top of page
Search

ഫ്രാൻസിസിനെ അനുകരിക്കാനോ? അതൊരു ഗുരുതര പ്രശ്നമായിത്തീരാം | KAIROSE MALAYALAM | MARCH 2026

  • Writer: Kairos Media
    Kairos Media
  • May 30
  • 3 min read

.

…………………………………………………..

ഇത് ഫ്രാൻസിസ് ജൂബിലിവത്സരം, ജീസസ് യൂത്തിന്റെ പ്രചോദന വേരുകളിലേക്ക് തിരിയാൻ ഇതാ വീണ്ടും ഒരവസരം.


പീറ്റർ എന്റെ നല്ലൊരു സുഹൃത്താണ്. പെട്ടെന്നൊരു വിളി, "ഞാനൊന്നു വരട്ടെ? കുറച്ചു കാര്യങ്ങൾ സംസാരിക്കാനുണ്ട്." പക്ഷേ, വരുന്നതിനു മുൻപേ ഞാൻ കാര്യം മണത്തറിഞ്ഞു, ഫ്രാൻസിസ് ആണ് പ്രശ്നം. അയാൾ അടുത്തിടെ വിശുദ്ധന്റെ ജീവിതം പഠിക്കുന്നു എന്ന് അറിഞ്ഞിരുന്നു. അത് പ്രശ്നം ഉണ്ടാക്കുമല്ലോ! പീറ്റർ സംസാരം തുടങ്ങിയപ്പോൾ എന്റെ ഊഹം തെറ്റിയില്ല എന്ന് മനസ്സിലായി: "ഫ്രാൻസിസ് പിടിച്ചു കുലുക്കി. എന്റെ ഹൃദയം തേടുന്നത് എന്താണെന്ന് എനിക്ക് ഇപ്പോഴാണ് മനസ്സിലായത്. ഓ, എന്തൊരു ജീവിതം! എനിക്ക് എല്ലാം വിട്ട് പുതിയൊരു വഴിതേടണം. അത് മാത്രമേ എനിക്ക് ജീവിത നിറവ് നൽകൂ. അത് ഏറെ അപകടകര- മാണെന്നെനിക്കറിയാം. പക്ഷേ എന്റെ ഉള്ളു പറയുന്നു ഞാൻ ആ വഴി പോകണമെന്ന്.


ഫ്രാൻസിസിനെ കണ്ടുമുട്ടുമ്പോൾ ഉണ്ടാകുന്ന ആ നടുക്കം മനസ്സിലാക്കാൻ എനിക്ക് ഒരു പ്രയാസവും ഉണ്ടായില്ല. ഞാനും അതനുഭവിച്ചിട്ടുണ്ട്. പക്ഷേ ഇപ്പോഴും അയാളെ ഒന്ന് നിലത്തിറക്കി യാഥാർത്ഥ്യത്തെ നേരിടാൻ എങ്ങനെ സഹായിക്കും? റിയൽ ഫ്രാൻസിസ് പിടിച്ചുലുക്കിയ അനേകരെ ഞാൻ ഓർത്തു: ഡാന്റെ, ചെസ്റ്റർട്ടൺ, കസാൻദ്‌സാക്കിസ്, ക്ലാര, തോമസ് മെർട്ടൺ, ഡൊറോത്തി ഡേ. ലിസ്റ്റ് അങ്ങനെ നീളും. യഥാർത്ഥ ഫ്രാൻസിസ് മിക്കവാറും പേരെ ഒന്നു പിടിച്ചുലുക്കും. 1226-ൽ അദ്ദേഹം മരിച്ചു, പക്ഷേ കഴിഞ്ഞ 800 വർഷമായി അദ്ദേഹം ആളുകളെ ഇളക്കിമറിച്ചു കൊണ്ടിരിക്കുകയാണ് - ഇപ്പോഴും അതങ്ങനെ തന്നെ.


പിന്നെ ഒന്നുണ്ട്. സാധാരണ ഭക്തിയുടെ വഴിയിൽ ഫ്രാൻസിസിനെ സമീപിച്ചാൽ വലിയ പ്രശ്നമില്ല, ചിത്രം വണങ്ങലോ, രൂപവുമായി പ്രദക്ഷിണമോ, നൊവേനയോ ഒക്കെ വലിയ പ്രശ്നമല്ല. എന്നാൽ വ്യക്തിപരമായി ഫ്രാൻസിസിന്റെ ചൈതന്യം ഗ്രഹിക്കാൻ ഇടയായാൽ ഒരാൾ ഒന്നുലയും. പുണ്യവാന്റെ ജീവിത കാലത്ത് അനേക മാതാപിതാക്കളും സഭയിലെ പല പ്രമുഖരും ഈ "വികല മാനസൻ" യുവാക്കളിൽ ചെലുത്തുന്ന സ്വാധീനം തെല്ലൊന്നുമല്ല ഭയന്നിരുന്നത്. അവരുടെ ചിന്തയിൽ ഫ്രാൻസിസ് ആളുകളെ ഒരുതരം വിഭ്രാന്തിയിലേക്ക് കൊണ്ടുപോയി.


എന്തുകൊണ്ടാണ് പലരും ഫ്രാൻസിസിനെ ഇത്ര അപകടകാരിയായി കണ്ടത്?


  1. പണം, സമയം, ഭൗതിക സുരക്ഷ, ഇവയല്ലേ ജീവിതത്തിൽ ഏറ്റവും പ്രധാനം? പക്ഷേ ഇക്കാര്യങ്ങളിൽ ഒരു ഉത്തരവാദിത്വവുമില്ലാതെ ഇയാൾ ജീവിച്ചു.


  2. സാധാരണ അധികാര ശ്രേണികൾക്ക്, മാതാപിതാക്കളടക്കം, ഇയാൾ ഒട്ടും ചെവികൊടുത്തില്ല, പകരം പച്ചയായ ഉൾപ്രേരണകളെ പക്വമായ ഒരു മാർഗ്ഗനിർദ്ദേശത്തിനും കീഴ்ப்பെടാതെ പിൻചെന്നു.


  3. നല്ല വിദ്യാഭ്യാസമോ വേണ്ടപോലൊരു ആത്മീയ ഉപദേഷ്ടാവോ പക്വമായ ആത്മീയ രൂപീകരണമോ ഇയാൾക്ക് ഉണ്ടായില്ല.


  4. കുടുംബജീവിതത്തിന് ഇയാളെ പറ്റില്ലായിരുന്നു, ആശ്രമത്തിലോ, ഇടവകയിലോ, നിലവിലെ എന്തെങ്കിലും സംവിധാനത്തിലോ ഒതുങ്ങാൻ ഫ്രാൻസിസിന് കഴിയുമായിരുന്നില്ല. ചുറ്റുമുള്ള ഏതൊരു ആചാരങ്ങളോടും രീതികളോടും അയാൾ പുറം തിരിഞ്ഞു.


  5. ഒരു വലിയ സമൂഹത്തെ അദ്ദേഹം ചുറ്റും കൂട്ടി. പക്ഷേ അവരെയും ഏറെ വിചിത്രമായ വഴികളിൽ നയിച്ചു, സുന്ദരവും ആനന്ദകരവുമായി അവർക്ക് തോന്നിയ വ്യത്യസ്ത വഴികളിലൂടെ.


  6. ഭാവിസംബന്ധമായി എന്തെങ്കിലും ഒരുക്കാൻ അയാൾ വിസമ്മതിച്ചു. ഭാവി തലമുറകളെ മനസ്സിൽ കരുതിപ്പോലും ഒന്നും ചെയ്തില്ല.


  7. പ്രായോഗികതയും സാമൂഹിക മാനദണ്ഡങ്ങളും കാറ്റിൽ പറത്തി സൗന്ദര്യവും, സ്നേഹവും, ആനന്ദവും അതിന്റെ ശുദ്ധരൂപത്തിൽ ജീവിക്കുന്നതിൽ മാത്രം ശ്രദ്ധയൂന്നി ഏറ്റവും അപ്രായോഗികമായി ഫ്രാൻസിസ് മുന്നേറി.


ഇതിന്റെയെല്ലാം ശിഷ്ടഫലമോ? ഉടുപ്പിലും, നടപ്പിലും, ഭക്ഷണ ക്രമത്തിലും, ജീവിത ചര്യകളിലും, എന്തിനേറെ, പ്രാർത്ഥനയിൽ പോലും ഏവർക്കും പരിചിതമായ ഒരു ക്രമവും പിൻചെല്ലാതെ, തീർത്തും കുത്തഴിഞ്ഞ അതിവികലമായ രീതികൾ അവലംബിച്ച് ഫ്രാൻസിസ് ഏവരെയും ഞെട്ടിച്ചു. അതിലും നടുക്കം ഉണ്ടാക്കിയ ഒരു കാര്യം, ഈ രീതിയിലും ഒരാൾക്ക് ജീവിക്കാനാകും എന്ന പലരുടെയും തലതിരിഞ്ഞ കണ്ടെത്തലായിരുന്നു. അനേകർ എല്ലാം ഉപേക്ഷിച്ച് അദ്ദേഹത്തെ പിന്തുടർന്നു. തന്റെ പിതാവ് ബെർണാർഡോൺ അപകടം ആദ്യമേ മണത്തറിഞ്ഞു, ശിക്ഷണം നൽകാനും ന്യായവാദം ചെയ്യാനും ഒക്കെ ശ്രമിച്ചു, ഒടുവിൽ വീട്ടിൽ നിന്ന് പുറത്താക്കി. ചിലർ ഫ്രാൻസിസിനെ പരിഹസിച്ചു; കുറെ പേർ നേർവഴി ഉപദേശിക്കാൻ ശ്രമിച്ചു. പക്ഷേ ആർക്കും അദ്ദേഹത്തെ ബോധ്യപ്പെടുത്താനോ വഴി തിരിക്കാനോ സാധിച്ചില്ല.


പിന്നീടായിരുന്നു വലിയ ട്വിസ്റ്റ്, ഫ്രാൻസിസ് മനസ്സിൽ കണ്ട ജീവിതം നയിക്കാൻ കഴിയില്ലെന്ന് അദ്ദേഹത്തിന്റെ തന്നെ അനുയായികൾ പോലും മനസ്സിലാക്കി. പിന്തുടരുന്നുവെന്ന് അവർ അവകാശപ്പെട്ടിരുന്നെങ്കിലും, ഫ്രാൻസിസിന്റെ റാഡിക്കൽ വഴികൾ അവർ മിക്കവാറും നിരസിച്ചു. ഇതൊന്നും ഫ്രാൻസിസിനെ പിന്തിരിപ്പിച്ചില്ല. ഏറെ ശാന്തതയോടെ സ്വന്തം രീതികളിൽ അയാൾ ജീവിത വഴിയറ്റം വരെ പോയി, ഒരു വിധത്തിൽ ഏവരെയും ഏറെ അസ്വസ്ഥതപ്പെടുത്തിക്കൊണ്ട് തന്നെ.


ഇതെല്ലാം ഞാൻ പീറ്ററിനോട് വിശദീകരിച്ചില്ല. എപ്പോഴും എതിർപ്പ്, പ്രണയ വഴിയിൽ അന്ധതയെ രൂക്ഷമാക്കുമല്ലോ. പകരം, ഞങ്ങൾ ഏറെ സംസാരിച്ചു. ഒരു കാര്യം ഞാനോർത്തു, ഫ്രാൻസിസിൽ നിന്ന് ആഴത്തിൽ പ്രചോദനം ഉൾക്കൊണ്ട നിരവധി ആളുകളെ ഞാൻ കണ്ടിട്ടുണ്ട്. ചിലരെങ്കിലും സ്വന്തം ജീവിത മാറ്റത്തിനു കൃത്യ നടപടികളും സ്വീകരിക്കും, കുറച്ചുകാലം പിന്നിടുമ്പോൾ അതൊരു മുൻകാല ഓർമ്മയാകും. പിന്നെ സാധാരണ ഭക്തിയിലേക്ക്, വിശുദ്ധനോട് പ്രാർത്ഥിച്ച് അവിടുത്തെ പുകൾ പാടി, ആദ്യത്തെ റാഡിക്കൽ ഷോക്ക് മറന്ന് ജീവിതം ചേക്കേറുകയും ചെയ്യും. പിന്നെ വിശുദ്ധനോട് പ്രാർത്ഥിക്കും. ലളിതമായി പറഞ്ഞാൽ ജീവിതം പഴയ പോലെ തുടരും.


ഞാൻ പീറ്ററിന് ഒരു പുതു ബോധ്യം പകരാൻ ശ്രമിച്ചു. ഫ്രാൻസിസിനെ അനുകരിക്കാൻ നിങ്ങൾക്കാകില്ല. ആ ജീവിതം അദ്ദേഹത്തിന്റെ ജീവിതമാണ്; നിങ്ങളുടേത് നിങ്ങളുടെ ജീവിതവും. പക്ഷേ ഒന്ന് നിങ്ങൾക്ക് സാധിക്കും, നിങ്ങൾ എവിടെയാണോ അവിടെ, സ്വന്തം സമയം, പണം, കഴിവുകൾ എന്നിവ ഉപയോഗിച്ച് ഫ്രാൻസിസിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, നേരിടുന്ന വെല്ലുവിളികളെ ഒരു റാഡിക്കൽ സമീപനത്തോടെ അഭിമുഖീകരിക്കാനാകും. ഫ്രാൻസിസിനെ അനുകരിക്കരുത്; അദ്ദേഹത്തിന്റെ വെല്ലുവിളിയിൽ നിന്ന് വലിയ പ്രചോദനം ഉൾക്കൊണ്ട് ആഴത്തിൽ ജീവിക്കുക.


എങ്കിലും ആ ചോദ്യം അവശേഷിക്കുന്നു: ഫ്രാൻസിസ് ഉയർത്തുന്ന യഥാർത്ഥ വെല്ലുവിളി എന്താണ്? അദ്ദേഹം എങ്ങനെ ഇപ്രകാരം അപകടകരമാംവിധം വശീകരിക്കുന്നവനും പ്രചോദിപ്പിക്കുന്നവനും ഇടവരുത്തുന്നു?



ഫ്രാൻസിസ് ജീസസ് യൂത്ത് മുന്നേറ്റത്തിന്റെ പുണ്യദർശകനാണല്ലോ. പലരും അശ്രദ്ധമായി അവഗണിക്കുന്ന ഒരു വസ്തുതയാണിത്. മറ്റു ചിലർക്ക് ഇത് ഗ്രഹിക്കാൻ പ്രയാസമുള്ള ഒരു കാര്യവും. പലർക്കും ഫ്രാൻസിസ് ഒരു പിടികിട്ടാപ്പുള്ളിയാണ്, തെറ്റിദ്ധരിക്കാൻ ഏറെ എളുപ്പവും. അടുത്തറിഞ്ഞ് ജീവിതത്തിൽ പകർത്താൻ പ്രയാസമുള്ള ഒരു മഹാത്മാവാണ് ഫ്രാൻസിസ്. എന്റെ ഒരാഗ്രഹം ഫ്രാൻസിസിന്റെ ഈ പുണ്യവത്സരം ചിലർക്കെങ്കിലും വിശുദ്ധനെ ഒന്നടുത്തറിയാനും കുറച്ചെങ്കിലും ജീവിതം മാറ്റിമറിക്കാനും വെല്ലുവിളി ആകട്ടെ എന്നാണ്.


അപ്പോൾ ഒരു ചോദ്യം, എവിടെയൊക്കെയാണ് ഫ്രാൻസിസും ജീസസ് യൂത്തും പരസ്പരം ആശ്ളേഷിക്കുന്നത്?


  • അദ്ദേഹത്തിന്റെ റൊമാന്റിക് സമീപനം: സ്നേഹം, ആനന്ദം, സൗന്ദര്യം ഇവയിലൊക്കെയാണ് നമ്മുടെയും ശ്രദ്ധ


  • ഒരു കണ്ടുമുട്ടലിൽ വേരൂന്നി, പിന്തിരിയാതെ, ക്രിസ്തു കേന്ദ്രീകൃതമായ ജീവിതം.


  • ക്രിസ്തു തന്നെ അടിസ്ഥാനവും റഫറൻസ് പോയിന്റും


  • തിരുവചനത്തോടുള്ള വിശ്വസ്തത


  • യുവത്വ പൂർണ്ണമായ ക്രിയാത്മകതയും നവനൂതന പ്രവചനാതീത ചൈതന്യവും


  • കൂട്ടായ്മയിലെ സന്തോഷവും ആത്മീയ ആഘോഷവും


  • സഭയോടുള്ള സ്നേഹവും സഭാധികാരികളോടുള്ള സന്തോഷ പ്രതികരണവും


  • സ്ഥലകാലാനുചിതവും സ്വതസിദ്ധവുമായ ദൗത്യ സന്നദ്ധത


  • ലാളിത്യം, എളിമ, സാധാരണത്വം എന്നിവയോട് ആഴമുള്ള പ്രതിബദ്ധത


    തന്റെ മുൻഗാമിയായ ഫ്രാൻസിസിന്റെ പ്രചോദനം ഉൾക്കൊണ്ട് ലിയോ പാപ്പ നമുക്ക് ഒരു വർഷം തന്നിരിക്കുന്നു, തന്നിലും എത്രയോ വലിയ റാഡിക്കൽ വെല്ലുവിളി ഉയർത്തി കടന്നുപോയ ആ നാഥനെ അനുകരിച്ചു വലിയ അസ്വസ്ഥത വിതച്ച ഈ പുണ്യാത്മാവിനെ അടുത്തറിയാനും ജീവിത മാറ്റം വരുത്താനും. പിന്നീട് പലരും ഫ്രാൻസിസിനെ രണ്ടാം ക്രിസ്തു എന്ന് വിളിച്ചതിൽ അതിശയിക്കാനില്ല.


ഒരാളെ അടുത്തറിയുക എന്നതാണ് സൗഹൃദത്തിലേക്കും ശിഷ്യത്വത്തിലേക്കുമുള്ള ആദ്യപടി. പിന്നെ വേണ്ടത് ഒരു തുടർ പ്രവർത്തനമാണ്, ആ അറിവ് സ്വന്തം ജീവിതത്തിലേക്ക് കൊണ്ടുവരാൻ - അതിന്റെ വെല്ലുവിളികൾ, സാധ്യതകൾ, തനത് യാഥാർത്ഥ്യങ്ങൾ എല്ലാം. ഇതിനു വേണ്ടതോ? വ്യക്തിപരമായ വിചിന്തനം, കുറെ മൽപ്പിടുത്തം, ദൈവവും മറ്റുള്ളവരും ഒക്കെയായി ആത്മാർത്ഥ സംഭാഷണം എന്നിവയാണ്. വെറും അറിവ് അപകടകരവും വഞ്ചനാപരവുമാണ്. മറിച്ച്, മുന്നേറാനും, പോരാടാനും, യഥാർത്ഥ മാറ്റം കൊണ്ടുവരാനുള്ള സന്നദ്ധതയാണ് ഫലം പുറപ്പെടുവിക്കുന്നത്.


ഏതായാലും, പീറ്റർ തന്റെ ജോലി ഉപേക്ഷിച്ചില്ല. ഇപ്പോഴും ഒരു ജീസസ് യൂത്തായി തുടരുന്നു. അടുത്തിടെ അയാൾ ലിലിയനെ വിവാഹം കഴിച്ചു. പിന്നെ, ഫ്രാൻസിസുമായുള്ള ആ വലിയ കണ്ടുമുട്ടൽ ഇനിയുള്ള കാലത്ത് ആ ചെറുപ്പക്കാരനെ എങ്ങനെ രൂപപ്പെടുത്തും എന്ന് കാണാൻ ഞാൻ താല്പര്യപൂർവ്വം കാത്തിരിക്കുന്നു.


എഡ്‌വേർഡ് എടേഴത്

 
 
 

Comments


Kairos USA

Kairos INDIA

Kairos UK

     Kairos International Inc. 700 Louisiana St, Houston, TX. USA 77002

     Kairos Media, No 8/174, Navodaya Studio Complex, Thengod P.O, Cochin, Kerala, India. Pin: 682030

     Kairos Media, St Charles Street, Sheffield S9 3WU, United Kingdom

COPYRIGHT © 2021 KAIROS MEDIA, JESUS YOUTH

bottom of page