ദി മെയ് ഡ് | KAIROS MALAYALAM | JUNE 2026
- Kairos Media

- May 31
- 3 min read
ചക്രചുരുളി
അധികാരത്തിന്റെ അനീതിയും പ്രതികാരത്തിന്റെ കാവ്യനീതിയും

മുൻമൊഴി
ഇരുളും വെളിച്ചവും തമ്മിലുള്ള നിത്യസമരമാണ് മനുഷ്യചരിത്രം. എന്നാൽ, വെളിച്ചം അണയുന്നിടത്തല്ല, മറിച്ച് വെളിച്ചത്തിന്റെ അതിപ്രസരത്തിൽ കണ്ണ് മഞ്ഞളിച്ചുപോകുന്നിടത്താണ് പലപ്പോഴും വലിയ ക്രൂരതകൾ ഒളിപ്പിച്ചു വെക്കപ്പെടുന്നത്. ആഡംബരത്തിന്റെ സ്വർണ്ണനൂലുകൾ കൊണ്ട് തുന്നിക്കെട്ടിയ ഒരു കുടുംബത്തിന്റെ മാനം കാക്കാൻ, പാവപ്പെട്ടവന്റെ സ്വപ്നങ്ങളെ ബലികൊടുക്കുന്ന അധികാരത്തിന്റെ ക്രൂരമായ വിനോദമാണ് തായ് ചലച്ചിത്രമായ 'The Maid' (2020). ലീ തോങ്‌ഖാം സംവിധാനം ചെയ്ത ഈ ചിത്രം, ആവർത്തിക്കപ്പെടുന്ന പാപങ്ങളുടെയും അടങ്ങാത്ത പ്രതികാരത്തിന്റെയും ഒരു 'ചക്രച്ചുരുളി'യായി പ്രേക്ഷകമനസ്സിൽ പടരുന്നു.
ദുരൂഹതയുടെ ലവണരസം
കൊട്ടാരസമാനമായ ഒരു ആഡംബര ഭവനത്തിലേക്ക് ജോയ് എന്ന യുവതി വീട്ടുജോലിക്കായി എത്തുന്നതോടെയാണ് സിനിമയുടെ ആരംഭം. അവിടുത്തെ യജമാനന്മാരായ ഉമയും നിരാച്ചും തങ്ങളുടെ മകൾ നിധിയെ നോക്കാൻ വേണ്ടിയാണ് ജോയിയെ നിയമിക്കുന്നത്. എന്നാൽ ആ വീടിനുള്ളിൽ ശ്വാസംമുട്ടിക്കുന്ന ഏതോ നിഗൂഢതകൾ ഒളിഞ്ഞുനിൽക്കുന്നുണ്ടെന്ന് ജോയ് തിരിച്ചറിയുന്നു. നിധി എന്ന കൊച്ചുപെൺകുട്ടി തനിക്ക് ചുറ്റും മറ്റാരോ ഉണ്ടെന്ന് വിശ്വസിക്കുകയും അവരോട് സംസാരിക്കുകയും ചെയ്യുന്നു.
തനിക്ക് മുൻപ് അവിടെ ജോലി ചെയ്തിരുന്ന പ്ലോയ് എന്ന വേലക്കാരി ദുരൂഹസാഹചര്യത്തിൽ കാണാതായതാണെന്നും, അവളുടെ ആത്മാവ് നീതിക്കായി ആ വീട്ടിൽ അലയുന്നുണ്ടെന്നും ജോയ് കണ്ടെത്തുന്നു. പ്ലോയിയുടെ ആത്മാവ് ജോയിയോട് സംസാരിക്കാൻ തുടങ്ങുന്നതോടെ ആ കുടുംബത്തിന്റെ യഥാർത്ഥ മുഖം വെളിപ്പെടുന്നു. പ്ലോയിയും നിരാച്ചും തമ്മിലുള്ള ബന്ധവും, അതിന്റെ ഫലമായി ജനിച്ച കുട്ടിയാണ് നിധി എന്ന സത്യവും ജോയ് തിരിച്ചറിയുന്നു. തങ്ങളുടെ കുടുംബമഹിമ നിലനിർത്താൻ വേണ്ടി ഉമയും നിരാച്ചും ചേർന്ന് പ്ലോയിയെ ജീവനോടെ കുഴിച്ചുമൂടുകയായിരുന്നു. ഈ ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്ന ജോയ് വെറുമൊരു വേലക്കാരിയല്ലെന്നും, കൊല്ലപ്പെട്ട പ്ലോയിയുടെ അനിയത്തിയാണെന്നും വെളിപ്പെടുന്നതോടെ സിനിമയുടെ ഗതി മാറുന്നു. തന്റെ ചേച്ചിയുടെ മരണത്തിന് ഉത്തരവാദികളായ എല്ലാവരോടും അവൾ നടത്തുന്ന രക്തരൂഷിതമായ പ്രതികാരമാണ് സിനിമയുടെ ബാക്കി ഭാഗം.
അണിയറയിലെ കരവിരുത്
ഒരു സിനിമയെ മികച്ച ദൃശ്യാനുഭവമാക്കുന്നത് അതിന്റെ സാങ്കേതിക തികവാണ്. ഹൊറർ എന്ന വിഭാഗത്തെ സോഷ്യൽ ത്രില്ലറുമായി ചേർത്ത് പുതിയൊരു ശൈലി രൂപപ്പെടുത്താൻ സംവിധായകന് സാധിച്ചു. സിനിമയെ മൂന്ന് അധ്യായങ്ങളായി തിരിച്ചത് കഥപറച്ചിലിന് വലിയൊരു ആഴം നൽകി.
ഫീതിഫോൺ സാംപ്രസാന്റെ ഛായാഗ്രഹണം ഈ സിനിമയെ സുന്ദരവും വന്യവുമാക്കുന്നു. ചിത്രത്തിലെ ഓരോ ദൃശ്യവും ഒരു പെയിന്റിംഗ് പോലെയാണ്. ചുവപ്പ് നിറത്തിന്റെ സമൃദ്ധമായ ഉപയോഗത്തിലൂടെ ഭയത്തെയും പ്രതികാരത്തെയും ഒരുപോലെ പ്രതിഫലിപ്പിക്കാൻ ക്യാമറയ്ക്കായി. നിഴലുകളും വെളിച്ചവും തമ്മിലുള്ള കളി അന്തരീക്ഷത്തിലെ ഭീകരത വർദ്ധിപ്പിച്ചു. തായ് ചലച്ചിത്രരംഗത്തെ മികച്ച എഡിറ്റർമാരിൽ ഒരാളായ മനസ്സേ വോറാസിങ് സിനിമയുടെ മൂന്ന് അധ്യായങ്ങളെയും (Chapters) തമ്മിൽ കോർത്തിണക്കുന്നതിൽ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. ഫലാഷ്ബാക്കുകളെയും വർത്തമാനകാലത്തെയും തമ്മിൽ ഇഴചേർത്ത രീതി എടുത്തുപറയേണ്ടതാണ്. ഒട്ടും മടുപ്പിക്കാതെ, ഉദ്വേഗം നിലനിർത്തിക്കൊണ്ട് പ്രേക്ഷകനെ കഥയുടെ ചക്രച്ചുരുളിയിലേക്ക് വലിച്ചെറിയാൻ എഡിറ്റിംഗ് സഹായിച്ചു.
അഭിനയമെന്ന പരകായപ്രവേശം
കഥാപാത്രങ്ങളുടെ സങ്കീർണ്ണതയാണ് ഈ ചിത്രത്തിന്റെ ജീവൻ. ഈ സിനിമയിലെ നായികയായ ജോയ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് തായ്‌ലൻഡിലെ പ്രശസ്ത നടിയായ പ്ലോയ് സോനറിൻ ആണ്. സിനിമയുടെ ആധാരശില ഈ നടിയുടെ പ്രകടനമാണ്. ഒരു നിഷ്കളങ്കയായ വീട്ടുജോലിക്കാരിയിൽ നിന്നും പ്രതികാരദാഹിയായ കൊലയാളിയിലേക്കുള്ള അവളുടെ മാറ്റം അവിശ്വസനീയമായ മികവോടെയാണ് പ്ലോയ് അവതരിപ്പിച്ചത്. പ്രത്യേകിച്ച് സിനിമയുടെ ക്ലൈമാക്സ് രംഗങ്ങളിലെ അവളുടെ ഭാവമാറ്റങ്ങൾ പ്രേക്ഷകരെ അമ്പരപ്പിക്കും.
സവിക ചായ്‌ഡേജ് അവതരിപ്പിച്ച ഉമ എന്ന കഥാപാത്രവും നമ്മെ അതിശയിപ്പിക്കും. കുലീനതയുടെ മുഖംമൂടിക്കുള്ളിലെ ക്രൂരതയെ ഇത്രയും തന്മയത്വത്തോടെ അവതരിപ്പിച്ച മറ്റൊരു നടി ഉണ്ടാകില്ല. തീരപത് സജകുൽ നിറഞ്ഞാടിയ നിരാച്ച് അഭിനയത്തിന്റെ അച്ചടക്കലാവണ്യം എന്നതിന് ഒരു പാഠമാകുന്നു. കുറ്റബോധത്താൽ നീറുന്ന, എന്നാൽ ഭീരുവായ പുരുഷരൂപത്തെ അയാൾ മികച്ചതാക്കി. മാനസിക വിഭ്രാന്തികളും ഭയവും വേട്ടയാടുന്ന നിധി എന്ന കുട്ടിയായി കീറ്റ്പത് പോഞ്ചി അസാധാരണമായ പക്വതയോടെ കൈകാര്യം ചെയ്തു. ഇരയാക്കപ്പെട്ടവളുടെ വേദനയും ആത്മാവിന്റെ രോഷവും പ്ലോയിയുടെ കഥാപാത്രത്തിലൂടെ തകർത്തഭിനയിച്ച കന്നപോൺ പുവാടോൾ നമ്മെ വേട്ടയാടും.
ചക്രച്ചുരുളി
സിനിമയിലെ സംഭവവികാസങ്ങളെ 'ചക്രച്ചുരുളി' (Vicious Circle) എന്ന് വിശേഷിപ്പിക്കുന്നത് ഏറ്റവും അന്വർത്ഥമാണ്. അധികാരവും ആർത്തിയും ചേർന്ന് തീർത്ത ഈ ദുഷ്ടവലയത്തിൽ നിന്ന് ആർക്കും രക്ഷപ്പെടാനാവില്ല.
രഹസ്യങ്ങൾ മറച്ചുവെക്കൽ
സിനിമയിലെ പ്രധാന കുടുംബം തങ്ങളുടെ അന്തസ്സും പദവിയും നിലനിർത്താൻ വേണ്ടി ഭീകരമായ ഒരു കുറ്റകൃത്യം മറച്ചുവെക്കുന്നു. ഇവിടെ 'സാമൂഹിക ധാർമ്മികത' എന്ന വ്യാജേന അവർ സ്വന്തം ക്രൂരതയെ ന്യായീകരിക്കുകയാണ് ചെയ്യുന്നത്. ഒരു തെറ്റിനെ മറയ്ക്കാൻ കൂടുതൽ തെറ്റുകൾ ചെയ്യുന്നത് ധാർമ്മികമായി എത്രത്തോളം അധഃപതിച്ചതാണെന്ന് സിനിമ കാണിച്ചുതരുന്നു.
പ്രതികാരത്തിന്റെ നൈതികത
സിനിമയുടെ രണ്ടാം പകുതിയിൽ നായികയായ ജോയ് നടത്തുന്ന പ്രതികാരം പ്രേക്ഷകരിൽ ഒരു ധാർമ്മിക സംഘർഷം ഉണ്ടാക്കുന്നുണ്ട്: അവൾക്ക് നേരിട്ട അനീതിക്ക്, പകരം ചോദിക്കുന്നത് ശരിയാണെന്ന് നമുക്ക് തോന്നാം. എന്നാൽ അവൾ തിരഞ്ഞെടുക്കുന്ന വഴി അങ്ങേയറ്റം ക്രൂരവും രക്തരൂഷിതവുമാണ്. "അനീതിക്ക് ഇരയായ ഒരാൾക്ക് നിയമം കയ്യിലെടുക്കാൻ അവകാശമുണ്ടോ?" എന്ന പഴയ ധാർമ്മിക ചോദ്യം സിനിമ ഇവിടെ ഉയർത്തുന്നു.
അധികാരവും ചൂഷണവും
വീട്ടുജോലിക്കാരെ വെറും വസ്തുക്കളായി കാണുന്ന ഉയർന്ന വർഗ്ഗത്തിന്റെ മനോഭാവം സിനിമ കൈകാര്യം ചെയ്യുന്നുണ്ട്. പണവും അധികാരവും ഉള്ളവർക്ക് താഴ്ന്ന നിലയിലുള്ളവരുടെ ജീവിതത്തിന് മേൽ എന്ത് അധികാരമാണുള്ളത് എന്ന ചോദ്യം ഇതിലൂടെ വരുന്നു. ജോലിക്കാരോടുള്ള മോശം പെരുമാറ്റവും അവരെ ശാരീരികമായും മാനസികമായും ചൂഷണം ചെയ്യുന്നതും വലിയൊരു ധാർമ്മിക ലംഘനമായാണ് സിനിമ അടയാളപ്പെടുത്തുന്നത്.
കുറ്റകരമാകുന്ന മൗനം
ആ വീട്ടിലെ പലർക്കും അവിടെ നടന്ന ക്രൂരതകളെക്കുറിച്ച് അറിവുണ്ടായിട്ടും അവർ നിശബ്ദത പാലിക്കുന്നു. ഒരു കുറ്റകൃത്യം നേരിട്ട് ചെയ്യുന്നതും അത് കണ്ടിട്ടും മിണ്ടാതിരിക്കുന്നതും ഒരുപോലെ തെറ്റാണെന്ന വലിയൊരു ധാർമ്മിക പാഠം ഇതിലുണ്ട്.
പിൻമൊഴി
ചുരുളഴിയുന്തോറും മുറുകുന്ന ഒരു കയർ പോലെയാണ് ഈ ചിത്രം. അനീതിയുടെ വിത്തുകൾ പാകുന്നവർ പ്രതികാരത്തിന്റെ വിളവെടുപ്പ് നടത്തേണ്ടി വരുമെന്ന പ്രപഞ്ചസത്യം ഇതോർമ്മിപ്പിക്കുന്നു. അധികാരത്തിന്റെ മട്ടുപ്പാവുകളിൽ ഇരുന്ന് താഴെയുള്ളവനെ കാണാതിരിക്കുന്നവർക്ക് കാലം കാത്തുവെക്കുന്ന തിരിച്ചടിയാണ് ഇതിലെ ഓരോ ചോരത്തുള്ളിയും. വരേണ്യവർഗ്ഗത്തിന്റെ വീഴ്ചയും ഇരയുടെ ഉയിർത്തെഴുന്നേൽപ്പും അടയാളപ്പെടുത്തുന്ന ഈ ചക്രച്ചുരുളി ഒടുവിൽ അവസാനിക്കുന്നത് നീതിയുടെയും രോഷത്തിന്റെയും പടഹധ്വനികളോടെയാണ്. ഒരു സിനിമ എന്നതിലുപരി, മനുഷ്യമനസ്സിന്റെ ഇരുളടഞ്ഞ കോണുകൂളിലേക്കുള്ള ഒരു സഞ്ചാരമാണിത്.
ഒരു അപായമുന്നറിയിപ്പിന്റെ നടുക്കം
ഈ ചിത്രം അവസാനിക്കുന്ന രംഗത്ത് മറ്റൊരു വീട്ടിൽ വേലക്കാരിയായി ജോലിക്കെത്തുന്ന ജോയ് കാണുന്നത് അവിടുത്തെ യജമാനത്തിയുടെ കഴുത്തിലെ മർദ്ദനമേറ്റ പാടുകൾ! അവളുടെ കൈകളിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്ന പുരുഷന്റെ ഫോട്ടോയിലേക്ക് നോക്കി ജോയ് വന്യമായ ഒരു ചിരി ചിരിക്കുന്നു. ഇവ രണ്ടുംകൂടി ഭാവിയിലേക്ക് നീളുന്ന നീതിനിരാസത്തിന്റെയും ഹിംസയുടെയും ചക്രച്ചുരുളിയുടെ അപായസൂചനയായി, ഒരു ഭീഷണിയായി പ്രേക്ഷകനെ നടുക്കിക്കളയുന്നു!
ശരത് വെൺപാല



Comments