നിങ്ങളണിയുന്ന കിരീടങ്ങൾക്ക് വൈക്കോലിന്റെ വിലയെ ഉള്ളൂ | ഫമിലിയ/മൈസ്റ്റോറി | അഭിലാഷ് ഫ്രേസർ | KAIROS MALAYALAM | MAY 2025


പാതിരാ കുര്‍ബാനയും പ്രഭാത ബലിയും കഴിഞ്ഞ് ആളൊഴിഞ്ഞ തമ്മനം സെന്റ് ജോണ്‍ ബാപ്റ്റിസ്റ്റ് പള്ളിയില്‍ ഞാന്‍ ഏകാകിയായി നിന്നു. 2001-ലെ ക്രിസ്മസ് ദിനമായിരുന്നു അത്. ഹൃദയ ഭാരത്തോടെ, അശരണമായ മനസ്സോടെ പള്ളിയുടെ ഒരു കോണില്‍ ഞാന്‍ നിന്നു. താഴെ പുല്‍ക്കൂട്ടില്‍ ഉണ്ണിയേശു. അള്‍ത്താരയ്ക്ക് മുകളില്‍ കുരിശിലെ ക്രിസ്തു. ജനിമൃതികള്‍ക്കിടയിലൊരു നിമിഷം! രണ്ട് വൃക്കകളും ഏതാണ്ട് പൂര്‍ണമായും തകരാറിലായി, സെമിനാരിവിട്ട് തുടര്‍ ചികിത്സയ്ക്കായി വീട്ടിലേക്ക് പോരേണ്ടി വന്ന കാലം. ഇതാവുമോ എന്റെ അവസാനത്തെ ക്രിസ്മസ്? എന്ന ചിന്തയോടൊപ്പം ഉള്ളിലും കണ്ണിലും നീര്‍പൊടിഞ്ഞു.
ആശുപത്രികള്‍തോറും അശരണമായ അലച്ചിലുകളുടെ കാലമായിരുന്നു അത്. ഒരൗഷധവും എന്റെ രോഗത്തെ ശമിപ്പിച്ചില്ല. ക്രോണിക്ക് കിഡ്നി ഫെയ്ലിയറിന് മരുന്നില്ലല്ലോ! രുചിയില്ലാത്ത തുച്ഛമായ ഭക്ഷണം മാത്രം കഴിച്ച് ജീവന് മാത്രം നിലനിന്നു. കയ്ക്കുന്ന പലവിധ മരുന്നുകള്‍ പലവട്ടം ഒക്കാനിച്ചു. കിടന്ന പല ചികിത്സാലയങ്ങളില്‍ അടുത്ത് കിടന്നിരുന്ന പലരും മരണത്തിലേക്ക് ആണ്ടു പോയി. ചിലര്‍ ചികിത്സാഭാരങ്ങളാല് മനസ്സു മടുത്ത് സ്വയം ജീവനെടുത്തു.
അന്ന് പ്രത്യാശ പകര്‍ന്നത് ഗാനങ്ങളായിരുന്നു. ആ ശാന്തി ഗീതകങ്ങള്‍ കേട്ട് കേട്ടങ്ങനെ കിടന്നു. ആ നാളുകളില്‍ ക്രിസ്തു സംസാരിച്ചത് ദസ്തയേവ്സ്കിയുടെ രൂപത്തിലായിരുന്നു. കുറ്റവും ശിക്ഷയുമെന്ന ഇതിഹാസം. കൊലപാതകിയായ റസ്കോള്‍ നിക്കോഫിനോട് ജീവിതദുരിതം കൊണ്ടു മാത്രം ഗണികയാകേണ്ടി വന്ന, മാലാഖതുല്യമായ മനസ്സുള്ളവളായിരുന്ന സോണിയ പറയുന്നു, ബൈബിളെടുത്ത് വായിക്കാന്‍. വായിച്ചതാകട്ടെ, ക്രിസ്തു ലാസറിനെ ഉയര്പ്പിക്കുന്ന ഭാഗം. 'ഞാനാകുന്നു പുനരുത്ഥാനവും ജീവനും. എന്നില്‍ വിശ്വസിക്കുന്നവന് മരിച്ചാലും ജീവിക്കും!' എന്ന ഭാഗം റസ്കോള്‍ നിക്കോഫിനൊപ്പം ഞാനും വായിച്ചപ്പോള്‍ അക്ഷാരാര്‍ഥത്തില്‍ തീ പടരുന്നത് ഞാനറിഞ്ഞു. ലാസര്‍! എന്നൊരു വിളി ഞാന്‍ കേട്ടു, ആത്മാവിന്നഗാധതയില്‍ നിന്ന്!
പിന്നീട് എന്റെ ദിനരാത്രങ്ങളില്‍ ഈ വചനം അഗ്നിസ്തംഭമായി. കാണുന്നിടത്തെല്ലാം ഞാനത് കുറിച്ചുവച്ചു - ഞാനാകുന്നു, പുനരുത്ഥാനവും ജീവനും! ഡയറിയില്‍, കടലാസു കഷണങ്ങളില്‍. നോട്ടു ബുക്കുകളില്‍... ആ വാക്കിലാണ് ഞാന്‍ ജീവിച്ചത്. ആ വാക്കാണ് ഞാന്‍ ശ്വസിച്ചത്! ജീവിതത്തിന്റെ പെരും കടലിലില്‍, പെരുമഴയില്‍ ആ തിരുവചനം എന്റെ ലൈഫ് ബോട്ടായി!
2002. മഴകനത്ത ജൂണ്‍ മാസം. ഒന്‍പതാം തവണയും ഛര്ദിച്ചുകഴിഞ്ഞപ്പോള് ബാക്കി വന്നത് രക്തം. പിറ്റേന്ന് നടക്കേണ്ട അയല്‍ക്കാരിയുടെ വിവാഹത്തിനൊരുക്കിയിട്ട കാറില്‍ പാതിരാത്രി ലൂര്‍ദ് ആശുപത്രിയിലെത്തുമ്പോള്‍ പുരാതന വിധിതീര്‍പ്പുകള്‍ കുറിച്ചിട്ട ഒരാളെ പോലെ, ഞാന്‍ ജീവന് വാര്‍ന്നു കിടന്നു.
അഗതികളായ ഒരപ്പനും അമ്മയും എന്തു ചെയ്യണമെന്നറിയാതെ നോക്കി നില്‍ക്കെ ഐസിയുവില്‍ ദൈവമയച്ചതു പോലെ ഒരതിഥിയെത്തി. വരാപ്പുഴയുടെ മുന്‍ മെത്രാപ്പോലീത്ത ഡാനിയേല്‍ അച്ചാരുപറമ്പില്‍. വിശേഷപ്പെട്ട ഏതോ ജീവന് എന്ന് തെറ്റിദ്ധരിച്ച് പാവം നഴ്സുമാര്‍ ഉഷാറായി. നെഫ്രോളജിസ്റ്റ് ഓടിയെത്തി. ആയുസ്സിന്റെ നൂല്പാലത്തില് വീശുന്ന ഏതു കാറ്റും ജീവനെടുക്കാം. നിരന്തര ഡയാലിസിസിനു കുറിക്കുമ്പോള്‍, ഒരു ഭാഗ്യപരീക്ഷണം എന്നതിലപ്പുറം മറ്റൊന്നും ഡോ. മാണി കരുതിയിരുന്നില്ല. സന്ദര്‍ശകരെ പ്രവേശിപ്പിക്കാത്ത മുറിയില്‍ ഇടയ്ക്കു വന്നുപോയിരുന്ന
തൂപ്പുകാരി സ്ത്രീകളും പരസ്പരം അടക്കം പറഞ്ഞത്, ഇയാള്‍ ഇനി എത്ര നാള് എന്ന്...
മരണം ധ്യാനമായത് ആ കിടക്കയിലാണ്. നിങ്ങളണിയുന്ന കിരീടങ്ങള്‍ക്ക് വയ്ക്കോലിന്റെ വിലയേയുള്ളൂ. നിങ്ങളുടെ പിടിവാശികളും താന്‍പോരിമയും മേല്‍ക്കോയ്മകളും ഒരു ചെറു കാറ്റില്‍ പറന്നു പോകുന്ന പതിരു പോലെ. കാട്ടിക്കൂട്ടുന്ന വിഡ്ഢിത്തങ്ങളെയോര്ത്ത് സൗമ്യമായി ഉള്ളുതുറന്ന് ചിരിക്കാം.
എന്തൊക്കെ പറഞ്ഞാലും മരണഭയംപോലെ ഒന്ന് മനുഷ്യന് അനുഭവിക്കാനില്ല. അജ്ഞാതം എന്ന വാക്ക് നിങ്ങളുടെ മുന്നില്‍ ഒരു മഹാമേരു പോലെ വളര്‍ന്നു നില്ക്കും. അജ്ഞാതവും അനന്തവുമായ ഇരുള്. അതിനെയാണ് നാം ഭയക്കുന്നത്. അതിനെ ജയിച്ചാല്‍ നിങ്ങള്‍ ക്രിസ്തുവായി, ക്രിസ്തുവിനോടൊപ്പമായി...
ഉയിര്ത്തെഴുന്നേല്പു പോലെ പ്രകാശപൂര്‍ണമായ മറ്റൊരു വാക്കില്ല എന്നു നിങ്ങള്‍ തിരിച്ചറിയുന്നത് ഈ മരണഭീതിയിലൂടെ തുടര്‍ച്ചയായി കടന്നുപോയ്ക്കഴിയുമ്പോളാണ്. അജ്ഞാതമായ ആ മഹാഇരുളില്‍ നിന്ന് ഒരാള്‍ പ്രകാശധാര പോലെ നടന്നു വരുന്നു. അനാദികാലം മുതല്ക്കേ പ്രഹേളികയായിരുന്ന മരണം എന്ന ഇരുണ്ട മുറി പൊടുന്നനെ പ്രകാശമാനമാകുന്നു. ഇത് കേവലം ഒരു വിശ്വാസത്തിന്റെ മാത്രം പ്രശ്നമല്ല. ഒരു അനുഭവത്തിന്റെ പേരാണ്. ഒരാള്‍, നമുക്കുമുമ്പേ പോയി എന്ന അറിവ് ആ അജ്ഞാതത്വത്തിന്റെ മഞ്ഞുമലയെ തകര്‍ക്കുന്നു.
ജീവനും മരണത്തിനുമിടയിലെ ആ നനുത്ത പാടയുടെ മറുവശത്ത് ഒരാള്‍ നില്ക്കുന്നു എന്ന അറിവു പോലെ മനസ്സിനെ ശാന്തമാക്കുന്ന മറ്റൊന്നില്ല. ഞാന്‍ ഒരു ദര്‍ശനത്തിലും ക്രിസ്തുവിനെ കണ്ടിട്ടില്ല. പക്ഷേ, എന്റെ മടക്കയാത്രയില്‍ ശ്വാസം പോലെ യാഥാര്‍ഥ്യമായിരുന്നത് ക്രിസ്തുവായിരുന്നു. അത് ഒരു അദ്ഭുതം പോലെയല്ല, പൂ വിരിയും പോലെ, ഇളംകാറ്റ് വീശുന്നതു പോലെ അത്ര സ്വാഭാവികമായിരുന്നു. അത്ര സാവധാനമായിരുന്നു. പ്രകൃതിയുടെ ക്രമം തെറ്റാതെ, മൃദുവായി...
ഈസ്റ്റര്‍ പോലെ പ്രകാശമുള്ള ഒരു ദിനം വേറെയെന്തുണ്ട്? വേര്‍പാടാണ് മനുഷ്യന്റെ ഏറ്റവും വലിയ വേദനയെങ്കില്‍, വീണ്ടും പ്രിയപ്പെട്ടവരെ കണ്ടുമുട്ടുമെന്ന ഒരു പ്രതീക്ഷ പോലെ മനസ്സിനു ശാന്തി തരാന്‍ എന്തിനുകഴിയും? ഒരു വര്‍ഷം നീണ്ടു നിന്ന എന്റെ ഡയാലിസിസ് കാലത്ത് എന്റെ ജീവിതത്തിന്റെ സംഗീതം വീണ്ടെടുത്തു തന്ന ശക്തിയുടെ പേരാണ് ഈസ്റ്റര്‍. നേരെചൊവ്വേ എഴുന്നേറ്റു നില്ക്കാന് കഴിയാത്ത ഈ മനുഷ്യനെക്കൊണ്ട് ഇനി എന്തു ചെയ്യാനാകും എന്നു സംശയിച്ചവരുടെ നടുവില്‍ ശിരസ്സുയര്‍ത്തിനില്‍ക്കാന്‍ നെഞ്ചിലൊരു അഗ്നി പടര്‍ത്തിയ തേജസ്സിന്റെ പേരാണ് എനിക്ക് ഈസ്റ്റര്‍.
പ്രാണനെ ഉലയ്ക്കുന്ന ഓരോ ഇരുണ്ട രാത്രിക്കുശേഷവും കല്ലറ തുറന്നെഴുന്നേല്ക്കുന്ന ജീവചൈതന്യത്തിന്റെ പേരാണ് എനിക്ക് ഈസ്റ്റര്‍! മറ്റൊരു ഈസ്റ്റര്‍ കൂടി കടന്നുപോയി. ഇപ്പോള്‍ ഭാര്യ സുനിതയ്ക്കും ഞങ്ങളുടെ രണ്ട് മക്കള്‍ക്കുമൊപ്പം ഈസ്റ്റര്‍ സന്തോഷം നുകര്‍ന്നു ജീവിക്കുന്നു. 2003 മെയ് 6-നായിരുന്നു എന്റെ കിഡ്നി ട്രാന്‍സ്പ്ലാന്റ് സര്‍ജറി നടന്നത്. ഈയിടെ അന്തരിച്ച സര്ജന് ഡോ. ജോര്‍ജ് പി. എബ്രഹാമാണ് സര്‍ജറി നിര്‍വഹിച്ചത്. നെഫ്രോളജിസ്റ്റും ഇപ്പോള്‍ ലേക്ഷോര് ആശുപത്രിയുടെ റീനല്‍ ട്രാന്‍സ്പ്ലാന്റ് ഡയറക്ടറുമായ ഡോ. എബി എബ്രഹാം നേതൃത്വം നല്കി. അദ്ദേഹത്തിന്റെ ട്രീറ്റ്മെന്റിലാണ് ഞാന്‍ ഇക്കഴിഞ്ഞ 22 വര്‍ഷക്കാലം.
ഈ കുറിപ്പ് വിരമിക്കും മുമ്പ് ഒരു കാര്യം കൂടി കുറിക്കട്ടെ. 2010 ഫെബ്രുവരിയില്‍ എന്റെ ഭാര്യ സുനിതയെ ആദ്യമായി കണ്ട ദിനത്തില്‍ ഞാന്‍ അവളുടെ ജ്ഞാനസ്നാന പേര് ചോദിച്ചു. അനസ്താസ്യ എന്നാണെന്ന് സുനിത പറഞ്ഞു. മടങ്ങും വഴി ഞാന്‍ ആ ഗ്രീക്ക് വാക്കിന്റെ അര്‍ഥം ഗൂഗിളില്‍ തിരഞ്ഞു. അതിന്റെ അര്‍ഥം ഈസ്റ്റര്‍ എന്നാണ്!
പോപ്പ് ഫ്രാന്‍സിസിന്റെ വാക്കുകള്‍ ഓര്‍ക്കുന്നു, ''We are Easter people, and so we must be people of hope.' ഉത്ഥാനജനതയുടെ സന്തോഷത്തിലും പ്രത്യാശയിലും ജീവിതം മുന്നോട്ടു പോകുന്നു.

അമേരിക്ക ആസ്ഥാനമായുള്ള യുഎസ് സി എം എ ബുക്ക് അവാർഡ് ലഭിച്ചിട്ടുള്ള എഴുത്തുകാരനും കവിയുമാണ് അഭിലാഷ് ഫ്രേസർ. മനോരമ ഇന്റർനാഷണൽ ലിറ്ററേച്ചർ അവാർഡ് ജേതാവ് കൂടിയാണ് ലേഖകൻ.



Comments