ജിയാന്ന മറിയം ജോസഫ് I KAIROS MALAYALAM I JULY 2026
- smithajose4
- Jul 1
- 1 min read
ജിയാന്ന മറിയം ജോസഫ്.( 23/07/2002 - 05/06/2026)
ഈശോയുടെ ഉറ്റ സുഹൃത്തായി ജീവിച്ച, ഒരു ജീസസ് യൂത്തിൻ്റെ സ്വർഗ്ഗ പ്രവേശം.

ദൈവത്തെയറിഞ്ഞു സ്‌നേഹിക്കാനും ദൈവത്തിനു സാക്ഷികളാകാനും വിളിക്കപ്പെട്ടിരിക്കുന്ന മനുഷ്യര്‍ക്ക്, മണ്‍പാത്രത്തിലെ നിധികണക്കെയാണ് വിശ്വാസം. അത് ശുദ്ധഹൃദയത്തോടെ കാത്തുസൂക്ഷിക്കുന്നവര്‍ക്ക് അനുനിമിഷം അനുഭവവേദ്യവുമാണ് ദൈവസാന്നിധ്യം. ഉത്തമോദാഹരണമാണ് ജിയാന്നയുടെ ജീവിതവും കുടുംബത്തിന്റെ സാക്ഷ്യവും.
ജിയാന്ന 'മരിച്ചുപോയതല്ല തിരിച്ചു പോയതാണ്' എന്ന വാക്കുകള്‍ അക്ഷരംപ്രതി അന്വര്‍ഥമാക്കിയാണ് ചക്കുപുരക്കല്‍ ഷാജി-പ്രീത ദമ്പതികളുടെ അഞ്ചുമക്കളില്‍ ഒരുവളായ, ഈശോയുടെ ഉറ്റസുഹൃത്തായി ജീവിച്ച ജിയാന്ന, നിത്യസമ്മാനത്തിനായി ദൈവസന്നിധിയിലേക്ക് കയറി
പോയത്. യേശുവുമായുള്ള മകളുടെ വിവാഹം, കുടുംബത്തിലെ ആദ്യവിവാഹം എന്നു പങ്കുവച്ചുകൊണ്ട്, കറതീര്‍ന്ന വിശ്വാസത്തിന്റെയും പ്രത്യാശയുടെയും പൊന്‍പ്രഭ ചുറ്റിനുമാകെ പകര്‍ന്നുകൊണ്ട്, വിശ്വാസത്തിന്റെ കണ്ണുകളിലൂടെയാണ് അപ്പനുമമ്മയും കുടുംബവും ജിയാന്നയുടെ വേര്‍പാടിനെ കണ്ടത്. മരണത്തിന്റെ നിഴല്‍വീണ താഴ്‌വരയിലൂടെ നടന്നാലും ദൈവം കൂടെയുള്ളപ്പോള്‍ ആര്‍ക്കാണ് ഭയപ്പെടാനാവുക?
തന്റെ ഏറ്റവും പ്രിയപ്പെട്ട സുഹൃത്തായ യേശുവിനെ ഹൃദ്യമായ ഭാഷയില്‍ പ്രിയ സുഹൃത്തുക്കള്‍ക്ക് ജീവിതത്തിലൂടെ പകര്‍ന്ന് നല്‍കി കൊണ്ടാണ് ജിയാന്നയുടെ യാത്ര. മാതാപിതാക്കളോടും അടുത്ത വൈദികരോടും സുഹൃത്തുക്കളോടുമെല്ലാം പ്രാര്‍ഥന ആവശ്യപ്പെടുമായിരുന്ന ജിയാന്ന ഏതുകാര്യത്തിനും ഈശോയുടെ ആഗ്രഹം, ഈശോയുടെ തീരുമാനം എന്താണെന്നത് ചോദിച്ചറിഞ്ഞായിരുന്നു കാര്യങ്ങള്‍ ക്രമീകരിച്ചിരുന്നത്. പഠനനേരത്ത് ലാപ്‌ടോപ്പില്‍ സ്പ്ലിറ്റ് സ്‌ക്രീനില്‍ കുര്‍ബാനയും ആരാധനയുമൊക്കെ വച്ചുകൊണ്ടുള്ള പഠനം അവളുടെ വിശ്വാസജീവിതത്തിന്റെ പ്രകടമായ തെളിവുകളായിരുന്നു.
മുടങ്ങാതെ നിത്യേന പരിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്തിരുന്ന ജിയാന്നയ്ക്ക് വിശ്വാസ വെളിച്ചം പകര്‍ന്ന് കിട്ടിയത് സ്വന്തം കുടുംബത്തില്‍ നിന്നുതന്നെയാണ്. ഒരുതരത്തില്‍ പറഞ്ഞാല്‍ അവളുടെ 'വീട്ടിലെ ചാപ്പലില്‍' നിന്നാണ് തന്റെ വിശുദ്ധ ജീവിതം ആരംഭിക്കുന്നത്. വീടിന്റെ ഹൃദയഭാഗത്തുള്ള പ്രാര്‍ഥനാമുറിയായിരുന്നു കുടുംബത്തിന്റെ ശക്തിസ്രോതസ്സ്. ജീസസ് യൂത്ത് മുന്നേറ്റത്തിലെ ഏയ്ഞ്ചല്‍സ് ആര്‍മി മിനിസ്ട്രിയില്‍ സജീവ പ്രവര്‍ത്തകരായിരുന്നു ജിയാന്നയുടെ കുടുംബം. ബ്രദര്‍ നോയല്‍, കൊച്ചുത്രേസ്യ, അന്ന, ആഗ്‌നസ് എന്നിവരാണ് ജിയാന്നയുടെ സഹോദരങ്ങള്‍. പ്രാര്‍ഥനയില്‍ ജിയാന്നയെയും കുടുംബത്തെയും നമുക്കോര്‍ക്കാം. ദൈവാരാജ്യശുശ്രൂഷകളില്‍ കൂടുതല്‍ സജീവസാക്ഷികളാകാന്‍ ദൈവം ഇവരെ അനുഗ്രഹിക്കട്ടെ. പുതിയ കാലഘട്ടത്തിലെ വിശുദ്ധരാകാന്‍ ഇത്തരം ജീവിതമാതൃകകള്‍ നമുക്ക് പ്രചോദനമാകട്ടെ.



Comments