ജീവിതം അതിമനോഹരം | KAIROS MALAYALAM | MARCH 2026
- Kairos Media

- May 30
- 2 min read

കഴിഞ്ഞ ആഴ്ച, പന്ത്രണ്ടാം ക്ലാസിൽ പഠിക്കുന്ന എന്റെ മോളുടെ ഹാൾടിക്കറ്റ് വാങ്ങാനായി അവളോടൊപ്പം അവൾ പഠിക്കുന്ന സ്കൂളിൽ പോയി. ഫീസ് അടയ്ക്കാനുള്ള കൗണ്ടറിന് മുന്നിൽ പതിവിലേറെ തിരക്ക്. ചെറുപ്പക്കാരായ മാതാപിതാക്കളുടെ നീണ്ട നിര. എന്റെ മുന്നിൽ ഒരു കൊച്ചു മോളെ കയ്യിലെടുത്ത് നിന്നിരുന്ന മലയാളി ദമ്പതികൾ. അമ്മയുടെ കരങ്ങളിൽ നിന്ന് വഴുതി മാറി അപ്പന്റെ കയ്യിലേക്ക് പോകാനായി അവൾ പിടിവാശി കാണിക്കുന്നു. ഒടുവിൽ അപ്പന്റെ നെഞ്ചിൽ വിജയഭാവത്തോടെ ചാരിനിന്ന്, തന്റെ കുഞ്ഞിക്കൈകളാൽ അപ്പന്റെ മുഖത്ത് തൊട്ടും തലോടിയും ചിത്രങ്ങൾ വരയ്ക്കുന്നു. ചിണുങ്ങിയും കൊഞ്ചിയും തന്റെ നിഷ്കളങ്ക സ്നേഹം പ്രകടിപ്പിക്കുന്ന ആ മനോഹര നിമിഷങ്ങളെ കണ്ണിമ ചിമ്മാതെ ഞാൻ നോക്കി നിന്നു.
ചെറുപ്പക്കാരനായ ആ പിതാവ് എന്നോട് ചിരിച്ചുകൊണ്ട് ചോദിച്ചു: ""ചേട്ടനും കെജി അഡ്മിഷന് വന്നതാണോ?'' ആ ചോദ്യം ഞാൻ ഉള്ളിൽ നന്നായി ആസ്വദിച്ചു. പന്ത്രണ്ടു വർഷങ്ങൾക്ക് മുമ്പ് ഇതേ വഴിയിലൂടെ ഞാനും നടന്നുപോയിരുന്നുവെന്ന് ഞാൻ പറഞ്ഞു. ഇന്ന് ഈ സ്കൂളിൽ എന്റെ മോളുടെ അവസാന ഫീസ് അടയ്ക്കാനാണ് വന്നതെന്നും കൂട്ടിച്ചേർത്തു. ഒരു ചെറിയ ചിരിയോടെ ഞങ്ങൾ പിരിഞ്ഞു. എന്നാൽ മനസ്സ് പിന്നിട്ട കാലത്തിന്റെ വഴികളിലൂടെ പിന്നോട്ടോടി.
പള്ളികളിലും സൂപ്പർമാർക്കറ്റുകളിലും തിയേറ്ററുകളിലും ഇപ്പോൾ കാണുന്നത് ചെറുപ്പക്കാരായ മാതാപിതാക്കളുടെ തിരക്കാണ്. ഒരിക്കൽ ഞങ്ങളും മൂന്നു കുഞ്ഞുങ്ങളെ കൂട്ടി നടന്നുനീങ്ങിയ ദിനങ്ങൾ ഓർമ്മകളിൽ നിറഞ്ഞു. കുട്ടികൾ വളരുമ്പോൾ, ഒപ്പം അപ്പനും അമ്മയും വളരുന്നു എന്ന സത്യത്തെ ഞാൻ കൂടുതൽ വ്യക്തമായി തിരിച്ചറിയുന്നു. കുഞ്ഞുങ്ങളുടെ വളർച്ചയുടെ കാലഘട്ടങ്ങളെ ഒരു മനശാസ്ത്ര കണ്ണുകളിൽ കാണുവാൻ അല്ല, മറിച്ച് സ്നേഹത്തിന്റെ കൗതുകത്തിൽ നോക്കി കാണുവാൻ ഞാൻ ആഗ്രഹിക്കുന്നു. പല്ല് മുളയ്ക്കാത്ത മോണ കാട്ടി നിഷ്കളങ്കമായി ചിരിക്കുന്ന കലപിലകളുടെ ഒരു മനോഹര കാലം... നിഷ്കളങ്കമായി മനസ്സിലുള്ളതെല്ലാം ഉറക്കെ പ്രകടിപ്പിക്കുന്ന അതിസുന്ദര ബാല്യകാലം... മക്കൾ ടീനേജിലൂടെ കടന്നുപോകുമ്പോൾ, രൂപാന്തരീകരണം സംഭവിക്കുന്ന യാഥാർത്ഥ്യങ്ങളുടെ ശരിയായ കാലം. ഇവയെല്ലാം ഒരു അപ്പന്റെ ഹൃദയത്തിൽ നിശബ്ദമായി ആലേഖനം ചെയ്യപ്പെടുന്ന സ്നേഹ വിസ്മയങ്ങളുടെ അധ്യായങ്ങളാണ്. ചില ഓർമ്മകൾ മനസ്സിന്റെ ഹാർഡ് ഡിസ്കിൽ ശാശ്വതമായി പതിഞ്ഞിരിക്കുന്നു; ചിലതെല്ലാം കാലത്തിന്റെ മേഘപടലങ്ങൾക്കുള്ളിൽ മറഞ്ഞുപോയിട്ടുമുണ്ട്.
1993-ൽ എന്റെ അച്ചാച്ചൻ ലോകത്തിൽ നിന്ന് വിടവാങ്ങിയ ശേഷം, ജീവിതത്തിന്റെ ദിശമാറിയ ഒരു കാലഘട്ടം ഞാൻ അഭിമുഖീകരിച്ചിരുന്നു. ആ കാലഘട്ടത്തിൽ എനിക്ക് ഏറ്റവും വലിയ അനുഗ്രഹമായി തോന്നിയത്, എന്റെ അമ്മയുമായുണ്ടായിരുന്ന ഏറ്റവും അടുത്ത ബന്ധമായിരുന്നു. അമ്മയും മകനും തമ്മിലുള്ള ഒരു ചങ്ങാത്തമായി പറയുവാനാണ് എനിക്ക് ഏറെയിഷ്ടം. വാക്കുകളിൽ പൂർണ്ണമായി വർണ്ണിക്കുവാൻ കഴിയാത്ത ഒരു സ്നേഹ വിസ്മയമായിരുന്നു എന്റെ അമ്മ. അമ്മാമ്മയുടെ (ഞങ്ങൾ മക്കൾ അങ്ങനെയാണ് വിളിക്കുന്നത്) പുഞ്ചിരി മുഖത്തെ ഒരു അലങ്കാരം മാത്രമായിരുന്നില്ല; ഹൃദയത്തിലെ സന്തോഷം പുറത്തേക്ക് വിടരുന്ന പ്രകാശമായിരുന്നു ആ പുഞ്ചിരി. എന്റെ കൂട്ടുകാരും പലപ്പോഴും പറയുമായിരുന്നു അമ്മാമ്മയുടെ ആ ചിരിയാണ് ഞങ്ങളെ നിന്റെ വീട്ടിലേക്ക് ആകർഷിക്കുന്നതെന്ന്.
കുട്ടികളുടെ ഭാവിയെക്കുറിച്ച് ചിന്തിക്കുന്ന നിമിഷങ്ങളിൽ, എന്റെ മുന്നിൽ തെളിയുന്ന വലിയ ചിത്രവും ശുഭാപ്തിവിശ്വാസവും എന്റെ അമ്മയുടെ ആ പുഞ്ചിരിയാണ്. ഒരിക്കൽ അമ്മ പറഞ്ഞിരുന്നു: ""എന്റെ അഞ്ച് മക്കളും കോടീശ്വരന്മാർ ആയിരിക്കണമെന്നില്ല. പക്ഷേ ദൈവവിശ്വാസത്തിൽ കോടീശ്വരന്മാരും, കത്തോലിക്ക സഭയുടെ ഉത്തമ മക്കളുമാവും.'' തന്റെ മക്കളെക്കുറിച്ച് സ്നേഹനിധിയായ ഒരു മാതാവിന്റെ ഹൃദയത്തിൽ നിന്നുയർന്ന ആത്മവിശ്വാസത്തിന്റെ ഉറച്ച പ്രഖ്യാപനം! അത് കാലഘട്ടങ്ങളെ അതിജീവിക്കുന്ന തെളിമയുള്ള ബോധ്യമായിരുന്നു. ആ ബോധ്യം ഉന്നത വിദ്യാഭ്യാസത്തിൽ നിന്നും ആർജ്ജിച്ചെടുത്തതല്ല, മറിച്ച് സ്നേഹത്തിന്റെ മൂശയിൽ ജീവിതാനുഭവങ്ങളിലൂടെ പരുവപ്പെടുത്തിയെടുത്തതാണ്.
മക്കളെക്കുറിച്ച് നിർമ്മലമായ സ്വപ്നങ്ങൾ കാണാനും, അവരുടെ സ്വപ്നങ്ങൾക്ക് ചിറകേകാനും, ആ ചിറകുകൾ ദിശ തെറ്റാതെ ഉയരങ്ങളിലേക്ക് പറന്നുയരാൻ വഴികാട്ടാനുമുള്ള ഉത്തരവാദിത്വം മാതാപിതാക്കളിലാണ് ഏറ്റവും കൂടുതലായി നിക്ഷിപ്തമായിരിക്കുന്നത്. ഭാവിയുടെ അനന്ത വിഹായസ്സിലേക്ക് അവർ നടത്തുന്ന ഓരോ പറക്കലിനും യാഥാർത്ഥ്യബോധത്തിന്റെ ദിശാസൂചി നൽകാൻ കഴിയുന്നത് മാതാപിതാക്കൾക്ക് മാത്രമാണ്. അതുകൊണ്ടുതന്നെ, മക്കളെ വളർത്തുന്നത് അവരുടെ ഭാവിയെ രൂപപ്പെടുത്തുന്നത് മാത്രമല്ല; നമ്മുടെ സ്വഭാവവും മൂല്യങ്ങളും ജീവിതദർശനവും അവരിലൂടെ പകർന്നു നൽകുന്ന ഒരു വിശുദ്ധ ദൗത്യം കൂടിയാണ്.
കുട്ടികളുടെ വളർച്ച അവരുടെ മാത്രം യാത്രയല്ല; അത് മാതാപിതാക്കളുടെ ആത്മാവിനെ രൂപപ്പെടുത്തുന്ന ആഴമുള്ളൊരു ആത്മയാത്ര കൂടിയാണ്. ഓർമ്മകളുടെ മൃദുവായ വെളിച്ചത്തിൽ തിരിഞ്ഞുനോക്കുമ്പോൾ, ജീവിതം ഒരു നിരന്തര അധ്യാപകനെപ്പോലെ നമ്മെ പഠിപ്പിച്ചും വളർത്തിയും കൊണ്ടിരിക്കുന്നു എന്ന് തിരിച്ചറിയാം. മകനായി ആരംഭിച്ച ജീവിതം, ഭർത്താവായും പിന്നീട് അപ്പനായും മാറുന്ന ഓരോ ഘട്ടത്തിലും പുതിയ അർത്ഥങ്ങൾ കണ്ടെത്തുന്നു. ഉത്തരവാദിത്തങ്ങളുടെ ഭാരം മാത്രമല്ല, സ്നേഹത്തിന്റെ വിശാലതയും അതിനൊപ്പം വളരുന്നു. വിസ്മയങ്ങളാൽ നിറഞ്ഞ അനുഭവങ്ങളുടെ സമ്പത്തോടെ മുന്നോട്ട് സഞ്ചരിക്കുമ്പോൾ, ശുഭാപ്തി വിശ്വാസത്തോടെ ഹൃദയം നിറഞ്ഞ് പറയാൻ കഴിയണം – ‘ജീവിതം അതിമനോഹരം!’
ജിബി ജോർജ്, ഷാർജ



Comments