ബുദ്ധൻ ചിരിക്കുന്നു | KAIROS MALAYALAM | JUNE 2026
- Kairos Media

- May 31
- 2 min read

എന്താണ് ഈ 'ചിരി'യെന്നു പറയുന്നത്? ഹൃദയത്തിലൊരു അതിശാന്ത തടാകമുണ്ടായിരിക്കെ അതിലേയ്ക്ക് വീഴുന്നൊരു സന്തോഷ ഉദ്ദീപനത്തിന്റെ അനുരണനങ്ങൾ മുഖത്തേയ്ക്ക് പടരുന്നതാണ് ചിരി. അതൊരു പൂമൊട്ടു പോലെ സൗമ്യമാകുമ്പോൾ പുഞ്ചിരിയാകുന്നു, സ്വതേ എതിരെ വരുന്നൊരാൾ നമ്മിൽ മന്ദഹാസമായ് വിരിയുന്നു.
"ബുദ്ധൻ ചിരിക്കുന്നു നിർത്താതെ രാപ്പകൽ
ഉണ്ണാതുറങ്ങാതെ ഉരിയാട്ടമില്ലാതെ
. പ്രാണനിൽ തേൾമുന കൊണ്ടു പിടയുമ്പോഴും
ശോണഹസ്തങ്ങളാൽ ഉള്ളുടക്കുമ്പോഴും
ബുദ്ധൻ ചിരിക്കുന്നു നിർത്താതെ രാപ്പകൽ"
രാമചന്ദ്രൻ കട്ടപ്പനയുടെ 'അപരാഹ്നം' എന്ന പുസ്തകത്തിലെ 'ബുദ്ധൻ ചിരിക്കുന്നു' എന്ന കവിതയിലെ വരികളാണത്.
നിത്യം ചിരിക്കുന്ന 'ലാഫിംഗ് ബുദ്ധ' എന്ന സരളസങ്കല്പം സമ്മാനിച്ച് കടന്നുപോയ 'ബുധായി' എന്ന ആ ആചാര്യനെ നമുക്ക് അത്ര പരിചയം ഉണ്ടാവാൻ തരമില്ല. പത്താംനൂറ്റാണ്ടിന്റെ ഇടവഴിയിൽ ചൈനയിൽ ആയിരുന്നു ആചാര്യൻ ചിരിച്ചു സഞ്ചരിച്ചത്. 'ബുധായി' എന്നാൽ തുണിസഞ്ചി എന്നാണ് അർത്ഥം. സഞ്ചി നിറയെ സമ്മാനങ്ങളും ഭക്ഷണവുമായി അയാൾ കുട്ടികളുടെ മദ്ധ്യേ ചിരിച്ചും ചിരിപ്പിച്ചും നടന്നു. നമ്മുടെ സാന്റാക്ലോസിന്റെ ഒരു വകഭേദം.
പലവക ആത്മോപദേശങ്ങളേക്കാളും 'ചിരി' നിങ്ങളെ പഠിപ്പിക്കുന്നു എന്ന് പറഞ്ഞ് ബുധായി നിർത്താതെ ചിരിച്ചു. ഒരിക്കൽ ഗ്രാമവാസികൾ പിടിച്ചു നിർത്തി ചോദിച്ചു. "എന്തിനാണിങ്ങനെ ചിരിച്ചുകൊണ്ടേ ഇരിക്കുന്നത്?" ബുധായി മെല്ലെ തന്റെ ചാക്കുസഞ്ചി താഴെയിട്ടു. ചാക്കു മേലങ്കി അഴിച്ചു നിലത്തിട്ടിട്ട് കുടവയറിൽ കൊട്ടി പുഞ്ചിരിച്ചു നിന്നു. ഗ്രാമവാസികൾ പറഞ്ഞു "ഒന്നും തന്നെ മനസ്സിലായില്ല!" അതുകേട്ടു പൊട്ടിച്ചിരിച്ച് ബുധായി വീണ്ടും ചാക്കെടുത്ത് ചിരിച്ചുചിരിച്ചു നടന്നു പോയി.
സെൻ ആശയം പറയുന്നതു പോലെ 'ഒന്നും സ്വന്തമാക്കാതെ എല്ലാം സ്വന്തമാക്കിയവൻ'. സ്വന്തമായി ഒരു തുണിസഞ്ചി മാത്രമുണ്ടായിരുന്ന ഒരാൾ പിന്നീട് ഐശ്വര്യത്തിന്റെ സിംബലായി മാറിയെന്ന വിരോധാഭാസം എങ്ങനെ സംഭവിച്ചതാവും? 'സമ്പത്തിൽ ആശ്രയിക്കരുത്' എന്ന ആശയത്തെ കുറിക്കാൻ ബുധായിയെ പ്രതിഷ്ഠിച്ചു. പക്ഷെ അതിന്റെ ആവശ്യം സമ്പന്നർക്ക് മാത്രമായിരുന്നു. ഒട്ടും വൈകാതെ ആശയം തലതിരിഞ്ഞു പോയി. 'ലാഫിംഗ് ബുദ്ധ' എന്ന പേരിലാണ് സമാധാനത്തിന്റെ ബോംബ് പരീക്ഷണം നമ്മൾ നടത്തിയതെന്നത് മറ്റൊരു വിരോധാഭാസമാണ്. അന്ന് പ്രധാനമന്ത്രി ആയിരുന്ന ഇന്ദിരാ ഗാന്ധിക്ക് ഒരു ഫോൺ വന്നു. "ബുദ്ധൻ ചിരിച്ചു" എന്നു മാത്രമായിരുന്നു ആ മെസ്സേജ്.
ദൈവത്തിന്റെ വികൃതി പോലെ തന്നെ ദൈവത്തിന്റെ ചിരിയും ചിന്തനീയമാണെന്ന് തോന്നുന്നു. ഇസഹാക്കിനെ (Yitzhak) വയോധികയായ സാറായ്ക്ക് ദൈവം സമ്മാനിക്കുമ്പോൾ സാറയാണ് 'ഐസക്ക്' എന്ന പേര് നൽകുന്നത്. 'അവന്റെ ചിരിയുടെ കാരണം' എന്നാണ് അർത്ഥം. 'അസാധ്യ'മെന്ന മനുഷ്യ സാധ്യതക്കപ്പുറമുണ്ടാകുന്ന എല്ലാം തന്നെ ആ ചിരിയുടെ കാരണമാകുന്നു.
ദൈവപുത്രൻ ചിരിച്ചിട്ടുണ്ടാവുമോ
Elton Trueblood പോലുള്ള ചില തത്ത്വചിന്തകർ 'The Humor of Christ' എന്ന തലക്കെട്ടിൽ എഴുതിയിട്ടുണ്ട്. മനുഷ്യഹർഷത്തിനും ആഴമുള്ള ആത്മീയതക്കും വിരോധങ്ങളില്ല എന്ന് അടിവരയിട്ടു കാണിക്കുന്നുണ്ട്. ഈശോ ചിരിച്ചിട്ടില്ലെങ്കിൽ, കുട്ടികൾ അവിടുത്തെ ഇങ്ങനെ സ്നേഹിക്കുമായിരുന്നില്ല എന്നത് ഒരു സാമാന്യബുദ്ധിയാണ്.
ഇരുപതാം നൂറ്റാണ്ടിനു ശേഷം Warner Sallman പോലുള്ള വരക്കാർ ഈശോയെ വളരെ മനുഷ്യസൗഹൃദവും സ്നേഹപൂർണ്ണവുമായ രൂപത്തിൽ വരച്ചു. ചിരിച്ചില്ലെങ്കിലും ശാന്തിയുള്ള, സന്തോഷമുള്ള അദ്ദേഹത്തിന്റെ 'Head of Christ' ലോകത്തിലെ ഏറ്റവും പ്രിന്റ് ചെയ്യപ്പെട്ട പടങ്ങളിലൊന്നായി മാറി. ഈ കാണുന്ന പടങ്ങളിൽ ഒക്കെ ചേട്ടായി ചിരിച്ചു തുടങ്ങിയിട്ട് കുറച്ചു കാലമേ ആയിട്ടുള്ളൂ എന്ന് സാരം. സെൽഫി ഒക്കെ വന്നതിന്റെ സൈഡ് ഇഫക്ട് എന്നൊരു തമാശയൊക്കെ നമ്മൾക്കും തോന്നാവുന്നതാണ്.
നമ്മുടെ ചിരികളൊക്കെ ഒരു നുണകളാണെന്ന് തോന്നുന്നു. അല്ലെങ്കിൽ രോഗബാധിതനായി ഹോസ്പിറ്റലിൽ കഴിയുന്ന ഒരു കൂട്ടുകാരനെ കണ്ടിറങ്ങുന്ന സുഹൃത്തുക്കൾ ചിരിച്ചു കൊണ്ട് എങ്ങനെയാണ് സെൽഫി എടുക്കുന്നത്? നടനവൈഭവം മാത്രമാണത്. ചിരിക്കാനുള്ള എന്ത് ഹർഷോന്മാദം ചുറ്റും നിലനിർത്തിയിട്ടാണ് നമ്മൾ കൂടെ നിൽക്കുന്നവരോട് 'ചീസ്' എന്ന് പറയുന്നത്?
നഷ്ടപ്പെട്ട ആന്തരികഹാസം തിരികെ നൽകപ്പെടുവോളം, നുണ പറയാൻ പാടില്ലാത്തതുപോലെ നുണച്ചിരി ചിരിക്കാനും പാടില്ലത്രേ! ആരോ പതം പറയുന്നുണ്ട് "നുണച്ചിരിയല്ലേ കൊലച്ചിരിയൊന്നുമല്ലല്ലോ?"
പള്ളിസമൂഹം 'ചീസ്' എന്നതിനെ 'ജീസ് / ജീസസ്' ഒക്കെയാക്കി മാറ്റിയിട്ടുണ്ട്. ഞങ്ങളുടെ ചിരികളെ തിരികെ തരണമേ എന്ന പ്രാർത്ഥനയാവും.
ജിത്ത് ജോർജ്



Comments