നിസയുടെ രസങ്ങൾ | KAIROS MALAYALAM | APRIL 2026


പാടവരമ്പിലൂടെ പപ്പയുടെ കൈപിടിച്ച് നടന്നുകൊണ്ടിരുന്ന നിസമോൾ, പപ്പയുടെ കൈവിട്ട് വരമ്പിലൂടെ തുള്ളിച്ചാടിയോടി. ഇരുവശങ്ങളിലായി വിശാലമായി നീണ്ടു പരന്നുകിടക്കുന്ന കതിരിട്ടു നിൽക്കുന്ന നെൽപ്പാടം നിസമോൾക്ക് അതിരില്ലാത്ത അത്ഭുതവും ആനന്ദവും നൽകി. പച്ചപുതച്ചു കിടക്കുന്ന നെൽപ്പാടങ്ങളെക്കുറിച്ച് അവൾ പഠിക്കുന്ന അഞ്ചാം ക്ലാസിലെ മലയാള പാഠപുസ്തകത്തിൽ വായിച്ചു പഠിച്ചിട്ടേയുള്ളൂ, ആദ്യമായിട്ടായിരുന്നു അവളത് നേരിട്ട് കണ്ടത്.
പപ്പ ഓടിച്ചെന്ന് കയ്യിൽ പിടിച്ച് അവളോട് പറഞ്ഞു: സൂക്ഷിക്കണം വരമ്പിന്റെ അരികിലായി ചെളിയുണ്ട്. അറിയാതെ അരികിലേക്ക് നീങ്ങിയാൽ കാൽവഴുതി ചെളിയിലേക്ക് വീണുപോകും. ‘നിസമോൾ വീണാലും കുഴപ്പമില്ല, നെൽച്ചെടികൾ മോശമായി പോകും' പപ്പയുടെ തമാശ കേട്ട് ആദ്യമവൾ അമ്പരന്നെങ്കിലും തമാശയാണെന്ന് പപ്പയുടെ മുഖത്തേക്ക് നോക്കിയപ്പോൾ മനസ്സിലായി. അവളും ഒരു ചമ്മലോടെ ചിരിച്ചു. പപ്പ പിന്നീട് പാടങ്ങളെക്കുറിച്ചുള്ള കഥ പറയാൻ തുടങ്ങി. വിത്ത് വിതയ്ക്കുന്നത് മുതൽ മുളച്ച് നെൽക്കതിരായി, കതിരുവിളഞ്ഞ് പാകമായി കൊയ്തെടുക്കുന്നത് മുതൽ നമ്മുടെ വീടുകളിലേക്ക് അരിയായി വന്ന് നമ്മൾ ചോറുണ്ണുന്നത് വരെയുള്ള കാര്യങ്ങൾ പപ്പ അവൾക്ക് പറഞ്ഞുകൊടുത്തു. അത്ഭുതം കൂറുന്ന മിഴികളോടെയാണ് അവളതെല്ലാം കേട്ടത്.
പേക്രോം പേക്രോം...തവളയുടെ കരച്ചിൽ കേട്ട് അവൾ തിരിഞ്ഞു നോക്കി. നെൽച്ചെടികൾക്കിടയിൽ രണ്ട് തവളകൾ. നിസമോൾ വളരെ ശ്രദ്ധയോടെ അവിടെ നിന്നുകൊണ്ട് തവളകളെ നിരീക്ഷിച്ചു. നെൽച്ചെടിയിൽ വന്നിരിക്കുന്ന പ്രാണിയെ തവളയുടെ നാവുനീട്ടി ഭക്ഷിക്കുന്നത് അവൾ കൗതുകത്തോടെ നോക്കി നിന്നു. പപ്പയുടെ കയ്യിൽ നിന്ന് മൊബൈൽ ഫോൺ വാങ്ങി തവളകളെയും നെൽച്ചെടികളെയും വിശാലമായ പാടവരമ്പിനെയുമൊക്കെ അവൾ ക്യാമറയിൽ പകർത്തി.
പപ്പയോട് തന്റെ അടുക്കൽ ചേർന്നു നിൽക്കുവാൻ പറഞ്ഞുകൊണ്ട് മൊബൈൽ ഫോണിൽ അവൾ സെൽഫി എടുക്കാൻ തയ്യാറായി. പപ്പയോടൊപ്പം നിന്നു കൊണ്ട് ആ നെൽപ്പാടങ്ങളെ പശ്ചാത്തലമാക്കി അവൾ വീഡിയോ എടുത്തു തുടങ്ങി. 'ഹായ് ഫ്രണ്ട്സ്, ഞാനും പപ്പയും ഇപ്പോൾ നിൽക്കുന്നത് നെൽപ്പാടങ്ങൾക്കിടയിലാണ്. നമ്മുടെ പാഠപുസ്തകത്തിൽ നമ്മൾ പഠിച്ചത് പോലെയുള്ള നെൽവയലുകളാണ് നിങ്ങൾ ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത്. ഇനി നേരെ മുന്നോട്ടുപോയാൽ തൊട്ടപ്പുറത്ത് ഒരു പുഴയുണ്ട്, ആ പുഴയിൽ വലവീശുന്നത് കാണാം. പുഴയിൽ നിന്ന് മീൻ പിടിക്കുന്ന വീഡിയോ ഉടനെതന്നെ നിങ്ങൾക്ക് ഞാൻ നൽകാം. വെയ്റ്റ് ചെയ്യൂ... ഇത് ഞാൻ നിസ, കൂടെ എന്റെ പപ്പയും.'
മകളുടെ വീഡിയോ പിടുത്തം കണ്ട് പപ്പയ്ക്ക് വലിയ സന്തോഷമായി. ഇവളിതൊക്കെയെങ്ങനെ പഠിച്ചെടുത്തു എന്ന ചിന്തയിൽ പപ്പ അവളെ നോക്കി ചിരിച്ചു. അവൾ പപ്പയെ കണ്ണുറുക്കി കാണിച്ചു.
പിന്നീട് അവർ നടന്നുനടന്ന് പാടവരമ്പുകൾ താണ്ടി പുഴയ്ക്കരികിലേക്കെത്തി. നിസമോൾ പറഞ്ഞതുപോലെ തന്നെ അവിടെ ചിലയാളുകൾ വഞ്ചിയിലിരുന്നും കരയിൽ നിന്നും വല വീശുന്നുണ്ടായിരുന്നു. പപ്പയും നിസയും അവർക്ക് അരികിലെത്തി. വലവീശി മീനുകളെ കുടഞ്ഞ് താഴെ ഇട്ടപ്പോൾ മീനുകൾ പിടയ്ക്കുന്നത് കണ്ട് അവൾക്ക് നല്ല രസം തോന്നി. പപ്പ അവളെയും കൂട്ടി മീനുകളുടെ അടുത്തെത്തി, അവയുടെ ഓരോന്നിന്റെയും പേരുകൾ അവൾക്ക് പറഞ്ഞുകൊടുത്തു. പപ്പയുടെ കയ്യിൽ നിന്ന് മൊബൈൽ ഫോൺ വാങ്ങി മീനുകളുടെ ഫോട്ടോയും അവൾ എടുത്തു.
അവിടെനിന്ന് തിരികെ പോരുമ്പോൾ പപ്പ അവൾക്ക് അവരുടെ നാടിനെ കുറിച്ചും നെൽകൃഷിയെ കുറിച്ചും പുഴയും തോടും അതിലെ മീനുകളെ കുറിച്ചുമൊക്കെ വിശദമായി പറഞ്ഞുകൊടുത്തു. നമ്മൾ നിത്യവും കഴിക്കുന്ന ചോറ് ഉണ്ടാകുന്നത് ഇവിടെ നിന്നുള്ള ഈ കൃഷിയിൽ നിന്നാണെന്നറിവ് നിസയ്ക്ക് വലിയൊരു തിരിച്ചറിവായിരുന്നു. നെൽപ്പാടങ്ങൾ കണ്ടും പച്ചപ്പുനിറഞ്ഞ നാടുകണ്ടും പുഴയും അതിലെ മീനുകളും വലയും മീൻപിടുത്തക്കാരും നിസയുടെ മനസ്സിൽ പച്ചപിടിച്ചു നിന്നു. അന്നൊരു ശനിയാഴ്ച ആയിരുന്നതിനാൽ മുൻകൂട്ടി തീരുമാനിച്ചത് പ്രകാരമാണ് നിസയും പപ്പയും നാടുചുറ്റാനിറങ്ങിയത്. പാഠപുസ്തകത്തിനു പുറമെയുള്ള ഈ കാഴ്ചകളും അതിലൂടെ ലഭിച്ച പുത്തൻഅറിവുകളും അവളെ കൂടുതൽ ഉന്മേഷഭരിതയാക്കി.
സെറീൻ ഏഞ്ചൽ



Comments