top of page

തുടരും | എഡിറ്റേഴ്‌സ് റൂം | അഡ്വ. കെ.ജെ. ജോണ്‍സണ്‍ | KAIROS MALAYALAM | JUNE 2025

Writer: അഡ്വ. കെ.ജെ. ജോണ്‍സണ്‍
അഡ്വ. കെ.ജെ. ജോണ്‍സണ്‍
Nov 11
2 min read

മകന്റെ വിവാഹമോചന കേസുമായി ബന്ധപ്പെട്ടാണ് ഡേവിഡിനേയും ഭാര്യ ലിസിയേയും ആദ്യം പരിചയപ്പെടുന്നത്. മകന്റെ ദാമ്പത്യ തകര്‍ച്ചയില്‍ ഹൃദയം തകര്‍ന്നിരുന്നുവെങ്കിലും പ്രസന്നവദനരായിരുന്നു അവര്‍. നല്ല സാമ്പത്തിക സാമൂഹിക ചുറ്റുപാടില്‍ ജീവിക്കുന്ന അവര്‍ക്ക് ഈ പ്രതിസന്ധി വളരെ വേദനാജനകമായിരുന്നു. 'സാറേ ഏത് പ്രതിസന്ധിയിലും ഞങ്ങളെ സംരക്ഷിക്കുന്ന ഒരു ദൈവം ഞങ്ങള്‍ക്കുണ്ട്. അവിടന്ന് പരിഹാരം കാണുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു.' ദൈവിക പരിപാലനയിലുള്ള ആശ്രയം അവരുടെ ആ ഉറച്ച വാക്കുകളില്‍ ഉണ്ടായിരുന്നു. നാളുകള്‍ക്കു ശേഷം മറ്റൊരു മകന്റെ കുഞ്ഞിനെ അര്‍ബുദത്തിന്റെ ലക്ഷണങ്ങള്‍ കാണിച്ചപ്പോള്‍ നല്ല ചികിത്സ ലഭ്യമാകുന്ന ആശുപത്രികളെ കുറിച്ചറിയാന്‍ അദ്ദേഹം വീണ്ടും വിളിച്ചു. അന്നും അദ്ദേഹം പറഞ്ഞതിതാണ്. 'എന്റെ ദൈവം എന്നെ സംരക്ഷിക്കും, ഈ കുഞ്ഞിനെ സൗഖ്യമാക്കും.' സങ്കടത്തിന്റെ കയത്തില്‍ നില്‍ക്കുമ്പോഴും ദൈവത്തിലുള്ള അദ്ദേഹത്തിന്റെ വിശ്വാസം എന്നെ വിസ്മയിപ്പിച്ചു. വര്‍ഷങ്ങള്‍ക്കുശേഷം അദ്ദേഹത്തിന്റെ ഭാര്യയ്ക്കും അര്‍ബുദം ബാധിച്ച്

നീണ്ട ചികിത്സയിലാണെന്നറിഞ്ഞു. ഭാര്യയുടെ എല്ലാ കാര്യങ്ങളും വളരെ കരുണയോടും സ്‌നേഹത്തോടും നോക്കുന്ന അദ്ദേഹത്തെ ഞാന്‍ കണ്ടു. അദ്ദേഹം എന്നോട് പറഞ്ഞു, 'സാറേ ഇതൊന്നും ഇപ്പോള്‍ അവസാനിക്കുമെന്ന് തോന്നുന്നില്ല. ഇനിയും ഇത് തുടരും. പക്ഷേ, ഞങ്ങളുടെ ദൈവം ഞങ്ങളെ ചേര്‍ത്തുപിടിക്കുന്നത് ഞാന്‍ അനുഭവിക്കുന്നുണ്ട്.'


മരണത്തിന്റെ നിഴല്‍ വീണ താഴ്‌വരയിലൂടെയാണ് ഞാന്‍ നടക്കുന്നതെങ്കിലും അവിടന്ന് കൂടെയുള്ളതിനാല്‍ ഞാന്‍ ഭയപ്പെടുകയില്ല (സങ്കീ 23, 4) എന്ന സങ്കീര്‍ത്തകന്റെ ആത്മവിശ്വാസം ജീവിതത്തില്‍ പതിഞ്ഞ് ഉറപ്പിക്കേണ്ട ചൈതന്യമാണ്.


പ്രതിസന്ധികളെ ഭയപ്പെടണമോ അതോ ദൈവത്തെ വിശ്വസിക്കണമോ? ഈ ചോദ്യം ഏത് സമയത്തും സ്വയം ചോദിക്കേണ്ടതാണ്. 'എന്റെ ദൈവം' എന്ന വ്യക്തിപരമായ അനുഭവത്തിലേക്ക് ജീവിതത്തിന്റെ കേന്ദ്രീകരണം മാറ്റുന്നതാണ് ഈ ആശ്രയബോധത്തിന്റെ കാതല്‍.


രാവിലെ മുതല്‍ രാത്രി വരെയുള്ള ജീവിതയാത്രയിലെ യാതനകളില്‍ തെളിഞ്ഞു കാണേണ്ട മുഖമാണ് ക്രിസ്തു. മനസ്സിനെ ലഘുവാക്കുന്നതും കൂടെ നടക്കുന്ന ദൈവത്തിന്റെ ആത്മാവിനെ ആശ്രയിക്കുകയും സ്വന്തമാക്കുകയും ചെയ്യുമ്പോഴാണ് എന്റെ ദൈവം എന്ന വ്യക്തിപരമായ അനുഭവം എന്നില്‍ പ്രവര്‍ത്തനനിരതമാകുന്നത്. ജീവിതത്തില്‍ ഉണ്ടാകുന്ന സുഖദുഃഖങ്ങള്‍ക്കു കാരണം ഞാനാണെന്നോ മറ്റുള്ളവരാണെന്നോ ചിന്തിക്കുന്നിടത്തുനിന്ന്, അത് എന്റെ ദൈവത്തിന്റെ ഇടപെടലാണ് എന്ന് ചിന്തിക്കാന്‍ ഇടവരുത്തും. ദൈവത്തിന്റെ ഇടപെടല്‍ ഒരു സമയത്ത് മാത്രമുള്ളതല്ല, അത് ഏത് സമയത്തും തുടരുന്നതാണ്. ഇരുപത്തിമൂന്നാം സങ്കീര്‍ത്തനം നല്‍കുന്ന പ്രത്യാശയും ഇതാണ്:


''കര്‍ത്താവാണ് എന്റെ ഇടയന്‍; എനിക്കൊന്നിനും കുറവുണ്ടാവുകയില്ല. പച്ചയായ പുല്‍ത്തകിടിയില്‍ അവിടന്ന് എനിക്കു വിശ്രമമരുളുന്നു; പ്രശാന്തമായ ജലാശയത്തിലേക്ക് അവിടന്ന് എന്നെ നയിക്കുന്നു. അവിടന്ന് എനിക്ക് ഉന്മേഷം നല്‍കുന്നു; തന്റെ നാമത്തെപ്രതി നീതിയുടെ പാതയില്‍ എന്നെ നയിക്കുന്നു. മരണത്തിന്റെ നിഴല്‍വീണ താഴ്‌വരയിലൂടെയാണുഞാന്‍ നടക്കുന്നതെങ്കിലും, അവിടന്നു കൂടെയുള്ളതിനാല്‍ ഞാന്‍ ഭയപ്പെടുകയില്ല; അങ്ങയുടെ ഊന്നുവടിയും ദണ്ഡും എനിക്ക് ഉറപ്പേകുന്നു. എന്റെ ശത്രുക്കളുടെ മുന്‍പില്‍ അവിടന്ന് എനിക്കു വിരുന്നൊരുക്കുന്നു; എന്റെ ശിരസ്സു തൈലംകൊണ്ട് അഭിഷേകം ചെയ്യുന്നു; എന്റെ പാനപാത്രം കവിഞ്ഞൊഴുകുന്നു. അവിടത്തെ നന്മയും കരുണയും ജീവിതകാലം മുഴുവന്‍ എന്നെ അനുഗമിക്കും; കര്‍ത്താവിന്റെ ആലയത്തില്‍ ഞാന്‍ എന്നേക്കും വസിക്കും.''



കെയ്റോസ് മലയാളം മാസികയുടെ ചീഫ് എഡിറ്റർ. ഇരിങ്ങാലക്കുട സ്വദേശി. ഭാര്യ ഡോ. സെൽബിയ. നാല് മക്കൾ

 
 
 

Comments


Kairos USA

Kairos INDIA

Kairos UK

     Kairos International Inc. 700 Louisiana St, Houston, TX. USA 77002

     Kairos Media, No 8/174, Navodaya Studio Complex, Thengod P.O, Cochin, Kerala, India. Pin: 682030

     Kairos Media, St Charles Street, Sheffield S9 3WU, United Kingdom

COPYRIGHT © 2021 KAIROS MEDIA, JESUS YOUTH

bottom of page