top of page
Search

തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ അനുകരണീയമായ ഒരു മാതൃക | KAIROS MALAYALAM | JUNE 2026

  • Writer: Kairos Media
    Kairos Media
  • May 31
  • 2 min read

2026 ലെ നിയമസഭാ തിരഞ്ഞെടുപ്പ്, പ്രചാരണത്തെ സംബന്ധിച്ച് പല മുൻവിധികളെയും മാറ്റിമറിക്കുന്നതായി മാറി. മണ്ഡലത്തിന്റെ മുക്കിലും മൂലയിലും വരെ സ്ഥാനാർത്ഥിയുടെ ഫ്ലെക്സ് ബോർഡുകൾ, കട്ടൗട്ടുകൾ, ബാനറുകൾ, ഹോർഡിംഗുകൾ തുടങ്ങി എവിടെ തിരിഞ്ഞു നോക്കിയാലും ജനത്തിന്റെ കണ്ണിൽപ്പെടണം എന്നതാണ് ഒരു കാഴ്ചപ്പാട്. ഇത്തരം പ്രകടനത്തിലൂടെ മണ്ഡലത്തിൽ നിറഞ്ഞുനിൽക്കുന്ന സ്ഥാനാർത്ഥിയായി മാറുന്നു. ഇതിനുപുറമെ ഒരുപാട് വാഹനങ്ങളും ആളുകളുമായി മണ്ഡലം ഇളക്കിമറിക്കുന്നു. എല്ലാ വഴികളിലൂടെയും വാഹനത്തിൽ മൈക്ക് അനൗൺസ്മെന്റ് നടത്തുന്നു. ഏകദേശം ഒരു കോടിയോളം രൂപ ചിലവ് വരും എന്നാണ് അനൗദ്യോഗിക ഭാഷ്യം. നാഷണൽ ഹൈവേയിൽ ആകാശം മുട്ടെയുള്ള ഹോർഡിംഗുകൾ കണ്ടാൽ ജനം വലയിൽ വീഴുമെന്ന് കരുതിയവരുമുണ്ട്. ജനത്തിനുവേണ്ടി മുൻപ് ചെയ്ത കാര്യങ്ങൾ മാധ്യമങ്ങളിലൂടെ പരസ്യം ചെയ്യുന്നവരും പണക്കൊഴുപ്പിൽ ജയിച്ചു കയറാം എന്ന് വിചാരിക്കുന്നവരും പരാജയത്തിന്റെ രുചിയറിഞ്ഞ തിരഞ്ഞെടുപ്പാണ് കടന്നുപോയത്. എന്നാൽ ഒരു എം.എൽ.എയുടെ തിരഞ്ഞെടുപ്പ് പ്രചാരണം എല്ലാ രാഷ്ട്രീയക്കാർക്കും അനുകരിക്കാവുന്നതും പ്രകൃതിക്ക് ദോഷം വരുത്താത്തതും ഏറെ ധനലാഭം ഉണ്ടാക്കുന്നതുമാണ്. പുതുപ്പള്ളി മണ്ഡലത്തിൽ മത്സരിച്ച ചാണ്ടി ഉമ്മന്റെ തിരഞ്ഞെടുപ്പ് പ്രചാരണമാണ് ഇവിടെ പരാമർശിക്കുന്നത്. ഊടുവഴികളിലൂടെയും റോഡുകളിലൂടെയും സാധാരണ സൈക്കിളിൽ യാത്ര ചെയ്ത് അദ്ദേഹം വോട്ട് അഭ്യർത്ഥിച്ചു. വലിയ ചിലവ് വരുന്ന കൊട്ടിക്കലാശം ഒഴിവാക്കി. വെറും 21 ലക്ഷം രൂപയുടെ ചിലവിൽ ചാണ്ടി ഉമ്മൻ മണ്ഡലം സ്വന്തമാക്കി. ഫണ്ട് കിട്ടിയതിൽ ബാക്കി 79 ലക്ഷം രൂപ മിച്ചം ഉണ്ടെന്ന് പ്രസ്താവിച്ചു. അത് പാവങ്ങൾക്ക് ഭവന നിർമ്മാണത്തിന് നൽകുമെന്ന് അറിയിച്ചിരിക്കുന്നു. ഈ കണക്ക് നോക്കിയാൽ വെറും 30 കോടി രൂപയ്ക്ക് കേരളത്തിലെ തിരഞ്ഞെടുപ്പ് ചിലവുകൾ തീരും. ഏകദേശം 110 കോടിയോളം രൂപ മിച്ചം ഉണ്ടാകും. ആകാശം മുട്ടെയുള്ള ഹോർഡിംഗുകളും മാധ്യമ പരസ്യവും ഒക്കെയാകുമ്പോൾ ഇതിലും കൂടുതൽ തുക വരും. ഇതിലൂടെ പരിസ്ഥിതി മലിനീകരണത്തിന് വളരെയധികം കുറവ് വരുന്നു.


പ്രചാരണത്തിന് കൊഴുപ്പ് കൂടിയാൽ വോട്ട് കൂടുതൽ കിട്ടുമെന്നുള്ള തെറ്റായ നിഗമനങ്ങൾ ഇനിയെങ്കിലും മാറണം. ജനത്തിന്റെ മനസ്സറിയുന്നവരും ചേർന്നു നിൽക്കുന്നവരും അവരുടെ പ്രശ്നങ്ങൾക്ക് പരിഹാരത്തിന് ശ്രമിക്കുന്നവരും തിരഞ്ഞെടുക്കപ്പെടും. "താൻ യോഗ്യനാണ് അതിനാൽ വോട്ട് നൽകി ജയിപ്പിച്ചേ തീരൂ" എന്ന് പറയുന്നവരോട് ജനത്തിന് പുച്ഛമാണ്. ഒന്നാഞ്ഞു ശ്വാസം വിട്ടാൽ പോലും ക്യാമറ കണ്ണുകൾ ഒപ്പിയെടുക്കുന്ന ഈ നവമാധ്യമ കാലഘട്ടത്തിൽ, പെരുമാറ്റത്തിലും സംസാരത്തിലും എത്രമാത്രം സൂക്ഷ്മത പുലർത്തേണ്ടതുണ്ടെന്ന കാര്യവും സ്ഥാനാർത്ഥികൾ മനസ്സിലാക്കിയിരിക്കുന്നു.


സർക്കാരിന്റെ പണം എടുത്ത് നൽകുന്നത് സ്വന്തം കയ്യിൽ നിന്നാണെന്ന് വിചാരിക്കുന്നവരും, എന്തെങ്കിലും കാര്യം നടത്തിക്കൊടുത്താൽ എന്നും അടിമയായി കഴിയണമെന്ന് ചിന്തിക്കുന്നവരും ജനാധിപത്യത്തിൽ വിശ്വസിക്കുന്നവരല്ല.


ഒരു പേരിൽ എന്തിരിക്കുന്നു...!


ഒരു പേരിൽ എന്തിരിക്കുന്നുവെന്ന് പണ്ടുമുതലേ കേൾക്കാറുള്ള കാര്യമാണ്. എന്നാൽ ഇപ്പോൾ പേരും പ്രശ്നമാണ്. ഭരണത്തിൽ കയറുന്നവർ തങ്ങളുടെ മതത്തിൽ പെട്ടവരാകണം, ന്യൂനപക്ഷത്തിൽപ്പെട്ട ആരും ഉയർന്നു പോകരുത് എന്ന ചിന്താഗതിയുണ്ട്. മുൻകാലത്തേക്കാളുപരി ജാതിമത ചിന്തകൾ വർദ്ധിച്ചു വരുന്നുണ്ടോ എന്ന് സംശയിക്കണം.ജോസഫ്' എന്ന പേരിനെ ഭയപ്പെടുന്നവർ ധാരാളമുണ്ട്. ലോകമെങ്ങും തിരിഞ്ഞു നോക്കിയാൽ ക്രിസ്ത്യൻ ഐഡന്റിറ്റി പ്രദർശിപ്പിക്കാൻ പറ്റിയ ഏറ്റവും പ്രാധാന്യമുള്ള പേരാണ് ജോസഫ് എന്നത്. താരരാജാവ് ആയപ്പോഴും തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയപ്പോഴും ഈ പേര് പലർക്കും അസ്വസ്ഥത നൽകിയിരുന്നു. എന്നാൽ സംസ്ഥാനത്തിന്റെ ഭരണത്തലവൻ എന്ന വിശേഷ പദവിയിൽ എത്തിയപ്പോൾ അടിവരയിട്ട് "ജോസഫ് വിജയ് എന്ന് ഞാൻ..." എന്ന് അദ്ദേഹം എടുത്തു പറഞ്ഞു. തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് എല്ലാത്തരത്തിലും ചരിത്രം തിരുത്തിക്കുറിച്ചു.തമിഴ്‌നാട്ടിൽ ഇവാഞ്ചലിസ്റ്റ് ഭരണമെന്ന് പറഞ്ഞ് ഉറഞ്ഞുതുള്ളുകയാണ് സമൂഹമാധ്യമങ്ങളിൽ ഹിന്ദുത്വ ശക്തികൾ. രാജ്യത്തെ മതരാഷ്ട്രമാക്കി തീർക്കാൻ വെമ്പുന്നവർക്ക് സന്തോഷമുള്ള കാര്യമല്ല തമിഴ്‌നാട്ടിൽ സംഭവിച്ചത്. ജനങ്ങൾ ഒരു മാറ്റം ആഗ്രഹിച്ചു. അവരുടെ ആഗ്രഹങ്ങളെ സാക്ഷാത്കരിക്കാൻ കഴിവുണ്ടെന്ന് കണ്ടെത്തിയ ആളെ അവർ തിരഞ്ഞെടുത്തു. മതം തലയ്ക്ക് പിടിച്ച ചിലർക്ക് അത് ദഹിക്കാതെ പോയി.

ഭാരതം പോലുള്ള ഒരു ബഹുസ്വര സമൂഹത്തിൽ മതപ്രീണനം മുഖമുദ്രയായി എടുത്തവരല്ല നേതൃത്വത്തിലേക്ക് വരേണ്ടത്. എല്ലാവരെയും ഒരുപോലെ കാണാൻ കഴിവുള്ളവരാകണം. ഉന്നത സ്ഥാനത്തേക്ക് കടന്നു വരുന്നവർ ഞങ്ങളുടെ മതത്തിൽ പെട്ടവർ മാത്രമായിരിക്കണമെന്ന് വാശിപിടിക്കുന്നവർ ജനാധിപത്യത്തിനു കളങ്കമാണ് വരുത്തുന്നത്. പ്രബുദ്ധരായ ജനങ്ങൾക്ക് ഈ പ്രാവശ്യം ഇക്കാര്യം മനസ്സിലായി.


യന്ത്രങ്ങൾ മനുഷ്യനെ കീഴടക്കിയാൽ


മനുഷ്യന് സാധ്യമായതോ ഏറെക്കാലം എടുത്ത് ചെയ്തിരുന്നതോ ആയ പല കാര്യങ്ങളും ഇന്ന് യന്ത്രങ്ങളാണ് കൈകാര്യം ചെയ്യുന്നത്. യന്ത്രങ്ങളും യന്ത്രമനുഷ്യനും മനുഷ്യന് ഒട്ടേറെ ആശ്വാസമാണ് നൽകുന്നത്. മുമ്പ് മനുഷ്യൻ ചെയ്തിരുന്ന പല ജോലികളും റോബോട്ടുകൾ ഏറ്റെടുത്തപ്പോൾ ഒരുപാട് ജോലിനഷ്ടം മനുഷ്യനുണ്ടായി. എന്നാൽ ഇവയെ നിയന്ത്രിക്കാനുള്ള ബുദ്ധിശക്തിക്ക് മനുഷ്യൻ ആവശ്യമായി വന്നു. ഒരു ഭാഗത്ത് ജോലി നഷ്ടമുണ്ടായപ്പോൾ പുതിയൊരു തരം ജോലി രൂപപ്പെട്ടു.

എന്നാൽ മനുഷ്യബുദ്ധി ഒരു പരിധി വരെ യന്ത്രത്തിലേക്ക് കൈമാറ്റം ചെയ്തപ്പോൾ നഷ്ടപ്പെടുന്ന ജോലികൾക്ക് പരിഹാരം ഇല്ലാതെ വരുമെന്നും ഭയപ്പെടേണ്ടതുണ്ട്. നിർമിത ബുദ്ധിയുടെ മുന്നോട്ടുള്ള വളർച്ച മനുഷ്യരാശിയെ ഏത് വിധത്തിൽ ബാധിക്കുമെന്ന് ഒരറ്റത്തും പിടികിട്ടാത്ത നിലയിലാണ്. താമസിയാതെ തന്നെ ജോലി സാധ്യതകൾ വലിയ മാറ്റുമറിച്ചിലുകൾക്ക് വിധേയമാകും. വിദ്യാഭ്യാസത്തിന്റെയും ജോലിയുടെയും രീതികൾ മാറിമറിയും. ഇതിനിടയിൽ വ്യക്തവും യുക്തവുമായ തീരുമാനങ്ങൾ എടുക്കാൻ പുതുതലമുറയ്ക്ക് ഏറെ ക്ലേശിക്കേണ്ടി വരാം.



സണ്ണി കോക്കാപ്പിള്ളിൽ


 
 
 

Comments


Kairos USA

Kairos INDIA

Kairos UK

     Kairos International Inc. 700 Louisiana St, Houston, TX. USA 77002

     Kairos Media, No 8/174, Navodaya Studio Complex, Thengod P.O, Cochin, Kerala, India. Pin: 682030

     Kairos Media, St Charles Street, Sheffield S9 3WU, United Kingdom

COPYRIGHT © 2021 KAIROS MEDIA, JESUS YOUTH

bottom of page