top of page
Search

നിശബ്ദത ഒറ്റപ്പെടലല്ല | KAIROS MALAYALAM | MARCH 2026

  • Writer: Kairos Media
    Kairos Media
  • May 30
  • 1 min read

പടിഞ്ഞാറൻ ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ ഗിനി എന്ന രാജ്യത്തിലെ കത്തോലിക്ക കർദ്ദിനാളാണ് റോബർട്ട് സാറാ. ബെനഡിക്ട് പതിനാറാമൻ മാർപ്പാപ്പയുടെ കാലത്ത് കർദ്ദിനാളായ അദ്ദേഹം, സഭയുടെ ശക്തനായ വക്താവും ആത്മീയ ചിന്തകനുമാണ്. അദ്ദേഹത്തിൻറെ ആത്മീയ വിചിന്തനങ്ങളും അനുഭവങ്ങളും ചേർത്ത് വിവരിക്കുന്ന പുസ്തകമാണ് 'The power of silence.' നിശബ്ദതയുടെ ശക്തി. തന്റെ കുഞ്ഞുനാളിലുള്ള ഗ്രാമ ജീവിതത്തെക്കുറിച്ചും രാത്രിയിലെ നിശബ്ദതയെക്കുറിച്ചും അദ്ദേഹം ആ പുസ്തകത്തിൽ വാചാലനാകുന്നുണ്ട്. നിശബ്ദത, ഒറ്റപ്പെടലല്ല എന്നാണ് അദ്ദേഹത്തിൻറെ പക്ഷം. മറിച്ച് ആയിരിക്കുന്ന ഇടങ്ങളോട് കൂടുതൽ അടുക്കാനുള്ള മാർഗമാണ് നിശബ്ദതയെന്ന് അദ്ദേഹം സമർത്ഥിക്കുന്നു.


ശബ്ദമുഖരിതമായ, സംഘർഷ കലുഷിതമായ ഒരു സാമൂഹിക അന്തരീക്ഷത്തിലാണ് ഇന്ന് മനുഷ്യർ ആയിരിക്കുന്നത്. ശബ്ദമില്ലാതെ സന്തോഷമില്ല എന്ന ചിന്തകളോടെയാണ് ഡിജെ പാർട്ടികളും മ്യൂസിക് കൺസേർട്ടുകളും മഹാസമ്മേളനങ്ങളും നടക്കുന്നത്. ശബ്ദം കൂടുന്നതനുസരിച്ച് അടിച്ചമർത്താനുള്ള അധികാരം കരഗതമാകുമെന്ന് ചിലർ ചിന്തിക്കുന്നു. ഉയർന്ന സ്വരങ്ങൾ നമ്മുടെ പരിസരങ്ങളെ മാത്രമല്ല നമ്മുടെ ഹൃദയത്തെ പോലും അലോസരപ്പെടുത്തുന്നു.


സമ്പത്ത് കുമിഞ്ഞുകൂടിയ ഒരു കുടുംബത്തിലുണ്ടായിരുന്ന ഒരു മകൻ സന്യാസം സ്വീകരിക്കാൻ ഹിമാലയത്തിലേക്ക് യാത്ര തിരിച്ചു. ചോദിച്ചവരോട് അയാൾ പറഞ്ഞു: എനിക്ക് എന്നെത്തന്നെ കണ്ടെത്താൻ കുറച്ചു നിശബ്ദത വേണം. നിശബ്ദതയിലേ നാമെന്താണെന്ന് നമുക്ക് കണ്ടെത്താൻ കഴിയൂ.


ശാന്തമാകുക ഞാൻ ദൈവമാണെന്ന് അറിയുക എന്ന ദൈവസ്വരം ഇന്നത്തെ കാലത്തിനെ വെല്ലുവിളിക്കുന്നതാണ്. വളരെ തിരക്കുള്ള ഒരു ന്യായാധിപൻ ഒരിക്കൽ മനസ്സ് തുറന്നതിങ്ങനെയാണ്. 'ഞാൻ ന്യായാധിപനായി, സത്യസന്ധമായി പ്രവർത്തിക്കാൻ വളരെ സമയം നിശബ്ദമായി ദിവ്യ കാരുണ്യത്തിന് മുൻപിൽ ഇരിക്കും. നിശബ്ദത നല്ല തീരുമാനങ്ങളിലേക്ക് നയിക്കും.'


അവഗണന, അനീതി, പക്ഷപാത പെരുമാറ്റം എന്നീ അവസ്ഥകൾ ഒരാളുടെ മനസ്സിനെ പ്രക്ഷുബ്ധമാക്കും. പ്രഷർ കുക്കറിലെ നീരാവി പോലെ ചിലപ്പോഴത് പൊട്ടിത്തെറിയിലേക്ക് നയിക്കപ്പെടും. വൈകാരികമായ ഇത്തരം പെരുമാറ്റങ്ങൾ പലപ്പോഴും അപകടങ്ങളിലാണ് കലാശിക്കുക. ക്രൂരമായ പീഡനങ്ങളും അവഗണനയും അസ്വസ്ഥതകളുമുള്ള കുരിശിൽ, ശാന്തമായാണ് അവൻ മരണമടഞ്ഞത്. പീലാത്തോസിന്റെ കുൽസിതമായ ചോദ്യത്തോട് പോലും നിശബ്ദമായാണ് അവൻ പ്രതികരിച്ചത്. അതുകൊണ്ടാണ് വലിയ നിസ്വാർത്ഥ സ്നേഹത്തിന്റെ പ്രഘോഷണമായി ആ നിശബ്ദത മാറിയത്.


സങ്കടങ്ങളും അവഗണനയും പൊട്ടിത്തെറിക്കാനുള്ള സന്ദർഭങ്ങളല്ല. ദൈവത്തെയും തന്നെത്തന്നെയും കണ്ടെത്താൻ സഹായിക്കുന്ന നിശബ്ദമായ വഴികളാണ്. അതുകൊണ്ട് ദൈവവചനം പറയുന്നു: 'ശാന്തശീലർ ഭാഗ്യവാന്മാർ അവർ ഭൂമി അവകാശമാക്കും.' ശാന്തമാകാം, നിശബ്ദമാകാം. നമുക്കുള്ള ഭൂമി കണ്ടെത്താം.


എഡിറ്റർ ഇൻ ചീഫ്

അഡ്വ. കെ.ജെ. ജോൺസൻ

 
 
 

Comments


Kairos USA

Kairos INDIA

Kairos UK

     Kairos International Inc. 700 Louisiana St, Houston, TX. USA 77002

     Kairos Media, No 8/174, Navodaya Studio Complex, Thengod P.O, Cochin, Kerala, India. Pin: 682030

     Kairos Media, St Charles Street, Sheffield S9 3WU, United Kingdom

COPYRIGHT © 2021 KAIROS MEDIA, JESUS YOUTH

bottom of page