top of page
Search

ദൈവത്തിൻറെ സ്വപ്നം എൻറെയും I കവര്‍‌സ്റ്റോറി I ഡോ. സോനാ സിജോ I KAIROS MALAYALAM I JULY 2026

  • smithajose4
  • Jun 30
  • 3 min read

ഡോ. സോനാ സിജോയുടെ ഹൃദയസ്പർശിയായ ജീവിതാനുഭവങ്ങൾ. ഉത്തരവാദിത്തങ്ങളുടെയും തിരക്കുകളുടെയും ഇടയിൽ ദൈവത്തിൻറെ വഴി തേടുന്ന ജീവിതങ്ങൾ...'ദൈവത്തിൻറെ സ്വപ്നം എൻറെയും'

2017 മാര്‍ച്ച് 8 വനിതാദിനത്തിന്റെ അന്ന് വകുപ്പുതല മേധാവിയായി ചുമതലയേറ്റ എന്റെ റിസര്‍ച്ച് ഗൈഡ് പ്രൊഫസര്‍ ഹണി ജോണിന്റെ ഓഫീസ് റൂമില്‍ സന്തോഷത്തോടെ ഞങ്ങളെല്ലാവരും ഒരുമിച്ചു കൂടിയിരുന്നു. ടീച്ചര്‍ക്ക് ആശംസകള്‍ നേരുന്നതിനിടയിലാണ് സുഹൃത്തിന്റെ ഫോണ്‍ വന്നത്. ഞാനെഴുതിയ ലെക്ചര്‍ പോസ്റ്റ് പരീക്ഷയുടെ, പിഎസ്‌സി റാങ്ക് ലിസ്റ്റ് പ്രസിദ്ധപ്പെടുത്തിയിട്ടുണ്ടെന്ന്. ജീവിതത്തില്‍ ഇനിയൊരു സര്‍ക്കാര്‍ ഉദ്യോഗം കിട്ടില്ല എന്നുറപ്പുള്ളതിനാല്‍ രാവും പകലുമില്ലാതെ പഠിച്ച് എഴുതിയ പരീക്ഷയാണ്. പോസ്റ്റുകള്‍ കുറവായതിനാല്‍ ഒന്നാം റാങ്ക് അല്ലെങ്കില്‍ രണ്ടാം റാങ്ക് നിര്‍ബന്ധമായും വേണമെന്ന് ആഗ്രഹിച്ചു പഠിച്ചതാണ്. ലഭിച്ചത് അഞ്ചാം റാങ്ക്. അധ്യാപനം ആയതിനാല്‍ അക്കാഡമിക് ഗ്രേഡ് എന്ന നൂലാമാലയുണ്ട്. ബി.ടെക്, എം.ടെക് മാര്‍ക്കുകള്‍ക്ക് ഒരു വെയിറ്റേജ് നല്‍കും. നിലവാരത്തകര്‍ച്ച ഭയന്നാവണം, കൊച്ചിന്‍ യൂണിവേഴ്‌സിറ്റിക്ക് അക്കാലഘട്ടത്തില്‍ മാര്‍ക്ക് തരാന്‍ എന്തോ വിഷമമാണ്.


എന്തുപറയേണ്ടൂ, അക്കാദമിക് ഗ്രേഡ് ചതിച്ചു. ബി.ടെക് കുസാറ്റില്‍ പഠിച്ച ഉന്നത നിലവാരക്കാരായ ഞങ്ങള്‍ക്ക് റാങ്ക് പിന്നിലായി. എനിക്ക് റാങ്ക് അഞ്ച്. തകര്‍ന്നു എന്നു പറഞ്ഞാല്‍ മതിയല്ലോ. ഞാനാകെ സങ്കടത്തില്‍ കരഞ്ഞു പോയി. വാക്കുകള്‍ പോലും മുറിഞ്ഞ് കരഞ്ഞുതളര്‍ന്ന എന്നെ എന്റെ ഗൈഡ് ഹണി ടീച്ചര്‍ ചേര്‍ത്തുനിര്‍ത്തി പറഞ്ഞു: ''സോനാ, നിന്നെക്കുറിച്ച് ദൈവത്തിന് വ്യക്തമായ പദ്ധതിയുണ്ട്. തളരരുത്. റിസര്‍ച്ച് പൂര്‍ത്തിയാക്കു.'' പ്രക്ഷുബ്ധമായ കടലുപോലെ ആകെ കുഴഞ്ഞു മറിഞ്ഞ എന്റെ മനസ്സിന് ആ സമയം അത് ഉള്‍ക്കൊള്ളാന്‍ പ്രയാസമായിരുന്നു. ഒപ്പം റിസര്‍ച്ച് ചെയ്യുന്ന രണ്ട് സുഹൃത്തുക്കള്‍ക്ക് 2017ല്‍ തന്നെ പോസ്റ്റിംഗ് ആയി. ഞാന്‍ എന്റെ ഗവേഷണം തുടര്‍ന്നു.


പ്രയാസങ്ങള്‍ നേരിടുന്ന അവസരങ്ങളില്‍ എന്റെ അമ്മ പറയാറുണ്ട്, ''നീ ഇരിക്കേണ്ട കസേരയില്‍ അതിന്റെ കൃത്യസമയത്ത് ദൈവം അതുനിനക്ക് തരും. നീ തന്നെ ഇരിക്കും. നിനക്കല്ല ആ കസേരയെങ്കില്‍ അത് നീ പ്രതീക്ഷിക്കേണ്ട. ദൈവത്തിന്റെ സമയത്തിനായി കാത്തിരിക്കുക.'' ചോദ്യങ്ങള്‍ ചോദിക്കാതെ, പരിഭവങ്ങളില്ലാതെ കാത്തിരിക്കുക എന്നത് ഒരു കൃപ തന്നെയാണ്.


2019 നോടടുത്ത് പോളിടെക്‌നിക് കോളേജുകളിലെ അധ്യാപക സീറ്റുകള്‍ പുന:നിര്‍ണയം ചെയ്ത അവസരത്തില്‍ ഞങ്ങളുടെ ബ്രാഞ്ചിന് പുതിയതായി അഞ്ച് സീറ്റുകള്‍ കൂടി വര്‍ധിപ്പിച്ചു. 2019 ജൂണില്‍ ഞാന്‍ അധ്യാപികയായി ജോലിയില്‍ പ്രവേശിച്ചു. ഈ അവസരത്തില്‍ എന്റെ ഗവേഷണം ഏകദേശം പൂര്‍ത്തിയാകാറായിട്ടുണ്ടായിരുന്നു. എന്നെക്കാള്‍ മുന്‍പ് ജോലിയില്‍

പ്രവേശിച്ചവര്‍ക്ക് ദൗര്‍ഭാഗ്യവശാല്‍ ഗവേഷണവും ജോലിയും ഒരുമിച്ചു മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കാതെ പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടി വന്നു. ഈ വിവരം അറിയുമ്പോഴാണ് ദൈവം എനിക്കായി കരുതിയതിന്റെ ആഴം മനസ്സിലാകുന്നത്. 2020ല്‍ ഗവേഷണ പ്രബന്ധം പൂര്‍ത്തീകരിച്ചു. 2021ല്‍ എനിക്ക് ഡോക്ടറേറ്റ് ലഭിക്കുകയും ചെയ്തു. എന്റെ പേരിന്റെ മുന്‍പില്‍ ഡോ. സോന എന്നെഴുതണമെന്ന് മരിച്ചുപോയ എന്റെ അപ്പന്റെ വലിയ സ്വപ്നവും കൂടിയാണ് അന്ന് പൂര്‍ത്തിയായത്. പി.എച്ച്.ഡി ഉള്ളതുകൊണ്ട് എന്റെ സര്‍വീ

സിലുള്ള ഗുണങ്ങള്‍ വളരെയേറെയുമാണ്. അതിനേക്കാള്‍ ഉപരി, വീടും കുട്ടികളും കരിയറും ജോലിയും എല്ലാം കൂടി കൊണ്ടുനടക്കുവാന്‍ പാടുപെടുന്ന, എന്റെ മുന്‍പില്‍ വരുന്ന സ്ത്രീകള്‍ക്ക് ആറുമക്കളുടെ അമ്മ കൂടിയായ എന്നെ ദൈവം എങ്ങനെ സഹായിച്ചുവെന്ന് പറയാന്‍ എനിക്ക് ഏറെ തീക്ഷ്ണതയായിരുന്നു. അവിടത്തെ കരം പിടിച്ചു മുന്നോട്ടു പോകണമെന്ന് പറയാനും എന്നാല്‍ കഴിയും വിധം അവര്‍ക്ക് ആത്മബലം നല്‍കാനും ദൈവം എന്നെ ജീസസ് യൂത്ത് ഫാമിലി സ്ട്രീമിലൂടെ ഉപയോഗിക്കുന്നു.


ചില സ്വപ്നങ്ങള്‍ അങ്ങനെയാണ്. കണ്ടു തുടങ്ങുമ്പോഴേക്കും മാഞ്ഞു പോകുന്നതായി തോന്നും. പക്ഷേ, എല്ലാത്തിനും അതിന്റേതായ സമയമുണ്ട്. കാത്തിരിക്കണം, ദൈവത്തിന്റെ സമയത്തിനായി. നമുക്കറിയാന്‍ പാടില്ലാത്ത വലിയ നന്മകള്‍ അവിടന്ന് നമുക്കായി കരുതിയിട്ടുണ്ട്. ''ദൈവത്തിന്റെ ശക്തമായ കരത്തിന്‍കീഴില്‍, നിങ്ങള്‍ താഴ്മയോടെ

നില്‍ക്കുവിന്‍. അവിടന്നു തക്കസമയത്തു നിങ്ങളെ ഉയര്‍ത്തിക്കൊള്ളും'' (1 പത്രോ 5, 6).


വേറെ ചില അവസരങ്ങളില്‍ നാം യോനയെ പോലെയാണ്. തന്റെ സ്വപ്നം താര്‍ഷീഷ്, പക്ഷേ ദൈവത്തിന്റെ ആഗ്രഹം നിനവേയും. മല്‍പിടിത്തം എത്ര നടത്തിയാലും നിനവേയ്ക്കു തന്നെ പോകേണ്ടിവരും. അതാണ്

വാസ്തവം. ജീവിതത്തില്‍ പ്രതിസന്ധികള്‍ നേരിടുന്നത് ഇങ്ങനെയുള്ള അവസരത്തിലാണ്. പ്രതിസന്ധികള്‍ ചില ഓര്‍മപ്പെടുത്തലാണ്. ഒന്നിരുന്ന് തമ്പുരാനോട് ചോദിക്കേണ്ട അവസരം. നടക്കേണ്ട വഴി ഇതുതന്നെ

യാണോ, അതോ കുറച്ചു കൂടി കാത്തിരിക്കണമോ? ചിലപ്പോള്‍ വഴിമാറി നടന്നേ പറ്റൂ.


എന്റെയൊരു സുഹൃത്ത് ഒരിക്കല്‍ സങ്കടം പറഞ്ഞു. എത്ര ശ്രമിച്ചിട്ടും ജോലിസ്ഥലത്ത് ഒന്നും ശരിയാകുന്നില്ല. ജോലിയില്‍ നിന്ന് കിട്ടുന്ന സംതൃപ്തി, അത് ലഭിക്കുന്നില്ല. എന്ത് ചെയ്യും? കുറച്ചധികം നാളായി ജോലി ചെയ്യുന്ന സ്ഥാപനം വിട്ടുപോരാനുള്ള പ്രയാസം കാരണം അവിടെ തുടരുന്ന അവളോട് മറ്റൊരു ജോലി നോക്കാന്‍ സമയമായോ എന്ന മറുചോദ്യത്തോടെ നേരിടാനാണ് എനിക്ക് തോന്നിയത്. പലപ്രാവശ്യത്തെ ആലോചനയ്ക്കും പ്രാര്‍ഥനയ്ക്കും ശേഷം കൈയിലുള്ളത് വിട്ടു പുതിയതിലേക്കുള്ള ചുവടുമാറ്റം സമാന്യം എളുപ്പമായിരുന്നില്ല അവള്‍ക്ക്. പക്ഷേ, പിന്നീടുണ്ടായ വ്യക്തിഗത സാമ്പത്തിക ഉന്നതി അവള്‍ ആഗ്രഹിച്ചതിലും അപ്പുറമായിരുന്നു.


ജീവിതത്തിന്റെ നിയോഗങ്ങള്‍ തിരിച്ചറിയാതെ ഓടിപ്പോയ മോശയെ പോലെയാണ് ചിലപ്പോള്‍ നമ്മള്‍. ദൈവം തീര്‍ച്ചയായും തിരികെ

കൊണ്ടുവരും. ദൈവത്തിന്റെ സ്വപ്നത്തിലേക്ക് നമ്മുടേതും ചേര്‍ത്തുവച്ചാല്‍ തിരിച്ചുവരവ് ആയാസരഹിതമാകും.


എന്റെ അനിയന്‍ സോബിന് പ്ലസ്ടു പഠന സമത്ത് വൈദികന്‍ ആകണം എന്ന ആഗ്രഹമുണ്ടായെങ്കിലും പിന്നീട് പല കാരണങ്ങളാല്‍ അവന്‍ പോയില്ല. തന്റെ ഡിഗ്രി പഠനത്തിനുശേഷം ഷാര്‍ജയില്‍ ജോലി ചെയ്യുന്ന സമയത്ത് ജീസസ് യൂത്തില്‍ സജീവമായി. പിന്നീട് ഇന്റര്‍നാഷണല്‍ ഫുള്‍ടൈമര്‍ ആയി ഒരു വര്‍ഷം ശ്രീലങ്കയില്‍ മിഷന്‍ ചെയ്തു. തിരിച്ചു വന്നതിനുശേഷം ജോലിക്ക് ശ്രമിച്ചിട്ട് അത്ര ശരിയാവുന്നില്ല. ആകെ ഒരു കണ്‍ഫ്യൂഷന്‍. എന്ത് ചെയ്യണമെന്നറിയാതെ കുഴഞ്ഞു നിന്ന അവന്‍, ആറുമാസത്തോളം തന്റെ ജീവിതവിളി തിരിച്ചറിയാന്‍ വ്യക്തിപരമായി പ്രാര്‍ഥിച്ചു തുടങ്ങി. ഇതിനിടയില്‍ 'പുര നിറഞ്ഞു' നില്‍ക്കുന്ന അവനുവേണ്ടി ഞങ്ങള്‍ വിവാഹ ആലോചനയും തുടങ്ങി. പക്ഷേ, ഞങ്ങളെ എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് ഒരു വൈദികനാകാന്‍ ആഗ്രഹിക്കുന്നു എന്ന കാര്യം അവന്‍ പറഞ്ഞു. മാത്രമല്ല കുറഞ്ഞ ദിവസത്തിനുള്ളില്‍ സെമിനാരി പഠനത്തിനായി പോവുകയും ചെയ്തു. സെമിനാരി പഠന കാലഘട്ടത്തില്‍ ഓരോ ദിവസവും വളരെ സന്തോഷത്തോടെയാണ് ഉണര്‍ന്നിരുന്നതെന്ന് അവന്‍ പറഞ്ഞിരുന്നതായി ഓര്‍ക്കുന്നു. പ്രതിസന്ധികള്‍ ധാരാളം ഉണ്ടായിരുന്നുവെങ്കിലും ഓരോഘട്ടത്തിലും കര്‍ത്താവിന്റെ ശക്തമായ കരവും പരിശുദ്ധ മറിയത്തിന്റെ മാധ്യസ്ഥ്യവും തിരിച്ചറിഞ്ഞിരുന്നു. ഇന്ന് ഫാ. സോബിനായി സേവനം ചെയ്യുന്നത് കാണുമ്പോള്‍ അന്ന് സെമിനാരിയില്‍ വിടാന്‍ എതിര്‍പ്പ് കാണിച്ച ബന്ധുക്കള്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും സന്തോഷമാണ്.


സ്വപ്നങ്ങള്‍ ഇല്ലെങ്കില്‍ ജീവിതം തന്നെ നിശ്ചലമാണ്. ജീവിതത്തില്‍ എല്ലാവര്‍ക്കും സ്വപ്നങ്ങള്‍ വേണ്ടതുതന്നെയാണ്. പഠനം, ജോലി, കുടുംബം അങ്ങനെ ജീവിതത്തെക്കുറിച്ച് എല്ലാ കാര്യങ്ങളിലും സ്വപ്നങ്ങള്‍ വേണം. ആഗ്രഹങ്ങള്‍ വേണം. ഏറ്റവും പ്രധാനം എന്നെക്കുറിച്ച് ദൈവത്തിനുള്ള സ്വപ്നങ്ങളും എന്റേതും ഒന്നാണോ എന്ന് ചിന്തിക്കുന്നതാണ്.

ഒന്നുതന്നെയെങ്കില്‍ ജീവിതം കൂടുതല്‍ സുന്ദരമാകും. പ്രശ്‌നങ്ങള്‍ കൂടുതല്‍ ഊര്‍ജത്തോടെ നേരിടാന്‍ പറ്റും. അത്ഭുതങ്ങള്‍ സംഭവിക്കും. എല്ലാവര്‍ക്കും സ്വപ്നങ്ങള്‍ ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു. അതിലുപരി ദൈവത്തിന്റെ സ്വപ്നങ്ങളാകട്ടെ എന്റേതും.


ഡോ. സോന സ്റ്റാന്‍ലി : ഗവണ്മെന്റ് പോളിടെക്‌നിക് കോളേജ് ലക്ച്ചറര്‍ ആയി സേവനം ചെയ്യുന്നു. ഭര്‍ത്താവ് സിജോയോടും ആറു മക്കളോടുമൊപ്പം എറണാകുളത്ത് വരാപ്പുഴയില്‍ താമസിക്കുന്നു. ജീസസ് യൂത്ത് ഇന്ത്യ നാഷണല്‍ ഫാമിലി ടീം മുന്‍ കോര്‍ഡിനേറ്റിംഗ് ഫാമിലിയാണ് സിജോയും സോനയും.


 
 
 

Comments


Kairos USA

Kairos INDIA

Kairos UK

     Kairos International Inc. 700 Louisiana St, Houston, TX. USA 77002

     Kairos Media, No 8/174, Navodaya Studio Complex, Thengod P.O, Cochin, Kerala, India. Pin: 682030

     Kairos Media, St Charles Street, Sheffield S9 3WU, United Kingdom

COPYRIGHT © 2021 KAIROS MEDIA, JESUS YOUTH

bottom of page