top of page
Search

പ്രാർത്ഥനയിൽ പ്രാപ്തരാകുന്നവർ | KAIROS MALAYALAM | JUNE 2026

  • Writer: Kairos Media
    Kairos Media
  • May 31
  • 1 min read


ഏതൊരു അമ്മയെ പോലെ എന്റെ മനസ്സും നിറയെ ആകുലതയും ഉത്കണ്ഠയുമായിരുന്നു. ദൂരെ സ്ഥലത്തേക്ക് ജോലിക്ക് പോകുമ്പോൾ മനസ്സ് നിറയെ വീടും മക്കളും കുടുംബവും ആയിരുന്നു. എന്നാൽ എല്ലാ ദിവസവും രാവിലെയുള്ള പരിശുദ്ധ കുർബാനയും ആരാധനയും തെല്ലൊന്നുമല്ല ആശ്വാസം നൽകിയത്. മനസ്സിന്റെ ഭാരമെല്ലാം അവിടെ പറഞ്ഞു കഴിയുമ്പോൾ വലിയൊരു ആശ്വാസം അനുഭവിക്കുമായിരുന്നു.


മക്കളുടെ ആത്മീയ ജീവിതത്തിൽ കുറവുകൾ ഉണ്ടാകരുതെന്ന് ഞങ്ങൾ രണ്ടുപേരും അതിയായി ആഗ്രഹിച്ചു. ക്ലാസ്സുകളിൽ ടീച്ചർ അമ്മമാരുടെ കഥകൾ പറയുമ്പോൾ മക്കളുടെ കണ്ണുകൾ നിറയുന്നത് അവരുടെ ടീച്ചർ ശ്രദ്ധിച്ചു. സിസ്റ്റേഴ്സും ടീച്ചർമാരുമെല്ലാം മക്കളോട് സംസാരിക്കുകയും അവർക്ക് വേണ്ട കരുതൽ നൽകുകയും ചെയ്തപ്പോൾ ഈശോ എത്രമാത്രമാണ് കരുതുന്നതെന്ന് ചിന്തിച്ചു. പിന്നീടുള്ള ദിവസങ്ങളിൽ ഓരോരുത്തരും അവരവരുടെ കാര്യങ്ങൾ തനിയെ ചെയ്യുന്നതും അവരുടെ ഉത്തരവാദിത്വങ്ങളും ഭംഗിയായി ചെയ്യുന്നതുമൊക്കെ എന്നെയേറെ സന്തോഷിപ്പിച്ചു. കാവൽ മാലാഖയും പരിശുദ്ധാത്മാവും അവരുടെ ജീവിതത്തിൽ നിറയുന്നത് ഞാൻ അനുഭവിച്ചറിഞ്ഞു.


എന്നെ ഏറെ അത്ഭുതപ്പെടുത്തിയത് ഇളയ മകനിലുണ്ടായ മാറ്റമായിരുന്നു. രാത്രിയിൽ ഉറങ്ങുമ്പോൾ മകന്റെ കൂടെ കിടക്കണം. എന്നാൽ അന്നൊരിക്കൽ കുറെയധികം നേരം അടുത്ത് കിടന്നപ്പോൾ ശാരീരിക ബുദ്ധിമുട്ട് ഉണ്ടായതിനാൽ ഞാൻ എഴുന്നേറ്റു. ആ നേരമത്രയും അവൻ ഉറങ്ങിയിട്ടുണ്ടായിരുന്നില്ല. രാത്രിയിൽ ഇടയ്ക്ക് എപ്പോഴോ ഞാനുണരുമ്പോൾ മകന്റെ ഒരുകയ്യിൽ മാതാവിന്റെ ചെറിയ രൂപവും മറ്റേ കയ്യിൽ ഉണ്ണീശോയുടെ രൂപവും ഞാൻ കണ്ടു. പതുക്കെ ഞാൻ അതെടുത്തു മാറ്റി കുഞ്ഞിനെ ഉറക്കി. പതിവുപോലെ രാവിലെ ഉണർന്നപ്പോൾ ഈ രണ്ടു രൂപവും കാണിച്ച് അവനെന്നോട് പറഞ്ഞു: "അമ്മാ, ഞാൻ മാതാവിനെയും ഉണ്ണീശോയെയും കയ്യിൽ പിടിച്ചാണ് ഉറങ്ങിയത് അതുകൊണ്ട് എനിക്ക് പേടിയില്ല, അമ്മ വന്നില്ലെങ്കിലും എനിക്ക് സങ്കടമില്ല എന്ന്."


ഞാൻ ഒത്തിരി സന്തോഷിച്ചു ഞാൻ എന്തിനെക്കുറിച്ചാണോ വ്യാകുലപ്പെട്ടത് അതറിഞ്ഞ് എന്റെ മാതാവ് ഇടപെട്ടു. ഒരമ്മയുടെ ആകുലതകൾ അറിഞ്ഞ എന്റെ മാതാവ് എന്റെ കുടുംബത്തിലും ഇടപെട്ടു. ഇന്നും പരിശുദ്ധ അമ്മയുടെ നിറസാന്നിധ്യം ഞങ്ങൾ അനുഭവിച്ചറിയുന്നു.


വിനീത ജോബി

 
 
 

Comments


Kairos USA

Kairos INDIA

Kairos UK

     Kairos International Inc. 700 Louisiana St, Houston, TX. USA 77002

     Kairos Media, No 8/174, Navodaya Studio Complex, Thengod P.O, Cochin, Kerala, India. Pin: 682030

     Kairos Media, St Charles Street, Sheffield S9 3WU, United Kingdom

COPYRIGHT © 2021 KAIROS MEDIA, JESUS YOUTH

bottom of page