയപ്പെട്ട നൈസ്മിത്തിന് 1890-ൽ അമേരിക്കയിലെ വൈ.എം.സി.എ (YMCA) ഇന്റർനാഷണൽ ട്രെയിനിംഗ് കോളേജിൽ കായിക അധ്യാപകനായി നിയമനം ലഭിച്ചു. അതിശൈത്യം അനുഭവപ്പെട്ടിരുന്ന മസാച്ചുസെറ്റ്സിലെ സ്പ്രിങ്ഫീൽഡിലായിരുന്നു കോളേജ് സ്ഥിതി ചെയ്തിരുന്നത്. ശൈത്യകാലത്ത് ഫുട്ബോൾ, റഗ്ബി തുടങ്ങിയ ഔട്ട്ഡോർ കളികൾ സാധ്യമായിരുന്നില്ല. പൊതുവെ അലസരും തെമ്മാടികളുമായിരുന്ന കുട്ടികളെ ഇക്കാലത്ത് സജീവമാക്കുവാൻ ഒരു കളിയുടെ ആവശ്യകത ഉയർന്നുവന്നു. അങ്ങനെയാണ് ഒരു ഇൻഡോർ ഗെയിം രൂപീകരിക്കാനുള്ള ദൗത്യം നൈസ്മിത്തിൽ എത്തിച്ചേർന്നത്. കേവലം 14 ദിവസങ്ങൾ കൊണ്ട് അദ്ദേഹം പുതിയൊരു കായിക വിനോദം രൂപകൽപ്പന ചെയ്തു. അതാണ് ഇന്നത്തെ ബാസ്കറ്റ് ബോൾ. ജെയിംസ് നൈസ്മിത്ത് ചിട്ടപ്പെടുത്തിയ പതിമൂന്ന് നിയമങ്ങളോടെ 1891 ൽ ബാസ്കറ്റ് ബോൾ കളി നിലവിൽ വന്നു. പിന്നീട് നിയമങ്ങളിൽ പല ഭേദഗതികൾ ഉണ്ടായെങ്കിലും നൈസ്മിത്തിന്റെ അടിസ്ഥാന നിയമങ്ങളിൽ ഊന്നിയാണ് ഈ കളിയുടെ വളർച്ച. പഠനത്തിലും മികവ് പുലർത്തിയിരുന്ന നൈസ്മിത്ത് 1898-ൽ മെഡിക്കൽ ബിരുദവും നേടി. റഗ്ബി കളിക്കാരുടെ ഹെൽമറ്റ് ആദ്യമായി ഡിസൈൻ ചെയ്തതും ഇദ്ദേഹമാണ്.  


ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തോടെ ബാസ്കറ്റ് ബോൾ അമേരിക്കയിലും പിന്നീട് ലോകമെമ്പാടും ഒരു ജനപ്രിയ ഗെയിമായി വളർന്നു. നൈസ്മിത്തിന്റെ അഭിപ്രായത്തിൽ "കരുത്തുള്ള ശരീരവും ശാന്തമായ മനസ്സും ഉദാത്തമായ മാതൃകയുമാണ് കായിക വിനോദങ്ങളുടെ ലക്ഷ്യം". ബാസ്കറ്റ് ബോൾ കളിക്ക് 'നൈസ്മിത്ത് ബോൾ' എന്ന് പേരിടണം എന്ന വാദഗതികൾ പോലും അക്കാലത്തുണ്ടായി. എന്നാൽ അദ്ദേഹം ഈ ആവശ്യത്തെ സ്നേഹപൂർവ്വം നിരസിക്കുകയാണുണ്ടായത്. 1936 ലെ ബെർലിൻ ഒളിമ്പിക്സിലാണ് ഈ ഇനം ആദ്യമായി ഉൾപ്പെടുത്തുന്നത്.  അന്നത്തെ വിജയികൾക്ക് മെഡൽ സമ്മാനിച്ചതും ബാസ്കറ്റ് ബോളിന്റെ പിതാവെന്ന് അറിയപ്പെടുന്ന ജെയിംസ് നൈസ്മിത്ത് ആയിരുന്നു.  യു.എസ്, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങൾക്കായിരുന്നു യഥാക്രമം സ്വർണ്ണം, വെള്ളി, വെങ്കല മെഡലുകൾ ലഭിച്ചത്.  1939 നവംബർ 28 ന് അന്തരിച്ച നൈസ്മിത്ത് നിരവധി ബഹുമതികളും പുരസ്കാരങ്ങളും നേടി. നിരവധി ലോകോത്തര ബാസ്കറ്റ്ബോൾ സ്റ്റേഡിയങ്ങൾ അറിയപ്പെടുന്നത് അദ്ദേഹത്തിന്റെ പേരിലാണ്. അദ്ദേഹം പറയുന്നു: ചുരുക്കത്തിൽ, ആകസ്മികമായി ഉണ്ടായ ഒരു കളിയല്ല ബാസ്കറ്റ് ബോൾ. ഒരു ആവശ്യത്തിന് പരിഹാരമായ കണ്ടെത്തലായിരുന്നു.  


ബാസ്കറ്റ്ബോളിന്റെ സുവിശേഷ ബന്ധം


നൈസ്മിത്തിന്റെ വ്യക്തിപരമായ വിശ്വാസം


ഡോ. നൈസ്മിത്ത് ഒരു സമർപ്പിത ക്രിസ്ത്യാനിയായിരുന്നതിനാൽ തന്നെ ജീവിതത്തിലെ മുഴുവൻ സമയവും അദ്ദേഹത്തിന്റെ ശരീരം, മനസ്സ്, ആത്മാവ് എന്നിവ വിശ്വാസ ജീവിതത്തിന് സമർപ്പിച്ചു. ക്രിസ്തീയ മൂല്യങ്ങൾക്ക് അനുസൃതമായ ധാർമ്മിക സ്വഭാവം, ടീം വർക്ക്, അച്ചടക്കം എന്നിവ വളർത്തിയെടുക്കുന്നതിന് യുവാക്കളെ അദ്ദേഹം പരിശീലിപ്പിച്ചു.


വൈ.എം.സി.എ (YMCA) യുടെ ദൗത്യം


അക്കാലത്ത്, വൈ.എം.സി.എ യുടെ ലക്ഷ്യം കേവലം വിനോദം മാത്രമല്ല, സുവിശേഷവൽക്കരണവുമായിരുന്നു. യുവാക്കളിൽ സുവിശേഷം എത്തിക്കുന്നതിനും ദൈവീക ജീവിതം നയിക്കാൻ അവരെ പരിശീലിപ്പിക്കുന്നതിനുമുള്ള ഒരു കവാടമായി സ്പോർട്സ് ഉൾപ്പെടെയുള്ള ശാരീരിക പ്രവർത്തനങ്ങൾ അക്കാലത്ത് കണക്കാക്കപ്പെട്ടിരുന്നു.


ഉദ്ദേശ്യപൂർവ്വമായ രൂപകൽപ്പന


അക്രമത്തെ നിരുത്സാഹപ്പെടുത്തുന്നതിനും സഹകരണം പ്രോത്സാഹിപ്പിക്കുന്നതിനുമാണ് ബാസ്കറ്റ്ബോൾ അദ്ദേഹം രൂപകൽപ്പന ചെയ്തത്. റഗ്ബി അല്ലെങ്കിൽ ഫുട്ബോൾ പോലുള്ള പരുക്കൻ കായിക വിനോദങ്ങൾ ഒഴിവാക്കിക്കൊണ്ട് നൈസ്മിത്ത് ഒരു സോക്കർ ബോളും പീച്ച് ബാസ്കറ്റുകളും തിരഞ്ഞെടുത്തു. ക്രിസ്തീയ ലോകവീക്ഷണത്തിൽ വേരൂന്നിയ മൂല്യങ്ങളായ സ്പോർട്സ്മാൻഷിപ്പും ആത്മനിയന്ത്രണവും വളർത്തിയെടുക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം.


നേരിട്ടുള്ള സുവിശേഷം പങ്കിടൽ


പ്രത്യേകിച്ച് നഗര സാഹചര്യങ്ങളിലും അന്താരാഷ്ട്ര തലത്തിലും മിഷണറി പ്രവർത്തനത്തിനുള്ള ഒരു ഉപകരണമായി ബാസ്കറ്റ്ബോൾ പെട്ടെന്ന് മാറി. വൈ.എം.സി.എ ഇത് ജനക്കൂട്ടത്തെ ആകർഷിക്കാനും സുവിശേഷം പങ്കിടാനും ഉപയോഗിച്ചു, പ്രത്യേകിച്ച് പരമ്പരാഗത സഭ സാഹചര്യങ്ങളിലൂടെ എത്തിച്ചേരാൻ ബുദ്ധിമുട്ടുള്ള യുവാക്കൾക്കിടയിൽ. സുവിശേഷം പങ്കിടാൻ മാത്രമായി ബാസ്കറ്റ്ബോൾ സൃഷ്ടിക്കപ്പെട്ടതല്ല, മറിച്ച് സുവിശേഷം പ്രചരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട മൂല്യങ്ങളുള്ള ഒരു ക്രിസ്ത്യൻ മിഷൻ പശ്ചാത്തലത്തിൽ നിന്നാണ് അത് തീർച്ചയായും ജനിച്ചത്. കാലക്രമേണ ലോകമെമ്പാടുമുള്ള സുവിശേഷവൽക്കരണത്തിനുള്ള ശക്തമായ ഉപകരണമായി അത് മാറുകയും ചെയ്തു'


ലേഖകൻ കുവൈറ്റിൽ നഴ്സായി ജോലി ചെയ്യുന്നു.


ജോബി ബേബി കുവൈറ്റ്

 
 
 

Comments


Kairos USA

Kairos INDIA

Kairos UK

     Kairos International Inc. 700 Louisiana St, Houston, TX. USA 77002

     Kairos Media, No 8/174, Navodaya Studio Complex, Thengod P.O, Cochin, Kerala, India. Pin: 682030

     Kairos Media, St Charles Street, Sheffield S9 3WU, United Kingdom

COPYRIGHT © 2021 KAIROS MEDIA, JESUS YOUTH

bottom of page