top of page
Search

പുഴയിലൂടെയൊഴുകി പരുവപ്പെട്ടപോലെ | KAIROS MALAYALAM | APRIL 2026

  • Writer: Kairos Media
    Kairos Media
  • May 29
  • 3 min read

പേര് നിത്യ,. ഒമ്പതാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ഞാൻ ജീസസ് യൂത്ത് മുന്നേറ്റത്തെ പരിചയപ്പെടുന്നത്. ആ സമയത്താണ് ഈശോയുമായി ഒരു വ്യക്തിപരമായ ബന്ധം ഉണ്ടാകുന്നതും. ഒരു ഫുൾടൈമർ ചേട്ടനിലൂടെയാണ് ഫുൾടൈമർഷിപ്പ് എന്താണെന്നറിയുന്നത്. ചെയ്യുന്ന എല്ലാ കാര്യങ്ങളും പ്രാർത്ഥനയായി സമർപ്പിക്കുന്നതും ഒരു വർഷം വീട്ടിൽ നിന്നും മാറി നിൽക്കുന്നതും പരിചയമില്ലാത്ത ആളുകളിലേക്കും സാഹചര്യങ്ങളിലേക്കും ഇറങ്ങിച്ചെല്ലുന്നതും അവർക്ക് ഈശോയെ പങ്കിടുന്നതും ഏറെ സന്തോഷത്തോടെയാണ് ഞാൻ കേട്ടിരുന്നത്. ദൈവസ്നേഹത്തിലും ആനന്ദകരമായ ആത്മീയതയിലും ജീവിക്കുന്നതുമെല്ലാം ഞാൻ അങ്ങനെയാണ് അറിഞ്ഞത്. വളർന്ന കുടുംബ സാഹചര്യമനുസരിച്ച് എനിക്ക് വീട്ടിൽ നിന്നും ഒരു വർഷം മാറിനിൽക്കുക അസാധ്യമായ കാര്യമായിരുന്നു. ഞാൻ പങ്കെടുത്ത ആദ്യ പ്രോഗ്രാമിലൂടെയാണ് എന്റെ ജീവിതത്തിൽ മാതാപിതാക്കളെ വിട്ടു നിന്നത്. എന്റെ ഇരട്ട സഹോദരി കൂടെ ഉണ്ടായതുകൊണ്ട് മാത്രമാണ് ആ പ്രോഗ്രാമിൽ പങ്കെടുത്തതും. എനിക്കും ഒരു ഫുൾടൈമർ ആകണമെന്ന് ആഗ്രഹം അന്നുമുതൽ മനസ്സിലുണ്ടായിരുന്നു. പിന്നീട് അനുദിന ദിവ്യബലികളിലെ ഒരു നിയോഗമായി ഫുൾടൈമർഷിപ്പിനെ ഞാൻ സമർപ്പിച്ചു. എന്റെ ഇടവകയിൽ ജീസസ് യൂത്ത് കൂട്ടായ്മ ഉള്ളതുകൊണ്ട് എല്ലാ ഞായറാഴ്ചകളിലും കൂട്ടുകാരോടൊപ്പം അതിൽ പങ്കെടുക്കുമായിരുന്നു. അങ്ങനെ ഡിഗ്രി അവസാന വർഷമാകാറായപ്പോൾ ഈ ആഗ്രഹം വീട്ടിൽ സൂചിപ്പിച്ചു. എന്റെ അനുജത്തിയൊഴികെ മറ്റാരും അനുകൂലമായിരുന്നില്ല. പ്രതീക്ഷ കൈവിടാതെ മുന്നോട്ടു നീങ്ങി. ഡിഗ്രി അവസാന വർഷമായ, ക്രിസ്മസ് വെക്കേഷന് ജീസസ് യൂത്ത് കൾച്ചറൽ എക്സ്ചേഞ്ച് പ്രോഗ്രാമിലെ ഒരാളും ഒരു ഫുൾടൈമറും കൂടെ എന്റെ വീട്ടിൽ പ്രഭാത ഭക്ഷണത്തിനായെത്തി. ആ ചേട്ടനോട് എന്റെ ആഗ്രഹം പറഞ്ഞപ്പോൾ ചേട്ടൻ എനിക്കുവേണ്ടി വീട്ടിൽ സംസാരിച്ചു. വീട്ടിൽ അപ്പയ്ക്കും അമ്മയ്ക്കും ആ ചേട്ടന്റെ അനുഭവങ്ങൾ കേട്ടപ്പോൾ സന്തോഷമായെങ്കിലും ഒരു വർഷം വീട്ടിൽ നിന്ന് മാറിനിൽക്കുകയെന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു.


ഡിഗ്രി കഴിഞ്ഞ് ഫുൾടൈമർ ആകുന്നതിനു വേണ്ടിയുള്ള ഓറിയന്റേഷൻ പ്രോഗ്രാമിൽ പങ്കെടുക്കാൻ പോലും എനിക്ക് അനുവാദം കിട്ടിയില്ല. എങ്കിലും ചേട്ടന്റെ കൂട്ടുകാർ എനിക്കുവേണ്ടി അപ്പയെ കണ്ട് സംസാരിച്ച് കാര്യങ്ങൾ കൺവിൻസ് ചെയ്തു. മാസങ്ങൾക്ക് ശേഷം ഫുൾടൈമർ ആകാനുള്ള സ്ക്രീനിംഗ് ഒക്കെ കഴിഞ്ഞ് എന്നെയും അതിനായി തിരഞ്ഞെടുത്ത വിവരം വീട്ടിൽ പറഞ്ഞു. ഞങ്ങളുടെ വികാരിയച്ചൻ സമ്മതിച്ചാൽ ഇതിന് പോയാൽ മതി എന്നാണ് എന്റെ അപ്പാ പറഞ്ഞത്. വികാരിയച്ചൻ സമ്മതിക്കാൻ ഒരു സാധ്യതയുമില്ലായെന്ന് ഞങ്ങൾക്കെല്ലാവർക്കും അറിയാമായിരുന്നു. എങ്കിലും അച്ചന്റെ അനുവാദത്തിനായി ഞാൻ അച്ചനെ കണ്ടു. ഒരു വർഷത്തെ എന്റെ മിഷൻ എന്തായിരിക്കുമെന്നും സാഹചര്യം എങ്ങനെയാകുമെന്നും ഉറപ്പില്ലാത്തതിനാൽ അച്ചൻ അനുവാദം തന്നില്ല. പിന്നീടുള്ള ദിവസങ്ങളിൽ ഈ നിയോഗം ഞങ്ങൾ പ്രാർത്ഥനയിൽ വച്ചു. പിറ്റേ ആഴ്ചയിൽ എന്റെ ഇടവകയിലെ കൊച്ചച്ചൻ സ്ഥലം മാറി പോവുകയും പുതിയ കൊച്ചച്ചൻ വരികയും ചെയ്തു. പുതിയ അച്ചൻ തന്നെ പരിചയപ്പെടുത്തിയ സമയത്ത് താനൊരു ജീസസ് യൂത്ത് ഫുൾടൈമർ ആണെന്നും പറയുകയുണ്ടായി. അങ്ങനെ എന്തിനധികം പറയുന്നു അച്ചനുമായി സംസാരിക്കുകയും അച്ചൻ എനിക്കുവേണ്ടി വികാരിയച്ചന്റെ അടുത്ത് സംസാരിച്ച് അനുവാദം വാങ്ങി തരികയും ചെയ്തു. ശേഷം ഈ വൈദികരുടെയെല്ലാം അനുഗ്രഹം വാങ്ങി, കാര്യങ്ങളെല്ലാം വീട്ടിൽ പറഞ്ഞു. ദൈവമിത് ആഗ്രഹിക്കുന്നുവെന്ന് ബോധ്യപ്പെട്ട എന്റെ മാതാപിതാക്കൾ എനിക്ക് അനുവാദം തരികയും ചെയ്തു.


28th ബാച്ചിലെ ഫുൾടൈമറായിരുന്നു ഞാൻ. 30 ദിവസം നീണ്ടുനിന്ന ഞങ്ങളുടെ പരിശീലന പരിപാടിയിൽ 32 പേരാണ് ഉണ്ടായത്. അത്രയും ദിവസങ്ങൾ ഞങ്ങൾ ഒരുമിച്ചു ആയിരുന്നത് നല്ല ബന്ധം വളർത്തിയെടുക്കാനുള്ള ഒരടിത്തറയായിരുന്നു. ഒന്നിച്ചു പ്രാർത്ഥിച്ചും ക്ലാസുകളിൽ പങ്കെടുത്തും കളിച്ചും ചിരിച്ചും ഒക്കെ പരിശീലനം നടന്നു. ഒരാഴ്ച ഒരിടവകയിൽ ഔട്ട് റീച്ച് പരിപാടിയും ഉണ്ടായിരുന്നു.


ഞങ്ങളുടെ കമ്മിറ്റ്മെന്റ് സ്ഥലം പറയുന്ന സമയമായപ്പോൾ ഞങ്ങളിൽ പലർക്കും കേരളത്തിന് പുറത്തു പോകാനുള്ള ആഗ്രഹമായിരുന്നു. എന്തുതന്നെയാണെങ്കിലും കേരളത്തിൽ തന്നെയാണ് മിഷൻ സ്ഥലം കിട്ടുന്നതെങ്കിലും സന്തോഷത്തോടെ ദൈവഹിതം സ്വീകരിക്കാനുള്ള കൃപക്കായി ഞാനും പ്രാർത്ഥിച്ചു. അങ്ങനെ എനിക്കിഷ്ടമുള്ള സ്ഥലങ്ങളിൽ ഒന്നായ പാലക്കാട് ആയിരുന്നു എനിക്ക് കിട്ടിയ സ്ഥലം. സ്വന്തമായി ബസ് ടിക്കറ്റ് എടുത്ത് ദൂരെ യാത്ര പോകാത്ത, ട്രെയിനിൽ ഒറ്റയ്ക്ക് യാത്ര ചെയ്തിട്ടില്ലാത്ത ഞാൻ ഇതെല്ലാം ഈ നാളുകളിൽ പഠിച്ചു. എനിക്ക് എന്നെ കുറിച്ചുള്ള ആഗ്രഹങ്ങളെക്കാൾ, എന്റെ ദൈവത്തിന് എന്നെ കുറിച്ചുള്ള ആഗ്രഹം എത്ര വലുതായിരിക്കും എന്നെല്ലാം ഞാൻ മനസ്സിലാക്കിയ സമയമായിരുന്നു. ഞാൻ താമസിച്ചിരുന്നത് ഒരു പാലിയേറ്റീവ് കെയർ ഹോസ്പിറ്റലിൽ ആയിരുന്നു. അതുകൊണ്ടുതന്നെ എല്ലാ ദിവസവും അവിടെയുള്ള എല്ലാവരുമായും സംസാരിക്കാനും സമയം ചെലവിടാനും സാധിച്ചു. കൂടാതെ ഇടവകയിൽ കുട്ടികൾക്കായി ഏകദിന ക്യാമ്പുകൾ നടത്തിയും കോളേജ് ജീസസ് യൂത്തിൽ പ്രാർത്ഥന കൂട്ടായ്മകളിൽ പങ്കെടുത്തും സ്കൂളുകളിൽ കൂട്ടായ്മകൾ തുടങ്ങുവാനും അവരെ സഹായിക്കാനുമൊക്കെ കഴിഞ്ഞത് വലിയ അനുഗ്രഹങ്ങളായിരുന്നു. ഈ പ്രവർത്തനങ്ങളിലെല്ലാം ദൈവത്തിന്റെ ഇടപെടൽ വളരെ വ്യക്തമായി ഞാൻ കാണുകയും അനുഭവിക്കുകയും ചെയ്തിരുന്നു.


മിഷനിൽ ആയിരുന്നപ്പോൾ അനുകൂലവും പ്രതികൂലവുമായ ഒത്തിരി സാഹചര്യം നേരിടേണ്ടി വന്നിട്ടുണ്ട്. എന്റെ താല്പര്യപ്രകാരം വീട്ടിൽ നിന്ന് മാറി നിൽക്കുന്നതുകൊണ്ട് ഞാനെന്റെ ബുദ്ധിമുട്ടുകൾ ഒന്നും തന്നെ വീട്ടിൽ അറിയിച്ചിരുന്നില്ല. പകരം വ്യക്തിപരമായ പ്രാർത്ഥനയിലൂടെ ഈശോയോട് എല്ലാം പറയുമായിരുന്നു. ഫുൾടൈമർഷിപ്പിലൂടെയാണ് വ്യക്തിപരമായ പ്രാർത്ഥന എന്റെ ജീവിതത്തിന്റെ പ്രധാന ഭാഗമായി മാറിയത്. എന്റെ വ്യക്തിപരമായ ചെറിയ ചെറിയ ആഗ്രഹങ്ങൾ പോലും ഈശോ നടത്തിത്തരുന്ന അനുഭവങ്ങളാണ് എനിക്കുണ്ടായിരുന്നത്. മിഷനിൽ ആയിരിക്കുമ്പോൾ എനിക്കിഷ്ടമുള്ള ഭക്ഷണങ്ങളും മറ്റു സാധനങ്ങളുമെല്ലാം പലപ്പോഴും ഞാൻ മിസ്സ് ചെയ്യുമായിരുന്നു. അല്പം തമാശയോടെ ആണെങ്കിലും ഒരു കാര്യം ഞാൻ പങ്കുവയ്ക്കട്ടെ. ഒരു ദിവസം എന്റെ പ്രാർത്ഥനയിൽ, എനിക്ക് ഫ്രൂട്ട്സ് കഴിക്കാൻ തോന്നുന്നുവെന്നു ഈശോയോട് പറഞ്ഞു. കുറച്ചുകഴിഞ്ഞ് ഞാനും അവിടെയുള്ള ഒരു ചേച്ചിയും കൂടെ പുറത്തേക്ക് പോകാൻ ഒരുങ്ങുന്ന സമയം ഫ്രൂട്ട്സ് കഴിക്കാൻ തോന്നുന്നു എന്ന കാര്യം ഈശോയോട് പറഞ്ഞത് ചേച്ചിയോടും പറഞ്ഞു. ഇതെല്ലാം പറഞ്ഞുകൊണ്ട് ഞങ്ങൾ റോഡ് ക്രോസ്സ് ചെയ്യാൻ നിൽക്കുമ്പോൾ ദൂരെ നിന്ന് ഒരു പെട്ടിയോട്ടോ നിറയെ ഓറഞ്ചുമായി വരുന്നു. ഞങ്ങളുടെ അടുത്ത് ആ വാഹനം എത്തിയപ്പോൾ ഗട്ടർ ചാടി രണ്ടു മൂന്ന് ഓറഞ്ച് എന്റെ കാൽക്കൽ വന്നു വീണു. ചേച്ചിയും ഞാനും ആ നിമിഷം പരസ്പരം നോക്കി. പറഞ്ഞു മണിക്കൂറുകൾക്കുള്ളിൽ ഫ്രൂട്ട്സ് ലഭിച്ചത് ആശ്ചര്യകരമായിരുന്നു. ലഭിച്ച ആ മൂന്ന് ഓറഞ്ചുകൾ എന്നെ സംബന്ധിച്ച് പ്രാർത്ഥനയുമായി ബന്ധപ്പെട്ട ഒരു അനുഭവമായി ഞാൻ കണക്കാക്കി.


ദൈവം എന്നെയും എന്റെ ചുറ്റുമുള്ളവരെയും ഒത്തിരി സ്നേഹിക്കുന്നുവെന്ന് തിരിച്ചറിഞ്ഞ നാളുകളായിരുന്നു ആ ഒരു വർഷം. പലപ്പോഴും എനിക്ക് പരിചയമില്ലാത്ത ആളുകളെ കാണുമ്പോഴും അവർക്കും അവരുടെ നിയോഗങ്ങൾക്കായും ദൈവത്തോട് പ്രാർത്ഥിക്കുമായിരുന്നു. ഒരിക്കൽ തൃശൂരിൽ നിന്നും എന്റെ മിഷൻ സ്ഥലത്തേക്കുള്ള കെഎസ്ആർടിസി ബസ് യാത്രയാണ്. അന്നെന്റെ സഹയാത്രികൻ ഒരു യുവാവായിരുന്നു. സമയം ഉണ്ടായിരുന്നതുകൊണ്ട് ആ വ്യക്തിക്ക് വേണ്ടി ജപമാലയുടെ ഒരു രഹസ്യം ചൊല്ലി പ്രാർത്ഥിച്ചു കൊണ്ടിരിക്കുമ്പോൾ ആ വ്യക്തിയോട് ജീസസ് ലൗസ് യൂ എന്ന് പറയണമെന്ന് തോന്നി. എങ്കിലും ഈ പ്രചോദനം ദൈവഹിതമാണെങ്കിൽ, ആദ്യം ആ വ്യക്തി എന്നോട് സംസാരിക്കട്ടെയെന്ന് ഞാൻ ഈശോയോട് പറഞ്ഞു. കുറച്ചു കഴിഞ്ഞപ്പോൾ അദ്ദേഹം എന്റെ പേരും വിശേഷങ്ങളും ചോദിച്ചു. ആ സഹോദരന്റെ പേര് ലത്തീഫർ എന്നാണെന്നും വീട്ടിൽ ഉപ്പയും ഉമ്മയും സഹോദരങ്ങളു-മുണ്ടെന്നും പറഞ്ഞു. അദ്ദേഹം അന്യമതസ്ഥനായിരുന്നതിനാൽ ജീസസ്

ലൗവ്‌സ് യൂ എന്ന് പറയാൻ ഞാൻ ഭയപ്പെട്ടു. എങ്കിലും ഈശോയോടുള്ള സ്നേഹത്തെ പ്രതി ധൈര്യം സംഭരിച്ച് ഞാൻ ആ വ്യക്തിയോടത് പറഞ്ഞു. ഞാനത് പറഞ്ഞു കഴിഞ്ഞപ്പോൾ എന്നെ നോക്കി ചിരിക്കുകയും ആ വ്യക്തിയുടെ കണ്ണുകൾ നിറയുന്നതും ഞാൻ കണ്ടു. തന്റെ ജീവിതത്തിൽ ഇതുവരെ ആരും തന്നെ സ്നേഹിക്കുന്നുവെന്ന് തന്നോട് പറഞ്ഞിട്ടില്ല എന്നദ്ദേഹം പറഞ്ഞു. വേറൊന്നും ചോദിക്കാതെ തന്നെ ആ വ്യക്തി കടന്നുപോകുന്ന സാഹചര്യങ്ങളും അദ്ദേഹത്തിന്റെ ബുദ്ധിമുട്ടുകളും കുടുംബ പ്രശ്നവും അഡിക്ഷൻസും എന്നോട് തുറന്നു പറഞ്ഞു. ആ ബസ്സിലിരുന്ന് കുറച്ചുനേരം ഞങ്ങൾ പ്രാർത്ഥിച്ചു. ഞാൻ എന്റെ ബുക്കിലെഒരു പേജ് കീറി ഒരു ബൈബിൾ വചനം അതിലെഴുതി കൊടുത്തു. നന്ദി പറഞ്ഞുകൊണ്ട് ഞങ്ങൾ യാത്ര തുടർന്നു. എനിക്കിത് വലിയൊരനുഭവമായിരുന്നു. ഇവിടെയിത് ചുരുക്കി എഴുതുമ്പോഴും ദൈവസ്നേഹം ഇന്നും അനുഭവിക്കുവാൻ അവസരം തന്ന എന്റെ സ്വർഗ്ഗീയ അപ്പന് ഞാൻ നന്ദി പറയുന്നു.


ഇന്ന് ഞാൻ തിരിഞ്ഞുനോക്കുമ്പോൾ എന്റെ ജീവിതത്തിൽ ഒത്തിരി അനുഗ്രഹപ്രദമായ അനുഭവങ്ങളിലൂടെ കടന്നുപോയ ഒരു വർഷമായിരുന്നു ഫുൾ ടൈമർഷിപ്പിന്റെ സമയം. ഇന്നും ജീവിതത്തിന്റെ പല സാഹചര്യങ്ങളിലൂടെ കടന്നുപോകുമ്പോഴും ദൈവത്തിന്റെ പരിപാലനയിലാണ് എന്ന ഉറച്ച ബോധ്യവും ദൈവത്തിൽ ആശ്രയിക്കാനും പ്രാർത്ഥിക്കാനുമെല്ലാം കൃപ ലഭിച്ചതും മിഷന്റെ ഈയൊരു വർഷത്തിലൂടെയായിരുന്നു. ഞാൻ സ്വയം രൂപപ്പെട്ടുവരുന്ന സമയമായിരുന്നു. പരുപരുത്ത കല്ലുകൾ പുഴയിലൂടെയൊഴുകി പരുവപ്പെടുന്ന പോലെ... ഇപ്പോഴും തുടർന്നുകൊണ്ടേയിരിക്കുന്നു...


നിത്യ മരിയ ആന്റണി, എറണാകുളം

 
 
 

Comments


Kairos USA

Kairos INDIA

Kairos UK

     Kairos International Inc. 700 Louisiana St, Houston, TX. USA 77002

     Kairos Media, No 8/174, Navodaya Studio Complex, Thengod P.O, Cochin, Kerala, India. Pin: 682030

     Kairos Media, St Charles Street, Sheffield S9 3WU, United Kingdom

COPYRIGHT © 2021 KAIROS MEDIA, JESUS YOUTH

bottom of page