top of page
Search

തട്ടുകട | KAIROS MALAYALAM | MARCH 2026

  • Writer: Kairos Media
    Kairos Media
  • May 30
  • 2 min read

കുടുംബശ്രീയുടെ സഹായത്തോടെ പുതിയ തട്ടുകട തുടങ്ങുന്ന കാര്യം അമ്മ കൂട്ടുകാരോട് അമ്മ പറയുന്നത് ജിയക്കുട്ടിയും ജോക്കുട്ടനും ഏറെ സന്തോഷത്തോടെയാണ് കേട്ടുകൊണ്ടിരുന്നത്. തയ്യാറെടുപ്പുകൾ കഴിഞ്ഞു, അടുത്തയാഴ്ച കട തുറക്കുകയാണ്. അസുഖം വന്നു പപ്പ മരിച്ചതിനു ശേഷം ഒന്നാം ക്ലാസിൽ പഠിക്കുന്ന ജിയക്കുട്ടിയെയും നാലാം ക്ലാസിൽ പഠിക്കുന്ന ജോക്കുട്ടനെയും അമ്മയാണ് നോക്കുന്നത്.


അങ്ങനെ കാത്തുകാത്തിരുന്ന ആ ദിവസം വന്നെത്തി. ഒരു ശനിയാഴ്ച ദിവസം അവർ കട തുറന്നു. അവധി ദിനങ്ങളിൽ മക്കൾ രണ്ടുപേരും അമ്മയോടൊപ്പം കടയിലുണ്ടാകും. മറ്റു ദിവസങ്ങളിൽ പഠനവുമൊക്കെയായി രണ്ടുപേരും വീട്ടിൽ തന്നെയിരിക്കും. വൈകിട്ട് മൂന്നുമണി മുതൽ സന്ധ്യാസമയം ഏഴുമണി വരെയാണ് കടയുടെ പ്രവർത്തനം. ഏഴുമണിയായിട്ടും അമ്മയെ കാണാതിരുന്നാൽ അവർക്കറിയാം തിരക്കുള്ളതിനാലാണ് അമ്മ വൈകുന്നതെന്ന്. അപ്പോൾ രണ്ടുപേരും വീട്ടിൽ നിന്ന് കടയിലേക്ക് ചെല്ലും. അമ്മയെ സഹായിച്ച് എല്ലാവരും ഒരുമിച്ച് വീട്ടിലേക്ക് മടങ്ങും. സ്കൂളിൽ ചെന്ന് രണ്ടുപേരും അവരുടെ ക്ലാസിലെ കുട്ടികളോടും ടീച്ചർമാരോടും പുതിയ കടയുടെ വിശേഷങ്ങളൊക്കെ പറഞ്ഞു. അതുകൊണ്ടാവാം വൈകുന്നേരങ്ങളിൽ സ്കൂളിലെ ചില അധ്യാപികമാർ കടയിൽ വന്ന് ചെറുകടികൾ വാങ്ങി മടങ്ങും. ജിയക്കുട്ടിയുടെ അമ്മയുമായി വിശേഷങ്ങളൊക്കെ പറഞ്ഞിട്ടാണ് അവർ കടയിൽ നിന്ന് മടങ്ങുക. കട തുടങ്ങിയ കാര്യം മക്കൾ സ്കൂളിൽ പറഞ്ഞത് അമ്മയ്ക്ക് സന്തോഷം നൽകി. മാത്രമല്ല മക്കൾ പറഞ്ഞതനുസരിച്ച് സ്കൂളിലുള്ള അധ്യാപകർ മുഴുവൻ ഈ വിവരമറിഞ്ഞു. എല്ലാ മാസവും നടക്കുന്ന സ്റ്റാഫ് മീറ്റിംഗിനും ഇടയ്ക്കുള്ള പാരന്റ്സ് മീറ്റിംഗിനും നൽകാനുള്ള ചായയും സ്നാക്സും ഇവരുടെ കടയിൽ നിന്നുതന്നെ കൊണ്ടുവന്നു തരണമെന്നും സ്കൂളിൽ നിന്ന് പറഞ്ഞേൽപ്പിച്ചു. ജിയക്കുട്ടിയുടെയും ജോക്കുട്ടന്റെയും കുടുംബത്തിന് അത് വലിയൊരു ആശ്വാസമായിരുന്നു.


നാളുകൾ കഴിഞ്ഞപ്പോൾ, വൈകുന്നേരം കടയിൽ തിരക്കായി, അങ്ങനെ അമ്മയ്ക്ക് ഒറ്റയ്ക്ക് നടത്താൻ കഴിയാതെ വന്നപ്പോൾ കുടുംബശ്രീ കൂട്ടായ്മയിൽ നിന്ന് കൂട്ടുകാരിൽ ഒരാളെയും അമ്മ കൂടെ കൂട്ടി. ദൈവാനുഗ്രഹത്താൽ ഇവരുടെ തട്ടുകട കൂടുതൽ സജീവമായി. കാരണം തൊട്ടടുത്തുതന്നെയായിരുന്നു ഇവരുടെ ഇടവക പള്ളിയും. കട തുടങ്ങിയ വിശേഷങ്ങൾ കുടുംബയൂണിറ്റിലും അതുവഴി ഇടവകയിലും ആളുകളറിഞ്ഞു. പള്ളിയിൽ എല്ലാ ഞായറാഴ്ചയും നടക്കാറുള്ള പല ഗ്രൂപ്പുകളുടെ മീറ്റിംഗുകളിലും ആവശ്യമായ ചായയും കടികളും എത്തിച്ചു നൽകാനുള്ള ഓർഡറും ഇവർക്ക് ലഭിച്ചു. ഞായറാഴ്ച കട അവധിയാണെങ്കിലും ഓർഡർ ഉള്ളപ്പോൾ അതെല്ലാം കൃത്യമായി മീറ്റിംഗ് സമയത്ത് പള്ളിയിൽ എത്തിച്ചിരുന്നു.


നാളുകൾ പലതു കഴിഞ്ഞു. കടയിൽ തിരക്ക് കൂടി സഹായത്തിനായി വീണ്ടും ആളുകളെ കൂട്ടേണ്ടിവന്നു. അങ്ങനെ കുടുംബശ്രീ കൂട്ടായ്മയിൽ നിന്ന് ലോണെടുത്ത് തൊട്ടടുത്തുതന്നെയുള്ള ഒരു കടമുറി വാടകയ്ക്കെടുത്ത് തട്ടുകട അവിടെ പുതുതായി പ്രവർത്തനം ആരംഭിച്ചു. പുതിയ കടയിൽ ചായ കുടിക്കാൻ വരുന്നവർക്ക് അവിടെ വരുമ്പോൾ കൂടുതൽ സന്തോഷം. കാരണം നല്ല നാടൻ വിഭവങ്ങളാണ് അവിടെ ലഭിക്കുക. തലയിൽ മഞ്ഞത്തൊപ്പിയും പച്ചയും മഞ്ഞയും നിറങ്ങളിലുള്ള യൂണിഫോം വസ്ത്രങ്ങൾ ധരിച്ചുമൊക്കെയാണ് അമ്മയെയും സഹപ്രവർത്തകരെയും അവിടെ കാണാനാവുക. പുതിയ കട തുടങ്ങിയപ്പോൾ കടയ്ക്കൊരു പേരും നൽകി, 'മന്ന.' ദൈവത്തിന്റെ വഴി നടത്തൽ, കരുതൽ, സ്നേഹം എന്നതൊക്കെ അനുഭവിച്ചറിഞ്ഞതിനാലാണ് മന്ന എന്ന് പേരിടാൻ കാരണമെന്ന് അമ്മ എല്ലാവരോടും പറയും.


ഒരിക്കൽ ഒരു സംഭവം നടന്നു. ഇവരുടെ വീടിനടുത്തൊരു സ്ഥലത്ത് സിനിമ ഷൂട്ടിംഗ് നടക്കുന്ന നേരം. സിനിമാ താരങ്ങളൊക്കെ വന്നിട്ടുണ്ട്. ഒരു ദിവസം സ്കൂൾ വിട്ടു ജിയക്കുട്ടിയും ജോക്കുട്ടനും വരുന്ന വഴിക്ക് കടയുടെ മുന്നിൽ തിരക്കു കണ്ട് അവർ അത്ഭുതപ്പെട്ടു. കടയിൽ സിനിമാ ഷൂട്ടിംഗ് നടക്കുകയാണ്. തട്ടുകടയിൽ വന്ന് താരങ്ങൾ ചായ കുടിക്കുന്ന ഒരു സീൻ ഷൂട്ട് ചെയ്യുകയാണ്. അമ്മയും കൂടെയുള്ളവരും വലിയ സന്തോഷത്തിലാണ്. ആൾക്കൂട്ടത്തിനിടയിൽ നിന്നുകൊണ്ട് മക്കൾ രണ്ടുപേരും ആ കാഴ്ച സന്തോഷത്തോടെ കണ്ടുനിന്നു. പിറ്റേന്ന് മുതൽ ആ നാട്ടിലും സ്കൂളിലും സംഗതി പാട്ടായി. ജിയക്കുട്ടിയുടെയും ജോക്കുട്ടന്റെയും അമ്മയെ സിനിമയിലെടുത്തു. പിന്നീടങ്ങോട്ട് മന്നയും അമ്മയും സംഘവും സെലിബ്രിറ്റികൾ ആയി. തുടർന്നും ദൈവാനുഗ്രഹത്തിന്റെ ഒരുപാട് അനുഭവങ്ങളിലൂടെയായിരുന്നു മന്നയുടെ യാത്ര. ജിയക്കുട്ടിയും ജോക്കുട്ടനും സിനിമയിലില്ലെങ്കിലും അവരും അങ്ങനെ സ്കൂളിൽ താരങ്ങളായി.


സെറീൻ ഏഞ്ചൽ

 
 
 

Comments


Kairos USA

Kairos INDIA

Kairos UK

     Kairos International Inc. 700 Louisiana St, Houston, TX. USA 77002

     Kairos Media, No 8/174, Navodaya Studio Complex, Thengod P.O, Cochin, Kerala, India. Pin: 682030

     Kairos Media, St Charles Street, Sheffield S9 3WU, United Kingdom

COPYRIGHT © 2021 KAIROS MEDIA, JESUS YOUTH

bottom of page